കടവല്ലൂരില്‍ മുന്‍കാലങ്ങളില്‍ നടന്നുവന്നിരുന്ന അന്യോന്യം 1947-ലെ അന്യോന്യത്തോടുകൂടി നിലച്ചു. ക്ഷേത്ര പ്രവേശനവിളംബരവും അതിനോടനുബന്ധിച്ചുളള ചില നടപടികളുമായിരുന്നു അതിന് കാരണം. തുടര്‍ന്ന് ചെറിയ ഒരു കാലയളവില്‍ കുന്നംകുളത്തിനടുത്ത് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള ചൊവ്വന്നൂര്‍ സഭാ മഠത്തില്‍ വെച്ച് അന്യോന്യം നടത്തുകയുണ്ടായി. അതിന് വേണ്ടത്ര ശോഭ ലഭിച്ചില്ല. തുടര്‍ന്ന് അന്യോന്യം നിലച്ച് പോവുകയും ചെയ്തു.
പിന്നീട് നാല്‍പ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കടവല്ലൂര്‍ ക്ഷേത്രത്തില്‍ ദേവസ്വം ഓഫീസറായി ചുമതലയേറ്റ കോരമ്പത്ത് ഗോപിനാഥനാണ് അന്യോന്യം പുനരാരംഭിക്കുന്നതിനെ കുറിച്ച് ആദ്യമായി ആലോചിക്കുന്നത്. അദ്ദേഹം ചുമതലയേറ്റ വേളയില്‍ ക്ഷേത്ര പത്തായപ്പുരയില്‍ കാണപ്പെട്ട വലിയ മണ്‍പാത്രങ്ങളുടെയും ഭരണികളുടെയും ആവശ്യത്തെക്കുറിച്ച് അന്വേഷിക്കുകയും അത് അന്യോന്യത്തിനെപ്പറ്റിയുളള ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും കാരണമാവുകയും ചെയ്തു. അന്യോന്യം പുനരാരംഭിക്കണമെന്ന ആലോചനയ്ക്കാധാരം ആ ക്ഷേത്രത്തിന്റെ ഭൗതിക പാശ്ചാത്തലവും ചരിത്രവുമാണ്. വേദോപാസന ഒരു മത്സര പദ്ധതിയിലൂടെ മികവിന്റെ തികവു നിര്‍ണ്ണയിക്കാനുളള വേദിയായിരുന്നു ആ ക്ഷേത്രം എന്നത് അനുപമമായ ഒന്നായി തോന്നി. തന്നെയുമല്ല ക്ഷേത്ര ചൈതന്യത്തിന്റെ പൂര്‍ണ്ണതയ്ക്ക് ആമ്നായ ജപം(വേദജപം), അന്നദാനം ഇത്യാദികള്‍ ക്ഷേത്രങ്ങളില്‍ നടത്തേണ്ടത് അനിവാര്യമാണെന്നതും ആലോചനയ്ക്ക് കാരണമായി. 1947-ന് മുന്‍പ് നടന്നിരുന്ന അന്യോന്യത്തില്‍ പങ്കെടുത്ത ആളുകളെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ച് അന്യോന്യ നടത്തിപ്പിനെ കുറിച്ച് ധാരണയുണ്ടാക്കുകയും, കടവല്ലൂര്‍ ഏകാദശിയുടെ ആലോചനയോഗത്തില്‍ അന്യോന്യം പുനരാരംഭിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് തലത്തില്‍ നടന്ന ചര്‍ച്ചകളുടെയും തദ്ദേശവാസികളുടെ ഒത്തൊരുമയോടെയുളള പ്രവര്‍ത്തനത്തിന്റെയും ഫലമായി ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ ക്ഷേത്രക്ഷേമസമിതി അന്യോന്യം പുനരാരംഭിക്കുവാന്‍ തീരുമാനിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ക്ഷേത്ര ഊരാളന്‍ പാറയില്‍മന രുദ്രന് നമ്പൂതിരി, പക്ഷിയില്‍ നാരായണന്‍മൂസ്, അന്നത്തെ കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.സത്യനാഥന്, പ്രശസ്ത മദ്ദളവിദ്വാനും കടവല്ലൂര്‍ ദേശവാസിയുമായിരുന്ന കടവല്ലൂര്‍ അരവിന്ദാക്ഷന് അടക്കം കടവല്ലൂരിലെ ഉല്‍സാഹികളായ അനവധി വ്യക്തികള്‍ അനോന്യ പ്രവര്‍ത്തനത്തിന് സജീവമായി രംഗത്തുവന്നു. ഗോപിനാഥന് അനുസ്മരിക്കുന്നു
മുന്‍കാലങ്ങളില്‍ എട്ടു ദിവസം ഋഗ്വേദികള്‍ മാത്രം പങ്കെടുത്തിരുന്ന അന്യോന്യം പുനരാരംഭിച്ചപ്പോള്‍ എട്ടു ദിവസം ഋഗ്വേദത്തിനും ഒരു ദിവസം യജുര്‍വേദത്തിനും ഒരു ദിവസം സാമവേദത്തിനുമായി പത്തു ദിവസം ഉല്‍സവസമാനമായ അന്തരീക്ഷത്തില്‍ കടവല്ലൂര്‍ അന്യോന്യം പുനരാരംഭിച്ചു. അന്യോന്യ പുനരാരംഭവേളയില്‍ തൃശ്ശൂര്‍-തിരുനാവായ ബ്രഹ്മസ്വം മഠങ്ങളിലെ അധികാരികളും ഓത്തുചൊല്ലുന്നവരും കലവറയില്ലാത്ത സഹകരണമാണ് സംഘാടക സമിതിക്ക് നല്‍കിയത്.
ആദ്യകാലങ്ങളില്‍ വേദോപാസന മാത്രമായിട്ടാണ് അന്യോന്യം നടന്നിരുന്നത്. അക്കാലത്ത് ബ്രാഹ്മണകുലത്തില്‍പെട്ട വ്യക്തികള്‍ക്കു മാത്രമേ ഇത് കാണുന്നതിനും കേള്‍ക്കുന്നതിനും അവകാശമുണ്ടായിരുന്നുളളൂ. എന്നാല്‍ 1989 മുതല്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും വേദത്തെ അറിയുന്നതിനു വേണ്ടി വേദോപാസന നേരില്‍ കാണുന്നതിനുളള സൗകര്യം അധികാരികള്‍ ഒരുക്കി. വേദ സംബന്ധിയായ സെമിനാറുകളും പ്രബന്ധാവതരണവും സാധാരണജനങ്ങളിലേയ്ക്ക് വേദത്തെ എത്തിക്കുന്നതിനായുളള മികച്ച പ്രവര്‍ത്തനമാണ് സംഘാടകസമിതി ചെയ്തുവരുന്നത്. വേദോപാസനയ്ക്ക് പുറമേ വേദലക്ഷാര്‍ച്ചനയും സമിതി നടത്തുന്നുണ്ട്. എല്ലാവര്ക്കും വേദം പഠിക്കുന്നതിന് അനോന്യ സമിതി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സൗകര്യമൊരുക്കുകയും മൂന്ന് ബാച്ചുകളിലായി വിദേശികളടക്കം അനവധിപേര്‍ വേദപഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. 1989-90 വര്‍ഷങ്ങളില്‍ ക്ഷേത്രക്ഷേമസമിതി അന്യോന്യം നടത്തുകയും തുടര്‍ന്ന് കടവല്ലൂര്‍ അന്യോന്യപരിഷത്ത് എന്ന സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തു. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെയും ഗുരുവായൂര്‍ ദേവസ്വത്തിന്റെയും സഹകരണത്തോടെ ഇപ്പോള്‍ കടവല്ലൂര്‍ അന്യോന്യ പരിഷത്താണ് അന്യോന്യത്തിന് നേതൃത്വം നല്‍കുന്നത്.
(അവസാനിച്ചു)
9495026834
പ്രതികരിക്കാൻ ഇവിടെ എഴുതുക: