”ഡിഗ്രി ഒന്നാം വര്‍ഷത്തിന് പഠിക്കുകയാണ് രേഷ്മ. പ്രായം പതിനെട്ട്. ഈ കാലത്തിനിടയ്ക്ക് നാലു പ്രണയങ്ങള്‍ കഴിഞ്ഞു. ആര് പ്രൊപ്പോസ് ചെയ്താലും കുട്ടി മടി കൂടാതെ സമ്മതം മൂളുന്നു. ഭാവിയില്‍ എന്തു സംഭവിക്കും എന്ന് ഒരു ധാരണയുമില്ല. പെണ്കുട്ടിയല്ലേ? ആലോചിച്ചാല്‍ ഒരെത്തും പിടിയും കിട്ടുന്നില്ല…”
അമ്മയുടെ കരച്ചില് അച്ഛന് ഏറ്റെടുത്തു.
”ഇത് ഇവള്ടെ ജാതകദോഷമാണോ അതോ ഇപ്പോഴത്തെ സമയദോഷമോ?”
”രേഷ്മയെവിടെ?”
”വീട്ടില്‍ ഒറ്റയ്ക്ക് വിട്ടു വരാന്‍ ധൈര്യമില്ലാത്തതുകൊണ്ട് അനിയന്റെ വീട്ടില്‍ നിര്‍ത്തിയിട്ടാണ് ഞങ്ങള്‍ വന്നിരിക്കുന്നത്…”
പിന്നെ അവര്‍ പറഞ്ഞു: ”സ്റ്റഡി മെറ്റീരിയല്‍സ് ഡൗണ്‍ലോഡ് ചെയ്യാനെന്നും പറഞ്ഞ് രാത്രി വൈകുംവരെ വാട്സാപ്പ് തുറന്നിരിപ്പാണ്…ഡിലീറ്റ് ചെയ്യാന്‍ അവള് മറന്നു മെസ്സേജില്‍ നിന്നുമാണ് രാത്രി വൈകിയിരിക്കുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്… ഞങ്ങള്‍ മൊബൈല്‍ വാങ്ങിവെച്ചു… ഫേസ്ബുക് ഡീ ആക്ടിവേറ്റ് ചെയ്തു…”
പണ്ടാണെങ്കില്‍ കരഞ്ഞുപോകുമായിരുന്ന രാമശേഷന് അനുഭവത്തിന്റെ തഴക്കത്തില്‍ ഇരുത്തം വന്ന ഒരു ചിരി ചിരിച്ചു.
”വിലക്കുമ്പോള്‍, നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ എല്ലാം തെറ്റുകള്‍ ചെയ്യാനുള്ള പ്രവണത കൂടുകയല്ലേ ചെയ്യുക?”
”ഇപ്പോള്‍ വേറെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടോ എന്നാണ് സംശയം…മൊബൈല്‍ വാങ്ങി വച്ചതോടെ ലാപ്ടോപ്പിലാണ് കളി…”
”ഒറ്റ മോളാണോ?”
”അതെ…”
”എന്തുകൊണ്ട് രണ്ടാമതൊരു കുഞ്ഞിനെക്കുറിച്ച് ആലോചിച്ചില്ല?”
സ്വയം ചോദിക്കേണ്ട ചോദ്യം രാമശേഷന് അവരോട് ചോദിച്ചു.
”ഞങ്ങള്‍ രണ്ടുപേരും ജോലിക്കു പോവുകയല്ലേ…നോക്കാനാളില്ലാതെ…”
”ങും…മോള്‍ടെ ജാതകം കാണട്ടെ..”
കര്‍ക്കടക ലഗ്നം. ലഗ്നാധിപനായ ചന്ദ്രന് ലഗ്നത്തില്‍. പ്രണയഭാവം ഒഴിഞ്ഞിട്ട്. ഭാവാധിപന് മറഞ്ഞിട്ട്. നടപ്പുദശ വ്യാഴം. ചാരവശാല്‍ ശനി ആറില്‍, വ്യാഴം അഞ്ചില്‍.
പ്രത്യക്ഷത്തില്‍ പ്രണയവുമായി ബന്ധപ്പെട്ട ഗ്രഹസ്ഥിതി ദോഷമോ സമയദോഷമോ ഇല്ല.
”പിന്നെന്തു കൊണ്ടാണിങ്ങനെ?”
അച്ഛനമ്മമാരുടെ ശബ്ദത്തില്‍ വീണ്ടും കരച്ചിലിന്റെ പൊടിപ്പ്.
അരുണ്‍ കൃഷ്ണന്റെ ശബ്ദത്തില്‍ വീണ്ടും കരച്ചിലിന്റെ പൊടിപ്പ്.
അരുണ്‍ കൃഷ്ണന്റെ അനുഭവങ്ങളാണ് രാമശേഷന് ഓര്‍മ്മയില്‍ മിന്നിയത്. അവനും ഒറ്റക്കുട്ടിയായി വളര്‍ന്നു. അവന്റെ വാസനകള്‍ തങ്ങള്‍ തിരിച്ചറിഞ്ഞില്ല. പൂര്വ്വജന്മപുണ്യംപോലെ തൊടിയിലെ പ്ലാവ് കായ്ച്ചു. ചക്ക അവനില്‍ കൗതുകവും ജിജ്ഞാസയും വളര്‍ത്തി. ആണ്‍ചക്കയോ പെണ്ചക്കയോ? ഈ കൗതുകവും ജിജ്ഞാസയും അവന്റെ സ്വഭാവത്തില്‍ സാരമായ മാറ്റങ്ങള്‍ വരുത്തി. അതുപോലെ മകള്‍ക്കും എന്തെങ്കിലും വാസനകള്‍ കാണും. ശ്രദ്ധിച്ചിട്ടുണ്ടോ?
അമ്മയും അച്ഛനും ആലോചനയില്‍ പരതി.
”കുഞ്ഞായിരിക്കുമ്പോള്‍ അവള്‍ക്ക് സ്റ്റാമ്പ് ശേഖരണമുണ്ടായിരുന്നു..അതെ, ഒന്ന് രണ്ട് ആല്‍ബവുമുണ്ടായിരുന്നു…”
”എത്രത്തോളം സീരിയസ്സായിരുന്നു ഈ സ്റ്റാമ്പ് കളക്ഷന്‍?”
”ചെറുപ്പത്തില്‍ വിദേശത്തുള്ള ബന്ധുക്കള്‍ക്കൊക്കെ അവള് തന്നെ കത്തെഴുതുമായിരുന്നു… അവര്‍ അയച്ചു കൊടുക്കുന്ന സ്റ്റാമ്പുകളില്‍ രണ്ടെണ്ണമുള്ളവ എക്സ്ചേഞ്ച് ചെയ്യും…സ്റ്റാമ്പു ശേഖകരുടെ നല്ലൊരു സുഹൃദ്വലയമുണ്ടായിരുന്നു…”
”എന്നിട്ട് അതെല്ലാം എവിടെപ്പോയി?”
”മുതിര്‍ന്നപ്പോള്‍ അവളുടെ ഇന്ററസ്റ്റ് കുറഞ്ഞു…”
”അതല്ല സത്യം…മുതിര്‍ന്നപ്പോള്‍ നിങ്ങളവളോട് പഠിപ്പില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞു…സ്റ്റാമ്പ് ആല്‍ബങ്ങള്‍ വാങ്ങി വെച്ചു… സ്റ്റാമ്പു ശേഖരണം ജോലി വാങ്ങിത്തരില്ലെന്ന്, ചോറു വാങ്ങിത്തരില്ലെന്ന് അവളെ പറഞ്ഞു ബോധ്യപ്പെടുത്തി… അതല്ലേ സത്യം?”
അച്ഛനും അമ്മയും പരസ്പരം മുഖം നോക്കി, ഈ ജ്യോത്സ്യന് ഇതെല്ലാം ഇങ്ങനെ വള്ളിപുള്ളി വിടാതെയറിയാം എന്ന മട്ടില്‍. അവര്‍ പക്ഷേ, മറുപടിയൊന്നും പറഞ്ഞില്ല.
”ഒരു ദിവസം മോളെ ഇങ്ങോട്ടു കൊണ്ടുവരൂ…ഞാന്‍ സംസാരിക്കാം…”
അച്ഛനും അമ്മയ്ക്കും മുഖം തെളിഞ്ഞു.
”അവളുടെ പഴയ സ്റ്റാമ്പു ശേഖരണത്തെ പൊടി തട്ടിയെടുക്കണം…അവള്‍ക്കുവേണ്ട പ്രോത്സാഹനങ്ങല് കൊടുക്കണം…മാര്‍ക്ക് കുറഞ്ഞാലും സാരമില്ല…ജീവിതമല്ലേ പ്രധാനം?”
അച്ഛനുമമ്മയും രാമശേഷനെ സാഷ്ടാംഗം പ്രണമിച്ചു. മനസ്സറിഞ്ഞ് വലിയ ദക്ഷിണ വെച്ചു.
ജ്യോതിഷം പലപ്പോഴും ഉപദേഷ്ടാവാകേണ്ട ആവശ്യത്തെക്കുറിച്ച് ദിനകരന് സാര്‍ എപ്പോഴും പറയുമായിരുന്നു. ചെറിയ വലിയ അഡ്ജസ്റ്റുമെന്റുകള്‍, ഫൈന്‍ ട്യൂണിങ്…ഇടഞ്ഞുനില്‍ക്കുന്ന ഏതു കൊമ്പനും അനുസരണയോടെ വഴിക്ക് വരും.
വീടു വിട്ടു പോവില്ലെന്ന് കട്ടായം പറഞ്ഞിരുന്ന അരുണ്‍ കൃഷ്ണന് മേട്ടുപ്പാളയത്തിലെ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ചേരാന്‍ സ്വമനസ്സാലേ സന്നദ്ധനായി. അവനെ ചേര്‍ത്ത് തിരിച്ചു വരുമ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് രാമശേഷന് കൈക്കുമ്പിളില്‍ മുഖമമര്‍ത്തി. അങ്ങനെയൊരു സങ്കടം വല്ലഭിയേയും മൂടി.
അവന് ആകെ ഒരു വ്യവസ്ഥയേ വെച്ചുള്ളൂ. മൂന്നു ദിവസം കൂടുമ്പോള്‍ ചക്കയുടെ വളര്‍ച്ച വാട്സാപ്പില്‍ എടുത്തയയ്ക്കണം.
അതിനാണോ പ്രയാസം?
”സാര്‍, അപ്പോള്‍ ഗ്രഹസ്ഥിതിക്കും ദശാപഹാരങ്ങള്ക്കും ചാരഫലങ്ങള്ക്കുമൊന്നും നമ്മുടെ ജീവിതത്തില്‍ സ്വാധീനമില്ല എന്നാണോ?”
”അങ്ങനെയല്ല അതിനെ നിരൂപി
ക്കേണ്ടത്… ചിലപ്പോഴെങ്കിലും യുക്തിഭദ്രമായ നമ്മുടെ തീരുമാനങ്ങള്‍, സംയമനാത്മക നിലപാടുകള്‍ ഗ്രഹസ്ഥിതിയേയും ദശാപഹാരങ്ങളേയും ഓവര്‍ പവര്‍ ചെയ്തു എന്നു വരാം…”
നിമിഷ നേരം എന്തോ ആലോചിച്ച ശേഷം രാമശേഷന് തുടര്‍ന്നു.
”ഏതിനാണോ ശക്തി കൂടുതല്‍ അത് ശക്തി കുറഞ്ഞതിനെ കീഴ്പ്പെടുത്തും…”
കുട്ടികള്‍ക്കെന്തോ അത് ദഹിക്കാന്‍ പ്രയാസമുള്ളതുപോലെ തോന്നി. ഇത്രയും നാള് പറഞ്ഞത് സാഹചര്യത്തിനനുസരിച്ച് ഗുരുനാഥന് മാറ്റി പറയുന്നതുപോലെ.
”ഏതിനാണോ അള്‍ട്ടിമേറ്റ് പവര്‍ അതായിരിക്കും കാര്യങ്ങള്‍ നിശ്ചയിക്കുന്ന നിര്‍ണായകശക്തി…സാമാന്യയുക്തിയാണത്…”
പിന്നെ രാമശേഷന് കൂട്ടിച്ചേര്‍ത്തു.
”ഫലചിന്തനത്തില്‍ ദശയ്ക്കാണ് പ്രാമുഖ്യം എന്നു പറഞ്ഞിരുന്നല്ലോ…ഗോചരത്തിന് അതിനേക്കാള്‍ ശക്തിയുണ്ടെങ്കില്‍ അത് ദശാഫലത്തെ കീഴ്പ്പെടുത്തും…”
അടുത്താഴ്ച അച്ഛനമ്മമാര്‍ രേഷ്മയേയും കൂട്ടി വന്നു. അവര്‍ പുറത്തിരുന്നു. രേഷ്മ മാത്രം രാമശേഷനു മുന്നില്‍ തുടര്‍ന്നു.
ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന സംഭാഷണം, സംവാദം.
മുറി വിട്ടിറങ്ങുമ്പോള്‍ രേഷ്മ പുതിയ രേഷ്മയായിത്തീര്ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: