നീലമന സഹോദരിമാരുടെ ഓരോ നൃത്തച്ചുവടിനും ഒരുപാട് സാധാരണക്കാരുടെ പ്രാര്‍ത്ഥനകളുണ്ട്. കാരണം അവരുടെ നടനവിസ്മയം നിരവധി രോഗികളുടെ പ്രതീക്ഷകളുടെ ജീവിത താളത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. സേവ് കിഡ്നി ഫൗണ്ടേഷന് എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിനു വേണ്ടിയാണ് ഇപ്പോള്‍ ഇവര്‍ ചിലങ്കയണിയുന്നത്. നൃത്തത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനാണ് ഉപയോഗിക്കുന്നത്. തില്ലാനയും പദവും ജതിസ്വരവും നട്ടുവാങ്കവും കരണവും ലാസ്യ-താണ്ഡവങ്ങളുമെല്ലാം ഇവര്‍ ആടിതിമിര്‍ക്കുമ്പോള്‍ ഒരുപാടു പേരുടെ ജീവിത ദുഖത്തിനും ശമനമുണ്ടാകുന്നു. വൈദ്യശാസ്ത്രത്തില്‍ ബിരുധദാരികളായ ഇരുവരും പുതിയ പുതിയ നൃത്തരൂപങ്ങളുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് കുതിക്കുകയാണ്. ഈ സഹോദരിമാരില്‍ ദ്രൗപതി ഭരതനാട്യത്തിലും പത്മിനി കുച്ചിപ്പുടിയിലുമാണ് വൈദഗ്ധ്യം നേടിയിട്ടുള്ളത്. പൂര്‍ണ പിന്തുണയുമായി ഭര്ത്താക്കന്മാരായ ഡോ. പ്രവീണ്‍ നമ്പൂതിരിയും ഡോ.കൃഷ്ണന് നമ്പൂതിരിയും ഒപ്പമുണ്ട്.
വഴികാട്ടിയായത് അച്ഛനമ്മമാര്‍
കാലില്‍ ചിലങ്ക അണിയിച്ച് കലാലോകത്തേക്ക് ഇരുവരേയും കൈപിടിച്ച് നടത്തിയത് അച്ഛനും അമ്മയും ആയിരുന്നു. ഏറ്റവും കുടുതല്‍ ശസ്ത്രക്രിയ നടത്തി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ഡോ. എന്‍.എന്‍ മുരളിയും അമ്മ യോഗവതി അന്തര്‍ജ്ജനവും തിരക്കുകള്‍ക്കിടയിലും മക്കളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കുവാന്‍ സമയം കണ്ടെത്തി. മൂന്നാം വയസ്സില്‍ കലാദേവതയുടെ മുന്നില്‍നിന്ന് ആരംഭിച്ച ഈ സര്‍ഗ്ഗസാധന മൂന്ന് പതിറ്റാണ്ടിനടുത്ത് എത്തിനില്‍ക്കുകയാണ്. അച്ഛനും മുത്തച്ഛനും മാമന്മാരുമെല്ലാം സ്റ്റെതസ്കോപ്പുമായി രോഗികള്‍ക്ക് ആശ്വാസമായപ്പോള്‍, എംബിബിഎസ് ബിരുദം നേടിയ ശേഷവും നൃത്തത്തില്‍ ഉന്നത ബിരുദം നേടി കലയുടെ വഴിയേ കാരുണ്യത്തിന്റെ ചായക്കൂട്ടണിയാനായിരുന്നു നീലമന സഹോദരിമാര്‍ക്ക് താല്‍പ്പര്യം. വിവാഹശേഷം തങ്ങളുടെ നൃത്തമോഹം ഏതുതരത്തിലാകുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും വരന്മാരായി എത്തിയ ഡോ. പ്രവീണ്‍ നമ്പൂതിരി ദ്രൗപദിക്കും ഡോ. കൃഷ്ണന് നമ്പൂതിരി പത്മിനിക്കും നൃത്തവേദികളിലേക്കുളള പുതിയ വഴികള്‍ തുറന്നുകൊടുത്തു. ഒരുകാലത്ത് കലോത്സവ നഗരികളില്‍ കലാതിലക പട്ടങ്ങള്‍ ശിരസ്സിലേറ്റിയ സഹോദരിമാര്‍ ഇന്ന് കടല്‍കടന്നും വേദികളില്‍ നിറസാന്നിദ്ധ്യമാണ്.
നൃത്തരൂപങ്ങള്‍ സമന്വയപ്പിച്ച്
ലോകമറിയുന്ന നീന പ്രസാദ് എന്ന ഗുരുനാഥയാണ് നൃത്തത്തിന്റെ വിശാലതയെ ഇവര്‍ക്ക് പരിചയപ്പെടുത്തിയത്. തിരക്കുകള്‍ക്കിടയിലും അച്ഛന് നേരിട്ടാണ് ഇവരെ നൃത്തപരിശീലനത്തിന് എത്തിച്ചത്. സ്കൂള്‍ കാലത്ത് പല നൃത്തരൂപങ്ങള്‍ പഠിച്ചെങ്കിലും ദ്രൗപതി ഭരതനാട്യത്തിലും പത്മിനി കുച്ചിപ്പുടിയിലും ഉപരിപഠനം നടത്തി. ഈ നൃത്തരൂപങ്ങള്‍ തമ്മില്‍ സാമ്യങ്ങളും വ്യതിരിക്തതകളുമുണ്ട്. എന്നാല്‍, ഈ നൃത്തരൂപത്തെ ഒന്നായി വ്യാഖ്യാനിച്ചാണ് ഇവര്‍ ഒന്നിച്ച് വേദികളില്‍ നിറയുന്നത്. രാമായണം നൃത്തശില്‍പ്പം അടക്കം വേദിയില്‍ അവതരിപ്പിക്കുന്നു. ഭരതനാട്യത്തില്‍ ലാസ്യവും താളവും എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് ദ്രൗപതി. കുച്ചുപ്പുടിയോടൊപ്പം ഡയബറ്റോളജിയിലും ഉപരിപഠനം പൂര്‍ത്തിയാക്കി നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പത്മിനി. തങ്ങളുടെ കഴിവുകള്‍ വരുംതലമുറയ്ക്ക് പകര്ന്നുനല്കാന് നാട്യപ്രിയ എന്ന പേരില്‍ നൃത്ത പരിശീലന കേന്ദ്രം കൊട്ടാരക്കര, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.
കലോത്സവത്തിന് ക്യാപ്സ്യൂളില്ല
നൃത്തത്തിന്റെ ആഴവും പരപ്പും തേടിയുള്ള അവരുടെ യാത്രയില്‍ ഇന്നും പുതുമയുടെ സുവര്‍ണശോഭ മിഴിവേകുന്നു. ‘നാട്യപ്രിയ’ എന്ന പേരിലുള്ള നൃത്ത പരിശീലന കേന്ദ്രം ഇവരുടെ സര്‍ഗ്ഗവൈഭവത്തിന്റെ കലാക്ഷേത്രമാണ്. എല്ലാവര്‍ഷവും നിരവധി കുട്ടികളാണ് ഈ കലാശാലയില്‍ നിന്ന് ചുവടുകളുടെ ലോകത്തേക്ക് കടന്നുവരുന്നത്.
പരമ്പരാഗത ചിട്ടവട്ടങ്ങള്‍ക്കൊപ്പം സ്വതസിദ്ധമയ നടന വൈഭവവുമാണ് നീലമന സഹോദരിമാരെ വ്യത്യസ്തരാക്കുന്നത.് എന്നാല്‍ തങ്ങളുടെ ശിഷ്യര്‍ക്ക് കലോത്സവങ്ങളുടെ ക്യാപ്സ്യൂളുകള് നല്കാന് ഇവര്‍ ഒരുക്കമല്ല. ചിട്ടയായ ശിക്ഷണം. കലയോടുള്ള അഭിനിവേശം, ചുവടുകളോട് തികഞ്ഞ അര്‍പ്പണം. അങ്ങനെ തങ്ങളെക്കാള്‍ ഉയരം ശിഷ്യര്‍ക്ക് നേടികൊടുക്കാനാണ് ഇവരുടെ ശ്രമം.
എതിരാളിയായി മഞ്ജുവാര്യര്‍
മഞ്ജുവാര്യരോട് മത്സരിച്ചാണ് നൃത്തലോകത്തില്‍ നീലമനസഹോദരിമാര്‍ തങ്ങളുടെ കളം ഉറപ്പിച്ചത്. സ്കൂള്‍തലത്തില്‍ മഞ്ജു വാര്യരുമായി മത്സരിച്ച ഒരിനത്തിന്റെ പേരില്‍ അവസാന നിമിഷം കലാതിലകപ്പട്ടം കൈവിട്ട ദ്രൗപതി, പിറ്റേവര്‍ഷം കണക്കുതീര്‍ത്തു. ദ്രപതി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കാസര്‍കോട് നടന്ന മത്സരത്തില്‍ മഞ്ജു വാര്യരുമായിട്ടായിരുന്നു മത്സരം. ആ വര്‍ഷം മഞ്ജു വാര്യര്‍ക്കാണ് കലാതിലകപ്പട്ടം ലഭിച്ചത്. മോഹിനിയാട്ടത്തിന് ദ്രൗപതിക്ക് ഒന്നാം സ്ഥാനവും മഞ്ജു വാര്യര്‍ക്ക് രണ്ടാം സ്ഥാനവും. പിറ്റേന്ന് ഭരതനാട്യം. മഞ്ജുവിന് ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം ദ്രൗപതിക്ക്. വീണ്ടും കുച്ചിപ്പുടിക്ക് മഞ്ജുവിന് ഒന്നാം സ്ഥാനം, ദ്രൗപതിക്ക് രണ്ടാം സ്ഥാനം. തുടര്‍ന്ന് കഥകളിയില്‍ ദ്രൗപതി ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം മഞ്ജുവിന്. അതോടെ രണ്ടുപേരും തുല്യനിലയില്‍ വന്നു. എന്നാല്‍, വീണവാദനത്തില്‍ ഒന്നാമതെത്തിയതോടെ മഞ്ജു കലാതിലകമായി. അങ്ങനെ സ്കൂള്‍ തലത്തില്‍ കലാതിലകമാകാനുള്ള അവസരം ദ്രൗപതിക്ക് നഷ്ടമായി. എന്നാല്‍ പിറ്റേവര്‍ഷം കേരള യൂണിവേഴ്സിറ്റിയില്‍ കലാതിലകമായി. ഇത് രണ്ടാം തവണയും നേടി. അതേവര്‍ഷംതന്നെ അനുജത്തി പത്മിനി, ചേച്ചിയുടെ സ്വപ്നം സാക്ഷാത്കരിച്ചു. സ്കൂള്‍ തലത്തില്‍ കലാതിലകമായി. ഒരിക്കല്‍ രണ്ടുപേരും തമ്മില്‍ മത്സരിക്കേണ്ടിയും വന്നു. അന്നും അനുജത്തി പത്മിനി ഒന്നാം സ്ഥാനവും ദ്രൗപതി രണ്ടാം സ്ഥാനവുമാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: