തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്കരയ്ക്കടുത്തുള്ള ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതീ ക്ഷേത്രം ഇപ്പോള്ലോകാദ്ഭുതങ്ങളുടെ നിറുകയിലാണ്. അദ്ഭുതത്തിന്റെയും ഭക്തിയുടെയും കാഴ്ചകള്‍ ഉള്ളിലേറ്റി ഇവിടെ തലയുയര്‍ത്തി നില്ക്കുന്ന ശിവലിംഗമാണ് ലോകാദ്ഭുതങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇന്നുമുതല്‍ ഇവിടേക്ക് ഭക്ത പ്രവാഹമാകും, 111.2 അടി ഉയരമുള്ള മഹാശിവലിംഗത്തിന്റെ ഉള്ളിലൊളിപ്പിച്ചതെല്ലാം നേരില്‍ കണ്ട് നിര്‍വൃതിയടയാന്‍!
കര്‍ണാടകയിലെ കോളാര്‍ ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ റെക്കോഡാണ് ചെങ്കല്‍ ക്ഷേത്രം തിരുത്തുന്നത്. കോളാറിലെ ശിവലിംഗത്തിന് 108 അടിയാണുയരം. ഏഷ്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ ഇടം പിടിച്ച ശിവലിംഗം അടുത്തു തന്നെ ഗിന്നസ് ബുക്കിലും സ്ഥാനം നേടും. ചുവടിന്റെ ചുറ്റളവും ലിംഗാഗ്രത്തിലെ അളവും രേഖപ്പെടുത്തിയ ശേഷമാണ് ഏറ്റവും വലിപ്പമേറിയ ശിവലിംഗമെന്ന് ഉറപ്പാക്കി ഏഷ്യാ ബുക്ക് ഓഫോ റിക്കോര്‍ഡ്സ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ശിവലിംഗത്തിനുള്ളിലെ വിസ്മയ കാഴ്ചകളും സംഘം പരിശോധിച്ച് വിലയിരുത്തി. അദ്ഭുതങ്ങളെ നിലവറയില്‍ ഒളിപ്പിച്ച ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു ശേഷം മറ്റൊരദ്ഭുതമായി മാറുകയാണ് ചെങ്കല്‍ ശിവപാര്‍വ്വതീ ക്ഷേത്രം.
ചെങ്കല്‍മഹേശ്വരം ശിവപാര്‍വ്വതീക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ മനസ്സില്‍ ഉദിച്ച ആശയമാണ് ശിവലിംഗ നിര്‍മ്മാണത്തിലേക്കും പുരാതന ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണത്തിലേക്കും എത്തിയത്. നിര്‍മ്മാണത്തിന് അദ്ദേഹം തന്നെ നേതൃത്വവും നല്കി. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കനുസരിച്ചാണ് നിര്‍മ്മാണം നിര്‍വ്വഹിക്കപ്പെട്ടതും. 111.2 അടിയില്‍ 111 അടി വ്യാസത്തിലാണ് ശിവലിംഗം. പത്തുനിലക്കെട്ടിടത്തിന്റെ ഉയരവും അത്രതന്നെ ചുറ്റളവും! എണ്ണൂറോളം തൊഴിലാളികള്‍ പത്തുവര്‍ത്തോളം അധ്വാനിച്ചു. നാടും വീടും ഉപേക്ഷിച്ച് ഏഴു വര്‍ഷമായി വ്രതശുദ്ധിയോടെ മഠത്തില്‍ തങ്ങുന്ന 30 കൊത്തുവേലക്കാരുടെ അക്ഷീണ പ്രയത്നത്താലാണ് കൊത്തുപണികള്‍ പൂര്‍ത്തീകരിച്ചത്. ഭക്തര്‍ കാണിക്കയായി നല്കിയ പണമാണ് ചെലവഴിച്ചത്. ചിലര്‍ സിമന്റും കല്ലും നല്കി. ചിലര്‍ തടി നല്കി. മറ്റു ചിലര്‍ പണം തന്നെ നല്കി….നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തലയെടുപ്പോടെ നിലകൊള്ളുന്ന ശിവലിംഗം കാണുമ്പോള്‍ അഭിമാനം, ഇതാ ഞങ്ങളുടെ നാടും ലോകത്തിന്റെ നിറുകയിലെത്തിയെന്ന്….
മനുഷ്യശരീരത്തിന്റെ മൂലാധാരം മുതല്‍ മൂര്ധാവ് വരെ എട്ടു ഭാഗങ്ങളായി വിഭജിച്ച രീതിയിലാണ് ശിവലിംഗത്തിലെ ഉള്ളിലെ നിര്‍മാണം. എല്ലാവരുടെയും ശരീരം അവരവരുടെ വിരലുകള്‍ കൊണ്ട് അളന്നാല്‍ എട്ടു ചാണ് നീളം ആണെന്ന സങ്കല്‍പ്പത്തിലാണ് എട്ടു മണ്ഡപങ്ങള്‍, പൃഥ്വി ചക്ര, മൂലാധാര ചക്ര, സ്വാധിഷ്ഠാന ചക്ര, മണിപൂരക ചക്ര, അനാഹതചക്ര, വിശുദ്ധചക്ര, ആജ്ഞാചക്ര, സഹസ്രാരചക്ര എന്നിങ്ങനെയാണ് എട്ടു മണ്ഡപങ്ങള്‍. സ്തൂപത്തെ ഉള്ളിലൂടെ ചുറ്റിപ്പോകുന്ന തുരങ്കത്തിന്റെ മട്ടിലുള്ള നടപ്പാതയില്‍ നിന്നാണ് ഓരോ മണ്ഡപത്തിലേക്കും പ്രവേശനം. മുകളിലേക്കുള്ള വഴി ഇടുങ്ങിയതാണെങ്കിലും മനോഹരമാണ്. മെച്ചപ്പെട്ട വെളിച്ച സംവിധാനത്തില്‍ ഏറെ ആകര്‍ഷകമാണിവിടം. പാതയുടെ ഇരുവശത്തെയും ഭിത്തിയില്‍ ഋഷീശ്വരന്മാരുടെയും ആചാര്യന്മാരുടെയും ചിത്രങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. ചിലയിടങ്ങളില്‍ പ്രതിമകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഹിമാലയയാത്രയുടെ ഓര്മ ഉണര്‍ത്തുന്ന തരത്തിലാണ് മുകളിലേക്കുള്ള നടത്തം. കൈലാസത്തിലേക്കു ഹിമവാന്റെ സപ്തഗിരികള്‍ കടന്നുപോകുന്ന രീതിയിലാണു മുകളിലേക്കുള്ള നടപ്പാത.
വിശാലമായ മുറികളാണ് ഓരോനിലയിലുമുള്ള മണ്ഡപങ്ങള്‍. ഇവിടെ ഭക്തര്‍ക്ക് ധ്യാനത്തിലിരിക്കാം. ഓരോ മണ്ഡപത്തിനും വ്യത്യസ്ത നിറങ്ങള്‍ നല്കി മനോഹരമാക്കിയിരിക്കുന്നു. മണ്ഡപങ്ങള്‍ക്കുള്ളിലെ ഭിത്തിയില്‍ ദേവീദേവന്മാരുടെ ചിത്രങ്ങള്‍. ആദ്യനിലയില്‍ 108 ശിവലിംഗങ്ങളുടെ സമഗ്ര പ്രതിഷ്ഠയുണ്ട്. അവിടെ സന്ദര്‍ശകര്‍ക്കു സ്വയം വിഗ്രഹത്തില്‍ അഭിഷേകം ചെയ്യാന്‍ സൗകര്യം. കുണ്ഡലിനിയില്‍നിന്നു മൂര്‍ധാവില്‍ വരെയെത്തി വിരിയുന്ന ശിവചൈതന്യത്തിന്റെ വിവിധ അവസ്ഥകള്‍ അനുഭവവേദ്യമാക്കുന്ന ആറു ധ്യാനമണ്ഡപങ്ങളാണ് തുടര്‍ന്നുള്ളത്. എല്ലാം കടന്ന് ഉച്ചിയിലെത്തുമ്പോള്‍ കൈലാസത്തിന്റെ പ്രതീതി. വലിയ മഞ്ഞുമലയില്‍ ശിവനും പാര്വ്വതിയുമിരിക്കുന്നു. എല്ലാനിലകളും കയറി മുകളിലെത്തുമ്പോള്‍ ശിവചൈതന്യം അടുത്തറിഞ്ഞ അനുഭൂതിയില്‍ ആരും മനംനിറഞ്ഞ്, മയങ്ങി നില്ക്കുക തന്നെ ചെയ്യും. എട്ടാമത്തെ നിലയിലൊരുക്കിയിരിക്കുന്ന കൈലാസത്തില്‍ ആയിരം ഇതളുകളുള്ള സഹസ്രാരചക്രത്തെ സൂചിപ്പിക്കുന്ന താമര വിരിഞ്ഞു നില്ക്കുന്നു. മഞ്ഞിന്റെ അനുഭൂതി സമ്മാനിക്കാനായി ഈ നിലയില്‍ മാത്രം ശീതീകരണ സംവിധാനവുമൊരുക്കിയിരിക്കുന്നു.
പത്തു വര്‍ഷം മുമ്പ് നിര്‍മ്മാണ ജോലികളാരംഭിച്ചെങ്കിലും ശിവലിംഗത്തിന്റെ നിര്‍മ്മാണം പൂര്‍ണ്ണ രീതിയില്‍ ആരംഭിച്ചത് 2012ലാണെന്ന് സ്വാമി മഹേശ്വരാനന്ദ സരസ്വതി പറഞ്ഞു. നിര്‍മ്മാണം തുടങ്ങുന്നതിനുമുമ്പായി സ്വാമി രാജ്യത്തെ പ്രധാന ശിവക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടനം നടത്തി. പലസ്ഥലങ്ങളിലെയും ക്ഷേത്രങ്ങളിലെ നിര്‍മ്മാണ രീതികള്‍ അദ്ദേഹം പഠിച്ചു. ക്ഷേത്രത്തിലെ വായുകോണില്‍ ത്രിവേണീസംഗമം ഉള്‍പ്പടെ പുണ്യതീര്‍ഥങ്ങളിലെ ജലവും വിവിധ പുണ്യ സ്ഥലങ്ങളിലെ മണ്ണും പഞ്ചലോഹങ്ങളും നവരത്നങ്ങളും അഷ്ടധാന്യങ്ങളും ദശപുഷ്പങ്ങളും 64 ദിവ്യ ഔഷധങ്ങളും പഞ്ചഭൂതക്ഷേത്രങ്ങളില്‍നിന്നുള്ള പ്രസാദവും സമന്വയിപ്പിച്ച കൂട്ട് അടിസ്ഥാനമാക്കിയാണ് ശിവലിംഗ നിര്‍മാണം ആരംഭിച്ചത്. എല്ലാം ശാസ്ത്രീയമായ വിധിപ്രകാരവും ദൈവ ഇഷ്ടപ്രകാരവുമായിരുന്നു.
ഇവിടെ ശിവലിംഗം മാത്രമല്ല ഭക്തരെ കാത്തിരിക്കുന്നത്. മനോഹരമായ ക്ഷേത്രം കൂടിയാണ്. ശിവനും പാര്‍വ്വതിയും ഒറ്റ പീഠത്തിലിരിക്കുന്ന പ്രതിഷ്ഠയുള്ള ഊ മഹാക്ഷേത്രം ദക്ഷിണ കേരളത്തിലെ ഏറ്റഴും പ്രശസ്തിയുള്ള ക്ഷേത്രങ്ങളിലൊന്നായി മാറുന്നു. ഒറ്റ പീഠത്തിലിരിക്കുന്ന ശിവപാര്‍വ്വതിമാര്‍ ആറാടുന്നത അതേ പീഠത്തിലിരുന്നുതന്നെയാണ്. ദക്ഷിണ കാശിയെന്നാണ് ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതീ ക്ഷേത്രം അറിയപ്പെടുന്നത്. എന്നാല്‍ മറ്റ് ശിവക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായകാഴ്ചകളും അനുഭൂതിയുമാണിവിടെ ഭക്തരെ വരവേല്‍ക്കാനൊരുങ്ങുന്നത്. പ്രധാന ശിവക്ഷേത്രങ്ങളിലെ പ്രതിഷ്ഠയുടെ അതേ സവിശേഷതയില്‍ 12 ജ്യോതിര്‍ലിംഗ പ്രതിഷ്ഠയും 32 ഭാവങ്ങളിലുള്ള ഗണപതി പ്രതിഷ്ഠയും ഇവിടുത്തെ അപൂര്‍വ്വ കാഴ്ചയാണ്. പ്രധാന ക്ഷേത്രത്തിനു പിറകില്‍ കന്നിമൂലയില്‍ 32 ഭാവങ്ങളിലെ ഗണപതി പ്രതിഷ്ഠ പ്രത്യേക മണ്ഡപത്തിലാണ്. അത്തരമൊരു കാഴ്ച ഓരോ ഭക്തനും നല്കുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
ബാലഗണപതി, തരുണഗണപതി, ഭക്തിഗണപതി, വീരഗണപതി, ശക്തിഗണപതി, ദ്വിജഗണപതി, സിദ്ധി ഗണപതി, ഉച്ഛിഷ്ട ഗണപതി, വിഘ്നഗണപതി, ക്ഷിപ്രഗണപതി, ഹേരംബഗണപതി, ലക്ഷ്മി ഗണപതി, മഹാഗണപതി, വിജയഗണപതി, നൃത്തഗണപതി, ഊര്‍ദ്ധ്വഗണപതി, ഏകാക്ഷരഗണപതി, വരഗണപതി, തൃക്ഷരഗണപതി, ക്ഷിപ്രപ്രസാദഗണപതി, ഹരിദ്രാഗണപതി, ഏകദന്ത ഗണപതി ഗണപതി, സൃഷ്ടി ഗണപതി, ഉദ്ദണ്ഡ ഗണപതി, ഋണമോചനഗണപതി, ഡുണ്ഡിഗണപതി, ദ്വിമുഖഗണപതി, ത്രിമുഖഗണപതി, സിംഹ ഗണപതി, യോഗഗണപതി എന്നിങ്ങനെയാണ് ഭാവത്തിനനുസരിച്ചുള്ള ഗണപതി പ്രതിഷ്ഠകള്‍.
കൃഷ്ണ ശിലയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒന്നു കൊട്ടിയാല്‍ കല്ലുകള്‍ സംഗീതം പൊഴിക്കും. പഴമ ഒട്ടും ചോരാതെ, പ്രകൃതിയോട് ചേര്‍ന്നു നിന്നുള്ള നിര്‍മ്മാണം. ശ്രീകോവിലിനു മുന്നില്‍ ചെന്നു നില്ക്കുന്ന ഏതൊരു ശിവഭക്തനും അപൂര്‍വ്വമായ അനുഭൂതിയില്‍ അലിഞ്ഞു ചേരും. കൃഷ്ണശിലയില്‍ തീര്‍ത്ത അലങ്കാര ഗോപുരവും മണ്ഡപങ്ങളും ഗണപതി പ്രതിഷ്ഠയും ജ്യോതിര്‍ലിംഗ പ്രതിഷ്ഠയും രഥവും ഉപക്ഷേത്രങ്ങളും പ്രാര്‍ഥനാ മണ്ഡപങ്ങളും ഒക്കെയായി വിപുലമായ സമുച്ചയമാണിത്.
”ക്ഷേത്രം നിര്‍മ്മിക്കുക എന്നത് വലിയ തപസ്സാണ്. അത് വിചാരിച്ച സമയത്തും വിചാരിച്ചതില്‍ മനോഹരമായും പൂര്‍ത്തിയാക്കാന്‍ കഴിയുക എന്നത് ഈശ്വരന്റെ, മഹേശ്വരന്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ചു എന്നതിന്റെ അടയാളമാണ്. മഹേശ്വരന് പാര്‍വ്വതീ സമേതനായി ഇവിടെയുണ്ട്….ആ ചൈതന്യം ഈ നാട്ടില്‍ മുവുവന്‍ വ്യാപിച്ചിരിക്കുന്നു. ഇനിയുള്ള തപസ്സ് ഈ ക്ഷേത്രവും ശിവലിംഗ പ്രതിഷ്ഠയും പരിപാലിക്കലാണ്, ഒട്ടും ചൈതന്യം ചോരാതെ…” സ്വാമി മഹേശ്വരാനന്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: