ന്യൂദല്‍ഹി: കോടാനുകോടി തീര്‍ത്ഥാടകരെത്തുന്ന ശബരിമലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം ശബരിമല ഭരണനിര്‍വഹണത്തിന് പ്രത്യേക നിയമം കൊണ്ടുവരണം. മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുതിയ ഭരണസംവിധാനത്തിന്റെ നേതൃത്വമേല്പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കോടതി നിര്‍ദേശം നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിയല്ലെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
ശബരിമലയ്ക്ക് മാത്രമായി പുതിയ ബോര്‍ഡ് രൂപീകരിക്കണം, ദേവപ്രശ്നം നടത്തണം തുടങ്ങിയ ആവശ്യങ്ങളുമായി പന്തളം രാജകുടുംബാംഗമായ രാമവര്‍മ നല്കിയ ഹര്‍ജിയിലായിരുന്നു നിര്‍ദ്ദേശം.
തിരുപ്പതി, ഗുരുവായൂര്‍ ദേവസ്വംബോര്‍ഡുകളുടെ മാതൃകയില്‍ ശബരിമലയ്ക്കായി പ്രത്യേക നിയമം നിര്‍മ്മിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും അതിന് നിയമസഭ ബില്‍ പാസാക്കേണ്ടതുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് ജയ്ദീപ്ഗുപ്ത അറിയിച്ചു. കൂടുതല്‍ സമയം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കേരളത്തില്‍ നിയമസഭ ചേരാറില്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. കേരളം പോലുള്ള സംസ്ഥാനത്ത് കോടതിയുടെ ഇടപെടലുണ്ടായാല്‍ മാത്രമേ നിയമനിര്‍മ്മാണം സാധ്യമാകൂ എന്നതാണോ അവസ്ഥയെന്ന് കോടതി ആരാഞ്ഞു.
ശബരിമലയ്ക്ക് പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സുപ്രീംകോടതിയിലെ നടപടികള്‍. ശബരിമലയില്‍ ഉത്സവ കാലമാണെന്നും നിയമനിര്‍മാണത്തിന് സാവകാശം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഉത്സവകാലവും നിയമനിര്‍മ്മാണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ഒരുമാസത്തിനകം നിയമനിര്‍മ്മാണം വേണമെന്നും കോടതി ഉത്തരവിട്ടു. ജനുവരി മൂന്നാംവാരം ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നടന്നിരിക്കണമെന്നും ജസ്റ്റിസ് രമണ നിര്‍ദേശിച്ചു.
ശബരിമലയുടെ ഭരണനിര്‍വഹണത്തിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന് ആഗസ്ത് അവസാന വാരം കേസ് പരിഗണിക്കവേ ജസ്റ്റീസുമാരായ എന്‍ വി രമണ, ആര്. സുബാഷ് റെഡ്ഡി, ബി. ആര് ഗവായ് എന്നിവരുടെ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
നിയമത്തിന്റെ കരട് തയാറാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി വാങ്ങി പരിശോധിച്ചപ്പോള്‍ അതു തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു ആരാധനാലയ നിയമ ഭേദഗതി ബില്‍, 2019ന്റെ പകര്‍പ്പാണെന്ന് കോടതിക്ക് ബോധ്യമായി. ശബരിമലയ്ക്ക് പ്രത്യേക നിയമം കൊണ്ടുവരുമെന്നല്ലേ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതെന്ന് കോടതി ചോദിച്ചപ്പോള്‍ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു ആരാധനാലയ നിയമ ഭേദഗതി ബില്ലില്‍ ശബരിമലയ്ക്കായി പ്രത്യേക സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന ഉത്തരവാദിത്വമില്ലാത്ത മറുപടിയാണ് സര്‍ക്കാര്‍ അഭിഭാഷകന് നല്‍കിയത്. ഇതേ തുടര്‍ന്നാണ് നാലാഴ്ചയ്ക്കകം ശബരിമലയ്ക്ക് മാത്രമായി പ്രത്യേക ഭരണസംവിധാനം വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മാണം നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടത്.
ഭരണസമിതിയില്‍ അമ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ മാത്രം: സര്‍ക്കാര്‍
ശബരിമലയ്ക്കായി കൊണ്ടുവരുന്ന പുതിയ ഭരണസമിതിയില്‍ മൂന്നിലൊന്നുപേര്‍ സ്ത്രീകളായിരിക്കുമെന്നും അമ്പതു വയസ്സിന് മുകളില്‍ പ്രായമുള്ളവരെ മാത്രമേ അംഗങ്ങളായി നിയമിക്കുകയുള്ളുവെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു ആരാധനാലയ നിയമ ഭേദഗതി ബില്ലില്‍ ശബരിമല ഭരണത്തിനായി രൂപീകരിക്കുന്ന ഭരണസമിതിയില്‍ സ്ത്രീകളുടെ സാന്നിധ്യമുണ്ടെന്നും ഏഴംഗ ഭരണഘടനാ ബെഞ്ച് യുവതീ പ്രവേശനം തടഞ്ഞാല്‍ ഭരണസമിതി അംഗങ്ങള്‍ക്ക് ശബരിമലയില്‍ പ്രവേശനം ഉണ്ടാവുമോയെന്നും ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. ഇതിനുള്ള മറുപടിയിലാണ് അമ്പതു വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ മാത്രമേ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തൂ എന്ന് സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കിയത്. ഇപ്പോള്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിച്ചുകൂടെയെന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചപ്പോള്‍ അതൊരു തര്ക്കവിഷയമാണെന്നായിരുന്നു അഡ്വ. ജയ്ദീപ് ഗുപ്തയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: