ചെറുകാറുകള്‍ ഉപേക്ഷിച്ച് ആഡംബരവാഹനങ്ങളിലേക്ക് ചേക്കേറി ഇന്ത്യക്കാര്‍. മാരുതി, മഹീന്ദ്ര വാഹനങ്ങളുടെ വില്‍പ്പന കുറയുമ്പോള്‍ ആഡംബര വാഹനങ്ങളുടെ വില്‍പ്പന കുതിച്ച് കയറുകയാണ്. എംജി മോട്ടര്‍ ഇന്ത്യയുടെ ‘ഹെക്ടര്‍’ ഓഗസ്റ്റ് മാസം മാത്രം 2018 എണ്ണമാണ് ഡെലിവറി നടത്തിയത്. നിലവിലുള്ള 28000 ബുക്കിങ്ങും സമയബന്ധിതമായി നിറവേറ്റുമെന്ന് ചീഫ് കമേഴ്സ്യല്‍ ഓഫിസര്‍ ഗൗരവ് ഗുപ്ത വ്യക്തമാക്കി. ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചശേഷം 10000 പേര് മുന്ഗണനപ്പട്ടികയിലേക്കും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉല്പാദനം പ്രതിമാസം 2000 എന്നത് ഈ മാസം മുതല്‍ 3000 ആക്കും. ഇന്ത്യയിലും വിദേശത്തുമുള്ള ഘടകനിര്മാതാക്കളുമായി ഇതിനാവശ്യമായ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഉല്പാദനം വര്‍ധിക്കുന്നതനുസരിച്ച് ഇക്കൊല്ലം തന്നെ ബുക്കിങ് പുനരാരംഭിക്കുമെന്നും അദേഹം അറിയിച്ചു. ജൂലൈയില്‍ 1508 എണ്ണമാണ് ഡെലിവറി നടത്തിയത്.
കഴിഞ്ഞ ജൂണ്‍ അവസാനമാണ് എംജി ഹെക്ടറിനെ പുറത്തിറക്കിയത്. ഒരു മാസത്തിനുള്ളില്‍ പ്രതീക്ഷിച്ചതിലും അധികം ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി ബുക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണ് കമ്പനി. പെട്രോള്‍ എന്‍ജിനുള്ള അടിസ്ഥാന വകഭേദമായ സ്റ്റൈലിന് 12.18 ലക്ഷം രൂപ മുതല്‍ ഡീസല്‍ എന്‍ജിനുള്ള മുന്തിയ വകഭേദമായ ഷാര്പ്പിന് 16.88 ലക്ഷം രൂപ വരെയാണ് ഷോറൂം വില. മൂന്നു എന്ജിന് സാധ്യതകളോടെയാണ് ഹെക്ടറിന്റെ വരവ്. രണ്ടു പെട്രോളും ഒരു ഡീസലും. 1.5 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് 143 പി എസ് വരെ കരുത്തും 250 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയോടെയും ഈ എന്ജിന് ലഭ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: