പാലക്കാട്: സിപിഎമ്മിന്റെ ഭീഷണിയില്‍ സിപിഐക്ക് മുട്ടിടിച്ചു. വനവാസി വനിതാ നേതാവിനോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ സിപിഐയുടെ നിര്‍ദേശം. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശനെയാണ് ഭീഷണിപ്പെടുത്തി രാജിവയ്പ്പിക്കുന്നത്.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഈശ്വരിയെ നീക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. ഇതിനെ പിന്തുണച്ച് സിപിഐ ജില്ലാ നേതൃത്വം ഈശ്വരിയുടെ രാജി ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ വിസമ്മതിച്ചതോടെ സിപിഎം നിലപാട് കടുപ്പിച്ചു. രാജിവച്ചില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരുമെന്നായിരുന്നു ഭീഷണി. ഇതിനു പിന്നാലെയാണ് സ്വന്തം നേതാവിനെ തള്ളാന്‍ സിപിഐ തീരുമാനിച്ചത്.
ഞായറാഴ്ച ചേര്‍ന്ന സിപിഐ പാലക്കാട് ജില്ലാ നിര്‍വാഹക സമിതി ഈശ്വരിയുടെ രാജി ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നില്ല, വികസനത്തിന് എതിരു നില്ക്കുന്നു എന്നൊക്കെയാണ് സിപിഐയുടെ പരാതി. അതേസമയം, സിപിഎമ്മിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതാണ് തനിക്കെതിരെ തിരിയാന്‍ കാരണമെന്ന് ഈശ്വരി പറഞ്ഞു. പ്രസിഡന്റിന്റെ തീരുമാനം അംഗീകരിക്കാതെ സിപിഎമ്മുകാരനായ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സിപിഎം അംഗങ്ങളുടെ തീരുമാനങ്ങളാണ് അംഗീകരിക്കുന്നതെന്നും ഈശ്വരി ആരോപിച്ചു.
വൈസ് പ്രസിഡന്റിന്റെ വാര്‍ഡിലേക്ക് മാത്രം കൂടുതല്‍ തുക അനുവദിക്കുക, പ്രസിഡന്റിനോട് പോലും ചോദിക്കാതെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഫണ്ട് വകമാറ്റുക എന്നിവ പഞ്ചായത്തില്‍ പതിവായിരുന്നു. ഇതിനൊക്കെ എതിരു നിന്നതാണ് രാജി ആവശ്യപ്പെടാന്‍ കാരണമെന്നാണ് ഇവരുടെ പരാതി. വൈസ് പ്രസിഡന്റിന്റെയും മറ്റും അമിത ഇടപെടലിനെക്കുറിച്ച് സിപിഐ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ഈശ്വരി ആരോപിച്ചു. രാജി ആവശ്യപ്പെട്ട് പാര്‍ട്ടി കത്തു നല്കിയാല് അതനുസരിച്ച് മറുപടി നല്‍കുമെന്നും ഈശ്വരി ജന്മഭൂമിയോട് പറഞ്ഞു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ സിപിഐ- അഞ്ച്, സിപിഎം- ആറ്, എന്‍സിപി- ഒന്ന്, ബിജെപി- ഒന്ന് എന്നതാണ് കക്ഷിനില.
ആദിവാസി മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ഈശ്വരിക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് തുടങ്ങിയത്. അതേസമയം, ഈശ്വരി രാജിവച്ചാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗം കാളിയമ്മയെ നിയോഗിക്കുമെന്നാണ് സൂചന. ഇത് അട്ടപ്പാടി മേഖലയില്‍ സിപിഐയില്‍ വന്പൊട്ടിത്തെറിക്കിടയാക്കുമെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: