വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അരങ്ങേറിയിരുന്ന റാഗിംഗ് ഇന്ന് വിവാഹവേദികളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്തു നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും വരന്റെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കാന്താരി മുളക് കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചതിനെ തുടര്‍ന്ന് അവരെ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് ആശുപത്രിയിലെത്തി മൊഴി എടുത്തെങ്കിലും വരനും വധുവിനും പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.
വിവാഹത്തോടനുബന്ധിച്ച് വധൂവരന്മാരെ കളിയാക്കുന്നതിനുവേണ്ടി സുഹൃത്തുക്കള്‍ നടത്തിയിരുന്ന ചെറിയ തമാശകളാണ് ഇപ്പോള്‍ അതിക്രൂരമായ പീഡനങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞ് സ്റ്റേജില്‍ എത്തിയാല്‍ വരന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമൊക്കെ വിവിധതരം ആഭാസ പ്രകടനങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ചിലയിടത്ത് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ചോദ്യങ്ങള്‍ ചോദിച്ച് നാണം കെടുത്തുക, വിവാഹ വേഷത്തോടെ വധൂവരന്മാരെ നൃത്തം ചെയ്യിക്കുക, വിവധതരം പോസുകളില്‍ നിര്‍ത്തിക്കുക, പരസ്യചുംബനം നടത്തിക്കുക, സദ്യയുണ്ണുന്ന വധൂവരന്മാരുടെ ദേഹത്ത് സദ്യവട്ടങ്ങള്‍ പുരട്ടുക, അനാവശ്യങ്ങളും അശ്ലീലച്ചുവയുള്ള കമന്റുകളും വിളിച്ചുപറയുക, താലികെട്ടുമ്പോള്‍ കൂവുക, പാതിരാത്രിയില്‍ വിവാഹവീടിനു ചുറ്റും പടക്കം പൊട്ടിക്കുക, വധൂവരന്മാരുടെ പോരായ്മകളും വിവാഹപൂര്‍വ്വജീവിതത്തിലെ അബദ്ധങ്ങളും മറ്റും ഫഌക്സടിച്ച് പ്രദര്‍ശിപ്പിക്കുക, പ്രേമ വിവാഹമാണെങ്കില്‍ അക്കാര്യം വിവിധ ഘട്ടങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുക തുടങ്ങി വിവിധ ആഭാസങ്ങളാണ് പലയിടങ്ങളിലും അരങ്ങേറുന്നത്. നൃത്തച്ചുവടുകളോടെ സ്റ്റേജിലേക്ക് വധൂവരന്മാരെ ആനയിക്കുന്നതില്‍ തെറ്റില്ല. വിവിധതരം കലാപ്രകടനങ്ങളും ചടങ്ങിന് മാറ്റുകൂട്ടുന്നുണ്ട്.
എന്നാല്‍ ആനപ്പുറത്തും കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമൊക്കെ വധുവരന്മാരെ എഴുന്നുള്ളിക്കുക, കാളവണ്ടിയിലോ കുതിരവണ്ടിയിലോ തുറന്ന വാഹനത്തിലോ പൊതുനിരത്തിലൂടെ എഴുന്നുള്ളിക്കുക തുടങ്ങി ആര്‍ഭാടവും പൊങ്ങച്ചവും കാണിക്കുന്ന പ്രകടനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. മിതത്വവും ലാളിത്യവും പുലര്‍ത്താതെയുള്ള ഇത്തരം പ്രകടനങ്ങള്‍ മാതാപിതാക്കളെ കടക്കെണിയിലാക്കും.
പരിഹസിച്ചു രസിക്കുക, കളിയാക്കി ചിരിക്കുക, ക്രൂരതകാട്ടി ആനന്ദിക്കുക എന്നിവയെല്ലാം മനോവൈകൃതങ്ങളാണ്. മറ്റുള്ളവര്‍ വേദനിക്കുന്നതു കാണുമ്പോള്‍ നമുക്ക് ആനന്ദമാണ് ഉണ്ടാവുന്നതെങ്കില്‍ നാം മനോരോഗ മനസ്സിന് ഉടമയാണ്. എന്തിന്റെ പേരില്‍ ക്രൂരത കാണിച്ചാലും അത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. പരസ്യമായി അവഹേളിക്കപ്പെടുന്നതുമൂലമുണ്ടാകുന്ന മുറിവുകള്‍ ഏറെക്കാലം നിലനില്ക്കും. അവ നൊമ്പരങ്ങളും താളപ്പിഴകളും സമ്മാനിക്കും. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഒരുവനെ മനോരോഗിവരെ ആക്കിയേക്കാം. യുവമനസ്സുകളില്‍ കുടികൊള്ളുന്ന ക്രൂരവാസനകളുടെ ബഹിര്‍സ്ഫുരണമാണ് എല്ലാത്തരം റാഗിംഗിലും പ്രകടമാകുന്നത്. ഇത് ചെയ്യുന്നവരും ഇതിനെ അനുകൂലിക്കുന്നവരും സാമൂഹ്യവിരുദ്ധരും മനോവൈകൃതത്തിനുടമകളുമാണ്. കല്യാണാവസരത്തിലെ റാഗിംഗിനെയും ക്രിമിനല്‍ കുറ്റമായി കാണേണ്ടി വരും.
വിവാഹം പവിത്രമായ ചടങ്ങാണ്. അത്തരം ചടങ്ങിന്റെ അന്ത:സത്ത ഉള്‍ക്കൊള്ളാത്ത ഒരു പ്രവൃത്തിയും വിവാഹവേളയില്‍ ഉണ്ടാകാന്‍ പാടുള്ളതല്ല. അപരന്റെ വ്യക്തിത്വത്തെ മാനിക്കാത്ത ഒരു ചടങ്ങും ശ്രേഷ്ഠത ഉള്‍ക്കൊള്ളുന്നില്ല. അവയൊന്നും മാന്യതയുടെ പ്രകടനവുമല്ല. മറ്റുള്ളവരെ വേദനിപ്പിക്കാത്തവരാണ് മാന്യന്മാര്. പരോപകാരമാണ് പുണ്യം. പരപീഡനം എല്ലാ അര്‍ത്ഥത്തിലും പാപമാണ്. മക്കളുടെ വിവാഹത്തെ പവിത്രമായി കാണുന്ന മാതാപിതാക്കള്‍ക്ക് തീരാദു:ഖം സമ്മാനിക്കുന്നതിനു പുറമേ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ പരസ്പരം സംഘര്‍ഷത്തിനും തുടര്‍ന്ന് വിവാഹമോചനത്തിനും വരെ ഇത്തരം റാഗിംഗുകള്‍ ഇടവരുത്തുന്നുണ്ട്.
വിവാഹ സല്ക്കാരവേളയില് സ്റ്റേജില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വരനോടും വധുവിനോടും അവരുടെ ബന്ധുക്കളോടും വിശദമായി ചര്‍ച്ചചെയ്ത് അവര്‍ അംഗീകരിക്കുന്നവ മാത്രമേ അവതരിപ്പിക്കാവൂ. അപ്രതീക്ഷിത ആവിഷ്കാരങ്ങള്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. സഭ്യേതരമല്ലാത്ത, മനുഷ്യ അന്തസ്സിനു ചേരാത്ത എല്ലാ ആവിഷ്കാരങ്ങളും ചടങ്ങിന്റെ പ്രഭ കെടുത്തും. ഭാവി-ഭാസുര-സന്താന-സൗഭാഗ്യ-മംഗളങ്ങള്‍ നേരുന്ന പാവനമായ ആവിഷ്കാരങ്ങളെ വിവാഹവേളകളില്‍ ആകാവൂ എന്ന നിഷ്കര്‍ഷ എല്ലാവര്ക്കും ഉണ്ടാകണം. പോസിറ്റീവ് മാനങ്ങളും നന്മയുമുള്ള, സന്തോഷം ജനിപ്പിക്കുന്ന, മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന ആവിഷ്കാരങ്ങള്‍ മാത്രമേ നടത്താവൂ. ഈവന്റ് മാനേജ്മെന്റ് ടീമുകളും ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: