അയോദ്ധ്യയും രാമക്ഷേത്രവും വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. രാമജന്മഭൂമി പ്രശ്നത്തില്‍ സുപ്രീംകോടതി മുമ്പാകെയുള്ള ഹര്‍ജികളില്‍ നാളെ (ചൊവ്വാഴ്ച) മുതല്‍ തുടര്‍ച്ചയായി വാദംനടക്കും. ഏതാണ്ട് 134 വര്‍ഷത്തെ പഴക്കമുള്ള ഒരു സിവില്‍ അന്യായത്തിന്റെ അവസാന വിധിക്കാണ് രാജ്യം കാത്തിരിക്കുന്നത്. പ്രശ്നം സമവായത്തിലൂടെ പരിഹരിക്കാന്‍ കോടതി ചില നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് വിശദമായി വാദംകേട്ട് വിധിപറയാനായി തീരുമാനിച്ചത്. കാര്യം ഉറപ്പാണ്, രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് വേദി ഒരുങ്ങുകയാണ്. ഇപ്പോള്‍ അവിടെ ഒരു താല്‍ക്കാലിക രാമക്ഷേത്രമുണ്ട്. നടക്കേണ്ടത് പുനര്‍നിര്‍മ്മാണമാണ്. കോടാനുകോടി ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നതു പോലെ ശ്രീരാമന്റെ ജന്മസ്ഥാനത്ത് മനോഹരമായ ഒരു മഹാക്ഷേത്രം.
സരയൂ നദീതീരത്തെ രാമജന്മഭൂമിയില്‍ ഉണ്ടായിരുന്നത് ഒരു മനോഹര രാമക്ഷേത്രംതന്നെയാണ്. ഒപ്പം രാമലാലയുടെ വിഗ്രഹവും. അതാണ് ബാബറിന്റെ സേന തകര്‍ത്തത്. 1528ല്‍ ബാബര്‍ അയോദ്ധ്യ സന്ദര്‍ശിച്ചിരുന്നുവെന്നും അവിടെക്കണ്ട മഹാക്ഷേത്രം തകര്‍ക്കാന്‍ നിര്‍ദേശം നല്‍കിയെന്നുമാണ് ചരിത്രം. ബാബറിന്റെ സേനാധിപനായിരുന്ന മിര്‍ ബാഖി ആ ക്രൂരകൃത്യം നിര്‍വഹിച്ചു. ക്ഷേത്രം തകര്‍ക്കുക മാത്രമല്ല അതിനുമേല്‍ ഒരു പള്ളി നിര്‍മ്മിക്കാനും തയ്യാറായി. ഏതാണ്ട് 400ല്‍ ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആ മഹാപാതകത്തിന് പരിഹാരം കാണുക എന്നതാണ് സുപ്രീംകോടതിയുടെ ദൗത്യം. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇത് നാഴികക്കല്ലാവും.
1980കളിലാണ് രാമക്ഷേത്ര പ്രശ്നം വീണ്ടും ഉയര്‍ന്നുവന്നത്. ഹിന്ദുസമാജത്തിന്റെ ന്യായമായ അഭ്യര്‍ത്ഥനയായിരുന്നു അത്. ഇന്ത്യയിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ വിദേശ അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്. അതില്‍ അയോധ്യയും കാശിയും മഥുരയും വിട്ടുനല്‍കണം എന്നായിരുന്നു ഹിന്ദുസമൂഹത്തിന്റെ അഭ്യര്‍ത്ഥന. അയോദ്ധ്യ ശ്രീരാമന്റെ ജന്മസ്ഥാനം, മഥുര ശ്രീകൃഷ്ണ ജന്മഭൂമി, കാശി വിശ്വനാഥന്റെ ക്ഷേത്രവും. സന്യാസി സമൂഹമാണ് അതിനായി മുന്നിട്ടിറങ്ങിയത്. കാശ്മീരം മുതല്‍ കന്യാകുമാരി വരെയുള്ള സന്യാസി ശ്രേഷ്ഠന്മാര് മാര്‍ഗദര്‍ശക് മണ്ഡലിന്റെ കീഴില്‍ അണിനിരന്നു. പക്ഷേ, കോടാനുകോടി ഹിന്ദുവിശ്വാസികളുടെ ആഗ്രഹം നടപ്പിലാവില്ലെന്ന് ഉറപ്പുവരുത്താന്‍ തീവ്രവാദികളും കമ്മ്യുണിസ്റ്റുകളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും രംഗത്തിറങ്ങി. ഒരുവിധത്തില്‍ പരസ്പര ചര്‍ച്ചയിലൂടെ സമാധാനപരമായി പരിഹൃതമാവേണ്ട പ്രശ്നമായിരുന്നു അത്. അയോധ്യയിലെ ജനത, ജാതി-മത ഭേദമന്യേ, ഏതാണ്ടൊക്കെ രാമക്ഷേത്ര നിര്‍മ്മാണത്തിന് അന്ന് അനുകൂലമായിരുന്നു. അവിടെയുള്ളവര്‍ക്ക് സരയൂതീരത്തെ ആ നഗരമാണ് രാമജന്മസ്ഥാന് എന്നതില്‍ സംശയവുമുണ്ടായിരുന്നില്ല. അവിടത്തെ തപാല്‍ ഓഫീസിന് രാമജന്മഭൂമി എന്നാണ് ഇപ്പോഴും പേര്. എന്നാല്‍, കുറെ ഇടത് ചരിത്രകാരന്മാരും ചില ഇസ്ലാമിക തീവ്രവാദികളും രാഷ്ട്രീയക്കാരും ചേര്‍ന്ന് പ്രശ്നം വിവാദമാക്കി. അവര്‍ മുസ്ലിം മനസ്സുകളെ വിഷലിപ്തവുമാക്കി. ശ്രീരാമന്റെ ജന്മസ്ഥലത്തെ ചോദ്യംചെയ്യുക മാത്രമല്ല ശ്രീരാമനെയും രാമായണത്തെയും ആക്ഷേപിക്കാനും അവര്‍ മുതിര്‍ന്നു. രാജ്യത്തുടനീളം, ജനകോടികള്‍ അണിനിരന്ന പ്രക്ഷോഭത്തിന് വഴിയൊരുക്കിയത്, അതിന് വിശ്വാസികളെ നിര്‍ബന്ധിതമാക്കിയത് ഇക്കൂട്ടരൊക്കെയാണ്.
ഇതില്‍ രാഷ്ട്രീയ ഇടപെടലുണ്ടായത് ബിജെപിയുടെ പക്ഷത്തുനിന്നാണെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ അത് യാഥാര്‍ഥ്യബോധത്തോടെയുള്ള വിലയിരുത്തലായിരുന്നില്ല. സെയ്ദ് ഷഹാബുദ്ദിന്, സിപിഎം നേതാക്കള്‍, മുലായം സിങ് യാദവ് തുടങ്ങിയവരാണ് ആദ്യം ഇതില്‍ ഇടപെട്ടത്. പിന്നാലെ കോണ്‍ഗ്രസും അത് ഏറ്റെടുത്തു. മുസ്ലിം വോട്ടായിരുന്നു കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് നേതാക്കളുടെ ലക്ഷ്യമെങ്കില്‍ ഹിന്ദുക്കളുടെ വോട്ട് ആണ് കോണ്‍ഗ്രസ് ലക്ഷ്യംവച്ചത്. രാജീവ്ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തത് ആ സര്‍ക്കാരിന്റെ കാലത്താണ്. അന്ന് കോണ്ഗ്രസുകാരന് വീര്‍ ബഹാദൂര്‍ സിങ് ആയിരുന്നു യുപി മുഖ്യമന്ത്രി. പിന്നീട്, ശിലാന്യാസത്തിന് അനുമതി നല്കിയപ്പോള് എന്‍.ഡി. തിവാരി (കോണ്‍ഗ്രസ്) ആയിരുന്നു യുപി മുഖ്യമന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ബുട്ടാ സിങ്ങും തിവാരിയും ചേര്‍ന്ന് വിഎച്ച്പി നേതാവ് അശോക് സിംഗാളിനോട് ചര്‍ച്ചനടത്തിയതും ശിലാന്യാസം അനുവദിച്ചതും ചരിത്രമാണ്. 1989 നവംബര്‍ 10ന് ശിലാന്യാസം നടന്നത് ഇപ്പോള്‍ തര്‍ക്കഭൂമി എന്ന് പറയുന്ന സ്ഥലത്താണ്.
1989ലെ പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണം കോണ്‍ഗ്രസ് ആരംഭിച്ചത് അയോധ്യയില്‍ നിന്നായിരുന്നു. ഇന്ത്യയെ രാമരാജ്യമാക്കും എന്ന് രാജീവ്ഗാന്ധി അവിടെ പ്രസംഗിച്ചു. മണിശങ്കരയ്യരാണ് രാജീവിന്റെ ആ പ്രസംഗം എഴുതിയത് എന്നുകേട്ടിട്ടുണ്ട്. അത്രയൊക്കെ പറഞ്ഞവരും ചെയ്തവരുമാണ് ഇപ്പോള്‍ രാമക്ഷേത്ര പദ്ധതിയെ വിമര്‍ശിക്കുന്നത്. ശിലാന്യാസം നടന്നിടത്ത് എന്തുകൊണ്ട് ക്ഷേത്രം നിര്‍മ്മിച്ചുകൂടാ? ശിലാന്യാസത്തിന് അനുമതി നല്കിയവര് പിന്നെന്തുകൊണ്ട് രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നു? ഇതൊക്കെയാണ് ഹിന്ദുക്കളെ പ്രകോപിപ്പിച്ചത്. രാജ്യമെമ്പാടും അനവധി പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചതും അതാണ്. അതിന്റെ പരിസമാപ്തിയായിരുന്നു 1992 ഡിസംബര്‍ ആറിന് നാം കണ്ടത്. അയോദ്ധ്യ വിഷയത്തില്‍ ബിജെപി നിലപാടെടുക്കുന്നത് 1989ല്‍ തന്നെയാണ്. പാലംപൂരില്‍ നടന്ന ദേശീയ നിര്‍വ്വാഹകസമിതിയില്‍. രാമക്ഷേത്ര നിര്‍മ്മാണത്തിനുവേണ്ട സഹായങ്ങള്‍ നല്‍കുമെന്നാണ് അന്ന് തീരുമാനിച്ചത്. ബിജെപി രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ വേണ്ട എന്നായിരുന്നു തീരുമാനം. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള യത്നത്തില്‍ ഉള്‍പ്പെട്ടിരുന്നത് ഹൈന്ദവ സംഘടനകളും സന്യാസിമാരും ആയിരുന്നുവല്ലോ.
ഭൂമി സംബന്ധിച്ച സിവില്‍കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ക്ഷേത്രഭൂമി സംബന്ധിച്ചാണ് തര്‍ക്കം. എന്നാല്‍ അത് മൂന്ന് ഹര്‍ജിക്കാര്‍ക്ക് തുല്യമായി വീതിക്കാന്‍ നിര്‍ദേശിക്കുകയാണ് കോടതി ചെയ്തത്. അതായിരുന്നില്ല യഥാര്‍ഥത്തില്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നത്. ആ ഉത്തരവിനെയാണ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഭൂമി കേസാണ് എങ്കിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പര്യവേഷണത്തിന്റെ രേഖകളും റിപ്പോര്‍ട്ടുകളും ഈ കേസില്‍ പ്രധാനമാണ്. അവിടെയുണ്ടായിരുന്ന പള്ളി നിര്‍മ്മിച്ചത് ഒരു ക്ഷേത്രം തകര്‍ത്തിട്ടാണ് എന്നത് എഎസ്ഐ കണ്ടെത്തിയിരുന്നല്ലോ. അതുപോലെ പ്രധാനമാണ് ഷിയാ വഖഫ് ബോര്‍ഡും മറ്റും എടുത്തിട്ടുള്ള നിലപാട്. ഒരു ക്ഷേത്രം നിന്നിരുന്നിടത്ത്, ഹിന്ദുക്കള്‍ ആരാധന നടത്തുന്ന സ്ഥലത്ത് പള്ളി പാടില്ല എന്നുള്ള അവരുടെ നിലപാട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
തര്‍ക്കഭൂമിയോട് ചേര്‍ന്നുള്ള 67.7 ഏക്കര്‍ ഭൂമി രാമജന്മഭൂമി ന്യാസിന്റെ വകയായിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനായി അവര്‍ വാങ്ങിച്ചതാണ് ആ ഭൂമി. 1992 ഡിസംബര്‍ ആറിന് തര്‍ക്കമന്ദിരം തകര്‍ന്നതിനുശേഷം കേന്ദ്രസര്‍ക്കാര്‍ ആ ഭൂമി ബലമായി ഏറ്റെടുത്തു. ഇക്കഴിഞ്ഞ ജനുവരിയില്‍ ആ ഭൂമി അതിന്റെ യഥാര്‍ഥ ഉടമസ്ഥന് തിരികെനല്കാന് അനുമതിതേടി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹിന്ദുസമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത രാമക്ഷേത്രത്തിന് ആ സ്ഥലംകൂടി അനിവാര്യമാണ്. അയോദ്ധ്യ കേസിലെ ഈ കോടതിവിധിക്കൊപ്പം ഇക്കാര്യത്തിലും നിര്‍ദ്ദേശം ഉണ്ടാവുമെന്ന് കരുതാം.
കോടതി വിധി എന്താവുമെന്ന് ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. പക്ഷെ, ഇന്ന് ആ തര്‍ക്ക ഭൂമിയിലുള്ളത് ഒരു ക്ഷേത്രമാണ്. ശ്രീരാമ ലാലയുടെ വിഗ്രഹവും നിത്യപൂജയും മറ്റുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഭക്തരെത്തുന്നുണ്ട്. ക്ഷേത്രത്തിലെ ശാന്തിക്കാരന് ശമ്പളം കൊടുക്കുന്നത് സര്‍ക്കാരാണ്. അതുകൊണ്ട് അത് അവിടെത്തന്നെ നിലനില്ക്കും. രാമജന്മസ്ഥാനത്ത് തന്നെയാണിത് എന്നും ഓര്‍ക്കണം. ഹിന്ദുസമൂഹം സ്വാഭാവികമായും പ്രതീക്ഷിക്കുന്നത് രാമക്ഷേത്രത്തിന് വേണ്ടിയുള്ള ഉത്തരവ് കോടതിയില്നിന്നുണ്ടാവും എന്നുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: