ദേവിയെ രഘുനാഥന് അപവാദം ഭയന്ന് ഉപേക്ഷിച്ചിരിക്കുന്നു. മാതാവേ. ഞാനിതില്‍ നിരപരാധിയാണ്. ദേവി വാല്മീകിയുടെ ആശ്രമത്തിലേക്കുപോകുക. എന്നു പറഞ്ഞു. ലക്ഷ്മണന് വേഗം അയോദ്ധ്യയിലേക്കു മടങ്ങിപ്പോയി. ദുഃഖിതയായ സീത കരയാന്‍ തുടങ്ങി. വാല്മീകിയുടെ ശിഷ്യന്മാരില് നിന്നും ഈ വാര്‍ത്തകേട്ട് ദിവ്യദൃഷ്ടികൊണ്ട് എല്ലാം അറിഞ്ഞ മഹര്‍ഷി ഇത് രാമപത്നിയായ ലക്ഷ്മീദേവിയാണെന്ന് ആശ്രമമാതാക്കളോടു പറഞ്ഞു. അവര്‍ സീതയെ ആശ്രമത്തില്‍ കൂട്ടിക്കൊണ്ടുപോയി നന്നായി പൂജിക്കുകയും പരിചരിക്കുകയും ചെയ്തു. ഇതോടെ മൂലഗ്രന്ഥത്തില്‍ നാലാം സര്‍ഗ്ഗം അവസാനിക്കുന്നു.
ഉത്തരരാമായണം മൂന്നാമധ്യായത്തില്‍ ശ്രീരാമന് സീതയോടൊത്ത് സുഖമായി വസിക്കുമ്പോള്‍ സീതക്കു ഗര്‍ഭമുണ്ടായി. ഒരു ദിവസം രാമന് സീതയോടു ചോദിക്കുന്നു.‘നീ ഗര്‍ഭിണിയാണല്ലോ. ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ത്രീകളുടെ ആഗ്രഹം എന്തായാലും അതു സാധിച്ചുകൊടുക്കണം. നിനക്ക് എന്താണ് ആഗ്രഹമുള്ളതെന്ന് എന്നോടു പറയുക.’അതുകേട്ട് സീത പറഞ്ഞു. പണ്ട് നാം വനവാസത്തിനുപോയപ്പോള്‍ ഓരോരോ ആശ്രമത്തില്‍ ചെന്ന് മുനിമാരുടെ പത്നിമാരുമായി സൈ്വരമായി വസിച്ചല്ലോ. അതുപോലെ ആശ്രമങ്ങള്‍ കാണാനും അവരോടൊത്ത് അല്പനാള് താമസിക്കണമെന്നും എനിക്കാഗ്രഹമുണ്ട്.’എന്നാല്‍ സൗമിത്രിയേയും കൂട്ടി നാളെത്തന്നെ പോകാന്‍ ഏര്‍പ്പാടുചെയ്യാം. എന്ന് രാമന് വാക്കുകൊടുത്തു.
അന്നാണ് ചാരന്മാരായ വിജയനും മധുമത്തനും നാട്ടുവിശേഷങ്ങളുമായി ശ്രീരാമനെ കാണാന്‍ എത്തിയത്. നാട്ടില്‍ തന്നെപ്പറ്റിയും സീതയെപ്പറ്റിയും അനുജന്മാരെപ്പറ്റിയും എന്തൊക്കെയാണ് അഭിപ്രായമെന്നു ചോദിച്ചപ്പോള്‍ അവര്‍ ശ്രീരാമന്റെ ഗുണഗണങ്ങള്‍ വാഴ്ത്താന്‍ തുടങ്ങി. ഗുണങ്ങള്‍ ഉള്ളവര്‍ക്കു ദോഷങ്ങളും ഉണ്ടാകും. അതാണ് തനിക്കറിയേണ്ടതെന്ന് ശ്രീരാമന് അവരോടു പറഞ്ഞു. അതുകേട്ട് വിജയന് ഇങ്ങനെ പറഞ്ഞു.
അച്യുതനോടു സമമായ
രാഘവന് പുനരിച്ചെയ്ത
കര്‍മമെന്തു മറ്റുള്ളോര്‍ക്കറിയാവൂ?
ന്യായമില്ലാതെ ദശകണ്ഠനാം
നിശാചരന്‍ മായയുമേറ്റമുള്ളോന്‍
കട്ടുകൊണ്ടങ്ങുപോയി
ലങ്കയില്‍ പലകാലം
വച്ചിരുന്നവള്‍തന്നെശ്ശങ്കകൂടാതെ
പരിഗ്രഹിച്ചതെന്തുരാമന്‍?
രാജാവു കല്പിച്ചതു കാര്യ
മെന്നൊഴിഞ്ഞുമറ്റാ
ചാരമെന്തു പറയുന്നതു പൗരജനം?
എന്നെല്ലാം ചിലര്‍ പറയുന്നതു കേള്‍പ്പാനുണ്ടു മന്നവ!
മറ്റൊന്നില്ല ദോഷമായിട്ടു ചൊല്വാന്.
ഇതുകേട്ടയുടന്‍ രാമന് സഹോദരന്മാരെ വരുത്താന്‍ കല്പ്പിച്ചു. അവര്‍ മൂവരുംവന്നു കഴിഞ്ഞപ്പോള്‍ അവരെ ആലിംഗനം ചെയ്തുകൊണ്ട് രാമന് പറഞ്ഞു. സീതയെപ്പറ്റി പ്രജകള്‍തമ്മില്‍ പറയുന്ന അഭിപ്രായം അവരെ അറിയിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: