ന്യൂജേഴ്സി: ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് കൈമാറുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന് കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക ആവശ്യപ്പെട്ടു. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാരുകളുടെ കൈകടത്തല്‍ ഇല്ലാതാക്കണം സന്യാസിമാരുടേയും തന്ത്രിമാരുടേയും പണ്ഡിതമാരുടേയും മതസംഘടനകളുടേയും പ്രതിനിധികള്‍ അടങ്ങുന്ന ബോഡിയാകണം ക്ഷേത്രം ഭരിക്കേണ്ടത്. ജനറല്‍ ബോഡി പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പിന്തുണ നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപെട്ടു.
യോഗയും, ലളിതാസഹസ്രനാമവും, ഭജനയുമായി കെ എച്ച്എന്‍എ കണ്‍വെന്‍ഷന്റെ രണ്ടാം ദിവസത്തിന്റെ പുലരി തെളിഞ്ഞത്.കലാമണ്ഡലം ശിവദാസ്, പല്ലാവൂര്‍ സഹോദരങ്ങള്‍, മനോജ് കുളങ്ങാട്ട്, പല്ലശ്ശന ശ്രീജിത് മാരാര്‍, രജിത് മാരാര്‍, രാജേഷ് നായര്‍ സംഘത്തിന്റെ മേളത്തിന് ശേഷം മത്സരവിഭാഗങ്ങളില്‍ കലാപരിപാടികള്‍ ആരംഭിച്ചു. സ്വാമി ചിദാനന്ദപുരി, സ്വാമി ശാന്താനന്ദ, സ്വാമി സിദ്ധാനന്ദ, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, സ്വാമി മുക്താനന്ദ യതി, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, കെ പി ശശികല ടീച്ചര്‍, സുപ്രീം കോടതി അഡ്വക്കേറ്റ് സായ് ദീപക് എന്നിവര്‍ മുഖ്യവേദിയില്‍ നടന്ന ധര്‍മ്മസംവാദത്തില്‍ പങ്കെടുത്തു.
വാഴയിലയില്‍ വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം ജനറല്‍ ബോഡിയും, വിവിധ മേഖലകളുടെ കലാപരിപാടികളും അരങ്ങേറി. കലാനിലയം രഞ്ജിത്ത് അവതരിപ്പിച്ച ശീതങ്കന്‍ തുള്ളല്‍, ജയന്തി കുമാര്‍ അവതരിപ്പിച്ച ‘തന്ത്ര’ ഫാഷന്‍ ഷോ, സ്മിത രാജനും, സംഘവുമവതരിപ്പിച്ച ശക്തി മോഹിനിയാട്ടം ഡാന്‍സ് ബാലെ, അനുപമ ദിനേഷ്കുമാര്‍, രഞ്ജിത് എന്നിവരും സംഘവും അവതരിപ്പിച്ച കഥകളി എന്നിവക്ക് ശേഷം രണ്ടാം ദിവസത്തിന് തിരശ്ശീല വീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: