ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ അഞ്ചുവര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഉള്‍പ്പെട്ട ആയിരത്തിലധികം കേസുകള്‍. ബിജെപിയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയും ചേര്‍ന്ന് കേസുകള്‍ പിന്‍വലിച്ചത്.
2013 മെയ് മുതല്‍ 2018 മെയ്വരെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പ് ജനുവരി 25നാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ അവസാന ഉത്തരവ് ഇറക്കിയത്. 2017 ഡിസംബര്‍ 22നാണ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജിപി ശിവപ്രകാശ് ആദ്യ ഉത്തരവ് നല്‍കിയത്. മംഗളൂരു പോലീസ് കമ്മീഷണര്‍, തുമകുരു, കോലാര്‍, രാമനഗര, ചിക്കബെല്ലാപ്പുര, കെജിഎഫ്, മൈസൂരു, ഹാസന്, കൊടക്, ചാമരാജ നഗര്‍, ബെളഗാവി, വിജയപുര, ധാര്‍വാഡ്, ഗദക്, ഹാവേരി, കാര്‍വാര്‍, ചിക്കമംഗളൂരു, ഉഡുപ്പി, ബെല്ലാരി, കലബുറഗി, ബിദര്‍, യാദ്ഗിര്‍ ജില്ലകളിലെ എസ്പിമാര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.
അതാത് ഉദ്യോഗസ്ഥരുടെ പരിധിയിലുള്ള സ്ഥലങ്ങളില്‍ 2013-2018 വരെയുള്ള കാലയളവില്‍ നടന്ന കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ന്യൂനപക്ഷങ്ങളുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനായിരുന്നു നിര്‍ദേശം.
എന്നാല്‍, ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയില്ല. ഇതോടെ 2018 ജനുവരി രണ്ടിനും 19നും രണ്ട് ഉത്തരവുകള്‍ കൂടി നല്കി. ഇതിനു കൃത്യമായ മറുപടികള്‍ ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ലഭിച്ചില്ല.
കേസ് പിന്‍വലിക്കരുതെന്നാണ് പല പോലീസ് മേധാവികളും റിപ്പോര്‍ട്ടു നല്‍കിയത്. ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും അവര്‍ ചൂണ്ടിക്കാണിച്ചു. ഇതോടെ സിദ്ധരാമയ്യ സംസ്ഥാന പോലീസ് മേധാവിക്ക് കര്‍ശന നിര്‍ദേശം നല്കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജനുവരി 25ന് ഐജിപി ശിവപ്രകാശ് വീണ്ടും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്കി.
ഇതോടെ കര്‍ണാടകയിലെ വിവിധ കോടതികളില്‍ വിചാരണയിലിരുന്ന ആയിരത്തിലധികം കേസുകള്‍ പിന്‍വലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടാനുള്ള സിദ്ധരാമയ്യയുടെ അപകടകരമായ രാഷ്ട്രീയമെന്നാണ് അന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പോലും ഇതിനെ വിലയിരുത്തിയത്.
നഗ്നമായ മുസ്ലിം പ്രീണനമാണ് ഇതിനു പിന്നിലെന്നും ഇത് സംസ്ഥാനത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ബിജെപി നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, കെ.എസ്. ഈശ്വരപ്പ, ഡി.വി. സദാനന്ദഗൗഡ എന്നിവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ബിജെപിയുടെ മുന്നറിയിപ്പിനെ നിസ്സാരമാക്കുകയാണ് സിദ്ധരാമയ്യ ചെയ്തത്.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായിരുന്ന കേസുകള്‍ പിന്‍വലിച്ച നടപടി സിദ്ധരാമയ്യ സര്‍ക്കാരും ഈ പാര്‍ട്ടികളും ഏകദിശയിലാണെന്ന് തുറന്നു കാണിക്കുന്നതെന്ന് അന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: