മഴക്കാടുകളുടെ ഹരിത സമൃദ്ധിയാണ് ബ്രസീലിന്റെ പെരുമ. ലോകത്തിലെ ഏറ്റവുമധികം മഴക്കാടുകള്‍ സ്വന്തമായുള്ള നാട്. ഭൂമിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ശുദ്ധവായുവിന്റെ അഞ്ചിലൊന്നും സംഭാവന ചെയ്യുന്നത് ഈ കാടുകളാണ്. അതുകൊണ്ട് അവയുടെ വിളിപ്പേര്‍ ലോകത്തിന്റെ ശ്വാസകോശം എന്ന്. ജൈവ വൈവിധ്യത്തിന്റെ കലവറപ്പുര കൂടിയാണീ ശ്വാസകോശങ്ങള്‍. മഹാനദിയായ ആമസോണിന്റെ കരുണയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈ കാടുകളില്‍ ഏതാണ്ട് 10 ലക്ഷം ജീവജാതികള്‍ കുടിപാര്‍ക്കുന്നു.
പക്ഷേ ജൈവവൈവിധ്യത്തിന്റെ ആ നെടുംപുര ആഴ്ചകളായി നിന്നുകത്തുകയാണ്. അവിടെ നിന്നുയരുന്ന കരിയും പുകയും ആയിരം കിലോമീറ്റര്‍ അകലെയുള്ള ജനപദങ്ങളില്‍ പോലും കരിയും പുകയും പരത്തുകയാണ്. ഓരോ മിനുട്ടിലും ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പത്തിലുള്ള വനമാണത്രേ കത്തിയമരുന്നത്. അതില്‍ കുടിപാര്‍ക്കുന്ന സമസ്തജീവജാലങ്ങളടക്കം.
ആമസോണിലെ കാട്ടുതീ കാണുമ്പോള്‍ ഒരു പഴയ നാടന്‍ പ്രയോഗം ആരും ഓര്‍ത്തുപോകും- ‘പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍.’ ഏതെങ്കിലും അത്യാപത്ത് ഭവിക്കുമ്പോള്‍ അതില്‍നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുന്ന ‘നികൃഷ്ടജീവി’കളെയാണ് ഈ പ്രയോഗംകൊണ്ട് വിശേഷിപ്പിക്കുക. ബ്രസീലിലെ കഥയും മറിച്ചല്ല. അവിടെ കാട് കത്തുന്നതുകണ്ട് കയ്യടിച്ച് രസിക്കുന്നത് സാക്ഷാല്‍ തറവാട്ട് കാരണവര്‍ തന്നെ-രാജ്യത്തിന്റെ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊ നാരോ.
കാട് കത്തിയമരുന്നതില്‍ ഈ രാഷ്‌ട്രത്തലവന് യാതൊരു ആശങ്കയുമില്ല. തീയണയ്‌ക്കാന്‍ താല്‍പ്പര്യവുമില്ല. കാട്ടു തീ കെടുത്താന്‍ കയ്യില്‍ കാശില്ലെന്നാണ് മൂപ്പര്‍ പറയുന്നത്. കാട് നശിച്ചാല്‍ കുറെയേറെ കൃഷിസ്ഥലം കിട്ടുമെന്നാണ് കടുത്ത ഇടതുപക്ഷപാതിയായ ജൈര്‍ പറയുന്നത്. കാടുവെട്ടി സോയാകൃഷി നടത്തുന്നവരുടെയും, കാട്ടിനുള്ളില്‍ ജണ്ടയിട്ട് കാലിവളര്‍ത്തല്‍ നടത്തുന്ന ഗൂഢസംഘങ്ങളുടെയും പ്രബല ലോബികളാണ് ജൈറിന്റെ ചങ്ങാതിമാര്‍. അനധികൃത മരം മുറി, വന നശീകരണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ ടിയാന്‍ പ്രസിഡന്റായ ആദ്യ ആറുമാസത്തില്‍ 20 ശതമാനം കണ്ട് കുറഞ്ഞതായി ‘ന്യൂയോര്‍ക്ക് ടൈംസ്’ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
ബ്രസീലിയന്‍ സ്‌പേസ് എജന്‍സിയുടെ നിരീക്ഷണ പ്രകാരം ‘കാട്ടു തീ’യുടെ എണ്ണത്തില്‍ ഉണ്ടായത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 85 ശതമാനം വര്‍ധനയാണ്. കഴിഞ്ഞവര്‍ഷം ബ്രസീലില്‍ 40000 കാട്ടുതീകള്‍ ഉണ്ടായ സ്ഥാനത്ത് ഈ വര്‍ഷം ആദ്യ എട്ടു മാസങ്ങള്‍കൊണ്ട് ഉണ്ടായത് 75000 കാട്ടു തീ. ജൈര്‍ പ്രസിഡന്റായിട്ട് കഷ്ടിച്ച് ഒരു വര്‍ഷം ആയതേയുള്ളൂവെന്നും അറിയുക. കാട്ടുതീയുടെ പെരുപ്പക്കണക്ക് റിപ്പോര്‍ട്ടു ചെയ്ത സ്‌പേസ് ഏജന്‍സി മേധാവിയെ കയ്യോടെ പിടിച്ച് പുറത്താക്കാനും പ്രസിഡന്റ് മറന്നില്ല. സ്‌പേസ് ഏജന്‍സി സമര്‍പ്പിച്ച ഉപഗ്രഹ വിവരങ്ങള്‍ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. പക്ഷേ നാളുകള്‍ കടന്നുപോകവേ ബ്രസീലിയന്‍ കാട്ടുതീ കൂടുതലിടങ്ങളിലേക്ക് പടര്‍ന്നുപിടിച്ചു. അതൊരു അന്താരാഷ്‌ട്ര പ്രശ്‌നത്തിന്റെ രൂപം കൈക്കൊണ്ടു. ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രേമികള്‍ ജൈറിനെതിരെ തിരിഞ്ഞു. ബ്രസീല്‍ എംബസികള്‍ക്കു മുന്‍പില്‍ കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
ആമസോണ്‍ കാട്ടുതീ ആഗോള പ്രശ്‌നമായി കാണണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ തുറന്നടിച്ചു. ‘നമ്മുടെ വീട് കത്തുകയാണ്’ അദ്ദേഹം വികാരതരളിതനായി പറഞ്ഞു. ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ അടക്കം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ജൈറിന്റെ നിസ്സംഗതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി. ആമസോണിന്റെ നാശം ലോകത്തിന് താങ്ങാനാവില്ലെന്നായിരുന്നു ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചത്. ചില രാജ്യങ്ങള്‍ വ്യാപാര ഉപരോധത്തിന് വട്ടം കൂട്ടി. ഒടുവില്‍ നിവൃത്തി കെട്ട ജൈര്‍ തീ കെടുത്താന്‍ തന്റെ പട്ടാളത്തെ വിളിച്ചു.
ജൈവ വൈവിധ്യത്തിന്റെ ഈറ്റില്ലമായ ആമസോണ്‍ മഴക്കാടുകള്‍ക്ക് ആകെ 55 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. ബ്രസീല്‍, പെറു, കൊളംബിയ, വെനസ്വേല, ഇക്വഡോര്‍, ബൊളീവിയ, ഗയാന, സൂരിനാം, ഫ്രഞ്ച് ഗയാന എന്നിങ്ങനെ ഒന്‍പത് രാജ്യങ്ങളിലായി ആമസോണ്‍ വര്‍ഷവനങ്ങള്‍ പരന്നുകിടക്കുന്നു. എങ്കിലും ഈ മഹാവിപിനത്തിന്റെ പകുതിയിലേറെയും ബ്രസീലിലാണ്. ബ്രസീലില്‍ 2019-ലെ ആദ്യ എട്ടുമാസങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടത് 75000 കാട്ടുതീയാണെങ്കില്‍ ബൊളീവിയയില്‍ സംഭവിച്ചത് 17200 കാട്ടുതീ. കാട് ചുട്ട് കൃഷിയിറക്കണമെന്ന് വാദിക്കുന്ന ‘ഇവോ മൊറാല്‍സ്’ ഭരിക്കുന്ന നാടാണ് ബൊളീവിയ. ഇതേ കാലയളവില്‍ വെനസ്വേലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 26500 കാട്ടുതീകള്‍.
കൊടുങ്കാറ്റില്‍നിന്നും ഇടിമിന്നലില്‍നിന്നും കാട്ടുകള്ളന്മാരില്‍നിന്നുമൊക്കെ കാട്ടുതീയുണ്ടാകാമെങ്കിലും മുഖ്യകാരണം മനഃപൂര്‍വമുള്ള തീയിടല്‍ തന്നെ. ആമസോണ്‍കാട്ടുതീയുടെ പ്രത്യാഘാതം പ്രവചനാതീതമാണെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.
യൂറോപ്യന്‍ യൂണിയന്റെ ഭൗമനിരീക്ഷണ പദ്ധതിയായ ‘കാംസ്'(കോപ്പര്‍ നിക്കസ് അറ്റ് മോസ്‌ഫെറിക് മോണിറ്ററിങ് സര്‍വീസ്) പറയുന്നത് ബ്രസീല്‍ കാട്ടുതീയില്‍നിന്ന് 250 മെഗാ ടണ്ണിലേറെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് സ്വതന്ത്രമാക്കപ്പെട്ടുവെന്നാണ്. ഓക്‌സിജന്‍ സാന്നിദ്ധ്യമില്ലാത്ത ജ്വലനം മൂലമുണ്ടാകുന്ന മാരകവിഷമായ കാര്‍ബണ്‍മോണോക്‌സൈഡ്, അതിനു പുറമെ. ദശലക്ഷക്കണക്കിന് ടണ്‍ കാര്‍ബണ്‍ പത്തായമാണ് ആമസോണ്‍ വനങ്ങള്‍. മരങ്ങള്‍ ഒന്നൊന്നായി കത്തിയമരുമ്പോള്‍ അവ സ്വതന്ത്രമായി അന്തരീക്ഷത്തില്‍ കലരുന്നു. കാര്‍ബണ്‍ വലിച്ചെടുത്തു സൂക്ഷിക്കാനുള്ള വനങ്ങളുടെ ശേഷി നശിക്കുന്നു.
കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ജനങ്ങളെ സംഭീതരാക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അന്തരീക്ഷത്തിന് അനുനിമിഷം ചൂട് കൂടിവരുന്നു. ഹിമാനികള്‍ പോലും ഉരുകിയൊലിച്ച് ഇല്ലാതാവുന്നു. ഭൂമിയിലേക്ക് ഒഴുകിയെത്തുന്ന താപകിരണങ്ങളെ കുടുക്കിയിട്ട് ഭൂമിയുടെ ചൂട് വര്‍ധിപ്പിക്കുന്ന ഹരിതവാതകങ്ങളുടെ (കാര്‍ബണ്‍ഡൈ ഓക്‌സൈഡ് തുടങ്ങിയവ) അളവ് വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന ഒരു നടപടിയും ഭൂഗോളത്തിന് ഇനി താങ്ങാനാവില്ല. ബ്രസീലിലെ ഓരോ മരവും കത്തിയമരുമ്പോള്‍ പുറത്തുവരുന്ന കാര്‍ബണ്‍ യൗഗികങ്ങള്‍ അന്തരീക്ഷത്തിന്റെ താപനില ഉയരാന്‍ കാരണമാവും. പ്രാണവായുവിന്റെ ഉറവിടം നശിക്കാനിടയാക്കും. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരും ഭരണകര്‍ത്താക്കളും ആമസോണിലെ കാട്ടുതീയെ ഉത്കണ്ഠയോടെ കാണുന്നത്.
കര്‍ഷകര്‍ കാട് കത്തിക്കുന്നതിന് ബ്രസീല്‍ വിലക്ക് പ്രഖ്യാപിച്ചു. എന്നിട്ടും അവിടെ കാട്ടു തീ വര്‍ധിക്കുന്നതായി ദേശീയ ബഹിരാകാശ ഗവേഷണ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. സര്‍ക്കാരിന്റെ വിലക്ക് വന്ന് ആദ്യ 48 മണിക്കൂറില്‍ ഉപഗ്രഹം കണ്ടെത്തിയത് പുതിയ 3859 കാട്ടുതീകള്‍. അതില്‍ 2000 എണ്ണവും ബ്രസീലിയന്‍ കാടുകളില്‍ത്തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: