തുളസിക്കതിര് നുള്ളിയെടുത്ത് കണ്ണന്നൊരു മാലയ്ക്കായ്…. ഈ പാട്ട് കേള്‍ക്കുമ്പോള്‍ ആ ശബ്ദത്തിനുടമയെ കാണാന്‍ കൊതിക്കും. യൂ ട്യൂബിലിപ്പോള്‍ തരംഗമായ പാട്ട്. പാട്ടുമുഴുവന്‍ കണ്ടാലും പാട്ടുകാരിയെക്കാണാന്‍ എളുപ്പമല്ല. ഒരു ഭജനസംഘത്തിന്റെ പി
ന്നിരയില് അത്രയൊന്നും ദൃശ്യമല്ലാത്ത സ്ഥാനത്താണ് ഗായികയുടെ ഇരിപ്പ്. വീഡിയോ കണ്ട പത്തുലക്ഷത്തിലേറെ പേര്‍ക്കും അമ്മാളു എന്ന കല്യാണി നായരെ കാണാനും അഭിനന്ദിക്കാനും ആഗ്രഹമുണ്ടാകും. അമ്മാളുവിനെ കാണാം എറണാകുളത്ത് എളമക്കരയിലെ സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെത്തിയാല്‍….
കണ്ണനേറെ പ്രിയപ്പെട്ട തുളസിക്കതിര് പോലെ അര്‍പ്പിച്ച ഗാനം കണ്ണന് ഹൃദയത്തില്‍ ചൂടിയെന്നു തന്നെ പറയണം. സമര്‍പ്പണവും ഭക്തിയും സംഗീതവും സ്വരമാധുരിയും എല്ലാം ഇണങ്ങിച്ചേര്‍ന്ന ഗാനം കണ്ണന്റെ കോലക്കുഴല്‍ വിളിയുടെ ശ്രുതിക്കൊപ്പമായിരുന്നിരിക്കണം. അല്ലെങ്കില്‍ ഈ അത്ഭുതം എങ്ങനെ സംഭവിക്കും. കല്യാണിയുടെ പാ
ട്ട് ആരേയും വിസ്മയിപ്പിക്കും.
ഒരു വര്‍ഷം മുന്‍പ് ഷാര്‍ജയില്‍ സംഘടിപ്പിച്ച ഭാഗവത സപ്താഹ യജ്ഞത്തിന്റെ അവസാന ദിവസത്തെ ഭജനയില്‍ അച്ഛന് പ്രദീപിന്റെ നിര്‍ബന്ധത്തിലാണ് കല്യാണി പാടിയത്. എത്താന്‍ വൈകിയതിനാലാണ് പിന്‍നിരയിലായത്. കുടുംബ സുഹൃത്താണ് തുളസിക്കതിര് നുള്ളിയെടുത്ത് എന്ന ഗാനം കല്യാണിക്ക് അയച്ചുകൊടുത്തത്. നല്ല പാട്ടാണെന്ന് പറഞ്ഞ് ഭാവം കൊടുത്ത് പാടാന്‍ പഠിപ്പിച്ചത് അച്ഛനും. സംഗീതം കുറച്ചറിയാവുന്ന അച്ഛന് ഒരേ ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ. പാടുമ്പോള്‍ ലയിച്ച് പാടണം. എന്നാലേ കേള്‍വിക്കാരുടെ മനസ്സില്‍ എത്തൂ. ഇതാണ് ഓരോ പാട്ട് പാടുന്നതിന് മുന്‍പും കല്യാണി ഓര്‍ക്കുന്നത്. അന്ന് ആ പാട്ടിന്റെ വീഡിയോ ആരോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അന്നത് ശ്രദ്ധിക്കപ്പെട്ടില്ല. ഒരു വര്‍ഷത്തിനു ശേഷം കല്ല്യാണി ഷാര്‍ജയില്‍ നിന്ന് എറണാകുളം എളമക്കരയിലെ സരസ്വതി വിദ്യാനികേതനില്‍ പ്ലസ് വണ്ണിന് ചേര്‍ന്നു. അതിന് ശേഷമാണ് പാട്ട് വൈറലായത്. ഇപ്പോള്‍ വീഡിയോ കണ്ടവര്‍ ഒരു ദശലക്ഷം കഴിഞ്ഞു. പക്ഷേ കല്യാണി ഇതൊക്കെ അറിയുന്നത് അച്ഛന് ഷാര്‍ജയില്‍ നിന്ന് ഫോണ്‍ വിളിച്ച് പറയുമ്പോഴാണെന്നു മാത്രം. ഇതിന്റെ ഗൗരവം മനസ്സിലാക്കുന്നത് കൂട്ടുകാരും അധ്യാപകരും പ്രശംസിക്കുമ്പോഴും.
ചാലക്കുടി സ്വദേശി പ്രദീപിന്റേയും പ്രവീണയുടേയും ഗംഗാ തീര്‍ഥം എന്ന വീട്ടിലെ മൂത്ത മകളാണ് കല്യാണി. അനിയന് കാശിനാഥ്. സംഗീത പ്രേമിയായ അച്ഛന് മക്കള്‍ക്ക് രണ്ട് പേര്‍ക്കും പേരിട്ടതും സംഗീതത്തില്‍ നിന്ന് തന്നെയാണ്. കല്യാണിയെന്നത് രാഗമാണല്ലോ. അനിയന് കാശിനാഥന് ഗംഗാതീര്‍ഥം എന്ന സംഗീത ആല്‍ബത്തില്‍ നിന്നുമാണ് പേര്. മൂന്ന് വയസ് മുതല്‍ കല്യാണി സംഗീതം അഭ്യസിക്കാന്‍ തുടങ്ങി. ആദ്യ ഗുരു അച്ഛന്. പിന്നീട് രശീന്ദ്രമണി ടീച്ചറും. അവര്‍ നാട്ടിലേക്ക് മടങ്ങിയതോടെ വൈക്കം ജയചന്ദ്രനാണ് ഇപ്പോള്‍ ഗുരു. ശ്രുതി ചേര്‍ന്ന് സ്വരസ്ഥാനമുറച്ച് കീര്‍ത്തനങ്ങള്‍ ആലപിക്കുമെങ്കിലും ഇതുവരെ അരങ്ങേറിയിട്ടില്ല. കുറച്ചുകൂടി നന്നായിട്ട് മതി അരങ്ങേറ്റമെന്നാണ് അച്ഛന്റെ പക്ഷം. പക്ഷേ ഷാര്‍ജയിലെ നിരവധി വേദികളില്‍ കീര്‍ത്തനവും ഭക്തിഗാനവുമൊക്കെ മനോഹരമായി ആലപിച്ചിട്ടുണ്ട്.
മധ്യമാവതി രാഗം ഏറെ ഇഷ്ടപ്പെടുന്ന അമ്മാളുവിന്റെ ഇഷ്ട ഗായിക പി. ലീലയാണ്. പഴയ ഗാനങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന കല്യാണിക്ക് സുന്ദര സ്വപ്നമേ നീയെനിക്കേകിയ.. എത്ര കേട്ടാലും മതിവരില്ല. മധ്യമാവതി അല്ലാതെ കല്യാണി, രീതിഗൗള, കാപ്പി ഇതൊക്കെയാണ് പ്രിയ രാഗങ്ങള്‍.
പ്ലസ് വണ്ണിന് നാട്ടിലെത്തിയതോടെ സംഗീത പഠനം തത്കാലം നിര്‍ത്തി. ഡോക്ടറാകാനാണിഷ്ടം. പഠിക്കുന്നത് സയന്‍സും. അതിനാല്‍ സമയം പോരാ. മെഡിസിന് ചേര്‍ന്നാല്‍ കൂടൂതല്‍ സമയം കിട്ടുമെന്നും അപ്പോള്‍ സംഗീത പഠനം മുന്നോട്ട് കൊണ്ടുപോകാമെന്നുമുള്ള പ്രതീക്ഷയിലാണ്. കല്യാണി നന്നായി ഹാര്‍മോണിയവും വായിക്കും. സ്വരം നന്നാവാന്‍ ഒറ്റയ്ക്കാണ് ഹാര്‍മോണിയം വായന തുടങ്ങിയതും പഠിച്ചതും. ഹെഡ് ഗേളും സ്കൂളിലെ ഫുട്ബോള്‍ കളിക്കാരിയും. ഷാര്ജയിലേതിനെക്കാള് ഫുട്ബോള്‍ കളിക്കാന്‍ കൂടുതല്‍ അവസരം ഇപ്പോഴത്തെ സ്കൂളിലുണ്ടെന്ന സന്തോഷവും അമ്മാളുവിനുണ്ട്. വായനയും യോഗയും ഇഷ്ടപ്പെടുന്ന കല്യാണിയുടെ പ്രിയ എഴുത്തുകാരന് അമീഷ് ത്രിപാഠിയാണ്.
ഷാര്‍ജയാണ് ഏറ്റവും ഇഷ്ടമുള്ള സ്ഥലം. കാരണം ലളിതം-അച്ഛനും അമ്മയും അവിടെയാണല്ലോ. മൂവാറ്റുപുഴയിലെ അമ്മ വീടും പ്രിയം.
അരങ്ങേറ്റം ഗുരുവായുരിലാവണം എന്നാണ് ആഗ്രഹം. കണ്ണനു നേദിക്കാന്‍ സംഗീതത്തിന്റെ തുളസിക്കതിരുകള്‍ കാത്തുവെച്ചിട്ടുണ്ട് മനസ്സില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: