അന്തഃ ശൂന്യോ
ബഹിഃ ശൂന്യഡ
ശൂന്യഃ കുംഭ ഇവാംബരേ
അന്തഃ പൂര്ണോ
ബഹിഃ പൂര്ണഃ
പൂര്ണഃ കുംഭ ഇവാര്‍ണവേ – 4 – 56
ആകാശത്തിലെ കുടം പോലെ അകത്തും പുറത്തും ശൂന്യമാണ്. കടലിലെ കുടം പോലെ അകവും പുറവും നിറവാണ്.
സമാധിയിലിരിക്കുന്നവന്റെ അവസ്ഥയാണ് ഇവിടെ പറയുന്നത്. അവന്റെ ഉള്ള്, അന്തഃക്കരണം ശൂന്യമാണ്. അവിടെ ബ്രഹ്മമൊഴിച്ചൊരു വൃത്തിയുമിരിക്കില്ല. പുറത്തും ശൂന്യം തന്നെ. താനേ ഉള്ളൂ, രണ്ടാമതൊന്നു കാണാനില്ല. കാലിയായ കുടം ആകാശത്തില്‍ ഇരുന്നാല്‍ അകത്തും പുറത്തും ശൂന്യമായതു പോലെ.
അവധൂത ഗീതയില്‍ (132)ദത്താത്രേയന് പറയുന്നത് ഘടവും ഘടാകാശവും ഇല്ല എന്നാണ്.’ന ഘടോ ന ഘടാകാശോ’. ജീവനും ഇല്ല, ജീവ ശരീരവുമില്ല.’ന ജീവോ ജീവ വിഗ്രഹഃ’ ബ്രഹ്മമേയുള്ളൂ. ‘കേവലം ബ്രഹ്മ സംവിദ്ധി ‘. അറിയപ്പെടുന്ന വസ്തുവില്ല, അറിയുന്നവനുമില്ല.’വേദ്യ വേദകവര്‍ജ്ജിതം.’
മറ്റൊരിടത്തു ദത്താത്രേയന് പറയുന്നു, ‘ഘടേ ഭിന്നേ (കുടമുടഞ്ഞാല്‍ ) ഘടാകാശം സുലീനം (കുടത്തിലുണ്ടായിരുന്ന ആകാശം മഹാകാശത്തില്‍ ലയിക്കും) ഭേദ വര്‍ജിതം.’ (രണ്ടാകാശവും തമ്മിലുള്ള ഭേദങ്ങള്‍ ഇല്ലാതാവും.) ശിവനും ശുദ്ധമനസും തമ്മില്‍ അന്തരമില്ല എന്നര്‍ഥം.
അന്തഃകരണത്തില്‍, ഹൃദയാകാശത്തില്‍ മുഴുവന്‍ ബ്രഹ്മാകാര വൃത്തി നിറഞ്ഞിരിക്കും. അതു കൊണ്ട് പൂര്‍ണമാണ് (ശൂന്യമല്ല!). പുറത്തും പൂര്‍ണം തന്നെ. എങ്ങും ബ്രഹ്മം നിറഞ്ഞിരിക്കുന്നു. കടലിലെ വെള്ളത്തില്‍ മുക്കി വെച്ച കുടത്തിന്റെ അകവും പുറവും ജലപൂര്‍ണമാണ്. ഒഴിവായൊരിടവുമില്ല. സമാധിയിലിരിക്കുന്നവന്‍ ബ്രഹ്മപൂര്‍ണനാണ്.
ഈശാവാസ്യ ഉപനിഷത്ത് ആരംഭിക്കുന്നതു തന്നെ ‘പൂര്‍ണമദഃപൂര്‍ണമിദം പൂര്ണാത് പൂര്‍ണം ഉദച്യതേ’ എന്നാണ്. അതും പൂര്‍ണം, ഇതും പൂര്‍ണം. പൂര്‍ണത്തില്‍ നിന്നും പൂര്‍ണമുണ്ടാവുന്നു – എന്നിങ്ങനെ. ഇത് ശരിയാണോ എന്നു ചിന്തിച്ച കാലമുണ്ടായിരുന്നു. പൂര്‍ണയായ അമ്മയില്‍ നിന്ന് പൂര്‍ണനായ കുട്ടിയുണ്ടാവുകയും അമ്മ പൂര്‍ണയായി ശേഷിക്കുകയും ചെയ്യുന്നുണ്ടല്ലൊ എന്ന മറു ചിന്തയും അന്നത്തെ കൗതുക മായിരുന്നു.
ബാഹ്യചിന്താ ന കര്‍ത്തവ്യാ
തഥൈവാന്തര ചിന്തനം
സര്‍വ ചിന്താം പരിത്യജ്യ
ന കിഞ്ചിദപി ചിന്തയേത് – 4 – 57
ബാഹ്യവും ആന്തരവുമായ ചിന്തകള്‍ അരുത്. സര്‍വ ചിന്തകളും വിട്ട് ഒന്നും ചിന്തിക്കാതിരിക്കുക. സമാധിയിലിരിക്കുന്ന യോഗി പുറത്തുള്ള വസ്തുക്കളെ ചിന്തിക്കരുത്. സുഖഭോഗവസ്തുക്കളെ അകത്ത് ഭാവന ചെയ്കയുമരുത്. സര്‍വ ചിന്തകളും, എല്ലാ ബാഹ്യാഭ്യന്തര ചിന്തകളും വിടണം. ഒന്നിലും ഒട്ടാതിരിക്കണം. ആത്മചിന്ത പോലും വിടണം. അപ്പോള്‍ സ്വരൂപസ്ഥിതി, ജീവന്മുക്തി ലഭിക്കും എന്നര്‍ഥം.
സങ്കല്പ മാത്ര കലനൈവ ജഗത് സമഗ്രം
സങ്കല്പ മാത്ര കലനൈവ മനോ വിലാസഃ
സങ്കല്പ മാത്രമതിമുത്സൃജ നിര്വികല്പ –
മാശ്രിത്യ നിശ്ചയമവാപ്നുഹി രാമ ശാന്തിം – 4 – 58
ഈ ലോകം മനസ്സിന്റെ സങ്കല്പം മാത്രമാണ്.
മനസ്സിലെ ലോകവും സങ്കല്പം മാത്രമാണ്. ഈ സങ്കല്പ ബുദ്ധി ഉപേക്ഷിച്ച് നിര്വികല്പനായി ശാന്തിയെ പ്രാപിക്കണം. യോഗവാസിഷ്ഠത്തില്‍ വസിഷ്ഠ മുനി രാമനോടു പറയുന്നതാണിത്. ബാഹ്യാഭ്യന്തര ചിന്തകള്‍ വിടണമെന്നതിന് ഒരു പ്രമാണമായി ഉദ്ധരിച്ചതാണീ ശ്ലോകം.
ഈ ദൃശ്യപ്രപഞ്ചം മുഴുവന്‍ സങ്കല്പ സൃഷ്ടമാണ്. ‘സങ്കല്പഃ കര്‍മ മാനസഃ ‘ എന്നാണ്. മനസ്സിന്റെ വ്യാപാരമാണ് സങ്കല്പം. അതിന്റെ കലന, രചന, സൃഷ്ടി ആണ് ഈ ലോകം. ഓരോരാള്‍ക്കും ഇതേ ലോകം വ്യത്യസ്തമായനുഭവപ്പെടുന്നത് മനസ്സിലുള്ള വ്യത്യാസം കൊണ്ടാണ്. അതില്‍ നിന്നാണ് കൊട്ടാരം പൂന്തോട്ടം സ്വാദിഷ്ടമായ ഭക്ഷണം മുതലായ ഭാവനകള്‍ പൂത്തു തളിര്‍ക്കുന്നത്. ചിന്താ വിലാസം തന്നെയത്. അതു കൊണ്ട് അത് സത്യമല്ല, യഥാര്‍ഥമല്ല. ഇതറിഞ്ഞ് അത്തരം തലതിരിഞ്ഞ ബുദ്ധി കളയുക.
നിര്വികല്പ ബുദ്ധി നേടണം. വികല്പമില്ലാത്തതാണ് നിര്വികല്പം. വിശിഷ്ടമായ കല്പനയാണ് വികല്പം. ആത്മാവ് ചെയ്യുന്നു, അനുഭവിക്കുന്നു, ആസ്വദിക്കുന്നു, സുഖിക്കുന്നു, ദുഃഖിക്കുന്നു എന്ന ധാരണ വികല്പമാണ്. ഇതെന്റെ ആള്ക്കാര്, അവര്‍ അന്യര്‍ – ഇതും വികല്പം തന്നെ. ദേശം, കാലം, വസ്തു എന്നിവയുടെ അടിസ്ഥാനത്തിലുള്ള ചിന്തകളും വികല്പം തന്നെ. വികല്പത്തില് നിന്ന് നിഷ്ക്രമിക്കലാണ് നിര്വികല്പം. ആത്മാവ് നിര്‍വികല്പമാണ്. അതിനെ ആശ്രയിച്ച്, ധ്യാനിച്ച് ഹേ രാമ! നീ ശാന്തി പ്രാപിക്കുക – എന്നാണുപദേശം. അതിലൂടെ സുഖം നേടാമെന്ന്. സ്വാത്മാരാമന്‍ ഈ ഉദ്ധരണിയിലൂടെ ഹഠയോഗത്തെ ജ്ഞാനയോഗവുമായി കൂട്ടിയിണക്കുന്നു. യോഗവും തന്ത്രവും ദ്വൈതത്തില്‍ നിന്നദ്വൈതത്തിലേ ക്കുള്ള പാതയിലാണ് എന്നര്‍ഥം.
ഇതു തന്നെ ഭഗവദ്ഗീതയില്‍ മറ്റൊരു തരത്തില്‍ പറഞ്ഞിരിക്കുന്നു. ‘ന ചാഭാവയതഃ ശാന്തിരശാന്തസ്യ കുതഃ സുഖം’ (ഭ.ഗീ. 2 – 66) ഭാവന ശരിയായില്ലെങ്കില്‍ ശാന്തിയില്ല. അശാന്തന്നു സുഖമെവിടെ?
(കൊച്ചി പതഞ്ജലിയോഗ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: