പ്ലാസ്റ്റിക് മാലിന്യം എവിടെയുണ്ടോ അവിടെ ആപത്ത് ഭവിക്കുമെന്നത് കേവല ശാസ്ത്ര സത്യം. കീറിയെറിഞ്ഞാലും കുഴിച്ചുമൂടിയാലും കത്തിച്ചൊഴിവാക്കിയാലും അതില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നത് മറ്റൊരു ശാസ്ത്ര സത്യം. ആണവ മാലിന്യങ്ങളില്‍നിന്നുള്ള അപകട വികിരണങ്ങള്‍പോലും പ്ലാസ്റ്റിക് പ്രഭാവത്തിനു മുന്നില്‍ ഒന്നുമല്ല. ആണവ മാലിന്യം ലോകത്തിന്റെ ചില കോണുകളില്‍ മാത്രം ഒതുങ്ങുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യം ഭൂഗോളത്തിന്റെ സമസ്ത മേഖലകളിലും കടന്നുചെല്ലുന്നു… സൂര്യ കിരണങ്ങള്‍ക്ക് ഒരിക്കലും കടന്നു ചെല്ലാനാവാത്ത ശാന്തസമുദ്രത്തിലെ അഗാധമായ കടല്‍ക്കിടങ്ങ് ‘മറിയാനാ ട്രഞ്ചി’ (11 കി.മീ. ആഴം)ലും മഹാമേരുക്കളുടെ കൊടുമുടികളിലുമൊക്കെ പ്ലാസ്റ്റിക്കിന്റെ കുഞ്ഞന്‍ കണങ്ങള്‍ എത്തിപ്പെട്ടു കഴിഞ്ഞു.
ലോകത്തിലെ ശുദ്ധജലത്തിന്റെ റിസര്‍വോയറായ ധ്രുവമഞ്ഞുപാളികളാണ് ഏറ്റവും ശുദ്ധമെന്ന് ഇതേവരെ കരുതപ്പെട്ടത്. പക്ഷേ ആ ധാരണയും തകരുകയാണ്, ആഗോള പരിസ്ഥിതി സംഘടനയായ ‘ഗ്രീന്‍ പീസിന്റെ’ പുതിയ പഠനത്തോടെ. ആധുനികത തൊട്ടു തീണ്ടാത്ത അന്റാര്‍ട്ടിക്കന്‍ ഹിമാനികളുടെ ഉള്ളില്‍പ്പോലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സജീവ സാന്നിദ്ധ്യം കണ്ട ഗ്രീന്‍പീസ് ഗവേഷകര്‍ ഞെട്ടി. പ്ലാസ്റ്റിക്കിനൊപ്പം നാശമില്ലാത്തവയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓര്‍ഗാനിക വിഷമാത്രകള്‍ കൂടി കണ്ടത് അവരെ പരിഭ്രാന്തരാക്കി. ഭൂഗോളത്തിലെ ശുദ്ധജലത്തിന്റെ മുക്കാലേ മുണ്ടാണിയും സ്വരുക്കൂട്ടിവച്ചിരിക്കുന്നത് ധ്രുവത്തിലെ ഹിമാനികളിലാണെന്ന് കൊച്ചു ക്ലാസ്സുകള്‍ മുതല്‍ നാം പഠിച്ചതാണ്. കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ കരഭൂമിയിലും പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ കടലുകളിലുമായി അവ മറഞ്ഞുകിടക്കുന്നു. കടലില്‍ 2500 മീറ്റര്‍ വരെ ആഴത്തില്‍ അവ നിശ്ചലം ഉറങ്ങുന്നു. ഈ ഹിമാനികളുടെ പരപ്പിന്റെ വിസ്തീര്‍ണം 14 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ എന്നാണ് ഏകദേശ കണക്ക്. അവയിലൊട്ടാകെ കുടിയിരിക്കുന്നത്. 30 ദശലക്ഷം ക്യുബിക് കിലോമീറ്റര്‍ ഐസ്. ശുദ്ധജലത്തിന്റെ ആ സ്വര്‍ഗഭൂമിയിലാണ് പ്ലാസ്റ്റിക്കിന്റെ കുഞ്ഞന്‍ കണങ്ങള്‍ ഓര്‍ഗാനിക് വിഷക്കൂട്ടുമായി തോളുരുമ്മി കുടിപാര്‍ക്കുന്നത്.
ഗ്രീന്‍പീസ് കപ്പലായ ‘ആര്‍ട്ടിക് സണ്‍ റൈസ്’ മൂന്നുമാസക്കാലം നടത്തിയ സാമ്പിള്‍ ശേഖരണത്തിന്റെയും തുടര്‍ന്നുള്ള ഗവേഷണ-പരിശോധനകളുടെയും ഫലമായാണ് ഈ കണ്ടെത്തല്‍. സിന്തറ്റിക് വസ്ത്രങ്ങളിലെ തുണിക്കഷണങ്ങള്‍, മീന്‍ വലയിലെ ചെറുകണ്ണികള്‍, കപ്പലുകളുടെ ചായം, മീന്‍പിടുത്ത കപ്പലുകള്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ തുടങ്ങിയവയാണ് ‘ആര്‍ട്ടിക് സണ്റൈസി’ന്റെ കോരികയില്‍ കുടുങ്ങിയ മൈക്രോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. ഓര്‍ഗാനിക് അഥവാ കാര്‍ബണിക വിഷയങ്ങളില്‍ എന്ഡ്രിന്, ആല്ഡ്രിന്, ഡൈ ആല്ഡ്രിന്, ക്ലോര്‍ഡേന്‍, ഡി.ഡി.ടി. എന്നിവയെ ആണത്രെ കൂടുതലും കണ്ടുമുട്ടിയത്.
മഞ്ഞുമലകള്‍ക്കു പുറമെ ജീവജാലങ്ങളുടെ തറവാടുകൂടിയാണ് ധ്രുവക്കടലുകള്‍. പെന്ഗ്വിന്, തിമിംഗലം തുടങ്ങി നിരവധി ജലജീവികള്‍-അവയുടെ ജൈവ മണ്ഡലത്തിലേക്കാണീ കുഞ്ഞന്‍ പ്ലാസ്റ്റിക്കുകളും കൃത്രിമ വിഷങ്ങളുമൊക്കെ ഒഴുകിയെത്തുന്നത്. അവ കടല്‍ ജീവികളുടെ പ്രത്യുല്പ്പാദനം, ആരോഗ്യം, വളര്‍ച്ച തുടങ്ങിയ കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. അവ സൂക്ഷ്മജീവി തലം മുതല്‍ ഭക്ഷ്യ ശൃംഖലയില്‍ വരെ നുഴഞ്ഞുകയറി പ്രകൃതിയില്‍ വിനാശത്തിന്റെ വിത്തുകള്‍ വിതയ്ക്കും. മത്സ്യങ്ങളില്‍ ജൈവ സാന്ദ്രീകരണത്തിലൂടെ വന്‍ വിഷ നിക്ഷേപം നടത്തും. ആ വിഷം അവസാനം മനുഷ്യനിലാണെത്തിച്ചേരുക.
അതുകൊണ്ടാണ് അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡവും കടലുകളുമൊക്കെച്ചേര്ത്ത് ഒരു വമ്പന്‍ സംരക്ഷിതോദ്യാനം തീര്‍ക്കാന്‍ ‘ഗ്രീന്‍പീസും’ കൂട്ടരും ശ്രമിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ പിന്തുണയുമുണ്ട് ഈ ശ്രമത്തിന്. ‘അന്റാര്‍ട്ടിക് ഓഷ്യന്‍ സാങ്ച്വറി’യെന്നാവും ഇതറിയപ്പെടുക. ലോകത്തെ ഏറ്റവും വലിയ മാലിന്യകാരിയാണ് പ്ലാസ്റ്റിക് എന്ന് പ്രഖ്യാപിച്ചിട്ടുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയും ഈ ശ്രമത്തിനുണ്ടാവുമെന്ന് കരുതാം.
ബ്രിട്ടീഷ് അന്റാര്‍ട്ടിക്ക സര്‍വേ, ഹള്‍ സര്‍വകലാശാല എന്നിവര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയുടെ ഫലം കൂടി നാം അറിയേണ്ടതുണ്ട്. അന്റാര്‍ട്ടിക്കയിലെ മൈക്രോ പ്ലാസ്റ്റിക് കേന്ദ്രീകരണം നേരത്തെ കരുതിയതിന്റെ അഞ്ചിരട്ടി ആയി ഉയര്‍ന്നിരിക്കുന്നു എന്നതാണവരുടെ കണ്ടെത്തല്‍.
പ്ലാസ്റ്റിക് മഹാമാരി അന്റാര്‍ട്ടിക് കടലില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നുവെന്ന് കരുതേണ്ട. ആര്‍ട്ടിക് സമുദ്രത്തില്‍ ഒഴുകി നടക്കുന്ന മഞ്ഞുപാളികളില്‍ ആവശ്യത്തിലേറെ മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം കണ്ടെത്തിയതായി ജര്‍മന്‍ ഗവേഷകര്‍ പറയുന്നു. ആഗോള താപനം മൂലം ഉരുകി മുറിഞ്ഞ് നടന്ന ഹിമാനികള്ക്കുള്ളിലായിരുന്നു ഈ പ്ലാസ്റ്റിക് കുഞ്ഞന്മാര് ഒളിച്ചു കിടന്നത്. ആര്‍ട്ടിക് മേഖലയിലെ പരിണാമത്തിന്റെ പറുദീസയെന്നു വിളിക്കപ്പെടുന്ന ഗാലപ്പഗോസ് ദ്വീപുകളില്‍ (പരിണാമ സിദ്ധാന്തം സംബന്ധിച്ച പഠനങ്ങള്‍ക്ക് ഡാര്വിന് തെരഞ്ഞെടുത്ത ദ്വീപുസമൂഹം) പോലും ജര്‍മ്മന്‍ ഗവേഷകര്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അതിപ്രസരം കണ്ടെത്തി. ഒരു ലിറ്റര്‍ കടല്‍ ഐസ് പാളിയില്‍ 12000 മൈക്രോ പ്ലാസ്റ്റിക്കുകള്‍ വരെ ജര്‍മ്മന്‍ സംഘം എണ്ണിത്തിട്ടപ്പെടുത്തിയത്രെ. ധ്രുവക്കടലുകള്‍ കടല്‍ പ്ലാസ്റ്റിക്കിന്റെ സംഭരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്നും കാലാവസ്ഥാ മാറ്റം മൂലം താപനില ഉയരുമ്പോള്‍ അവ ഐസിന്റെ ബന്ധനത്തില്‍ നിന്ന് എടുത്തുചാടുമെന്നും ഡോ. ഇല്ക പിക്കന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ വിലയിരുത്തിയതും നാം അറിയണം. പ്ലാസ്റ്റിക് മുക്തസമുദ്ര മേഖലകളില്‍ പോലും ഇത്തരം മഞ്ഞുപാളികള്‍ ഒഴുകിയെത്തി മലിനീകരണം നടത്തുന്നതായി അവര്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
അറിവ് – മൈക്രോ പ്ലാസ്റ്റിക് എന്ന പദം ആദ്യമായി ഉപയോഗിച്ചത് പ്ലിമത്ത് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. റിച്ചാര്‍ഡ് തോംസണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: