കൃഷ്ണന് മാഷ് കട്ടിലില്‍ എഴുന്നേറ്റിരുന്നു. പുറത്ത് സൂര്യന് ജ്വലിച്ചു നില്ക്കുന്നു. അസഹ്യമായ ചൂട് മുറിയ്ക്കകത്തും. ഇനി ഈ ഏകാന്തത അനുഭവിക്കാന്‍ വയ്യ. പകല്‍ മുഴുവന്‍ ഒറ്റയ്ക്ക്. സന്ധ്യയോടെയേ മകനും മരുമകളും കുട്ടികളും എത്തുകയുള്ളൂ. മകനും മരുമകള്‍ക്കും ഓഫീസില്‍ പോകണം. ഒരു ദിവസം പോലും അവര്‍ക്ക് ലീവെടുക്കാന്‍ ആവില്ലത്രെ. കുട്ടികള്‍ക്ക് വെക്കേഷന് ക്ലാസ്. പിന്നെ ട്യൂഷന്. എല്ലാം കഴിഞ്ഞ് എത്തുമ്പോഴേക്കും അവര്‍ തളര്‍ന്നിരിക്കും. ഈയിടെയായി അവരും തന്നില്‍നിന്ന് അകന്നു നില്ക്കുന്നു. അച്ഛന് എഴുന്നേല്ക്കുകയോ, പുറത്തിറങ്ങുകയോ ചെയ്യരുത്. വല്ല തലകറക്കവും ഉണ്ടായാലോ. കിടന്നോളണം. മകന്റെ സ്നേഹത്തില്‍ പൊതിഞ്ഞ ഉപദേശം. വയ്യ. ഈ ഏകാന്തത അനുഭവിക്കല് മടുത്തു.
കൃഷ്ണന് മാഷ് വാതില്‍ തുറന്ന് പുറത്തിറങ്ങി. തോര്‍ത്തുമുണ്ട് അഴയില്‍നിന്നും എടുത്തു. രണ്ടായിമടക്കി തലയില്‍ ഇട്ടു. സന്തതസഹചാരിയായ വടി കയ്യിലെടുത്തു. ഗെയിറ്റു കടന്ന് നാട്ടുവഴിയിലേക്ക് ഇറങ്ങി. നേരെ കിഴക്കോട്ട് നടന്നു. എന്തൊരു ആശ്വാസം.
വീടിനു സമീപത്തെ പാക്കുകണ്ടം നികത്തി താന്‍ വച്ച തൈകള്‍ എല്ലാം കുലച്ചു നില്ക്കുന്നു. അവയെല്ലാം കണ്‍കുളിര്‍ക്കെ നോക്കിക്കണ്ടു. അവയ്ക്ക് എന്തൊക്കെയോ തന്നോട് പറയാനുള്ളതുപോലെ. മാഷ് വീണ്ടും നടന്നു. ഇടയ്ക്ക് പുരുഷനെ കണ്ടു. തന്റെ ശിഷ്യന്. അവന്റെ ദേഹത്ത് വിയര്‍പ്പിന്റേയും ചേറിന്റേയും മണം. പാടത്ത് കൊയ്ത്ത് കഴിഞ്ഞ് വരികയാണ്. ഇതൊരു കൊയ്ത്തുകാലം. അവനുമായി അല്‍പ്പനേരം കുശലം പറഞ്ഞു.
അല്‍പ്പം കൂടി ചെന്നപ്പോള്‍ മാഷിനുതോന്നി. എന്തിനാ ഈ വടി? തൊട്ടടുത്തു കണ്ട വേലിപ്പത്തലില്‍ വടിതൂക്കി. തലയിലെ മുണ്ട് നേരെയിടുന്നു. എത്രയോ പ്രാവശ്യം താന്‍ നടന്നവഴി. ഇവിടുത്തെ ഓരോ മണ്‍തരിക്കും തന്റെ കാലിന്റെ ഗന്ധം അറിയാം. തോടിന് കുറുകെ ഉള്ള കോണ്‍ക്രീറ്റ് പാലം മാഷ് കയറി ഇറങ്ങി. നടന്നു.
മുന്നോട്ട് ചെന്നപ്പോള്‍ വീതിയുള്ള തോട്. അതിനക്കരെയാണ് തന്റെ പാടശേഖരം. പാടശേഖരത്തില്‍നിന്നും സ്ത്രീകളുടെ കൊയ്ത്തു പാട്ട്. മാഷ് കാതോര്‍ത്തു. എത്ര എത്ര കൊയ്ത്ത് കാലം കടന്നുപോയി. കൊയ്ത്ത് പാട്ട് അന്തരീക്ഷത്തില്‍ അലയടിച്ചു. മാഷ് ആവേശംകൊണ്ടു. തോടിനക്കരെ എത്തിയാല്‍ അവരെ ഒക്കെ കാണാം. ഉടുത്തിരുന്ന മുണ്ട് കയറ്റി മാടിക്കുത്തി. തോട്ടുവക്കത്ത് ഇരുന്നു. പിന്നെ ജീവിതത്തിന്റെ താഴ്വാരത്തിലേക്ക് മാഷ് വലതുകാല്‍ എടുത്തുവച്ചു. അപ്പോള്‍ ആ മുഖത്ത് ആഹ്ലാദത്തിന്റെ നിലാത്തിരി കത്തിനിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: