പ്രാകൃത കമ്മ്യൂണിസം, സാമ്രാജ്യത്വം, ഫ്യൂഡലിസം, മുതലാളിത്തം, സോഷ്യലിസം, തുടര്‍ന്ന് കമ്മ്യൂണിസത്തിലൂടെ അരാജകത്വത്തിലേക്കും സര്‍വ്വനാശത്തിലേക്കും എന്നതാണ് കമ്മ്യൂണിസ്റ്റ് നാള്‍വഴികള്‍ പരിശോധിച്ചാല്‍ മനസ്സിലാവുന്ന ഗതി. കമ്മ്യൂണിസ്റ്റ് വസന്തം എന്ന് കൊട്ടിഘോഷിച്ച ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലം പിന്നീട് 1949ലെ ചൈനീസ് വിപ്ലവത്തോടെ പൂത്തുലഞ്ഞു.
എന്നാല്‍ അടുത്ത നാലുപതിറ്റാണ്ടിനുള്ളില്‍ ആഗോളതലത്തില്‍ രാഷ്‌ട്രീയ ചുഴലിക്കൊടുങ്കാറ്റടിച്ചു. ലോകജീവിതത്തിന്റെ ആഴങ്ങളിലേക്ക് വേരിറക്കാനുള്ള ദാര്‍ശനിക ദൃഢതയോ പ്രപഞ്ച ജീവിതസത്യത്തിന്റെ ആത്മശക്തിയോ ഇല്ലാതിരുന്നതിനാല്‍ കമ്മ്യൂണിസ്റ്റ് പടുവൃക്ഷങ്ങളെല്ലാം ഒറ്റയടിക്ക് ചുവടറ്റുവീണു. കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കവുമായി ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന ദരിദ്രലോകം നൈരാശ്യത്തിന്റെ പടുകുഴിയിലേക്ക് പതിച്ചു. മുഴുപ്പട്ടിണിയില്‍നിന്ന് അരവയര്‍ ആഹാരമെങ്കിലും പ്രതീക്ഷിച്ചിരുന്നു പാവങ്ങള്‍. ഭയംകൂടാതെ കിടന്നുറങ്ങാനുള്ള ഒരിടം അവര്‍ സ്വപ്‌നം കണ്ടിരുന്നു. എല്ലാം ഒരുനിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞു. ഒരു നിമിഷം വെറുങ്ങലിച്ചുപോയ കമ്മ്യൂണിസത്തിന്റെ മായിക വലയത്തില്‍നിന്ന് ചൈന പുറത്തുചാടി. അതിനോടകം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും ഭരണാധികാരികളും ഉദ്യോഗസ്ഥരുമെല്ലാം പണക്കാരായി മാറിക്കഴിഞ്ഞിരുന്നു. പുതിയ സാഹചര്യത്തില്‍ ജനാധിപത്യം വന്നാല്‍ തങ്ങളുടെ സുഖലോലുപതയും സമ്പത്തും സ്ഥാനമാനങ്ങളും നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ നേതാക്കള്‍ ദ്വിമുഖപദ്ധതി ആവിഷ്‌ക്കരിച്ചു.
ചൈനയില്‍ ആവിഷ്‌ക്കരിച്ച പദ്ധതി വളരെ വിചിത്രവും എന്നാല്‍ നേതാക്കളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതുമായിരുന്നു. പാര്‍ട്ടിയുടെ ഏകാധിപത്യവും സമഗ്രാധിപത്യവും നിലനിര്‍ത്തുക. ഒപ്പം മുതലാളിത്തത്തിന് ചുവപ്പു പരവതാനി വിരിക്കുക. സമഗ്രാധിപത്യത്തില്‍ ജനങ്ങള്‍ ശ്വാസം മുട്ടി. മതസ്വാതന്ത്ര്യം വളരെ പരിമിതം. പാര്‍ട്ടി അനുവദിക്കുന്ന ‘normal religious activity ‘ മാത്രമേ പാടുള്ളൂ. അതും പാര്‍ട്ടി പൊറുക്കാന്‍ അനുവദിച്ചിട്ടുള്ള ബുദ്ധ-താവോ-ഇസ്ലാം മതങ്ങളും State Administration for Religious Affairs ന്റെ നേതൃത്വത്തില്‍ ആരംഭിച്ച ക്രിസ്ത്യന്‍ സഭകള്‍ക്കും മാത്രമാണ് മതവിശ്വാസം കൊണ്ടുനടക്കാന്‍ അനുവാദമുള്ളത്. കേരളത്തിലെ ദേവസ്വം ക്ഷേത്രങ്ങളില്‍ എന്തുചെയ്യണമെന്ന് കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ പറയുന്നതുപോലെ ചൈനയിലെ വിശ്വാസികള്‍ എങ്ങനെ പ്രാര്‍ത്ഥിക്കണം, ആരാധന നടത്തണമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയും.
അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റിയും ജനാധിപത്യത്തെക്കുറിച്ചും മുഴുവന്‍സമയവും പ്രസംഗിക്കുമ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവിടുത്തെ ദേശാഭിമാനിയായ ‘പീപ്പിള്‍സ് ഡെയിലി’ മാത്രമാണ് പത്രം എന്ന പേരിലുള്ളത്. രാഷ്‌ട്രീയപാര്‍ട്ടികള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണെങ്കിലും ചൈനയില്‍ ഒരു പാര്‍ട്ടിയെ ഉള്ളൂ. ആ കൂട്ടത്തില്‍ അവരുടെ അടിച്ചുതളിയും പുറംപണിയും ചെയ്യാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ അധീനതയില്‍ എട്ട് കുഞ്ഞു പാര്‍ട്ടികളുമുണ്ട്. ഇവിടുത്തെ സിപിഐപോലെ. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച-ദി ഡമോക്രസി പാര്‍ട്ടി ഓഫ് ചൈന (1978), ദി ന്യൂ ഡമോക്രസി പാര്‍ട്ടി ഓഫ് ചൈന (2007), ദി യൂണിയന്‍ ചൈനീസ് നാഷണലിസ്റ്റ് (2004), ദി സി സിയാങ്ങ് പാര്‍ട്ടി (2013), ദി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസിസ്റ്റ്-ലെനിനിസ്റ്റ് ) (1976), ദി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ക്കേഴ്സ്&പെസന്റ്സ് ലിബറേഷന്‍ ആര്‍മി, ദി മാവോയിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന (2008), ദി ചൈനീസ് പ്രോലിറ്റേറിയന്‍ സെന്‍ട്രല്‍ കമ്മിറ്റി (2010) എന്നീ പാര്‍ട്ടികളെല്ലാം നിരോധിക്കപ്പെട്ടതാണ്. അവരെല്ലാം വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് രാഷ്‌ട്രീയപ്രവര്‍ത്തനം നടത്തുന്നത്. അവരെല്ലാം പറയുന്നതും കമ്മ്യൂണിസവും മാവോയിസവും തന്നെയാണ്. പക്ഷെ ചൈന തിരസ്‌ക്കരിച്ചതും ഇത് രണ്ടുമാണ്. കമ്മ്യൂണിസത്തിന്റെ ഉരുക്കുമുഷ്ടി മാത്രമാണ് അവര്‍ നിലനിര്‍ത്തിയത്.
അവര്‍ മുമ്പുപറഞ്ഞിരുന്ന ജനാധിപത്യത്തിന്റെ ഓമനപ്പേര് കേന്ദ്രീകൃത ജനാധിപത്യമെന്നാണ്. അതായത് പാര്‍ട്ടിയുടെ സ്റ്റാന്റിംഗ് കമ്മിറ്റി, പോളിറ്റ് ബ്യൂറോ, സെന്‍ട്രല്‍കമ്മിറ്റി ഭരിക്കും. മറ്റെല്ലാവരും അതനുസരിച്ചു കൊള്ളുക. അതാണ് പോലും ജനാധിപത്യം! ഈ പ്രാകൃതസമ്പ്രദായത്തിനെതിരെയാണ് ആധുനിക ജനാധിപത്യത്തിന്റെ കാവല്‍ക്കാരാവാന്‍ ഉയര്‍ന്നുവന്ന കൗമാരക്കാരും യുവാക്കളും. എന്നാല്‍ ആ പൂമൊട്ടുകളെ നിഷ്‌ക്കരുണം ചവിട്ടിയരച്ചു കളഞ്ഞല്ലോ ടിയാന്‍മെന്‍സ്‌ക്വയര്‍ സംഭവം. ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ടാങ്ക് കയറ്റിയരച്ച് തറയില്‍ തേച്ചുപിടിപ്പിച്ച ക്രൂരതക്കാണ് കമ്മ്യൂണിസത്തില്‍ ജനാധിപത്യം എന്നു പറയുന്നത്. ആ രക്തയക്ഷികളെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്ര നീചന്മാരായി അധ:പതിച്ചിരുന്നുവല്ലോ നമ്മുടെ കേരളകമ്മ്യൂണിസ്റ്റുകളും.
പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന്റെ തരിവെട്ടംപോലും കടന്നുവരാതിരിക്കാന്‍ മാവോയുടെ കാലംമുതലേ അവര്‍ ജാഗ്രത പാലിക്കുന്നുണ്ട്. അതുകൊണ്ടാണ് ചൈനീസ് പാര്‍ട്ടി നേതൃത്വം മെമ്പര്‍ഷിപ്പ് ഒരു കാരണവശാലും വര്‍ദ്ധിപ്പിക്കാത്തത്. ഇത്രയൊക്കെ വലിയ ഭരണഘടനയും ജനാധിപത്യവും ഉണ്ടായിരുന്നിട്ടും കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി തൊഴിലാളികളെക്കൊണ്ടും ഉദ്യോഗസ്ഥരെക്കൊണ്ടും ദേശാഭിമാനിയും യൂണിയന്‍ അംഗത്വവും എടുപ്പിക്കുന്ന അധോലോകശൈലി നാം കാണുന്നുണ്ട്. അപ്പോള്‍ ചൈനയില്‍ എന്തുതടസ്സം? മറിച്ചൊരു അഭിപ്രായക്കാര്‍ പാര്‍ട്ടിയില്‍ കടന്നുകൂടാതിരിക്കാനാണ് അവര്‍ ജാഗ്രതപ്പെടുന്നത്. അതിന്റെ തെളിവാണ് 1921ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് 8,94,50,000 ആയിരുന്നത് 2019ല്‍ വെറും 9,05,94,000 മാത്രമായി നിലനില്‍ക്കുന്നത്. ഏതാനും ലക്ഷങ്ങള്‍ മാത്രമാണ് നൂറുകൊല്ലത്തെ വര്‍ദ്ധന. കാക്കത്തൊള്ളായിരം പാര്‍ട്ടികളും ഒരു നൂറ്റാണ്ടുകാലത്തെ കുടുംബഭരണം നടത്തുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും ഉണ്ടായിരുന്നിട്ടും ഭാരതത്തിലെ ഭാരതീയ ജനതാ പാര്‍ട്ടിക്ക് 2019ല്‍ 18 കോടിയില്‍ അധികം മെമ്പര്‍ഷിപ്പ് ആണുളളത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടിയിലും കൂടുതല്‍!
മാവോയുടെ വിപ്ലവത്തിന്റെയും ഡെങ്ങിന്റെ കൂട്ടക്കുരുതിയുടെയും അര്‍ത്ഥം ഇത്രമാത്രം- ‘എല്ലാവരും സമന്മാരാണ്, കുറച്ചു പേര്‍ കൂടുതല്‍ സമന്മാരും’. അതിന്റെ ഫലമായി കമ്മ്യൂണിസ്റ്റ് നേതാക്കളും പിണിയാളുകളും ബൂര്‍ഷ്വകളായി. അത്രയ്‌ക്കൊന്നും ആയില്ലെങ്കിലും ഇവിടെ പിണറായിയും എം.എം. മണിയും കോടിയേരിയും അടക്കം നേതാക്കളൊക്കെ പാര്‍ട്ടിയെക്കൊണ്ടു മാത്രം കോടീശ്വരന്മാരായില്ലെ! അത് സാധിച്ചെടുക്കാനാണ് വിദേശക്കുത്തകകളെ ക്ഷണിച്ചുവരുത്തുന്നത്. മുതലാളിത്തത്തിന്റെ മുന്നില്‍ കമ്മ്യൂണിസം അടിയറവുപറഞ്ഞു ചൈനയില്‍, അഴിമതി അതിന്റെ മൂര്‍ദ്ധന്യതയിലാണ്. പണച്ചാക്കുമായി വരുന്നവരെ രണ്ടുകൈയുംനീട്ടി സ്വീകരിച്ചു. ചൈന മുതലാളിത്തത്തിലേക്കു ചുവടുവച്ചു, നേതാക്കള്‍ സമ്പന്നതയിലേക്കും. ഇന്ന് ചൈനയില്‍ 34,80,000 കോടീശ്വരന്മാര്‍ ഉണ്ട്. (2018ലെ കണക്ക്) 2015-ലേതില്‍നിന്ന് മൂന്നര മടങ്ങ് വന്‍കിട ബൂര്‍ഷ്വകള്‍!
ഇതാണ് മാര്‍ക്സ് വിഭാവനം ചെയ്ത, മാവോ പരിഷ്‌ക്കരിച്ച കമ്മ്യൂണിസത്തിന്റെ ഇന്നത്തെ പതിപ്പ്. മാവോ പുതിയ ദൈവമായി എന്നുമാത്രം. ഭൗതികവാദത്തിന് സെമറ്റിക് മതത്തിന്റെ പൂര്‍ണത കൈവന്നു. കമ്മ്യൂണിസ്റ്റ് ലോകം ബഹുദൈവാരാധനയുടെ സ്വഭാവം പ്രകടിപ്പിച്ചു. മാര്‍ക്സിന്റെയും ഏംഗത്സിന്റെയും മാത്രം പടംവച്ച് പുഷ്പാര്‍ച്ചന നടത്തിയിരുന്നവര്‍ പിന്നീട് ലെനിന്റെയും സ്റ്റാലിന്റെയും മൂര്‍ത്തികളെക്കൂടി പ്രതിഷ്ഠിച്ചിരുന്നു. മാവോകൂടി വന്നപ്പോള്‍ പഞ്ചാവതാരകഥ പൂര്‍ത്തിയായി. പ്രാകൃതമതത്തിന്റെ അന്ധതയില്‍കിടന്ന് കമ്മ്യൂണിസ്റ്റ് വിശ്വാസികള്‍ സ്വര്‍ഗം സ്വപ്‌നംകാണുകയും നരകതുല്യ ജീവിതം അനുഭവിക്കുകയും ചെയ്യുന്നു. ഇല്ലാത്ത സ്വര്‍ഗത്തിനുവേണ്ടി കൊന്നും ചത്തും ഇല്ലാതാവുകയും നേതാക്കള്‍ കോടിപതികളാവുകയും അവരുടെ മക്കള്‍ ആര്‍ഭാടജീവിതം നയിക്കുകയും ചെയ്യുന്നു.
മഹാകവി അക്കിത്തം പാടിയതുപോലെ,
‘സമത്വസുന്ദരലോകം പടുക്കാനുള്ള
ചെയ്തികള്‍,
പഠിപ്പിച്ചേന്‍ സദാദര്‍ശ ഭ്രമമുള്ള
യുവാക്കളെ,
അവര്‍തന്‍ ജഠരാഗ്നിക്കു ദഹിക്കാവുന്ന മാത്രയില്‍,
ആദ്യം വിശ്വപ്രേമമാം നല്‍പ്പാലു തന്നെ നല്‍കി ഞാന്‍,
വഴിയെപ്പാലില്‍ ഞാന്‍ ചേര്‍ത്തിതല്‍പ്പം വിദ്വേഷമാം വിഷം,
ഒടുവില്‍ പാലു വേണ്ടെന്നും വച്ചൂ
ഗൂഢസ്മിതത്തൊടേ’ (ഇരുപതാം
നൂറ്റാണ്ടിന്റെ ഇതിഹാസം)
ലോകം മുഴുവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്തത് ഇതാണ്. മാവോയും തുടര്‍ന്നു വന്നവരും ഈ വ്യാജലോകം ചമയ്‌ക്കാന്‍ അവിടെ ക്രൂരമായി കൊന്നൊടുക്കിയവരുടെ ആത്മാവ് പിടയുന്നുണ്ടാവാം. ഈ സുന്ദരലോകം സ്വപ്‌നംകണ്ട് സ്വയം ജീവന്‍നല്‍കി രക്തസാക്ഷികളായ അനേകകോടി മനുഷ്യരുടെ ശാപം ഏറ്റുവാങ്ങി കമ്മ്യൂണിസം (മാവോയിസം) കാലപുരുഷന്റെ കരാളദംഷ്‌ട്രങ്ങളില്‍ കുരുങ്ങി ഒടിഞ്ഞുതൂങ്ങി കിടക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ചൈന പഴയ കണ്‍ഫ്യൂഷ്യനിസത്തിലേക്കും ആത്മീയതയിലേക്കും തിരിച്ചുപോകുമ്പോള്‍ ചക്രം പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: