വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ആറ് ദിവസമായി മണ്ഡലത്തിലുടനീളം നടന്നു വന്ന വാഹനപര്യടനം ഇന്നലെ സമാപിച്ചു. രണ്ട് വാഹനപര്യടനമാണ് ഇന്നലെ നടന്നത്. രാവിലെ പാങ്ങോട് വാര്‍ഡിലെ ഉദിയന്നൂര്‍ ദേവീ ക്ഷേത്ര നടയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമ പര്യടനം ഉദ്ഘാടനം ചെയ്തു.
മരുതംകുഴി ജംഗ്ഷന്, ചിറ്റാറ്റിന്‍കര എസ്ബിഐ, വേട്ടമുക്ക് ജംഗ്ഷന്, ചിത്രനഗര്‍ റസിഡന്റ്സ് വഴി ഉച്ചയോടെ എസ്കെ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ സമാപിച്ചു. എല്ലായിടങ്ങളിലും സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ അമ്മമാരുടെ വന്‍സംഘമാണ് തടിച്ചുകൂടിയത്. പലരും താമര പൂവ് നല്‍കിയും പൊന്നാട അണിയിച്ചും കിരീടമണിയിച്ചുമാണ് സ്വീകരിച്ചത്. പൊരിവെയിലിനെ അവഗണിച്ച് യുവാക്കളും സ്ത്രീകളുമുള്‍പ്പെടെ നിരവധിപേരാണ് ഇരുചക്രവാഹനത്തില്‍ സ്ഥാനാര്‍ഥിയെ പിന്തുടര്ന്നത്.
വൈകിട്ട് മൂന്നു മണിയോടെ കൊടുങ്ങാനൂര്‍ ജംഗ്ഷനില്‍ നിന്നാണ് രണ്ടാമത്തെ വാഹനപര്യടനം ആരംഭിച്ചത്. വിഎസ്ഡിപി ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന് പര്യടനം ഉദ്ഘാടനം ചെയ്തു. പ്ലാവോട്, കുന്നംപാറ, കൊടുങ്ങാനൂര്‍ ദേവീ ക്ഷേത്രം, തോപ്പുമുക്ക്, മഞ്ചാടിമൂട്, തൊഴുവന്‍കോട് ജംഗ്ഷന്, വികെപി നഗര്‍ ജംഗ്ഷന് വഴി കാഞ്ഞിരംപാറ ജംഗ്ഷനില്‍ പര്യടനം സമാപിച്ചു.
വാഹനപര്യടനം കൂടി കഴിഞ്ഞതോടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാന്‍ സാധിച്ചെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷ് പറയുന്നത്. നിരവധി തവണ യുഡിഎഫ് സിപിഎം എല്‍എമാര്‍ മാറിമാറി ഭരിച്ചിട്ടും മണ്ഡലത്തില്‍ വികസനത്തിന്റെ ഒരംശം പോലുമില്ല. മണ്ഡലത്തിലെ റോഡുകളില്‍ ഭൂരിഭാഗവും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മണ്ഡലത്തിലുള്ളവര്‍ക്ക് വികസനമാണ് ആവശ്യം. അതുകൊണ്ടുതന്നെ ഇത്തവണ മാറ്റത്തിനായിരിക്കും ഓരോ വോട്ടും. എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തില്‍ വട്ടിയൂര്‍ക്കാവില്‍ വിജയിക്കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷ് പറഞ്ഞു.
ഇന്ന് ഗൃഹസമ്പര്‍ക്കമാണ് സ്ഥാനാര്‍ഥിയുടെ പ്രധാന പരിപാടി. മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ പൊതുയോഗങ്ങളും കുടുംബയോഗങ്ങളും ഇന്ന് നടക്കും. എന്‍ഡിഎയുടേയും ബിജെപിയുടേയും പ്രധാന നേതാക്കളും ഇന്ന് വട്ടിയൂര്‍ക്കാവില്‍ എത്തുന്നുണ്ട്. നാളെ വൈകിട്ടോടെ പരസ്യപ്രചാരണം അവസാനിക്കും. ഞായറാഴ്ച കൊട്ടിഘോഷങ്ങള്‍ ഇല്ലാതെയായിരിക്കും സ്ഥാനാര്‍ഥികളുടെ പ്രചാരണം. തിങ്കളാഴ്ച രാവിലെ മുതല്‍ വോട്ടെടുപ്പു ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: