എല്ലാ വാഹനങ്ങളുടെ കാര്യക്ഷമതയിലും സുരക്ഷയിലും ഏറ്റവും പ്രധാനപങ്ക് വഹിക്കുന്നത് അവയുടെ ടയറുകളാണ്. അതിനാല്‍ തന്നെ ഏറ്റവും പരിരക്ഷ കൊടുക്കേണ്ടത് വാഹനങ്ങളുടെ ടയറിനാണ്. ഉപഭോക്താവിന്റെ പോക്കറ്റ് കീറുന്നതും ടയര്‍ അടിക്കടി മാറേണ്ടി വരുന്നതാണ്. എന്നാല്‍ എങ്ങനെ ടയറുകളുടെ ആയുസ്സ് വര്‍ധിപ്പിച്ച് ചെലവ് കുറയ്ക്കാം എന്നതിനെപ്പറ്റി പലര്‍ക്കും അറിവില്ല. നിങ്ങളുടെ കാര്‍ ടയറുകളുടെ ആയുസ്സ് വര്‍ധിപ്പിക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാവുന്നതാണ്.
ശരിയായ ടയര്‍ മര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതാണ് ടയറുകളുടെ ആയുസ്സ് കൂട്ടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം. ടയറില്‍ മുഴുവനായി കാറ്റ് നിറച്ചാല്‍ മികച്ച മൈലേജും കണ്ട്രോളും കിട്ടുമെന്നൊരു ധാരണ പൊതുവിലുണ്ട്. എന്നാലിത് തെറ്റാണ്. ഇത് ടയറുകള്‍ക്ക് പെട്ടെന്ന് പോറലേല്ക്കാന് കാരണമാവുകയും അതുവഴി ടയറുകള്‍ നശിച്ച് പോവുകയും ചെയ്യുന്നു.
ദുര്‍ഘടമായ പാതകളിലൂടെ വാഹനമോടിക്കുന്ന ഒരാളാണെങ്കില്‍, ഓരോ 5,000 കിലോമീറ്റര്‍ ഓട്ടത്തിന് ശേഷം നിങ്ങളുടെ കാറിന്റെ വീല്‍ ഘടന പരിശോധിക്കുന്നത് നല്ലതായിരിക്കും. കാരണം ദുര്‍ഘടമായ പാതകളിലൂടെയുള്ള നിരന്തര ഓട്ടം കാറിന്റെ വീലുകളുടെ ഘടനയില്‍ മാറ്റം വരുത്തും.
ടയര്‍ റൊട്ടേഷന്‍ എന്ന പ്രക്രിയയില്‍ സ്പെയര്‍ ടയറിനെക്കൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഇത്തരത്തില്‍ ചെയ്യുന്നത് ടയറുകള്‍ക്ക് ദീര്‍ഘായുസ്സ് പ്രദാനം ചെയ്യും. പഴയ ടയറുകള്‍ മാറ്റി പുത്തനാക്കുമ്പോള്‍ വാല്‍വുകളും വാല്‍വ് ക്യാപ്പുകളും കൂടി പുത്തനാക്കി മാറ്റാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം കാറിന്റെ ഈ ഘടകങ്ങള്‍ കാലാകാലത്തിന് മാറ്റിയില്ലെങ്കിലത് ടയറുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ ഹേതുവാകും. അത് കൊണ്ട് തന്നെ പുതിയ ടയറിലേക്ക് മാറുമ്പോള്‍ ഈ ഘടകങ്ങള്‍ കൂടി മാറ്റിയാല്‍ നന്നായിരിക്കും.
ലഗേജുകളും മറ്റുമായി അമിതഭാരം കയറ്റിക്കൊണ്ടുള്ള യാത്രകള്‍ കാറുകളുടെ ടയറുകള്‍ക്ക് മാത്രമല്ല സസ്പെന്ഷന് ഘടകങ്ങള്‍ക്കും കാര്യമായ കേടുപാടുകളുണ്ടാക്കും. അതുകൊണ്ട് അമിതഭാരം കയറ്റിയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: