പണ്ടെങ്ങാനുമാ… തേവലോകത്ത് ഒരു ആംപച്ചിയും പെമ്പച്ചിയും ഒണ്ടാത്. ഇ പറയിന ആം പച്ചി തീച്ച തേടി കാട്ടാലേ പോകും. ഇത്തമയം പൊമ്പച്ചി കൂട്ടില്‍ ഒറ്റ്ക്കിരിക്കും. ഇ പറയിന തന്താരു പച്ചിക്ക് തന്റെ കുടിച്ചിയാരെ പയങ്കര തംശയമാത്…
നൂറ്റവന്മാരും പാണ്ഡവന്മാരും തമ്മില്‍ വൈരമുണ്ടായതെങ്ങിനെ (നൂറ്റൊരുവരും പാണ്ഡന്മാരും തമ്മിലുള്ള വൈയിരിയത്തിന്റെ ചരിത്തിരം) എന്ന ചരിത്രം പറയുകയാണ് തൊടുപുഴ പട്ടലക്കുടിയില്‍ നിന്നെത്തിയ ഗംഗാധരനും പി.ടി. തങ്കച്ചനും. തലമുറകളുടെ ഓര്‍മ്മകള്‍ കൈമാറിയ കഥകളുടെ തെളിനീരുറവ. നാഗരികതയുടെ മാലിന്യമേശാത്ത ഗോത്രസംസ്കാരത്തിന്റെ ജീവിതഗന്ധിയായ ആവിഷ്കരണങ്ങള്‍. കാര്ന്നോന്മാര് പറഞ്ഞ് പറഞ്ഞ് കൈമാറിവന്ന കഥകള്‍. ഊരാളിഗോത്രത്തിന്റെ ചരിത്രവും സംസ്കാരവും നാടിന്റെ തനിമയും പാരമ്പര്യവും ഇടകലര്‍ന്ന വാമൊഴിക്കഥകള്‍. ലിപിയില്ലെങ്കിലും ഗോത്രജനതയുടെ ആത്മാംശമായ തനതു ഭാഷകളില്‍ അവര്‍ പറയുന്നത് ഈ നാടിന്റെ ചരിത്രം തന്നെ. നാഷണല്‍ ബുക്ക്ട്രസ്റ്റും കിര്‍ത്താഡ്സും സംയുക്തമായി സംഘടിപ്പിച്ച ഗോത്രകഥാ ബാലസാഹിത്യ ശില്‍പ്പശാല. ഇത് പുതിയ തുടക്കം. സാഹിത്യ, കഥ, കവിതാശില്പ്പശാലകളുടെ ഔപചാരികതകളില്ലാത്ത കൂടിച്ചേരല്‍.
കേരളത്തിലെ വിവിധ ഗോത്രവിഭാഗങ്ങളിലെ കഥകള്‍ സമാഹരിച്ച് അവരുടേതായ ഭാഷയിലും, അതിന്റെ മലയാളഭാഷാന്തരവും ചേര്‍ത്ത് നാഷണല്‍ ബുക് ട്രസ്റ്റ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. അതിനോടൊപ്പം കഥകളിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ പ്രമുഖ ചിത്രകാരന്മാര് ചിത്രങ്ങളായി പുസ്തകത്തില്‍ ആവിഷ്കരിക്കുന്നു. ഇതോടെ ഗോത്രസമൂഹത്തിന്റെ സമ്പന്നമായ കഥാപാരമ്പര്യം മലയാളിക്ക് വിശേഷിച്ച് പുതുതലമുറയിലെ വായനയ്ക്ക് പ്രാപ്യമാവുന്നു. തങ്ങള്‍ പഠിച്ചുവെച്ച ക്ലാസിക് ഭാഷകളിലെ സാഹിത്യം മാത്രമല്ല എഴുത്തെന്നും, ഇങ്ങനെയും എഴുത്തുണ്ടെന്നും, അതിന് സമ്പന്നവും മഹത്തരവുമായ പാരമ്പര്യമുണ്ടെന്നും മനസ്സിലാക്കാനുള്ള വഴിയൊരുക്കുകയാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ്. ഇങ്ങനെയൊരു ജനതയുണ്ടെന്നും അവര്‍ക്ക് ഇങ്ങനെയൊക്കെ സര്ഗ്ഗപാരമ്പര്യമുണ്ടെന്നും തുറന്നുകാണിക്കുകയാണ് എന്‍ബിടി.
മക്ക് കായ്കള്‍ ഉണ്ടായതെങ്ങനെയെന്ന നാടോടിക്കഥയും ഗംഗാധരനും തങ്കച്ചനും പറയുന്നുണ്ട്. മഹാഭാരതകഥാസന്ദര്ഭവും മക്ക് കായ്കളുടെ ഉത്ഭവചരിത്രവും ശ്രീജ പള്ളം ചിത്രങ്ങളായി മാറ്റിയെഴുതുന്നു. സുനുവാണ് ഊരാളി ഭാഷയിലെ കഥ മലയാള ലിപിയില്‍ മാറ്റിയെഴുതുന്നത്. ഇങ്ങനെ അമ്പതോളം കഥകളാണ് ഗോത്രസാഹിത്യത്തിലെ കഥാകാരന്മാരെയും വിവര്‍ത്തകരെയും ഉപയോഗിച്ച് രണ്ട് ദിവസത്തെ ശില്‍പ്പശാലയിലൂടെ ഗ്രന്ഥരൂപത്തിലാക്കാനുള്ള നവ ഉദ്യമത്തിന് എന്‍ബിടി കോഴിക്കോട് ചേവായൂരിലെ കിര്‍ത്താഡ്സ് ആസ്ഥാനത്താണ് വേദിയൊരുക്കിയത്.
പണിയ, കാട്ടുനായ്ക്ക്, കാണി, മുഡുഗ, മലമുത്ത, മലവേട്ടുവ, മന്നാന്‍, കുറിച്യ ഭാഷകളിലെ കഥകളാണ് അച്ചടി രൂപത്തില്‍ മലയാളിയുടെ വായനാലോകത്തേക്ക് എത്തുന്നത്. അതില്‍ നമുക്ക് സമുദ്രംപറ്റി ഭൂമിയുണ്ടായ കഥ വായിക്കാം. കുഞ്ഞന്തേയിയുടെ അഹങ്കാരത്തിന്റെ കഥ, ഇടിവീരന്, പടവീരന്‍, തലക്കല്‍ ചന്തുവിന്റെ കഥ അങ്ങനെയങ്ങനെ ഐതിഹ്യവും ചരിത്രവും ഇടകലര്‍ന്ന കഥകളുടെ ശേഖരം വിളിച്ചോതുന്നതും ഇങ്ങനെയും കഥകള്‍ ഉണ്ടെന്നാണ്.
ഈ കഥകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത് ഗോത്രസമൂഹത്തിന്റെ വേരുകളെക്കുറിച്ചുള്ള അറിവാണ്. വികസനത്തിന്റെ മുഖ്യധാരയില്‍ നിന്ന്, വിദ്യാഭ്യാസത്തിന്റെയും ആധുനിക ആരോഗ്യ പരിപാലനത്തിന്റെയും പങ്കവെക്കലുകളില് നിന്നും ആട്ടിയകറ്റപ്പെട്ട ഒരു സമൂഹത്തിന്റെ സമ്പന്നമായ ചരിത്രമാണ് ഈ കഥകള്‍. ഭ്രഷ്ട് കലഹിക്കപ്പെട്ട ജനസമൂഹത്തിന്റെ കഥകള്‍ എഴുത്തിന്റെ ലോകത്തെ പുതിയ തമ്പ്രാക്കള്‍ക്ക് മുമ്പില്‍ വിളിച്ചുപറയുന്നത് ഇങ്ങനെയും എഴുത്തുകാരുണ്ട് എന്ന് തന്നെയാണ്.
*******
കഥകള്‍ മാത്രമല്ല, പാട്ടും തങ്ങളുടെ സമ്പന്നമായ ശേഖരത്തിലുണ്ടെന്ന് പറഞ്ഞ് ഗംഗാധരന് നീട്ടിപ്പാടി.
”വന്നാണ്ടി ചായാരെ വന്നാണ്ടി ചായാരെ
തായിത്തെ കുടിക്ക് പുച്ചാണ്ടി
തങ്കലെ കുട്ടിക്ക് പുച്ചാണ്ടി
തന്താലെ കാട്ടൂടോ പോയി
തമുത്തിയാര് ഒച്ചക്കാര്
കൂട്ടത്തിലുണ്ടോ, തണ്ണിയുണ്ടോ തീയുണ്ടോ”
*******
‘വില്ലി’ എന്ന പണിയ നോവല്‍ എഴുതിയ വാസുദേവന്‍ ചീക്കല്ലൂര്‍, രശ്മിസതീഷ്, അക്കുച്യേമി ചീങ്കീര്‍, സിന്ധു കാലി ചീങ്കീര്‍, ദാമോദരന്‍ പട്ടയക്കുടി, സുനുമോന്‍.ഒ.കെ, സിന്ധു.കെ.സി, ആനന്ദന് കാണി, ചിരുത തുടങ്ങി അറുപതോളം ഗോത്രകഥാകാരന്മാരാണ് ശില്ശാലയ്ക്കെത്തിയത്. ഷെരീഫ് എം.എച്ച്, കെ.പി. മുരളീധരന്, ശ്രീജ പള്ളം, കബിത മുഖോപാദ്ധ്യായ, അരുണ ആലഞ്ചേരി, സുനില്‍ അശോകപുരം തുടങ്ങിയ ചിത്രകാരന്മാരാണ് കഥാ സന്ദര്‍ഭങ്ങള്‍ ഗോത്രത്തനിമ ചോരാതെ ചിത്രങ്ങളായി പകര്‍ത്തിയത്.
*******
കെഎസ്ആര്‍ടിസി മെക്കാനിക്കായി വിരമിച്ച വാസുദേവന്‍ ചീക്കല്ലൂരിന് എഴുത്തിന്റെ വഴിയില്‍ ഏറെ നേട്ടങ്ങളുണ്ട്. വയനാടന്‍ ഗോത്രവര്‍ഗസമൂഹത്തിന്റെ വീരനായകനായ കരിന്തണ്ടനെക്കുറിച്ച് ഇരുപത്തി അഞ്ചാം വയസ്സില്‍ നാടകമെഴുതിയ വാസുദേവന്‍ സ്വന്തമായി ഒരു നാടകട്രൂപ്പും സംഘടിപ്പിച്ചിരുന്നു. പണിയുന്നവരാണ് പണിയരായതെങ്കില് ഇന്ന് പണിയില്ലാത്തവരായി പണിയ സമൂഹം മാറിക്കഴിഞ്ഞുവെന്ന് വാസുദേവന്‍ പറയുന്നു. മറുദേശങ്ങളില്‍ ഇഞ്ചിക്കൃഷിക്കായി അടിമവേല ചെയ്യിച്ചും മദ്യമൊഴുക്കിയും ഒരു സമൂഹത്തെ നശിപ്പിക്കുകയാണ്. പണിയും സ്വന്തമായി മണ്ണുമില്ലാത്തവന് പിന്നെ എങ്ങനെ തന്റെ തനിമയെ സംരക്ഷിക്കുമെന്ന ചോദ്യമാണ് വാസുദേവന്‍ ഉയര്‍ത്തുന്നത്.
*******
നഷ്ടപ്പെട്ടുപോകുന്ന ഗോത്രസാഹിത്യത്തിന്റെ വീണ്ടെടുപ്പാണ് ഇത്തരം പരിശ്രമങ്ങളിലൂടെ സാധ്യമാവുന്നത്. നാഷണല്‍ ബുക്ക് ട്രസ്റ്റും കിര്‍ത്താഡ്സിലെ മ്യൂസിയം വകുപ്പും സംയുക്തമായി നടത്തിയ ബാലസാഹിത്യശില്പ്പശാലയില് കേരളത്തിലെ 16 ഗോത്ര വിഭാഗങ്ങളാണ് പ്രതിനിധീകരിച്ചത്. 32 സാഹിത്യകാരന്മാരും 13 ചിത്രകാരന്മാരും ശില്‍പ്പശാലയുടെ ഭാഗമായി.
കിര്‍ത്താഡ്സിലെ 22 ഗവേഷകരും നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ എഡിറ്റോറിയല്‍ സംഘവും പുസ്തകങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും. 100 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനാണ് പദ്ധതിയിട്ടതെന്ന് എന്‍ബിടി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ.എന്‍. നന്ദകുമാര്‍ പറഞ്ഞു.
ഗോത്രപുരാവൃത്തങ്ങളെ തനതു ഭാഷയിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്നതിലൂടെ പൊതുസമൂഹത്തിനും, പ്രത്യേകിച്ച് പുതിയ തലമുറക്കും ഗോത്രസാഹിത്യത്തെക്കുറിച്ച് അറിവുണ്ടാകും. ഗോത്ര സമൂഹത്തെ മുഖ്യധാരയിലെത്തിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായിക്കൂടിയാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്- അദ്ദേഹം പറയുന്നു. കിര്‍ത്താഡ്സ് ലക്ചറര്‍ ഇന്ദു വി മേനോന്, പ്രോഗ്രാം ഡയറക്ടറായ ശില്‍പ്പശാലയ്ക്ക് മ്യൂസിയം ക്യുറേറ്റര്‍ ടി. അര്‍ച്ചന, ഭാഷാശാസ്ത്രജ്ഞരായ ടി. അശ്വതി, സി.പി. ധന്യ, ജി.വി. ധന്യ, നിമ്യ ജോസഫ് എന്നിവരും നേതൃത്വം നല്കി. ഊരാളി ഗോത്ര എഴുത്തുകാരായ ദാമോദരനും ഗാഗയും (ഗംഗാധരന്) ഉദ്ഘാടനം നിര്‍വഹിച്ചു. നാഷണല്‍ ബുക്ക് ട്രസ്റ്റ് അസി. എഡിറ്റര്‍ റൂബിന് ഡിക്രൂസ്, എന്‍ബിടി എക്സി. അംഗം ഇ.എന്‍. നന്ദകുമാര്‍, ഗുരുവായൂരപ്പന്കോളജ് മലയാള വിഭാഗം അസി. പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: