പാണ്ടിയും പഞ്ചാരിയും തിമര്‍ത്ത് പെയ്യുന്ന പൂരപ്പറമ്പിന്റെ ആഹാളാദാരവം ഏറ്റുവാങ്ങുന്ന അരവിന്ദാക്ഷമാരാര്‍. ആത്മാര്‍ത്ഥത നൂറുമേനിയും വിളമ്പുന്ന പ്രകൃതക്കാരന്. സഹപ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും രണ്ടഭിപ്രായമില്ലാത്ത മേളരംഗത്തെ അതുല്യപ്രതിഭയാണ തൂശൂര്‍ എടക്കുന്നിയിലെ കേളത്ത് മാരാത്തെ അരവിന്ദാക്ഷന്. കൃശഗാത്രനെങ്കിലും പ്രയോഗത്തിലെ വ്യക്തത നിലനിര്‍ത്തിയാണ് അവതരണം. വലിയ പ്രമാണിമാര്‍ക്ക് ശക്തമായ പിന്തുണയാണ് ഇദ്ദേഹം പകരുന്നത്. പ്രമാണപദത്തിനു പകരം കൂടെനില്ക്കുവാനാണ് കേളത്തിന് മോഹം. കൊട്ടിത്തിമര്ക്കുക മാത്രമാണ് എന്റെ മനസ്സില്‍. അതില്പരം മോഹം മറ്റൈാന്നുമില്ല. സ്കൂള്‍ പഠനം തുടങ്ങിയെങ്കിലും അമ്പലത്തിലെ ജോലിയാണ് അനുഷ്ഠിക്കേണ്ടതെന്ന അച്ഛന്റെ ഓര്‍മ്മപ്പെടുത്തല്‍ മനസ്സില്‍കൊണ്ടു. അമ്പലത്തില്‍ നിന്നും കിട്ടുന്ന ചോറിന് വീട്ടില്‍ അവകാശികള്‍ ഏറെയുണ്ട്.
വാദ്യരംഗത്ത് വന്ന്ചേക്കേറിയ മുഹൂര്‍ത്തത്തിന്റെ ഗുണാധിക്യത്താല്‍ കേളത്ത് സുവിദിതനായി. മഹാമേളങ്ങള്‍ വിരിഞ്ഞിറങ്ങിയ പ്രശസ്ത നടപ്പുരകളില്‍ നിറഞ്ഞു നില്‍ക്കുന്നത് പ്രയോഗ വൈശിഷ്ട്യത്താലാണ്. ഏവര്‍ക്കും ഉത്സാഹം പകര്‍ന്നുകൊണ്ടുള്ള അവതരണത്താല്‍ പ്രിയങ്കരനാണ് മാരാര്‍. പെരുവനത്തെ പെരുമയുള്ളവര്ക്കൊപ്പവും ഈ രംഗത്തെ മറ്റ് അതികായന്മാര്‍ക്കൊപ്പവും കൊട്ടിത്തഴമ്പിച്ച ഇദ്ദേഹത്തിന് എല്ലാ വാദ്യവും കൈകാര്യം ചെയ്യാനറിയാം. മേളരംഗത്ത് ആണ് ശ്രദ്ധയും ഉത്സാഹവും. അതിന്റെ സുഖം മറ്റൊന്നിനും ഇല്ല. മനസ്സ് അത്രയ്ക്കും മേളത്തില്‍ ലയിച്ചു. പെരുവനം കുട്ടന്മാരാരും കിഴക്കൂട്ട് അനിയന് മാരാരും കേളത്തിന്റെ സാമീപ്യം ആഗ്രഹിക്കുന്നുണ്ട്. വലതുവശത്തിന്റെ കുറവുതീര്ക്കുവാന് ഇദ്ദേഹം ധാരാളമെന്നാണ് ആസ്വാദകരും വിശാരദന്മാരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.
അച്ഛന് മാക്കോത്ത് ശങ്കരന്‍കുട്ടിമാരാര്‍ കുട്ടികളെ പുലര്‍ച്ചെ മൂന്നിന് വിളിച്ചുണര്‍ത്തി തുടങ്ങുന്ന സാധകത്തിന് അനുജന്മാരും പങ്കുചേര്‍ന്നു. തിമിലയും തായമ്പകയും മാറിമാറി കൊട്ടിക്കും. തായമ്പക കൊട്ടിക്കുമ്പോള് എവിടെയെങ്കിലും തെറ്റ് സംഭവിച്ചാല്‍ വീണ്ടും ആദ്യം മുതല്‍ കൊട്ടിത്തുടങ്ങണം. അതിനാല്‍ അതീവശ്രദ്ധയോടെയാണ് പഠനം. തായമ്പക ഒരുകാലത്ത് കൊട്ടിയിരുന്നെങ്കിലും ഇന്ന് മേളത്തിലാണ് ശ്രദ്ധ. തായമ്പകയ്ക്ക് ഏറെ പുതുമകള്‍ വന്നു. പഴയശൈലി മാത്രം അറിയാവുന്ന താന്‍ കാലത്തിന് അനുയോജ്യനല്ലെന്ന് പറയും. കേളത്ത് അരവിന്ദാക്ഷനുണ്ടെങ്കില് പഞ്ചാരിക്കും പാണ്ടിക്കും പൂര്ണ്ണതയുണ്ടാവുമെന്ന് പ്രമാണിമാര്‍തന്നെ പറയാറുണ്ട്. അദ്ദേഹം നില്ക്കുന്ന വശത്തേക്ക് പിന്നെ ശ്രദ്ധിക്കേണ്ടതില്ല. മേളം കരുപ്പിടിപ്പിക്കുവാന് അദ്ദേഹത്തിനുള്ള വശ്യത പ്രശസ്തമാണ്. അമര്ത്തിക്കൊട്ടിത്തീര്ക്കുന്ന അരവിന്ദവഴികള് ആസ്വാദകര്‍ക്കും പ്രിയമാണ്.
പതിനഞ്ചുവയവസ്സു തികഞ്ഞ കാലത്തുതന്നെ പൂരപ്പറമ്പുകളിലെ മേളത്തില്‍ ലയിച്ചു. പ്രഗത്ഭരുടെ നിരകളില്‍ ഒരറ്റത്തുനിന്നും പ്രയോഗം തുടങ്ങുകയായിരുന്നു. തായമ്പകയാണ് പ്രഥമമായി അഭ്യസിച്ചത്. അങ്ങനെയാണ് പഠനസമ്പ്രദായം. അതിനൊപ്പം തന്നെ പഞ്ചവാദ്യവും മേളവും ശീലിച്ചു. കുടുംബത്തിന് കൊട്ട് അവകാശമുണ്ടായിരുന്ന ചേന്ദംകുളങ്ങരയിലും എടക്കുന്നി ക്ഷേത്രത്തിലും നിത്യേന പോയിത്തുടങ്ങി. ധനുമാസത്തില്‍ ചേന്ദംകുളങ്ങരയില്‍ പത്താമുദയത്തോടനുബന്ധിച്ച് മേളംകൊട്ടണം. കുന്നംകുളം ഭാഗത്തെ പൂരങ്ങളില്‍ പഞ്ചവാദ്യത്തില്‍ പങ്കുചേര്‍ന്നു. അങ്ങനെ ചെണ്ടയും തിമിലയുമായി എല്ലാ സ്ഥലങ്ങളിലും സജീവമായി.
കൊട്ടിനിറയ്ക്കുവാനുള്ള ഉത്സാഹമാണ് കേളത്തിനെ വളര്‍ത്തിയത്. ഒരിക്കല്‍ പരിയാരത്ത് കുഞ്ഞന്മാരാര് അച്ഛനെ വടക്കാഞ്ചേരിയില്‍ കാര്‍ത്തികയ്ക്ക് ക്ഷണിക്കുവാന്‍ വീട്ടില്‍വന്നു. നിനക്ക് തൃശ്ശൂര്‍പൂരത്തില്‍ ചേരണോ എന്ന ചോദ്യം അദ്ദേഹം ചോദിച്ചു. അത്കേട്ടപ്പോള്‍ തുള്ളിച്ചാടാനാണ് കേളത്തിന് തോന്നിയത്. കിഴക്കൂട്ട് അനിയന്‍മാരാരും അദ്ദേഹവും രണ്ടറ്റത്തുനിന്നുമായി ഇലഞ്ഞിച്ചുവട്ടിലെ പാണ്ടിമേളത്തില്‍ കൊട്ടുവാന്തുടങ്ങി. ഒരു മാരാര്‍ക്ക് ലഭിക്കാവുന്ന പരമോന്നത പദവിയാണ് തൃശ്ശൂര്‍പൂരത്തിന്റെ ഭാഗമാവന്‍ കഴിയുക എന്നത്.
ഒരുപന്തീരാണ്ട് കാലം അങ്ങനെ പെരുമയായ ഇലഞ്ഞിത്തറയില്‍ നിറഞ്ഞുനിന്നു. പിന്നെ പ്രമാണസ്ഥാനത്ത് മറ്റൊരാളായി. അതോടെ പാറമേക്കാവില്‍ നിന്നും വിട്ടു. കുറച്ചുകാലം തൃശ്ശൂര്‍പൂരത്തില്‍ നിന്നും ഒഴിഞ്ഞുമാറി. അതിനുശേഷം തിരുവമ്പാടിയില്‍ തൃപ്പേക്കുളം അച്യുതമാരാര്‍ പ്രമാണിയായപ്പോള്‍ തിരുവമ്പാടിയിലേക്ക ്ക്ഷണം ലഭിച്ചു. അവിടെ 9 വര്‍ഷക്കാലം മേളം കൊട്ടി.
പിന്നീടൊരിക്കല്‍ പെരുവനം കുട്ടന്മാരാര് പാറമേക്കാവില്‍ പ്രമാണിയായപ്പോള്‍ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം കേളത്ത് അരവിന്ദാക്ഷന് വീണ്ടും പാറമേക്കാവില്‍ വന്നു. പെരുവനത്തിന്റെ നിഴല്‍പോലെ അരവിന്ദന് എവിടേയും സ്ഥിരക്കാരനായി. സൗന്ദര്യഭാവം നിറഞ്ഞ കുട്ടന്റെ മേളത്തിന് അമരക്കാരനായി കേളത്ത് അലിഞ്ഞുചേര്‍ന്നു. ഇന്നും കുട്ടനൊപ്പം കേളത്തുണ്ട്.
പ്രമാണപദമല്ല കേളത്തിനിഷ്ടം. മേളംകൊട്ടിത്തീര്ക്കല് തന്നെയാണ.് ഇതാണ് അരവിന്ദനെ പലരില്‍നിന്നും വ്യത്യസ്ഥനാക്കുന്നത്. ഇദ്ദേഹത്തെപ്പറ്റി മറുത്തൊരു ചിന്തയും കാഴ്ചപ്പാടും വാദ്യകലാകാരന്മാര്ക്കെന്നല്ല, ആസ്വാദകര്‍ക്കുമില്ല. അച്ഛന്റെ കീഴില്‍ പഠിക്കുകയും ആശാന്മാര്ക്കൊപ്പം കൂടിച്ചേരലും കൂടി സംക്രമിച്ചതാണ് അരവിന്ദന്റെ കൊട്ടുഭാഷ്യം. വരുംകാല താരങ്ങള്‍ക്ക് ഈ മഹാചക്രവര്‍ത്തി പാഠപുസ്തകമാണ്. വിനീതസ്വഭാവംകൊണ്ട് വിദ്വാനായിത്തീര്ന്നതാണ് ഈ കലാകാരന്.
ആറാട്ടുപുഴയിലും പെരുവനം പൂരത്തിനും മൂന്നും നാലും മേളങ്ങള്‍ കൊട്ടേണ്ടി വരും. സന്ധ്യമയങ്ങുംമുമ്പ് തുടങ്ങുന്നപൂരം പുലരും വരെ ഒന്നൊന്നായിക്കൊട്ടിത്തീര്ക്കണം. കൈ വേദനിക്കും. അതൊന്നും ഓര്‍ക്കുവാന്‍കൂടി നേരമില്ല എന്നാണ് കേളത്ത് പറയുന്നത്. പാണ്ടിയും പഞ്ചാരിയും മാറിമാറി കൊട്ടുന്നത് ആ പുണ്യഭൂവില്‍ മറ്റൊരുദേവപൂജ തന്നെ.
കേളത്തിന്റെ കുടുംബത്തില്‍ പറയത്തക്ക വാദ്യകലാകാരന്മാര് ഉണ്ടായിരുന്നില്ല. രാമമാരാരാണ് അറിയാവുന്ന ഒരേ ഒരാള്‍. പിന്നെയാണ് കേളത്ത് സഹോദരന്മാരുടെ പിറവി. കേളത്ത് കുട്ടപ്പനും, പ്രഭാകരനും അരവിന്ദനൊപ്പം രംഗത്തുണ്ട്. കുട്ടപ്പന് തായമ്പകയിലും തിമിലയിലുമാണ് ശ്രദ്ധവയ്ക്കുന്നത്. മഠത്തില്‍വരവിലെ ദീര്‍ഘകാലം പങ്കുകാരനായിരുന്നു കുട്ടപ്പന്. പ്രഭാകരന് മേളത്തിലാണ് നിലയുറപ്പിച്ചത്. മേളത്തിനുപുറമെ തായമ്പകയിലും പഞ്ചവാദ്യത്തിലും അരവിന്ദന് അറിയപ്പെട്ടിരുന്നു. കുറേക്കാലമായി മേളത്തിലാണ് പൂര്‍ണ്ണസമയവും സഞ്ചരിക്കുന്നത്.
അവിവാഹിതനായ കേളത്ത്, കണ്ണനെന്ന മരുമകനൊപ്പമാണ് താമസം. അറിഞ്ഞ് പെരുമാറിയ പൂരപ്പറമ്പുകളില്‍ നിന്നും ആസ്വാദകര്‍ മനംനിറഞ്ഞുതന്ന അനുമോദനങ്ങള്ക്കാണ് പ്രതിഫലത്തേക്കാളും മിനുപ്പെന്ന് നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് മാരാര്‍ പറയും. വീരശ്യംഖലയും സര്‍ക്കാര്‍ പുരസ്കാരങ്ങളും ഈ കലാകാരന് ലഭിച്ചിട്ടുണ്ട്. കൊട്ടുന്നവേളയില് മറ്റൊരു ചിന്തയും ഇദ്ദേഹത്തിന് മുന്നിലില്ല. സമര്‍പ്പണ ബുദ്ധിയാര്ന്ന ഒരുജീവിതം. സകലര്‍ക്കും പാഠമാണ് ഈ കലാകാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: