പിറ്റേന്നെഴുന്നേറ്റതും ദേവപ്രശ്നത്തില്‍ പന്ത്രണ്ട് ഭാവങ്ങള്‍ കൊണ്ട് ചിന്തിക്കേണ്ട കാര്യങ്ങളെന്തെന്ന് രാമശേഷന് ഒന്നു കണ്ണോടിച്ചു.
ലഗ്നഭാവം കൊണ്ട് ദേവസാന്നിധ്യവും ബിംബവും ഉള്‍മതിലും.
രണ്ടാം ഭാവം: നിക്ഷേപം, ഭണ്ഡാരം, ധനാഗമം, ഭരണാധികാരി.
മൂന്ന്: നിവേദ്യം, പരിചാരകന്മാര്.
ഇത്രയും ഭാവങ്ങളിലൂടെ ഒന്നു കണ്ണോടിച്ചപ്പോഴേക്കും മറ്റു ഭാവങ്ങള്‍ ഓരോന്നായി പൊടിതട്ടിയെഴുന്നേറ്റ് മനസ്സില്‍ നിരന്നു. പൊടുന്നനെ എല്ലാം ഓര്‍മ്മയില്‍ തികട്ടി. മറവിയുടെ ഏതാഴങ്ങളിലാണ് ഈ ഭാവനിരൂപണങ്ങളെല്ലാം പോയി ഒളിച്ചിരുന്നത്?
പ്രപഞ്ചശക്തികളോട് സമസ്താപരാധം പറഞ്ഞ് രാമശേഷന് വായന തുടര്‍ന്നു.
തഞ്ചാവൂരില്‍ എംഎ സിലബസ്സില്‍ കാര്യമായ ദേവപ്രശ്നമുണ്ടായിരുന്നില്ല. രണ്ടുവര്‍ഷംകൊണ്ട് പഠിച്ചു തീര്‍ക്കാന്‍ കഴിയുന്നതല്ല കടലോളം ആഴപ്പരപ്പുള്ള ജ്യോതിശ്ശാസ്ത്രം. എങ്കിലും അറിഞ്ഞോ അറിയാതെയോ ഇടയ്ക്കൊക്കെ ഗുരുനാഥന് ആ വിഷയത്തില്‍ ഒന്നുതൊട്ടു. എല്ലാ അംഗങ്ങളും ഏതെങ്കിലും തരത്തില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. തമിഴ്നാട്ടിലെ പ്രമുഖ ക്ഷേത്രങ്ങളിലെ ദേവപ്രശ്നങ്ങള്‍ക്കു പോലും കേരളത്തിലെ ജ്യോതിഷികളെയാണ് ദൈവജ്ഞരായി ക്ഷണിച്ചിരുന്നതെന്ന് ഗുരുനാഥന് അവരോടുള്ള ആദരവ് പ്രകടിപ്പിച്ചു.
കുഴല്‍മന്ദം ഗുരുനാഥന് ദേവപ്രശ്നത്തില്‍ ആളൊരു കേമനായിരുന്നു. ഉശിരന്‍ ശിഷ്യന്മാരും. തീര്‍ത്ഥാടന വിശുദ്ധിയോടെയാണ് പ്രശ്നങ്ങള്‍ക്ക് പോയിരുന്നത്. ഗുരുവായൂര്‍ ശബരിമല പ്രശ്നത്തില്‍ പങ്കെടുത്തതോടെ ആഗോള പ്രശസ്തിയായി. ഇന്ത്യക്ക് വെളിയിലെ ക്ഷേത്രങ്ങളിലേക്കും ക്ഷണം കിട്ടിത്തുടങ്ങി. പിന്നീടദ്ദേഹം ജാതകപരിശോധന അവസാനിപ്പിച്ച് മുഴുവന്‍ സമയ ദേവപ്രശ്നക്കാരനായി.
ഗ്രാമത്തിലെ ശിവന് കോവിലില്‍ ബിംബം കളവുപോയപ്പോള്‍ കുഴല്‍മന്ദമാണ് വന്നത്. അതിനു മുന്‍പ് അതികാലത്ത് പോലീസും സംഘവും വന്നു. ശ്രീകോവിലില്‍ നിന്നും മണംപിടിച്ചുപോയ നായ ക്ഷേത്രത്തിനു പിറകിലെ വയല്‍ വരമ്പിലൂടെ ഓടി വയല്‍ അവസാനിക്കുന്നിടത്ത് പാതയോരത്ത് നിന്നു കുരച്ചു. അവിടെ ഒരു ജീപ്പു നിന്നതിന്റെ ലക്ഷണമുണ്ടായിരുന്നു. അതോടെ ജീപ്പിനെ കേന്ദ്രീകരിച്ചായി അന്വേഷണം. അത് അയല്‍സംസ്ഥാനങ്ങളിലേക്ക് നീണ്ടു. എന്നാല്‍ ബിംബം അതിര്‍ത്തി വിട്ടു പോയിട്ടില്ല എന്നായിരുന്നു ദൈവജ്ഞ നിരൂപണം. ബിംബത്തില്‍ ജലസ്പര്‍ശമുണ്ടെന്നും കുഴല്‍മന്ദം കൂട്ടിച്ചേര്‍ത്തു. അതോടെ ക്ഷേത്രക്കിണറ്റിലായി തിരച്ചില്‍. ആ ശ്രമം വിഫലമായപ്പോള്‍ ക്ഷേത്രത്തിനു ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്ന വയലിലായി. ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളും വയലിലേക്കിറങ്ങി. ഉച്ചയോടെ ബിംബം കണ്ടുകിട്ടി. വരമ്പിനടിയിലെ വെള്ളം പോകാനെടുത്ത വലിയ വട്ടത്തില്‍ തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു ബിംബം. മോഷണസംഘം ജീപ്പില്‍ വന്നതും പാതയോരത്ത് പാര്‍ക് ചെയ്തതും സത്യം തന്നെ. എന്നാല്‍ അവര്‍ക്കത് കടത്താന്‍ കഴിഞ്ഞിട്ടില്ല. ആ കണ്ടെത്തലും ബിംബത്തിന്റെ തിരിച്ചുകിട്ടലും കുഴല്‍മന്ദത്തിന്റെ കര്‍മ്മജീവിതത്തില്‍ ഒരു പൊന്‍തൂവലായി. ഏര്‍പ്പെടുന്ന ദേവപ്രശ്നങ്ങളിലെല്ലാം അദ്ദേഹം തന്റെ മികവ് തെളിയിച്ചു.
ശിഷ്യന്മാരില് ചിലര്‍ക്ക് തങ്ങള്‍ ഗുരുനാഥനേക്കാള് വലിയവരായി എന്ന തോന്നലുണ്ടായി. അവര്‍ സംഘമുണ്ടാക്കി ചെറിയ ചെറിയ ക്ഷേത്രപ്രശ്നങ്ങള് ഏറ്റെടുത്തു തുടങ്ങി. വരുമാനം വര്‍ദ്ധിച്ചതോടെ ആളോരോരുത്തര്ക്കും സ്വന്തം വണ്ടിയായി.
ഒരു ശിഷ്യന് ഒരു ക്ഷേത്രത്തില്‍ പ്രശ്നം വെച്ചിട്ട് പറഞ്ഞു.
”ഒരു മാസത്തിനകം തമിഴ്നാട്ടിലെ ഒരു ധനികന് ഇവിടെ ആനയെ നടയിരുത്തും…”
കേട്ടവര്‍ കേട്ടവര്‍ അന്തംവിട്ടു. അമ്പലത്തിന് സ്വന്തമായി ആനയോ?
അടുത്തയാഴ്ച തമിഴ്നാട്ടിലെ ധനികന്റെ വീട്ടില്‍ പ്രശ്നം വെപ്പായിരുന്നു.
”ഒരു മാസത്തിനകം ആ ക്ഷേത്രത്തില്‍ ഒരാനയെ നടയിരുത്തിയാല്‍ മാത്രമേ ഈ പ്രശ്നത്തില്‍ നിന്ന് കുടുംബത്തിന് മോചനമുള്ളൂ…”
അവര്‍ ആനയെ നടയിരുത്താന്‍ കെല്‍പ്പുള്ളവരായിരുന്നു.
അങ്ങനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ദേവപ്രശ്നത്തില്‍ ഇല മുള്ളില്‍ തട്ടി. ഇല മുറിഞ്ഞ് രണ്ടായി. വാര്‍ത്ത പത്രങ്ങളും ചാനലുകളും ഏറ്റുപിടിച്ചു. അതോടെ ശിഷ്യന് തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതിയായി. ദേവപ്രശ്നത്തിനു പോക്ക് അടഞ്ഞ അദ്ധ്യായമായി.
”ഇതൊരു പാഠമാണ്”, ദിനകരന് സാര്‍ ഉപദേശരൂപേണ എല്ലാവരോടുമായി പറഞ്ഞു. ”തൊഴിലില്‍ മായം കലര്‍ത്തരുത് എന്ന പാഠം…”
അദ്ദേഹം രാമശേഷനോട് ആവര്‍ത്തിച്ചു.
”ദേവപ്രശ്നം ഏല്‍ക്കാത്തത് നന്നായി…ഇത് കുട്ടിക്കളിയല്ല…”
ദിനകരന് സാറുടെ സാന്നിദ്ധ്യം അയാള്‍ക്ക് ആറുതലായി. അടുത്തയാഴ്ച തന്നെ ക്ലാസ്സ് പുനരാരംഭിക്കാന്‍ രാമശേഷന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: