അതിഥികളെ സല്ക്കരിക്കുന്നതിനുവേണ്ടി കോഴി അറവു നടത്തിയപ്പോള്‍ ബാക്കിയായത് കാലും തലയും കുടലും. നാലു സെന്റ് സ്ഥലം വീട് കയ്യടക്കിയതുകൊണ്ട് വേസ്റ്റ് ഉപേക്ഷിക്കാന്‍ സ്ഥലമില്ല.
ഭാര്യ, കാണാന്‍ ചേലുള്ള ഒരു പാക്കറ്റ് കയ്യില്‍ തന്നുകൊണ്ടു പറഞ്ഞു.
എവിടെയെങ്കിലും കൊണ്ട് തള്ള്.
പാക്കറ്റുമായി അയാള്‍ പൊതുവഴികളിലൂടെ നടന്നു. ആളൊഴിഞ്ഞ സ്ഥലം എവിടെയുമില്ല. വയസ്സുകാലത്ത് ഒരു പൊല്ലാപ്പിനും വയ്യ. പിന്നെ എവിടെ ഉപേക്ഷിക്കും. പെട്ടെന്ന് അയാളുടെ മനസ്സില്‍ ഒരു മാര്‍ഗ്ഗം തെളിഞ്ഞു. മകന് രാമന്‍കുട്ടി താമസിക്കുന്നത് ഇവിടെ അടുത്താണ്.
അയാള്‍ പാക്കറ്റുമായി മകന്റെ വീട്ടിലെത്തി. അച്ചാച്ചന് വന്നു.
രാമന്‍കുട്ടിയുടെ മക്കള്‍ അരികിലേക്ക് ഓടി എത്തി. കയ്യിലെ പാക്കറ്റു കണ്ട കുട്ടികള്‍ സന്തോഷിച്ചു. മധുരപലഹാരങ്ങളുമായി വന്നതാണെന്നായിരിക്കും കുട്ടികളുടെ വിചാരം. രാമന്‍കുട്ടിയെ ഒത്തിരി മധുരപലഹാരങ്ങള്‍ തീറ്റിച്ചതാണല്ലോ. എന്നിട്ടെന്തുകാര്യം. അവന്റെ സ്നേഹം പട്ടിയോടാണ്. രാമന്‍കുട്ടി അകത്തുനിന്നും പുറത്തേക്കു വന്നു.
എന്താ അച്ഛാ വിശേഷം?
ഒന്നുമില്ല മോനെ… മാര്‍ക്കറ്റില്‍നിന്നും നീ ഇറച്ചി വേസ്റ്റ് പട്ടിക്കു കൊടുക്കാന്‍ വാങ്ങിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഇങ്ങോട്ടു വരുമ്പോ… നിന്റെ പട്ടിക്ക് കൊടുക്കാന്‍ കുറച്ച് കോഴിവേസ്റ്റ് വാങ്ങിച്ചു. രാമന്‍കുട്ടി അച്ഛന്റെ കയ്യില്‍നിന്നും പാക്കറ്റു വാങ്ങിക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു.
വേസ്റ്റ് തള്ളാന്‍ ഒരിടം കിട്ടിയല്ലോ, ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: