എന്തും നടത്തികൊടുക്കുന്നവരാണ് ചില പത്രലേഖകര്‍, ഭാഷയിലെ ഏതുക്രിയയുടെ കൂടെയും ‘നടത്തി’ ചേര്‍ക്കാമെന്ന് അവര്‍ തെളിയിച്ച് കൊണ്ടിരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് ‘നടപ്പാക്കും’ എന്നതും വെറും വാഗ്ദാനമാണ്. ചില പത്രപ്രവര്‍ത്തകരാണ് അത് എല്ലായിടത്തും ‘നടപ്പാക്കി’ക്കൊണ്ടിരിക്കുന്നത്!
പത്രങ്ങളില്‍നിന്ന്:
‘മുസ്ലിം സ്ത്രീകളുടെ സംരക്ഷണമെന്ന പേരില്‍ മോദിയും കൂട്ടരും നടത്തുന്നത് മുതലക്കണ്ണീരാണെന്ന കാര്യം എല്ലാവിഭാഗം ജനങ്ങളെയും ബോധ്യപ്പെടുത്താനുള്ള കടമ എല്ലാവര്‍ക്കുമുണ്ട്.’
മുതലക്കണ്ണീരും നടന്നുതുടങ്ങിയിരിക്കുന്നു! കണ്ണീരിന്റെയായാലും ഒഴുക്കിനെക്കാള്‍ നല്ലത് നടപ്പുതന്നെ.
കണ്ണീരിനെപ്പോലെ താമസിക്കാതെ പുഞ്ചിരിയും ചിരിയുമെല്ലാം നടന്നേക്കാം.
‘അദ്ദേഹത്തിന്റെ ഫലിതപ്രയോഗങ്ങള്കേട്ട് സദസ്സ് ഒന്നടങ്കം പൊട്ടിച്ചിരി നടത്തി’
‘നേതാവ് അടുത്തെത്തിയപ്പോള്‍ ആ കൊച്ചുമിടുക്കി പുഞ്ചിരി നടത്തി’ എന്നെല്ലാം ഇനിവായിക്കേണ്ടിവരും.
‘ആര്‍ത്തുപെയ്യുന്ന കര്‍ക്കടക മഴമേഘങ്ങളെ കാത്തുവെയ്ക്കുക തന്നെവേണം.’
മഴവെള്ളം സംഭരിക്കാം, സൂക്ഷിക്കാം. മഴമേഘങ്ങളെ എങ്ങനെ കാത്തുവെയ്ക്കാന്‍ കഴിയും? മേഘങ്ങളെ സൂക്ഷിച്ച് വെച്ച്, ആവശ്യമുള്ളപ്പോള്‍ മഴയാക്കിയെടുക്കാന് കഴിഞ്ഞാല്‍ നന്നായിരിക്കും.
ഒരു ഭക്ഷണ പംക്തിയില്നിന്ന്:
‘നമ്മള് വിചിത്രമായ സമയത്ത് ഭക്ഷണം കഴിക്കുകയാണെങ്കില്‍ അത് സമന്വയത്തില്‍നിന്ന് മാറും.’
‘അസമയത്ത്’ എന്നാവാം വിചിത്രമായ സമയത്ത് എന്നതുകൊണ്ട് ഉദ്ദേശിച്ചത്. വാക്യത്തില്‍ ബാക്കിഭാഗം ഇപ്പോഴും ഒന്നിക്കാതെ കിടക്കുന്നു.
‘ഭക്ഷണം ലേറ്റായാല്‍ രോഗങ്ങള്‍ ലേറ്റസ്റ്റായി വരും’
‘ലേറ്റസ്റ്റ് മലയാളത്തിനൊരു മാതൃകയാണ്. അര്‍ത്ഥം ആലോചിച്ച് കണ്ടുപിടിക്കുക.
മുഖപ്രസംഗത്തില്‍നിന്ന്:
‘ എതിരഭിപ്രായമുള്ള പ്രതിപക്ഷത്തിന് സര്‍ക്കാരിനെ സമീപിക്കാമെന്നും ചട്ടങ്ങളില്‍ അതുകൂടി ഉള്‍പ്പെടുത്തി പരിഷ്കരിക്കാവുന്നതുമാണെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി എടുത്ത നിലപാടും പ്രത്യാശാവഹമാണ്’.
‘എതിരഭിപ്രായമുള്ള പ്രതിപക്ഷത്തിന് സര്‍ക്കാരിനെ സമീപിക്കാമെന്നും ചട്ടങ്ങളില്‍ അതും ഉള്‍പ്പെടുത്തി പരിഷ്കരിക്കാമെന്നുമുള്ള കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ നിലപാട് പ്രത്യാശാവഹമാണ്’ (ശരി)
‘മുത്തലാഖിന്റെ മനഷ്യത്വരാഹിത്യത്തിലും സ്ത്രീവിരുദ്ധതയ്ക്കെതിരെയും സിപിഐഎം നേതൃത്വത്തില്‍ നടന്ന ക്യാമ്പയിന് ദേശവ്യാപകമായിതന്നെ മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗത്തെ ശരിയായ പാതയിലെത്തിക്കാന്‍ സഹായച്ചു.’
‘മുത്തലാഖിന്റെ മനഷ്യത്വരാഹിത്യത്തിനും സ്ത്രീ വിരുദ്ധതയ്ക്കുമെതിരെ സിപിഐഎം നേതൃത്വത്തില്‍ നടന്ന ക്യാമ്പയിന് മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗത്തെ ശരിയായ പാതയിലെത്തിക്കാന്‍ സഹായിച്ചു’ (ശരി)
പിന്കുറിപ്പ്:
പ്രളയ പുനര്‍നിര്‍മ്മാണത്തിന് ജനകീയ മുഖം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നമ്മളെ തകര്‍ത്ത പ്രളയത്തിനിടയില്‍ മനസ്സിന്റെ പുനര്‍നിര്‍മ്മാണം കൂടിയാണ് നടക്കുന്നത്- മന്ത്രി രവീന്ദ്രനാഥ്
പ്രളയപുനര്‍നിര്‍മ്മാണ വാരാചരണത്തിന് സമയമായി. പ്രളയപുനര്വായന, പുനരെഴുത്ത് എന്നിവ ഇതിന്റെ ഭാഗമായി നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: