വാളയാര്‍ എന്നൊരു ദേശം. അവിടുത്തെ ഇടതിങ്ങിയ പച്ചിലച്ചാര്‍ത്തുകള്‍ക്കിടയില്‍ മാംസം വറ്റിമെലിഞ്ഞ കുറെ പാവപ്പെട്ട ദളിത് ആദിവാസികളുടെ കൊച്ചുകൊച്ച് വീടുകള്‍. ദൈനംദിനം സര്‍വ്വ വേദനകളും കടിച്ചിറക്കി പട്ടിണിയിലും ദാരിദ്ര്യത്തിലും പ്രാണന് നഷ്ടപ്പെടാത്ത കുറെ മനുഷ്യജന്മങ്ങള്. അവര്‍ക്കിടയില്‍ ഇളം പ്രായത്തിലുള്ള പെണ്‍കുട്ടികളെ തേടിയെത്തുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ കാട്ടാളന്മാര്. പതിനൊന്നും എട്ടും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ ഈ കാട്ടാളവര്‍ഗ്ഗം അതിക്രൂരമായി കാമമടക്കി കെട്ടിത്തൂക്കിയത് കേട്ടപ്പോള്‍ അമ്മമാരുടെ മാത്രമല്ല മനുഷ്യനായി പിറന്നവരുടെയെല്ലാം കണ്ണുകള്‍ ഈറനണിയും. ഇപ്പോള്‍ കേട്ട വാര്‍ത്ത ദുഷ്ടജീവികളായ ആ കാട്ടാളന്മാരെ പാലക്കാട് പോക്സോ കോടതി തെളിവില്ലാത്തതിനാല്‍ വെറുതെവിട്ടിരിക്കുന്നു. ഹൃദയം മരവിക്കുന്ന അനുഭവം. കണ്ണും കാതുമില്ലാത്ത നിയമപാലകരെ, നിങ്ങള്‍ കേരളത്തിലെ ഓരോ അമ്മമാരുടെയും നെഞ്ചിലാണ് കൂരമ്പുകള്‍ തറച്ചത്. ആണ്-പെണ് കുഞ്ഞുങ്ങളെ നൊന്തുപ്രസവിച്ച ഒരമ്മയും നിങ്ങള്‍ക്ക് മാപ്പുതരില്ല. നിങ്ങള്‍ക്ക് പെണ്‍കുഞ്ഞുങ്ങളില്ലേ?
ഈ വാര്‍ത്തയറിഞ്ഞ് ബോധം മറഞ്ഞുപോകാത്ത ആ അമ്മയോട് മാപ്പുചോദിക്കുന്നു. ഇരുട്ടുവീണ ആ കുടിലിനുള്ളില്‍ ഈ കുട്ടികളുടെ അമ്മ വിങ്ങിപ്പൊട്ടി എത്രയോ ദിനങ്ങള്‍ നീതിക്കായി വിലപിച്ചിട്ടുണ്ടാകണം. സ്വന്തം മകളെ പീഡിപ്പിക്കുന്ന ദയനീയ കാഴ്ച്ച കാണാന്‍ ഇടവന്ന ഒരമ്മയുടെ ധര്‍മ്മസങ്കടം, മിഴിനീരോട് കാട്ടുനീതി നടപ്പാക്കിയ കാക്കിക്കുള്ളിലെ പൊലീസിനോട് തുറന്നുപറഞ്ഞിട്ടും കണ്ണുതുറന്നില്ല. നീതികിട്ടിയില്ല. രണ്ട് പെണ്‍കുട്ടികളും ശാരീരികപീഡനത്തിന് ഇരയായിയെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടും കുറ്റവാളികളെ രക്ഷപ്പെടാന്‍ അന്വേഷണസംഘം കൂട്ടുനിന്നു. രണ്ട് പാവപ്പെട്ട പെണ്‍കുട്ടികളെ കെട്ടിത്തൂക്കി കൊന്നിട്ടും ഒരു രാഷ്ട്രീയപാര്‍ട്ടിയോ, വനിതാകമ്മീഷനോ, മഹിളാസംഘടനകളോ, പട്ടികജാതി വകുപ്പോ ഇടപെട്ടില്ല. ആ പാവങ്ങള്‍ക്ക് ആരുമില്ല. രാഷ്ട്രീയപാര്‍ട്ടിക്കാരായ കുറ്റവാളികള്‍ എത്രവേഗത്തിലാണ് രക്ഷപ്പെട്ടത്. രണ്ടുപേരെയും ബലാത്സംഗത്തിനിരയാക്കി കെട്ടിത്തൂക്കിയ രേഖകള്‍, സാക്ഷികള്‍ ഉണ്ടായിട്ടും കുറ്റവാളികള്‍ രക്ഷപ്പെട്ടു. പൊലീസിന്റെ വിശ്വാസ്യത ഒരിക്കല്‍കൂടി തകര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രി ഇടപെട്ടിട്ടും ഒന്നുംസംഭവിച്ചില്ല. പാര്ട്ടിക്കാരനായാല്മതി എന്ത് അനീതിയും നടത്താം, ആരെയും വെട്ടിക്കൊല്ലാം, സ്ത്രീകളെ പീഡിപ്പിക്കാം. കേരളത്തിന്റെ മുഖം ഭീകരമായിക്കൊണ്ടിരിക്കുന്നത് ആരും തിരിച്ചറിയുന്നില്ല. ഇത്രമാത്രം സ്ത്രീകളെ അപമാനിക്കുന്ന ഒരു സംസ്ഥാനം മറ്റെങ്ങും കാണില്ല. കേരളത്തിന്റെ സാംസ്കാരിക പ്രതിച്ഛായക്ക് മങ്ങല്‍ സംഭവിച്ചിരിക്കുന്നു.
കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടുന്നതുപോലെയാണ് ചിലരൊക്കെ വോട്ടുകള്‍ രേഖപ്പെടുത്തുന്നത്. പാവങ്ങള്‍ കള്ളുംകാശും വാങ്ങി വോട്ടുചെയ്യും. അതിന്റെ ദുരന്തഫലമാണ് വാളയാറില്‍ കണ്ടത്. ഓരോ തെരഞ്ഞെടുപ്പും രാഷ്ട്രീയപാര്‍ട്ടികളുടെ വേട്ടകളാണ്. ഇരകളാകുന്നത് പാവപ്പെട്ട ജനങ്ങള്‍. ജീവനും ജീവിതത്തിനും സംരക്ഷണം കിട്ടാനാണ് നമ്മള് വോട്ടുചെയ്യുന്നത്. ഇപ്പോള്‍ സംഭവിക്കുന്നത് ജീവനുപകരം അവര്‍ ജീവനെടുക്കുന്നു. മനുഷ്യജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു. ഇവിടെ വേട്ടയാടിയത് വാളയാറിലെ പാവപ്പെട്ട രണ്ട് പെണ്‍കുട്ടികളെയാണ്. വോട്ടുകള്‍ രേഖപ്പെടുത്തുന്നത് പൗരാവകാശമെങ്കിലും അത് വെല്ലുവിളിക്കാനും പ്രതിഷേധം രേഖപ്പെടുത്താന്കൂടി ഉള്ളതാണ്. സമൂഹത്തില്‍ സ്ത്രീകളോട് പരാക്രമം കാട്ടുന്നവനും, അവനെ സംരക്ഷിക്കുന്നവനും, കൈക്കൂലിക്കാരനും, കൊള്ളയും കൊലയും നടത്തുന്നവര്‍ക്ക് കൂട്ടുനില്‍ക്കുന്ന ഈ നാട്ടിലെ കാട്ടാളന്മാര്ക്ക് ഒരിക്കലും വോട്ടു ചെയ്യില്ല എന്ന ദൃഡപ്രതിജ്ഞയെടുത്താല്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് മനഃസമാധാനമായി ജീവിക്കാം. ഇല്ലെങ്കില്‍ ഇത് ഇനിയും തുടരും. രാജഭരണകാലങ്ങളില്‍ എന്തും ശിരസാവഹിക്കുന്ന ജനഭക്തന്മാരുണ്ടായിരുന്നു. ആ സ്ഥാനത്തേക്ക് പിന്നീട് നുഴഞ്ഞുകയറിയത് മതരാഷ്ട്രീയമാണ്. അതിന്റെ പിന്നില്‍ നിഗൂഢമായ അജണ്ടകളാണ്. അതൊന്നും പാവപ്പെട്ട ഭക്തജനത്തിനറിയില്ല. കേരളത്തിലെ ചില സമുദായ കൊച്ചുമെത്രാന്മാര് സ്വാര്ത്ഥതാല്പര്യങ്ങള് സംരഷിക്കാന്‍വേണ്ടി മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്തുതി പാടുന്നത്. അല്ലാതെ പാവങ്ങള്‍ക്കുവേണ്ടിയല്ല. അവര്‍ക്ക് സ്ഥാനമാനങ്ങള്‍ കിട്ടാന്‍വേണ്ടി മറ്റ് പദ്ധതികള്‍ക്കായി അവര്‍ ഏത് ചെകുത്താന്റെ വേഷവും കെട്ടിയാടും. പാവങ്ങള്‍ എത്രയോ വോട്ടുകള്‍ ചെയ്തു. എന്താണ് തിരിച്ചുകിട്ടിയത് എന്നത് പ്രധാന ചോദ്യമാണ്. ഒന്നും കിട്ടിയില്ലെന്ന് സമ്പന്നര്‍ പറയില്ല. അധികാരത്തില്‍വന്ന നൂറില്‍ തൊണ്ണൂറുശതമാനം മുതലാളിമാരും കോടീശ്വരന്മാരാണ്.
ജീവിതത്തില്‍ പാവങ്ങള്‍ക്കുള്ള അജ്ഞതയാണ് വോട്ടുപെട്ടി നിറച്ചുവിടുന്നത്. നായകനും വില്ലനുമായി വേട്ടക്കാരെ അവര്‍ക്കറിയില്ല. നല്ലൊരു ഭരണാധിപന് ഒരു പാവപ്പെട്ടവന്റെ ജീവിതത്തെ മാറ്റിമറിക്കാന്‍ സാധിക്കും. അവരത് ചെയ്യില്ല. അവന്റെ ഉയര്‍ച്ച വോട്ടുപെട്ടിക്ക് അപകടമാണ്. ദാരിദ്ര്യത്തില്‍ കിടന്നാല്‍ കള്ളും പണവും വാങ്ങി വോട്ടുചെയ്യും. കേരളത്തിലെ ജാതിമത രാഷ്ട്രീയക്കാര്‍ നീണ്ടനാളുകളായി ഈ കുതന്ത്ര-വിദ്യകളാണ് പയറ്റികൊണ്ടിരുന്നത്. തെരഞ്ഞെടുപ്പില്‍ ഓരോ ചിഹ്നങ്ങള്‍ വാങ്ങി പ്രതിഷ്ഠനടത്തി ജാതിമത മന്ദിരങ്ങള്‍ കയറിയിറങ്ങി വോട്ടുപെട്ടിദേവനെ ആരാധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ തെരഞ്ഞെടുപ്പില്‍ കുറെ മനുഷ്യരുടെ കണ്ണ് തുറന്നുകണ്ടത്. ഈ തിരിച്ചറിവ് മലയാളിക്കുണ്ടായത് പുസ്തകങ്ങള്‍ വായിച്ചിട്ടാണോ? സത്യത്തില്‍ ഇതാണ് ശരി. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കി വര്‍ഗീയത മതവൈരം വളര്‍ത്തി, നീതിയെ അനീതിയാക്കി ഭരണത്തിന്റെ മഹത്വം പറഞ്ഞുകൊണ്ട് നാം ശ്രേഷ്ടമെന്ന് കരുതുന്ന ജനാധിപത്യത്തെപ്പോലും നിത്യവും കശാപ്പുചെയ്യുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് രണ്ട് പാവപ്പെട്ട പെണ്‍കുട്ടികളുടെ ദാരുണമരണം. പാവപ്പെട്ട മനുഷ്യരോട്, സ്ത്രീകളോട് ഒരല്‍പ്പം ദയ, കാരുണ്യം ആരും കാട്ടാറുണ്ട്. ഈ പെണ്‍കുട്ടികളുടെ കേസ് അന്വേഷണത്തില്‍ ഏത് ജനപ്രധിനിധിയാണ് ഇടപെട്ടത്? പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍നിന്നും ശമ്പളം പറ്റുന്നവരും രാജകീയപ്രൗഢിയില്‍ ജീവിക്കുന്ന അധികാരികളും തുടരെ തെളിയിച്ചുകൊണ്ടിരിക്കുന്നത് ഈ ജനാധിപത്യം, നിയമം, പൊലീസ്, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു തട്ടിപ്പുകേന്ദ്രമെന്ന നിലയിലാണ്. പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് മാര്‍ക്കില്ല. പാര്‍ട്ടിക്കാരന്റെ മക്കള്‍ക്ക് തൊഴിലിനും ഒരു പഞ്ഞമില്ല, എവിടെയെങ്കിലും തിരുകികയറ്റും. കഷ്ടപ്പെട്ട് പഠിച്ചവന് തൊഴില്‍ വേണമെങ്കില്‍ പാര്ട്ടിക്കാരന് ലക്ഷങ്ങള്‍ കോഴകൊടുക്കണം. ഓരോരുത്തര് ഭരണത്തില്വരുമ്പോള് യോഗ്യതയില്ലാത്തവരെ പോലീസിലടക്കം ഓരോരോ സ്ഥാപനങ്ങളില്‍ പാര്‍ട്ടികളുടെ കാവല്‍ക്കാരായി തിരുകിക്കയറ്റി അവരുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് ജനാധിപത്യമല്ല, ഫാസിസ്റ്റ്-ബൂര്‍ഷ്വാ വ്യവസ്ഥിതിയാണ്. ഇന്ത്യയിലെ യുവജനങ്ങള്‍ എത്രനാള്‍ ഇത് കണ്ടുനില്ക്കും? ഇത് സാഹിത്യരംഗത്തും കാണുന്ന കാര്യമാണ്. കൊടിയുടെ നിറംനോക്കി പദവികളും പുരസ്കാരങ്ങളും നല്‍കുക. മനുഷ്യജീവിതത്തിന് ശാന്തിയും സമാധാനവും നല്‍കാതെ ജനത്തിന്റെ നികുതിപണം കൊണ്ട് സമൂഹത്തില്‍ എന്തെങ്കിലും നന്മ ചെയ്താല്‍ അതൊരു അപൂര്‍വകാര്യമായി വിളിച്ചുകൂവുന്ന ഭീരുക്കള്‍.
ദളിതരും ആദിവാസികളും ആരുടെയും ചുമട്ടുകഴുതകളല്ല. ഈ കേസ് അട്ടിമറിച്ചവരെ വനവാസത്തിനയയ്ക്കണം. ഒരമ്മയ്ക്കുണ്ടായ നഷ്ടം നികത്താന്‍ കുറ്റവാളികളെ തടവറയിലേക്ക് വിടുകയാണ് വേണ്ടത്. ഈ കേസ് ഒരു ഉന്നത ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കാനും ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാനും സര്‍ക്കാര്‍ മുന്നോട്ടുവരണം.
കേരളത്തിലെ സാഹിത്യ സാംസ്കാരിക നായകന്മാരെ നിങ്ങള്‍ ഏത് വനത്തിലാണ് കൂടുകെട്ടിയിരിക്കുന്നത്? ഈ ശ്മശാനമണ്ണിലേക്ക് ഒന്ന് പറന്നുവരൂ. താളംതെറ്റി ജീവിക്കുന്ന ഈ കാട്ടാളന്മാരെ ഒന്ന് കാണു. ആധുനിക സംസ്കാരത്തിന്റെ അപ്പോസ്തോലമാര്‍ ജീവിക്കുന്ന മണ്ണിലാണ് പാവം പെണ്‍കുട്ടികളുടെ മാനം അപഹരിക്കപ്പെടുന്നതും ജീവന് നഷ്ടപ്പെടുന്നതും. ഒരു കാട്ടാളന്, ഇണക്കിളികളിലൊന്നിനെ അമ്പെയ്തുവീഴ്ത്തിയപ്പോള് അത് കണ്ടുനിന്ന വാല്മീകിമഹര്ഷിയുടെ ഹൃദയംപിടഞ്ഞു. ഭാരതമണ്ണിലെ അനീതിക്കെതിരെ പുറത്തുവന്ന ആദ്യ കവിത അദ്ദേഹത്തിന്റെ ‘മാ നിഷാദ’ എന്ന കവിത ഇന്നുള്ളവരെ പുച്ഛത്തോടെ നോക്കുന്നു. വന്യമൃഗങ്ങളെ ഇരതേടാന്‍ വരുന്ന കാട്ടാളന്മാര്, അല്ലെങ്കില്‍ മതരാഷ്ട്രീയ രക്ഷകരായി വരുന്നവര്‍ ഇടിഞ്ഞുപൊളിഞ്ഞ വീടുകളിലും കൂരകളിലും വഞ്ചനയും ചതിയും ബലാത്സംഗവും നടത്തി പാവങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നു. അവര്‍ക്ക് രക്ഷകരായി മത-രാഷ്ട്രീയം നിയമങ്ങളെ കാറ്റില്‍പറത്തുന്നു. വാല്മീകി മഹര്‍ഷിയുടെ കാലത്ത് കാട്ടുജീവികളെ വേട്ടയാടി ജീവിച്ച ഈ കാട്ടാള വംശപരമ്പര കേരളത്തിലെത്തിയത് നവീന ശിലായുഗത്തിലെന്ന് പലരും വിശ്വസിക്കുന്നു. വാല്മീകി മഹര്‍ഷിയുടെ കാലത്ത് ഒരു ഇണക്കിളിയുടെ ജീവന് നഷ്ടപ്പെട്ടെങ്കില്‍ ഇവിടെ രണ്ട് ഇണക്കിളികളുടെ ജീവനാണ് തൊണ്ടയില്‍ ഘനീഭവിച്ചു കയറില്‍ പിടഞ്ഞുമരിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ മത-സമുദായ തല്പരകക്ഷികളെ വലിച്ചെറിഞ്ഞതുപോലെ സാഹിത്യപ്രതിഭകള്‍ വലിച്ചെറിയൂ രാഷ്ട്രീയം തരുന്ന താലന്തുകള്‍, തലപ്പാവുകള്‍. പാവങ്ങള്‍ക്ക് ഒപ്പം ചേരു. സമൂഹത്തില്‍ തിന്മ നടപ്പാക്കുന്നവര്‍ക്ക് ഓശാനപാടുന്നത് അവസാനിപ്പിക്കു. സാഹിത്യകാരന്, കവി, എഴുത്തുകാരന് പ്രതികരണ തൊഴിലാളിയല്ലെങ്കിലും സമൂഹത്തില്‍ കാണുന്ന ജീര്‍ണ്ണതകളെ എത്രനാള്‍ കണ്ടുകൊണ്ടിരിക്കും. ഈ അടുത്തകാലത്ത് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു, എഴുത്തുകാരന് സമൂഹത്തില്‍ കാണുന്ന അനീതികളെ ചോദ്യം ചെയ്യുന്നവനാണെന്ന്. ഇക്കൂട്ടര്‍ ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്. മണ്മറഞ്ഞ പ്രതിഭാധനന്മാര് പ്രതികരിക്കുന്നവരായിരുന്നു. മത-രാഷ്ട്രീയ ആള്‍ദൈവങ്ങളില്‍നിന്നും അവര്‍ വളരെ അകലം പാലിച്ചവരാണ്. ആത്മാഭിമാനമുള്ള സാഹിത്യകാരന് ആരുടെയും അടിമയായി ജീവിക്കുന്നവനല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: