ഉപാധികളില്‍ നിന്നും വേറിട്ട് നിര്‍മ്മലനും പരമാത്മാവുമാണ് ഞാന്‍ എന്ന് അനുഭവിക്കാന്‍ കഴിയും. ഇപ്രകാരം സദാ പരമാത്മാവിനെത്തന്നെ ധ്യാനിക്കുന്നതുകൊണ്ട് ആത്മനനന്ദംകൊണ്ട് സന്തുഷ്ടനായി മറ്റെല്ലാം മറക്കുന്നതുകൊണ്ട് നിത്യാനന്ദം അനുഭവിച്ച് ജീവന്മുക്തനായിക്കഴിയുന്നു. അയാള്‍ ജലമില്ലാത്ത സമുദ്രംപോലെയാണ്. ഇങ്ങനെ സമാധിയോഗം ശീലിച്ച് സര്വഇന്ദ്രിയങ്ങളില് നിന്നും നിവര്‍ത്തിച്ച് കാമക്രോധാദി ശത്രുക്കളെ ജയിച്ചിരിക്കുന്ന മനുഷ്യന് എപ്പോഴും എന്നെ കണ്ടുകൊണ്ടിരിക്കുന്നു. അവസാനം അവന് എന്നില്‍ ലയിച്ചുചേരുന്നു.
തുടക്കം മുതല്‍ ഒടുക്കംവരെ സംസാരം ദുഃഖത്തിനു കാരണമാണ്. അതിനാല്‍ എല്ലാവിധ കര്‍മ്മങ്ങളേയും ഉപേക്ഷിക്കണം. സമസ്താത്മാവായ എന്നെ ഭജിക്കുക. സമുദ്രത്തിലെ ജലവും പാലിലെ പാലും ആകാശത്തിലെ ആകാശവും വായുവിലെ വായുവും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തതുപോലെ എന്നില്‍ നിന്നും ആത്മാവ് വേറിട്ടിരിക്കുന്നില്ല എന്നറിഞ്ഞാല്‍ എല്ലാം ഞാന്‍ തന്നെയായിത്തീരുന്നു. ഇക്കാണുന്നതെല്ലാം ഞാന്‍ തന്നെയാണെന്ന ബോധം ഉണ്ടാകാതിരിക്കുന്നതുവരെ എത്രയും ശ്രദ്ധയോടെ എന്നെ ആശ്രയിച്ചുകൊണ്ടിരിക്കുന്നവന് രാപ്പകല്‍ എന്നെ ഹൃദയത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്നു.
ഹേ പ്രിയസഹോദരാ, ഞാന്‍ നിനക്കുപദേശിച്ചുതന്ന ഈ ജ്ഞാനം അത്യന്തം രഹസ്യവും വേദസാരസംഗ്രഹവുമാണെന്ന് നീ അറിയുക. അങ്ങനെ അറിയുന്നവന് എല്ലാവിധ പാപങ്ങളില്‍ നിന്നും മോചിതനാകുന്നു. ഹേ ലക്ഷ്മണാ ഇക്കാണപ്പെടുന്ന ലോകം മായയാണെന്നുറച്ച് എല്ലാറ്റിനെയും മനസ്സുകൊണ്ട് ത്യജിക്കുക. എപ്പോഴും എന്നെ ധ്യാനിച്ച് മനശ്ശുദ്ധി വരുത്തുക. ആനന്ദമയനായി സുഖിയായരിക്കുക. ഇപ്രാകരം ഗുണാതീതനായി ആര് ഇരിക്കുന്നുവോ അവന് ഞാന്‍ തന്നെയായിത്തീരും. അവന് തന്റെ പാദങ്ങളിലെ പൊടികൊണ്ട് ലോകത്തെയും പരിശുദ്ധമാക്കുന്നു. ഈ രാമഗീത പഠിക്കുന്നവന് എന്നില്‍ ഭക്തിയുണ്ടായി എന്റെ സാമീപ്യമുക്തി ലഭിക്കും.
ലവകുശന്മാരുടെ രാമായണ പഠനം
വാല്മീകിയുടെ ആശ്രമത്തില്‍ വളരുന്ന ശ്രീരാമപുത്രന്മാരായ ലവനും കുശനും വേദാന്തത്തില്‍ താല്പര്യമുണ്ടായി. ലവന് ആത്മോപദേശം നല്കി. മഹര്‍ഷി താന്‍ രചിച്ച രാമായണം മുഴുവന്‍ അവരെ പഠിപ്പിച്ചു. അശ്വിനികുമാരന്മാരെപ്പോലെ അതിസുന്ദരന്മാരായ ലവനും കുശനും ആ രാമായണത്തെ വീണവായിച്ച് അതിന്റെ സ്വരസഹിതം വനത്തിലെങ്ങും പാടിക്കൊണ്ടു നടന്നു. അവിടെയുള്ള മുനിമാരെല്ലാം അവരുടെ മധുരസ്വരത്തേയും ആലാപനത്തെയും അത്യന്തം കീര്‍ത്തിച്ചു. ഗന്ധര്വ്വന്മാര്ക്കു തുല്യരാണ് ഈ കുട്ടികള്‍ എന്ന് അവര്‍ പറഞ്ഞു.
സംസാരബന്ധനവും ജീവന്മുക്തിയും –
കുശനുള്ള ഉപദേശം
ഒരുനാള്‍ ഏകാന്തതയില്‍ ഇരുന്ന വാല്മീകിമുനിയുടെ അടുത്തേക്ക് ചെന്നിട്ട് കുശന് ഇപ്രകാരം ചോദിച്ചു. ഭഗവാനേ, ജീവന് ഈ സംസാരബന്ധനം എങ്ങനെയുണ്ടായിയെന്ന് എനിക്കു പറഞ്ഞുതരണം. ഈ സംസാരത്തില്‍ നിന്നും എങ്ങനെ മോചനം പ്രാപിക്കാം എന്നും എനിക്കു വിശദമാക്കിത്തരണം. അതുകേട്ട് സന്തുഷ്ടനായ വാല്മീകി പറഞ്ഞു. (ഉത്തരകാണ്ഡം- സര്‍ഗ്ഗം 6- ശ്ലോ. 40 മുതല്‍ 56
ശ്രുണു വക്ഷ്യാമി തേ സര്‍വം
സംക്ഷേപാദ് ബന്ധമോക്ഷയോഃ
സ്വരൂപം സാധനം ചാപി
മത്തഃ ശ്രുത്വാ യഥോദിതം
തഥൈവാചര ഭദ്രം തേ
ജീവന്മുക്തോ ഭവിഷ്യസി
ദേഹ ഏവ മഹാഗേഹമ
നദേഹസ്യ ചിദാത്മനഃ
ഹേ കുഞ്ഞേ കേള്‍ക്കൂ, ഞാന്‍ നിന്നോട് ബന്ധമോക്ഷങ്ങളുടെ സ്വരൂപത്തെപ്പറ്റി സംക്ഷേപിച്ചു പറഞ്ഞുതരാം. ഇപ്പറയുന്നത് കേട്ട് നീ യഥോചിതം ആചരിച്ചാല്തീര്ച്ചയായും ജീവന്മുക്തനായി ഭവിക്കും. ദേഹഹീനനും ചേതനനുമായ ആത്മാവിന് ഈ ദേഹംതന്നെ വലിയൊരു ഭാരിച്ച ഗൃഹമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: