ഇന്ത്യയില്‍നിന്ന് ഭീകരതയെ വേരോടെ പിഴുത് എറിയുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അതിന് വേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ ഭീകരതയോടുള്ള ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നില്‍ കാട്ടിക്കൊടുത്തിരുന്നു.
രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എടുത്ത സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണ് എന്‍ഐഎയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്. എന്‍ഐഎയ്ക്ക് രാജ്യത്തിന് പുറത്തേയ്ക്കും അന്വേഷണം നടത്താനുള്ള പ്രത്യേക അധികാരവും നല്‍കിയിരുന്നു. ഇപ്പോള്‍ മറ്റൊരു സുപ്രധാന തീരുമാനം കൂടി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നു. എല്ലാ മേഖലകളിലേക്കും ഇന്റലിജന്‍സിന്റെ നിരീക്ഷണം എത്തിക്കുന്നതാണ് പദ്ധതി. നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യദ്രോഹ ശക്തികളുടെ അടിവേര് അറുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തേക്ക് വരുന്നവരേയും പോകുന്നവരെയും ഇതിലൂടെ വളരെ വേഗം നിരീക്ഷിക്കാന്‍ സാധിക്കുമെന്നതും ഇതിന്റെ പ്രധാന പ്രത്യേകതയാണ്. ബാങ്കിങ് ഇടപാടുകളുടെയും ഇമിഗ്രേഷന്റെയും വിവരങ്ങള്‍ നാറ്റ്ഗ്രിഡിന് ലഭ്യമാക്കുന്നുണ്ട്.
രാജ്യത്തേക്ക് വരുന്നവരുടെയും പോകുന്നവരുടെയും ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും ലഭ്യമാകാതിരുന്നതാണ് 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചടിയായത്. 2006ലും 2008ലും കൊടുംഭീകരന് ഡേവിഡ് ഹെഡ്ലി ഇന്ത്യയില്‍ എത്തിയിരുന്നു. ഇന്ത്യയില്‍ ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ വിവരങ്ങള്‍ പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കറെ തായിബയ്ക്ക് കൈമാറിയതും ഹെഡ്ലിയായിരുന്നു. ഹെഡ്ലിയുടെ നീക്കങ്ങള്‍ അന്ന് തിരിച്ചറിയാനാവാതെ പോയത് ഇത്തരമൊരു ഇന്റലിജന്‍സ് സംവിധാനം ഇല്ലാതിരുന്നതുകൊണ്ടാണ്. അതുകൊണ്ട്തന്നെ ഇനി ഇത്തരമൊരു നീക്കം ഒരുഭാഗത്ത്നിന്നും ഉണ്ടാവാതിരിക്കാനും, ഉണ്ടായാല്‍ അത് ഫലപ്രദമായി പ്രതിരോധിക്കാനും തക്ക സംവിധാനത്തിലാണ് നാറ്റ്ഗ്രിഡ് എന്ന പുതിയ ഇന്റലിജന്‍സ് സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നത്. ഇരുപതിലേറെ മേഖലകളുമായി ബന്ധപ്പെട്ടായിരിക്കും ഇന്റലിജന്‍സിന്റെ നിരീക്ഷണ വലയം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരശക്തികള്‍ക്കും മാവോയിസ്റ്റുകള്‍ക്കും ആവശ്യമായ പണം ലഭിക്കുന്നത് ബാങ്കുകള്‍ വഴിയാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ബാങ്കിടപാടുകള്‍ മുതല്‍ തീവണ്ടിയാത്രകള്‍ വരെയുള്ള എല്ലാ മേഖലകളിലും നിരീക്ഷണം ഉണ്ടാകും.
റിയല്‍ ടൈം ഡേറ്റയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന നാറ്റ്ഗ്രിഡ് രൂപീകരിക്കാന്‍ 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയാണ് തീരുമാനം ഉണ്ടായത്. 2010 ഏപ്രില്‍ 8ന് നാറ്റ്ഗ്രിഡിനായി കേന്ദ്രമന്ത്രിസഭ 3,400 കോടി രൂപയുടെ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍, 2012ന് ശേഷം ഇതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി. വകുപ്പുകള്‍ തമ്മിലുള്ള വടംവലികളും പദ്ധതിക്ക് തിരിച്ചടിയുണ്ടാക്കി. നരേന്ദ്രമോദി അധികാരത്തിലേറിയതിന് പിന്നാലെയാണ് നാറ്റ്ഗ്രിഡിനെ ശക്തമായ ഇന്റലിജന്‍സ് സംവിധാനമാക്കി മാറ്റാന്‍ തീരുമാനിച്ചത്. 2016ല്‍ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി അവലോകന യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അശോക് പട്നായിക്കിനെ സിഇഒയായും നിയോഗിച്ചു. അമിത്ഷാ ആഭ്യന്തരമന്ത്രി സ്ഥാനത്ത് എത്തിയതോടെ നാറ്റ്ഗ്രിഡ് പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. രാജ്യത്ത് വരികയും പോവുകയും ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന വിവരശേഖരണമാണ് നാറ്റ്ഗ്രിഡിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ബാങ്കിങ്, മറ്റ് സാമ്പത്തിക ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, ടെലികമ്യൂണിക്കേഷന്‍, നികുതി, വിമാനയാത്ര, ട്രെയിന്‍ യാത്ര തുടങ്ങി വ്യക്തികളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിവരങ്ങള്‍ക്കായുള്ള സകലകാര്യങ്ങളും നാറ്റ്ഗ്രിഡിന്റെ നിരീക്ഷണത്തിന് കീഴില്‍ വരും. ആദ്യഘട്ടത്തില്‍ 10 ഏജന്‍സികളും 21 സേവനദാതാക്കളും നാറ്റ്ഗ്രിഡിനോട് സഹകരിച്ച് പ്രവര്‍ത്തിക്കും. തുടര്‍ന്നുള്ള ഓരോ ഘട്ടങ്ങളിലും 950, 1000 സ്ഥാപനങ്ങള്‍ വീതം നാറ്റ്ഗ്രിഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി), റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്ഐയു), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ്സ് (സിബിഡിടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഇസി), ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് ഇന്റലിജന്‍സ് (ഡിജിസിഇഐ), നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) എന്നിവയാണ് നാറ്റ്ഗ്രിഡ് ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്ന ഏജന്‍സികള്‍. ആരംഭത്തില്‍ സംസ്ഥാന ഏജന്‍സികള്‍ക്കൊന്നും നാറ്റ്ഗ്രിഡിന്റെ സേവനം ലഭിക്കില്ല. അവശ്യവിവരങ്ങള്‍ സിബിഐ അടക്കമുള്ള ഏജന്‍സികള്‍ വഴി സഹായം തേടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: