കൊച്ചി: സ്വന്തം പ്രവര്‍ത്തകന്റെ ചോരയില്‍ ചവിട്ടിനിന്ന് ഇസ്ലാമിക ഭീകരവാദത്തിന് മുന്നില്‍ ഒത്തുതീര്‍പ്പിന് തയാറായ സിപിഎമ്മിന്റെ നടപടി, പി. മോഹനന്റെ പ്രസ്താവനയോടെ കൂടുതല്‍ ചര്‍ച്ചയാകുന്നു.എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കുത്തിക്കൊലപ്പെടുത്തിയിട്ട് ഒരു രക്തസാക്ഷി വാര്‍ഷികദിനം കഴിഞ്ഞിട്ടും കുത്തിയവനെ പിടിക്കാത്തതാണ് ഇപ്പോള്‍ ചര്‍ച്ച. കേസിന്റെ വിചാരണ കോടതിയില്‍ തുടങ്ങാനിരിക്കെ കുത്തിയവനെത്തേടിയുള്ള അന്വേഷണവും പോലീസ് അവസാനിപ്പിച്ചു.
സിപിഎം ഇസ്ലാമിക ഭീകരവാദത്തോട് സന്ധി ചെയ്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഭിമന്യു വധം. സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന സൈമണ്‍ ബ്രിട്ടോ ഉള്‍പ്പെടെയുള്ള പൊതുസമൂഹം ഇസ്ലാമിക ഭീകരവാദികളോടുള്ള പാര്‍ട്ടിയുടെ മൃദു സമീപനത്തിനെതിരെ ശബ്ദമുയര്‍ത്തി. ഇതേതുടര്‍ന്നാണ് അഭിമന്യു വധക്കേസിലെ കുറച്ച് പേരെയെങ്കിലും പോലീസ് പിടികൂടിയത്. ഐഎസിന്റെ മാതൃകയില്‍ കോളേജ് ക്യാമ്പസില്‍ ഭീകരത സൃഷ്ടിച്ച സംഘടനയുടെ പേരുപോലും പറയാന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അന്ന് ഭയമോ മടിയോ ആയിരുന്നു.
ക്യാമ്പസിന് പുറത്ത് നിന്ന് എത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നാണ് അഭിമന്യു വധത്തിന് ശേഷം പിണറായി വിജയന് പറഞ്ഞത്. കേരളത്തില്‍ ഒരിടത്തും പോപ്പുലര്‍ ഫ്രണ്ടിനെതിരെ പ്രതിഷേധ പ്രകടനം പോലും നടത്താന്‍ എസ്എഫ്ഐക്ക് കഴിഞ്ഞില്ല. രക്തസാക്ഷിയുടെ പേരില്‍ കോടികള്‍ പിരിക്കുകയാണ് ചെയ്തത്. മൂവാറ്റുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ അധ്യാപകന് ജോസഫിന്റെ കൈ വെട്ടിമാറ്റിയപ്പോഴും ഇതേ നിലപാടായിരുന്നു സിപിഎമ്മിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: