മലപ്പുറം: വന്‍ ദുരന്തമാണ് നിലമ്പൂര്‍ കവളപ്പാറയിലും വയനാട് മേപ്പാടിയിലും ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ നിരവധി ജീവനുകളാണ് ഇല്ലാതായത്. കുത്തിയൊഴുക്കില്‍ എത്രപേര്‍ പെട്ടെന്നോ ആരൊക്കെ ജീവിച്ചിരിക്കുന്നുവെന്നോ ഇപ്പോഴും കണക്കില്ല. രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പുനരധിവാസവും തുടരുകയാണ്. ദുരന്തങ്ങള്‍ ഇനിയും നാടിനെ വിഴുങ്ങുമെന്നതാണ് കഴിഞ്ഞ പ്രളയ ശേഷവും ഇപ്പോഴുമുള്ള സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഖനനങ്ങള്‍ക്ക് യാതൊരു നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ സാധിക്കാത്തതാണ് മലയോര മേഖലകള്‍ ദുരന്തഭൂമിയാകാനുള്ള പ്രധാന കാരണം. ഈ വഴിവിട്ട അനുമതികള്‍ക്ക് നല്‍കേണ്ടിവന്നത് അനവധി മനുഷ്യ ജീവനുകളും.
മലപ്പുറം ജില്ലയിലെ ഏഴ് താലൂക്കുകളില്‍ അനുമതിയോടെയും അല്ലാതെയും കരിങ്കല്‍, ചെങ്കല്‍ ക്വാറികള്‍ സജീവമാണ്. ഏറനാട് 659, നിലമ്പൂര്‍ 79, പെരിന്തല്‍മണ്ണ 497, തിരൂര്‍ 232, പൊന്നാനി 22, തിരൂരങ്ങാടി 300 ഉള്‍പ്പെടെ ആകെ 1789 ചെറുതും വലുതുമായ ക്വാറികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 806 എണ്ണവും പ്രവര്‍ത്തിക്കുന്നവയാണ്. 983 എണ്ണം താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയവയും ഉപേക്ഷിച്ച് വെള്ളം കെട്ടിക്കിടക്കുന്നവയും. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ മാത്രം 39 എണ്ണമാണ്. പോത്തുകല്ല്, എടവണ്ണ, കുറുമ്പലങ്ങോട് എന്നിവിടങ്ങളിലും ക്വാറികള്‍ സജീവമാണ്.
ഇവയെല്ലാം തന്നെ സ്വകാര്യമേഖലയിലാണ്.
ദിവസേന നൂറ് കണക്കിന് ടിപ്പറുകളില്‍ കരിങ്കല്‍ ചീളുകള്‍ മലയിറങ്ങിയപ്പോള്‍ ഈ പ്രദേശങ്ങളില്‍ രൂപപ്പെടുന്നത് ആഴമേറിയ കുഴികളാണ്. ഈ കുഴികളെല്ലാം വെള്ളം നിറഞ്ഞു കിടക്കുന്നു. ഖനനത്തിനു വേണ്ടി കാടുകള്‍ വെട്ടി വെളുപ്പിച്ചും പാറകള്‍ക്ക് മുകളിലെ മണ്ണുകള്‍ ഇടിച്ച് നീക്കിയതും ഉരുള്‍പൊട്ടലിന് കാരണമാകുന്നു. കോഴിക്കോട് ഏഴും വയനാട്ടിലും മലപ്പുറത്തും രണ്ട് വീതവും ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. ശക്തമായ ഉരുള്‍പൊട്ടലുണ്ടായ പതിനൊന്ന് സ്ഥലങ്ങളിലും പാറമടകളുണ്ടായിരുന്നു. ഉരുള്‍പൊട്ടലുകളുണ്ടായ മലയുടെ ഏതെങ്കിലുമൊരു ഭാഗത്ത് ഒരു പാറമടയുണ്ട്.
ഓരോ ക്വാറികളിലെയും സ്ഫോടനങ്ങള്‍ പശ്ചിമഘട്ട മലനിരകളെ അസ്ഥിരപ്പെടുത്തുകയാണ്. ഓരോ സ്ഫോടനത്തിലും പശ്ചിമഘട്ട മലനിരകള്‍ കുലുങ്ങും. വലിയ തോതിലുള്ള മഴ പെയ്യുമ്പോള്‍ ദുര്‍ബലമായിരിക്കുന്ന മലകള്‍ ഒറ്റയടിക്ക് ഒഴുകി പോകുന്ന അവസ്ഥയുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളും ഖനനവും പാടില്ലെന്ന് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. എന്നാല്‍ നാമത് ചെവിക്കൊണ്ടില്ലെന്ന് പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വന ഗവേഷകനും ശാസ്ത്രജ്ഞനുമായ ഡോ. ടി. വി. സജീവ് പറയുന്നു.
പ്രളയ ശേഷവും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ആറുമാസത്തിനകം സ്വകാര്യമേഖലയിലെ ഖനനം നിരോധിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കാതെ ഇത് പുര്‍ണമായും പൊതുമേഖലയിലാക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. പരിസ്ഥിതി ആഘാതപഠനമില്ലാതെ ഖനനാനുമതി നല്‍കരുതെന്ന സുപ്രീം കോടതി വിധി മറികടന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനു പുറമേ ദൂരപരിധിയില്‍ പോലും ഇളവുനല്‍കി ക്വാറി മാഫിയയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മലപ്പുറം കവളപ്പാറയില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടായതോടെയാണ് ഖനനത്തിന് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: