പ്രച്ഛകന്റെ അംഗവിക്ഷേപങ്ങള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കിയിരുന്നു തഞ്ചാവൂരിലെ ഗുരുനാഥന്. നിമിത്തം കഴിഞ്ഞാല്‍ അടുത്ത സൂചിക അതായിരുന്നു. അംഗവിദ്യാശാസ്ത്രം. ബൃഹദ്സംഹിതയിലാണ് അംഗചലനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഏറെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.
വീട്ടില്‍ ഒരു കളവ് നടന്നു. ആരായിരിക്കും കള്ളന് എന്നറിയാന്‍ വെക്കുന്ന പ്രശ്നത്തില്‍ ദൈവജ്ഞനോട് ചോദ്യം ഉന്നയിക്കുന്ന നിമിഷം പ്രച്ഛകന്‍ തന്റെ ശരീരത്തിന്റെ ഉള്‍ഭാഗങ്ങളില്‍ തൊട്ടുകൊണ്ടാണ് ചോദിക്കുന്നതെങ്കില്‍ കളവു നടത്തിയത് ബന്ധുവാണ്.
കാലിലെ തള്ളവിരല്‍ തൊട്ടുകൊണ്ടാണ് ചോദ്യമെങ്കില്‍ ബന്ധു പുരുഷനാണ്.
ചെറുവിരലില്‍ തൊട്ടു കൊണ്ടാണെങ്കില്‍ സ്ത്രീ.
ഹൃദയഭാഗത്ത് തൊട്ടാല്‍ ഭാര്യ.
നാഭിയില്‍ സ്പര്‍ശിച്ചാല്‍ സഹോദരി.
കയ്യിലെ തള്ളവിരലില്‍ തൊട്ടാല്‍ മകന്.
മറ്റു വിരലുകളില്‍ തൊട്ടാല്‍ പെണ്മക്കള്.
വയറ്റില്‍ തൊട്ടാല്‍ അമ്മ.
തലയില്‍ തൊട്ടാല്‍ ഗുരു.
വലതു കയ്യില്‍ തൊട്ടാല്‍ സഹോദരന്.
ഇടതുകയ്യില്‍ തൊട്ടാല്‍ സഹോദരി.
തന്റെ അനുഭവത്തില്‍ ഇതെല്ലാം കൃത്യമായി ഒത്തുവന്നിട്ടുണ്ടെന്ന് ഗുരുനാഥന് പല അനുഭവങ്ങളും നിരത്തി. സിങ്കപ്പൂരില്‍ ഒരു ജ്യോതിഷ സെമിനാറില്‍ പേപ്പര്‍ അവതരിപ്പിച്ചപ്പോള്‍ സമ്മാനമായി കിട്ടിയ പേന തിരുടിയത് സ്വന്തം മകനായിരുന്നു. പ്രശ്നത്തിലൂടെ തിരുടനേയും തൊണ്ടിമുതലും ഒറ്റ ദിവസംകൊണ്ട് കണ്ടെടുത്തു.
കളവുപോയ മുതല്‍ തിരിച്ചുകിട്ടുമോ എന്നറിയാന്‍ ചിലര്‍ വരും. ചോദ്യ സമയത്ത് അവരുടെ കയ്യില്‍നിന്നും എന്തെങ്കിലും താഴെ വീണാല്‍ മുതല്‍ തിരിച്ചു കിട്ടില്ല എന്നു വിധിക്കണം.
തഞ്ചാവൂരിലെ ക്ലാസ്സ് മുറികളില്‍നിന്നും കിട്ടിയ അറിവുകളാണ് രാമശേഷന് കൂടുതലായും തന്റെ ശിഷ്യന്മാര്ക്ക് പകര്‍ന്നു നല്‍കിയത്. പലര്‍ക്കും അടിമൈ സെന്തില്‍ ദിനകരനെ കാണണം എന്ന മോഹമുണ്ടായി. തന്റെ മുറിയില്‍ നിന്നും എടുത്തുകൊണ്ടുവന്ന് രാമശേഷന് കാണിച്ച ഫ്രെയിം ചെയ്ത ഫോട്ടോ കണ്ട് അവര്‍ തൃപ്തിയടഞ്ഞു.
അന്ന് നിനച്ചിരിക്കാത്ത നിമിഷത്തില്‍ ശാരിക വിളിച്ചു. മദ്ധ്യപ്രദേശില്‍ ജോലി ചെയ്തിരുന്ന മധു നായര്‍ക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടി എന്നറിയിക്കാനായിരുന്നു വിളി. രണ്ടുപേരും രണ്ടു ദിക്കിലായതിനാല്‍ കുടുംബജീവിതം തരിശു പിടിച്ചു കിടപ്പായിരുന്നു. ശാരികയ്ക്ക് ഒട്ടും കാര്യശേഷിയില്ല. മകനാകട്ടെ കൗമാരത്തിന്റെ കശപിശ ബുദ്ധിയിലും. ഇപ്പോഴത്തെ സമയം നോക്കി മധു നായര്‍ക്ക് സ്ഥലംമാറ്റം കിട്ടുമോ എന്നറിയണമായിരുന്നു.
ചന്ദ്രനാണ് ചേര്‍ത്തു വെക്കുന്ന ഗ്രഹം. സൂര്യന് കഴിഞ്ഞ് ചന്ദ്രാപഹാരം തുടങ്ങിയാല്‍ മധു തിരിച്ചു വരുമെന്ന് പറഞ്ഞിരുന്നു. വ്യാഴം ചാരവശാല്‍ ഏഴിലേക്ക് പ്രവേശിക്കുന്നകാലം കൂടിയാണ്. രാമു പ്രവചിച്ചതുപോലെ കൃത്യമായി സ്ഥലംമാറ്റം കിട്ടിയിരിക്കുന്നു എന്ന് നന്ദിസൂചകമായി ചിരിച്ച് ശാരിക ഫോണ്‍ വെച്ചു.
ശാരികയെക്കുറിച്ചുള്ള ഓര്‍മകളുടെ ഒഴുക്കില്‍ രാമശേഷന് ക്ലാസ്സ് മുറി മറന്നു. രണ്ടുവര്‍ഷത്തോളം തഞ്ചാവൂര്‍ക്ക് ഒരുമിച്ച് സഞ്ചരിച്ചിരുന്നവര്‍, സ്വകാര്യങ്ങള്‍ കൈമാറിയിരുന്നവര്, ഒന്നായിത്തീരാന്‍ മുറിയെടുത്ത് ഭയത്താല്‍ ആ ശ്രമമുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയവര്‍…അന്ന് മതി മറന്ന് കുടിച്ചു. അന്നത്തെ തന്റെ അഭ്യാസം കണ്ട് ശാരിക ഭയന്നു. അതിനുശേഷമാണ് പതുക്കെ അകന്നകന്ന് ബന്ധം വിച്ഛേദിക്കുന്ന നിലയിലായത്. പിന്നെ തീര്‍ത്തും മറന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഗുരുവായൂരില്‍ വെച്ച് കണ്ടത് ബന്ധത്തിന്റെ തുടര്‍ച്ചയ്ക്ക് കാരണമായി.
ഇപ്പോള്‍ സ്ഥലംമാറ്റത്തിന്റെ നല്ല ശെയ്തിയുമായി ശാരിയുടെ വിളി വരുമ്പോള്‍ തന്റെ തലയ്ക്കു മുകളിലൂടെ ഏതെങ്കിലും പക്ഷി പറന്നുവോ? ആരെങ്കിലും വിളക്കു കത്തിച്ചുവോ? മയില്പ്പീലിയെറിഞ്ഞുവോ? വിശറി വീശിയോ?
ഉണ്ണാനിരുന്ന നേരം അടുത്ത വീട്ടിലെ രുക്കു പിറന്നാള്‍ ദിനമറിയിച്ചുകൊണ്ട് ഒരു ടംബ്ലര്‍ ചക്കപ്പായസം കൊണ്ടുവന്നു. തേന്‍വരിക്ക കൊണ്ടുണ്ടാക്കിയ തേങ്ങാപ്പാലൊഴിച്ച ഒന്നാന്തരം പ്രഥമന്‍.
ഊണു കഴിച്ചെഴുന്നേറ്റപ്പോള്‍ സിസിലിയുടെ ഫോണ്‍. മേട്ടുപ്പാളയത്ത് വില്ക്കാന് വെച്ചിരുന്ന ഒരു എസ്റ്റേറ്റിന് അഡ്വാന്‍സ് കൈപ്പറ്റിയ വിവരമറിയിക്കാനായിരുന്നു വിളി. വിറ്റുപോകാന്‍ സാധ്യതയുള്ള ഏകദേശ സമയം മയിലാടു തുറയിലെ താമസത്തിനിടയില്‍ ചോദിച്ചിരുന്നു. സിസിലിക്ക് ജാതകമില്ലാത്തതിനാല് ദശാപഹാരങ്ങള്‍ കണക്കാക്കാനോ ഗ്രഹസ്ഥാനങ്ങളറിയാനോ കഴിയുമായിരുന്നില്ല. വെറുതെ ഒരു ‘സംഖ്യ’ പറയാന്‍ പറഞ്ഞു. മേടത്തില് നിന്നെണ്ണി ആരൂഢം തിട്ടപ്പെടുത്തി. കയ്യില്‍ പഞ്ചാംഗമുള്ളതുകൊണ്ട് ഗ്രഹസ്ഥിതി കിട്ടി. വില്‍പ്പനയ്ക്ക് സാധ്യതയുള്ള ഏകദേശ സമയം പറഞ്ഞു. അനുഭവത്തില്‍ അത് നിജമായിരിക്കുന്നു.
”ഇനിയെന്നാണ് ഊട്ടിയിലേക്ക്?”
നന്ദിസൂചകമായി സിസിലി ക്ഷണിച്ചു.
ഒരുത്തരത്തിനുവേണ്ടി ആലോചിച്ചു നില്ക്കുമ്പോള് വീട്ടുമുറ്റത്തു വന്നു നിന്ന ഓട്ടോയില്‍ നിന്നും രണ്ടു കൈകളിലും ബാഗും തൂക്കിപ്പിടിച്ച് വല്ലഭി ഇറങ്ങിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: