തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എസ്എഫ്ഐക്കാര്‍ക്കായി നടത്തിയ പരീക്ഷാ തട്ടിപ്പ് മുക്കാന്‍ ആസൂത്രിത നീക്കം തുടങ്ങി. എസ്എഫ്ഐ വിദ്യാര്‍ത്ഥിയെ കുത്തിയ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇന്‍വിജിലേറ്ററുടെ സീലുള്ള 16 ബുക്ക്ലെറ്റുകളാണ് കണ്ടെത്തിയത്. ഇത് ശിവരഞ്ജിത്ത് മോഷ്ടിച്ചതാണെന്ന് വരുത്താനാണ് നീക്കം. അങ്ങനെ ഇത് ഒരാള്‍ മാത്രം നടത്തിയ തട്ടിപ്പാണെന്ന് വരുത്തും. ഇതോടെ വ്യാപകമായി തട്ടിപ്പ് നടന്നിട്ടില്ലെന്നും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പങ്കില്ലെന്നും സ്ഥാപിച്ചെടുക്കാം.
പരീക്ഷാ പേപ്പര്‍ കോളേജില്‍ നിന്നു മോഷ്ടിച്ചതാണെന്ന് ശിവരഞ്ജിത്ത് സമ്മതിച്ചെന്നാണ് ഇന്നലെ പോലീസ് പറഞ്ഞത്. ഇയാളെ യൂണിവേഴ്സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യം സമ്മതിച്ചതെന്നും പോലീസ് പറയുന്നു. മോഷ്ടിച്ച സ്ഥലം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തതായും പോലീസ് പറഞ്ഞു. അതേസമയം, ശിവരഞ്ജിത്ത് പരീക്ഷയെഴുതിയ ഉത്തരക്കടലാസ് ലഭിക്കാന്‍ പോലീസ് നാളെ യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് കത്ത് നല്‍കും. കൈയെഴുത്ത് പരിശോധിക്കാനായി ഉത്തരക്കടലാസുകള്‍ ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉത്തരക്കടലാസ് കടത്താന്‍ ശിവരഞ്ജിത്തിനെ ഇടത് അധ്യാപക സംഘടനയായ അസോസിയേഷന് ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്സില്‍(എകെജിസിടി) പെട്ട അധ്യാപകരും, ജീവനക്കാരും സഹായിച്ചതായാണ് സൂചന. ഇയാള്‍ കടലാസ് മോഷ്ടിച്ചതാണെന്ന് വരുത്തിയാല്‍ ഈ സംഘടനയിലെ അധ്യാപകരെ രക്ഷിച്ചെടുക്കാം. അധ്യാപകരുടെയോ ജീവനക്കാരുടെയോ സഹായമില്ലാതെ കോളേജില്‍ നിന്ന് പരീക്ഷാപേപ്പര്‍ മോഷ്ടിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, യൂണിവേഴ്സിറ്റിയില്‍ നിന്ന് കോളേജില്‍ എത്തിച്ചപ്പോഴാണ് മോഷ്ടിച്ചതെന്നാണ് ശിവരഞ്ജിത്ത് പറഞ്ഞത്. എന്നാല്‍, കോളേജിലെ ഇടിമുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്ത പരീക്ഷാ പേപ്പറിനെക്കുറിച്ച് യാതൊന്നും പോലീസ് പറയുന്നില്ല. ഇടിമുറിയില്‍ എങ്ങനെ പേപ്പര്‍ വന്നുവെന്നതില്‍ ദുരൂഹതയേറുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ക്ക് ഗുണ്ടാപ്രവര്‍ത്തനത്തിന് പൂര്‍ണപിന്തുണ നല്‍കുന്നത് എകെജിസിടിയില്പ്പെട്ട അധ്യാപകരാണ്. നേതാക്കള്‍ക്ക് പാര്‍ട്ടി ക്ലാസെടുക്കുന്നതും ഇവര്‍ തന്നെ. കോളേജ് സമയം കഴിഞ്ഞാലും ഈ സംഘടനയില്‍പ്പെട്ട അധ്യാപകര്‍ കാമ്പസിലുണ്ടാകും. ഇവരാണ് കോളേജിലെ വിവരങ്ങള്‍ നേതാക്കള്‍ക്ക് കൈമാറുന്നത്. കോളേജ് കൗണ്‍സിലിലും മറ്റുമെടുക്കുന്ന പല തീരുമാനങ്ങളും ഇവരാണ് എസ്എഫ്ഐ നേതാക്കളിലേക്ക് എത്തിക്കുന്നത്.
ജില്ലയിലെ ഒരു പ്രമുഖ കോളേജില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി കോളേജിലേക്ക് ടിസി വാങ്ങി വന്നിരുന്നു. മറ്റൊരു വിദ്യാര്‍ഥി സംഘടനയില്‍പ്പെട്ടവരായിരുന്നു ഇരുവരും. ഇതറിഞ്ഞ എസ്എഫ്ഐ നേതാക്കള്‍ ഇതിലൊരാളെ യൂണിയന് റൂമിലേയ്ക്ക് പിടിച്ചുകൊണ്ടുപോയി. സംഭവം അറിഞ്ഞ് അന്നത്തെ പ്രിന്‍സിപ്പാള്‍ യൂണിയന് റൂമില്‍ ചെന്ന് ആ വിദ്യാര്‍ഥിയെ മോചിപ്പിച്ചു. ഇതിന് എസ്എഫ്ഐ പ്രിന്‍സിപ്പാളിന് നല്കിയ സമ്മാനം കോഴിക്കോട്ടേക്കുള്ള സ്ഥലം മാറ്റമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: