കര്‍ക്കടകം കഴിയുമ്പോള്‍, കാലത്തിന്റെ കുടത്തില്‍ കൊട്ടി ‘കൊള്ളിയെഴാ കുടിതോറും വെള്ളിവിളക്കെരിയുന്ന’ ശ്രാവണനാളുകളെ തുയിലുണര്‍ത്തി പുള്ളുവനും പുള്ളുവത്തിയും മലയാള മണ്ണിലേക്ക് മാവേലിയെ വരവേല്‍ക്കും. ചിങ്ങമാസത്തിലെ അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളില്‍, കിഴക്കേമുറ്റത്ത് ചാണകം മെഴുകിയ ഓണത്തറയില്‍, നിലവിളക്കു കൊളുത്തി, തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന് വേണ്ടി നമ്മള് ഓണപ്പൂക്കളം ഒരുക്കുന്നു.
അത്തം, നാളില്‍ പരമേശ്വരന് വാരിയെടുത്ത് നെറുകയില്‍ ചൂടിയ പുണ്യവതിയായ തുമ്പപ്പൂവിനെ മാത്രമാണ് ഒരുക്കിയിറക്കുക. ഒരു നിര തുമ്പപ്പൂ മാത്രമേ അത്തം നാളില്‍ കാഴ്ചവയ്ക്കൂ. പിന്നീട് മുക്കുറ്റി, ചെമ്പരത്തി, തുളസി, പൂവാങ്കുരുന്നില, അരിപ്പൂ, കദളിപ്പൂ, കോളാമ്പിപ്പൂ എന്നിങ്ങനെ ഓരോ ദിവസവും പൂക്കളത്തിന്റെ നിരയും നിറവും വലിപ്പവും കൂടിവരും. ചോതി നാളില്‍ ചെമ്പരത്തിപ്പൂവിനാണ് സ്ഥാനം. മൂലം നാളില്‍ പൂക്കളം ചതുരത്തിലാണ് ഇടുന്നത്. പൂക്കളത്തിനു നടുവില്‍ ഈര്‍ക്കിലില്‍ ഒരു പൂവ് കുത്തിനിര്‍ത്തും. ഉത്രാടത്തിന് നാളിലാണ് പൂക്കളത്തിനു വലിപ്പം കൂടുക. തിരുവോണ ദിവസം ഓണത്തറയില്‍ ആവണപ്പലകയിട്ട് അരിമാവ് പൂശി, അതിന്റെ പുറത്ത് തൂശനില വിരിച്ച്, ഓണത്തപ്പനെ വയ്ക്കും. ഗണപതി, ശിവന്, വിഷ്ണു എന്നിങ്ങനെ അധിഷ്ഠാന ദേവതകളെ സങ്കല്‍പ്പിച്ചാണ് പത്ത് മണ്‍തട്ടുകളൊരുക്കി, ഓലക്കുടകുത്തി, കെടാവിളക്കു കൊളുത്തി ഓണത്തപ്പനെ പ്രതിഷ്ഠിക്കുക. മണ്ണുകൊണ്ടോ മരംകൊണ്ടോ പിരമിഡ് ആകൃതിയില്‍ നിര്‍മ്മിച്ച വിഗ്രഹത്തില്‍ പൂക്കളര്‍പ്പിച്ച് പാലട, പഴം, ശര്‍ക്കര, മലര് തുടങ്ങിയവ നിവേദിക്കുകയും ചെയ്യും. പിന്നീട് കൈക്കൊട്ടയില്‍ നിറച്ചുവച്ചിരിക്കുന്ന തുമ്പപ്പൂക്കളും കുരുത്തോല കഷ്ണങ്ങളും വീട്ടുപടിയോളം വിതറി മഹാബലിത്തമ്പുരാനെ വരവേല്‍ക്കുന്നു.
പ്രാദേശിക ഭേദമനുസരിച്ച് പൂക്കള്‍ക്കും പൂക്കളത്തിനും ഓണത്തപ്പനും നിവേദ്യ ദ്രവ്യങ്ങള്‍ക്കും സ്വാഭാവികമായ വ്യത്യാസങ്ങള്‍ വരും. പത്തു ദിവസവും ചിലയിടങ്ങളില്‍ പത്തു നിറത്തിലുള്ള പൂക്കളാവുമിടുക.
പച്ചിലക്കുമ്പിളിലാണ് പണ്ടൊക്കെ ഓണപ്പൂവ് ശേഖരിക്കാന്‍ കുട്ടിത്തങ്ങള്‍ കാടും മേടും കയറിയിറങ്ങിയത്. പ്രകൃതി അടിമുടി പൂവിട്ട മറ്റൊരു പൂപ്രപഞ്ചം ആവണി മാസത്തിലെ അവരുടെ കണിയായിരുന്നു. നന്മകള് വിളക്കുവച്ച ആ നല്ല നാളുകള്‍ പൂക്കളം തീര്‍ത്ത മനസ്സിന്റെ ഗൃഹാതുരതകളില്‍ പൂപ്പൊലിപ്പാട്ടുകളുടെ മണവും നിറവും ഊഞ്ഞാലാടിയ കൗതുകങ്ങളുണ്ടായിരുന്നു. സന്തോഷവും സൗന്ദര്യവും നിറപറയൊരുക്കി ഓണമൊരു പൊന്നിന് കതിര്‍ക്കുലയായി മുന്നിലെത്തുമ്പോള്‍ രണ്ടുനാള്‍ കഴിഞ്ഞ് പറയാതെ തിരിച്ചുപോകുന്ന ആ നോവിനെ, ഭാവനയുടെ പൂക്കുമ്പിള്‍കൊണ്ടു നിറയ്ക്കുന്ന മലയാളിക്ക് ഓണം ചേണാര്‍ന്ന പൂക്കളില്‍ കാല്‍വച്ചെഴുന്നള്ളുന്ന ചരിത്രം തന്നെയായിരുന്നു.
പൂക്കള്‍ പുണ്യം നിറച്ച മനഃശാസ്ത്രമായിരുന്നു ഹൈന്ദവാരാധനയുടെ ശക്തി. ഉത്തമം, മധ്യമം, അധമമെന്ന് (നിറത്തിന്റെയും ഗുണത്തിന്റെയും അടിസ്ഥാനത്തില്‍) പൂജാപുഷ്പങ്ങളെ ശാസ്ത്രീയമായി വര്‍ഗ്ഗീകരിച്ച് ഗ്രഹങ്ങള്‍ക്കും ദേവതകള്‍ക്കും ക്രമപ്പെടുത്തിയ വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും പാരമ്പര്യം നമുക്കുണ്ട്.
ഓണമെന്ന വികാരത്തെ, ആത്മസമര്‍പ്പണമെന്ന സമ്മോഹനമായ ആ പ്രകൃതി ദര്‍ശനത്തെ അവ്യാഖ്യേയമായ ഏതൊക്കെ തലത്തിലേക്കാണ് മലയാളി തരംതാഴ്ത്തിക്കളഞ്ഞത്?
ഇന്ന് നമ്മുടെ അടച്ചിട്ട വാതിലിന് മേലെ ചിങ്ങപ്പൂങ്കാറ്റ് മുട്ടിവിളിക്കുമ്പോള്‍, സന്ധ്യയ്ക്ക് വിളക്കുവയ്ക്കാന്‍ വിളിച്ചുചോദിക്കേണ്ട ഗതികേടിലെത്തുമ്പോള്‍, മാതേവരുടെ പീഠം പാമ്പുകളിഴയുന്ന കൊമ്പന് പുറ്റുകളാകുമ്പോള്‍, തുമ്പയും തുളസിയും കണ്ണാന്തളിപ്പൂക്കളും കണ്ണിയറ്റ കാലങ്ങളില്‍… ബാല്യത്തിന്റെ വിരല്‍ത്തുമ്പുകളെ പൂനുള്ളിക്കാനല്ല, മൊബൈല്‍ ആപ്പുകളുടെ സ്വകാര്യ ലോകത്തെ പൂചൂടിക്കാനാണ് മലയാളി ശീലിപ്പിക്കുക.
(പന്തളം എന്‍എസ്എസ് കോളജ് മലയാള വിഭാഗം അസി.പ്രൊഫസറും തപസ്യ സംസ്ഥാന സെക്രട്ടറിയുമാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: