കശ്മീരികളുടെ കുലദേവതയാണ് ശാരദ. വിദ്യാദേവതയായ സരസ്വതിയുടെ അപരനാമം. അറിവിന്റെ ദേവതയ്ക്ക് 3000 വര്‍ഷങ്ങള്‍ക്കു മുമ്പ് കശ്മീരില്‍ ഒരു വിശ്വവിദ്യാലയമുയര്ന്നു. ശാരദാപീഠം. വിഭജനത്തിന്റെ മുറിവുകളുമായി ഇപ്പോഴുമുണ്ട് അതിന്റെ പവിത്രശേഷിപ്പുകള്. അതിന്ന് ഇന്ത്യയിലല്ലെന്നു മാത്രം. പാക് അധിനിവേശ കശ്മീരില്‍. ശ്രീനഗറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ശാരദാപീഠത്തിന് 18 ശക്തിപീഠങ്ങളില്‍ ഒന്നെന്ന പ്രത്യേകത കൂടിയുണ്ട്.
നളന്ദയുടേയും തക്ഷശിലയുടേയും ഗണത്തില്‍ പെടുന്ന ശാരദാപീഠം കുശാന്‍ രാജവംശത്തിന്റെ സംഭാവനയാണ്. ‘കാശ്മീരപുര വാസിനി’യുടെ പേരില്‍ പണിതുയര്‍ത്തിയ ഈ വിശ്വോത്തര സര്‍വകലശാല കശ്മീരി പണ്ഡിറ്റുകളുടെ തീരാ നോവാണിന്ന്. ക്ഷേത്രവും പഠനകേന്ദ്രവുമുള്പ്പെടുന്ന ശാരദാപീഠത്തിന്റെ ശേഷിപ്പുകളിലേക്ക് തീര്‍ഥാടന അനുമതിക്കായി പാക് അധികൃതര്‍ കനിയുന്നത് കാത്തിരിക്കുകയാണ് പിറന്ന മണ്ണില്‍ നിന്ന് നിഷ്ക്കാസിതരായ പണ്ഡിറ്റുകള്‍.
നിയന്ത്രണ രേഖയ്ക്ക് സമീപം നീലം താഴ്വരയിലെ ശാരദാഗ്രാമത്തിലാണ് ഈ പുരാതന വിജ്ഞാനകേന്ദ്രത്തിന്റെ അവശിഷ്ടങ്ങളുള്ളത്. പാണിനിയുടെ വ്യാകരണഗ്രന്ഥങ്ങളുള്പ്പെടെ ഭാരതീയാചാര്യന്മാരുടെ പല വിശിഷ്ടകൃതികളും ശാരദാപീഠത്തിലെ ഗ്രന്ഥശേഖരത്തിലുണ്ടായിരുന്നു. ഒരേസമയം 5000 ത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു ഇവിടെ. ആദിശങ്കരന് സര്വജ്ഞപീഠമേറിയത് ഇവിടെയത്രേ. ശൃംഗേരിയിലെ ശാരദാംബ ക്ഷേത്രത്തിലുള്ള ശാരദാദേവിയുടെ ചന്ദന വിഗ്രഹം ശങ്കരാചാര്യര്‍ ഇവിടെ നിന്നു കൊണ്ടുപോയതാണെന്ന് വിശ്വസിക്കപ്പെടുന്നു.
സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലാണ് ശാരദാപീഠം. കശ്മീരി ക്ഷേത്ര ശില്പ മാതൃകയില്‍, വലിയ കരിങ്കല്പാളികള് ചുണ്ണാമ്പില് ഉറപ്പിച്ചാണ് ഇതിന്റെ നിര്‍മിതിയെന്ന് ബാക്കിയിരിപ്പുകളില് ദൃശ്യമാണ്. ദീര്ഘചുരാകൃതിയിലാണ് വിദ്യാപീഠ സമുച്ചയമുള്ളത്. പടിഞ്ഞാറോട്ട് ദര്‍ശനമായി പ്രധാന കവാടം. സമചതുരാകൃതിയില്‍ 22 അടി ഉയരത്തിലാണ് പീഠത്തോടു ചേര്‍ന്നുള്ള ശിവക്ഷേത്രമുള്ളത്. ശാരദാ പീഠത്തിന്റെ ശേഷിപ്പുകളില്‍ ഇപ്പോഴും തലയെടുപ്പോടെ നില്‍പ്പുണ്ട് 16 അടി പൊക്കത്തിലുള്ള കൂറ്റന്‍ കരിങ്കല്‍ തൂണുകള്‍. ബി. സി. 237 ലാണ് ഇതിന്റെ നിര്‍മിതിയെന്ന് കണക്കാക്കപ്പെടുന്നു.
2005 ല്‍ പാക്കിസ്ഥാനിലുണ്ടായ അതിതീവ്ര ഭൂമികുലക്കത്തിലും പീഠവും ക്ഷേത്രവും തകര്‍ന്നില്ല. ഇപ്പോഴുള്ളതെങ്ങനെയോ അതേ നിലയില്‍, തകരാതെ, നിന്നു.
വശ്യമനോഹരമായ കാഴ്ചകള്‍ ഈ പുണ്യസങ്കേതത്തെ കമനീയമാക്കുന്നു. വെള്ള പുതച്ച മഞ്ഞുമലകള്‍. പീഠത്തെ വലം വെച്ച് നീലിമയാര്ന്നൊഴുകുന്ന ഝലം നദിയും അതിന്റെ കൈവഴിയായ ‘തേന്‍നദി’ മധുമതിയും.
ശാരദാപീഠത്തിന് എട്ടു കിലോമീറ്റര്‍ ദൂരെ വരെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. പാക് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ താവളമാക്കിയ ബുഗീനാ ബുള്‍ഗി ശാരദാ പീഠത്തിന് സമീപമാണ്. നീലം വാലിയും ബുഗീനാ ബുള്‍ഗി ഉള്‍പ്പെടുന്ന ഷംഷാബാരിയും തിരിച്ചു പിടിക്കുകയെന്നത് കശ്മീരിന് കാവലിരിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ചിരകാലസ്വപ്നമാണ്.
ശാരദാപീഠത്തിലേക്കുള്ള തീര്‍ഥയാത്ര യാഥാര്‍ഥ്യമാക്കാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന പണ്്ഡിറ്റുകള്ക്ക് അനുകൂലമായേക്കും കശ്മീരിലെ നിലവിലെ സാഹചര്യങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ശാരദാപീഠം സന്ദര്‍ശിക്കുന്നതിനുള്ള ഇടനാഴി പണിയാന്‍ ഇമ്രാാന്ഖാന്റെ നേതൃത്വത്തിലുള്ള പാക് സര്‍ക്കാര്‍ സമ്മതമറിയിച്ചിട്ടുണ്ട്. ഹൈന്ദവ ആരാധനാലയമായതിനാല്‍ ശാരദാപീഠത്തെ പാക് സര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: