തൊഴിലില്ലാത്ത ലക്ഷക്കണക്കായ യുവജനങ്ങളുടെ പ്രതീക്ഷയായിരുന്ന പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വിശ്വാസ്യത സര്‍ക്കാരും അതിനെ നയിക്കുന്ന പാര്‍ട്ടിയുംകൂടി തകര്‍ത്തപ്പോള്‍ കേരളത്തിലെ സാംസ്കാരിക നായകര്‍ എവിടെപോയി ഒളിച്ചിരിക്കുകയായിരുന്നു? കേരളത്തിലെ സര്‍വ്വകലാശാലകള്‍ നല്കുന്ന ബിരുദങ്ങള്‍, രാഷ്ട്രീയ സ്വാധീനമുണ്ടെങ്കില്‍ അക്ഷരാഭ്യാസമില്ലാത്തവനും ലഭിക്കുമെന്ന് തെളിവുസഹിതം ബോധ്യപ്പെട്ടപ്പോഴും സാംസ്കാരിക നായകര്‍ മിണ്ടാതിരുന്നതെന്തുകൊണ്ടാണ്? പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെയും സര്‍വ്വകലാശാലകളുടെയും പരീക്ഷകളില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടത്തിയാണ് ഉന്നതരായ പല ഇടതുപക്ഷ നേതാക്കളും ബിരുദങ്ങളും തൊഴിലും കരസ്ഥമാക്കിയതെന്ന വസ്തുത പുറത്തുവന്നപ്പോഴും എന്തിനും ഏതിനും പ്രതികരിക്കുന്ന സാംസ്കാരിക നായകര്‍ മിണ്ടാതിരിക്കുന്നത് ഭൂഷണമാണോ? ഒന്നുകില്‍ അവര്‍ ഭരണകൂടത്തെയും അതിനെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും ഭയപ്പെടുന്നു. അതല്ലെങ്കില്‍ ഭരണകൂടം വച്ചുനീട്ടുന്ന എന്തിനോവേണ്ടി അവര്‍ കാത്തിരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ളതെന്നും സത്യസന്ധമാണെന്നും നമ്മള് കരുതിയിരുന്ന രണ്ട് പരീക്ഷാ സമ്പ്രദായങ്ങളെയാകെ കേരളം ഭരിക്കുന്ന പാര്‍ട്ടിയും അവരുടെ അണികളുംകൂടി അട്ടിമറിച്ചത് സാംസ്കാരിക നായകരുടെയും പ്രതികരണ തൊഴിലാളികളുടെയും ദൃഷ്ടിയില്പ്പെട്ടതേയില്ല. തലസ്ഥാന നഗരത്തിന്റെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഒരു കലാലയത്തില്‍ സഹപാഠിയുടെ ഹൃദയത്തിലേക്ക് കത്തികുത്തിയിറക്കിയതും കണ്ടിട്ടില്ല.
പരീക്ഷാ ക്രമക്കേടുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ആശങ്കയിലായത് കേരളത്തിലെ യുവജനങ്ങളാണ്. കഷ്ടപ്പെട്ട് പഠിച്ച് ബിരുദങ്ങള്‍ നേടുമ്പോഴും ഏറെ ശ്രമിച്ച് പിഎസ്സി പരീക്ഷ എഴുതുമ്പോഴും വലിയ പ്രതീക്ഷകളാണ് അവരിലുണ്ടാകുന്നത്. എല്ലാം കൃത്യമായും സത്യസന്ധമായും നടക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ തങ്ങളുടെ കഴിവ് അംഗീകരിക്കപ്പെടുമെന്ന വിശ്വാസമായിരുന്നു അവര്‍ക്ക്. എന്നാല്‍ ഇപ്പോള്‍, ഒന്നും പഠിക്കാതെ പാര്‍ട്ടി പ്രവര്‍ത്തനത്തിനും അക്രമങ്ങള്‍ക്കും നടന്നവരില്‍ പലരും ഉന്നത ബിരുദങ്ങളും പിഎസ്സി പരീക്ഷകളില്‍ റാങ്കുകളും വാങ്ങിക്കൂട്ടുമ്പോള്‍ വിശ്വാസങ്ങളെല്ലാം തകരുന്നു. ബസ്സിനു കല്ലെറിയാനും മന്ത്രിമാരെ വഴിയില്തടയാനും സമരമുഖത്ത് ചൂടുള്ള സഖാവാകാനുമൊക്കെ മുന്നില്‍നിന്ന നേതാക്കളില്‍ പലരും ഡോക്ടറേറ്റും നിയമബിരുദവും മറ്റ് ഉന്നത ബിരുദങ്ങളുമൊക്കെ നേടിയത് ഇത്തരത്തിലാണെന്ന സംശയമാണുയരുന്നത്.
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് പുറത്തുവരുന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. എസ്എഫ്ഐക്ക് ആധിപത്യമുള്ള കേരളത്തിലെ എല്ലാ കോളേജുകളിലും ഇത്തരം സംഭവങ്ങളുണ്ടാകുന്നുണ്ട്. അവിടെയെല്ലാം ക്രമക്കേടുകള്‍ നടത്താന്‍ എസ്എഫ്ഐക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നത് ഇടതുപക്ഷാഭിമുഖ്യമുള്ള ജീവനക്കാരാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാശക്തി ഇടതുപക്ഷത്തിനനുകൂലമാണ് കേരളത്തില്‍. ആ ശക്തി എങ്ങിനെയുണ്ടായി എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഇടതുപക്ഷക്കാര്‍ എങ്ങനെ കൂട്ടത്തോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകുന്നു എന്നതും പോലീസില്‍ കൂടുതലായി സിപിഎം ആഭിമുഖ്യമുള്ളവര്‍ എത്തുന്നത് എങ്ങനെയെന്നതും സംശയുമുണ്ടാക്കുന്നതാണ്.
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് 1982 മുതല്‍ എസ്എഫ്ഐ ആധിപത്യത്തിനുള്ളിലാണ്. അന്നുമുതലുള്ള എസ്എഫ്ഐ നേതാക്കളുടെ അക്കാദമികതലത്തിലുള്ള വിജയങ്ങളും തൊഴില്‍ നേട്ടവുമെല്ലാം പരിശോധിക്കപ്പെടണം. യൂണിവേഴ്സിറ്റി കോളേജില്‍നടന്ന പരീക്ഷകളില്‍ ഈ നേതാക്കള്‍ക്കുവേണ്ടി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായി. അവിടുത്ത എസ്എഫ്ഐ നേതാവിന്റെ വീട്ടില്‍നിന്ന് യൂണിവേഴ്സിറ്റിയുടെ പരീക്ഷാപേപ്പര്‍ കണ്ടെടുത്തസംഭവം നിസ്സാരവത്കരിക്കാനാണ് ശ്രമം. ഉത്തരമെഴുതാത്ത പേപ്പര്‍ എങ്ങനെ ഉത്തരക്കടലാസാകുമെന്ന മണ്ടന്‍ ചോദ്യമാണ് ഇടതുപക്ഷത്തെ നയിക്കുന്നവര്‍ ചോദിക്കുന്നത്. ഇതെല്ലാം നടക്കുന്നത് ബീഹാറിലോ ഉത്തര്‍പ്രദേശിലോ അല്ലെന്നോര്‍ക്കണം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്തുനില്ക്കുന്നവരെന്ന് പുരപ്പുറത്തുകയറി അഭിമാനിക്കുന്നവരായ മലയാളികളുടെ നാട്ടിലാണ്.
സ്വന്തം പേരുപോലും തെറ്റില്ലാതെ എഴുതാനറിയാത്ത എസ്എഫ്ഐ നേതാക്കളാണ് യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ഉന്നത ബിരുദങ്ങള്‍ നേടുന്നത്. പിഎസ്സി പരീക്ഷയില്‍ ഒന്നാംറാങ്കും രണ്ടാംറാങ്കും നേടുന്നതും ഇവര്‍തന്നെ. പിഎസ്സിയിലെ ഉദ്യോഗസ്ഥരുടെയും കോളേജിലെ അധ്യാപകരുടെയും സഹായത്തോടെ ഇവര്‍ ക്രമക്കേടുകള്‍ നടത്തി പരീക്ഷകളില്‍ വിജയിക്കുന്നു. പരീക്ഷാഹാളിലിരുന്ന് ഉത്തരക്കടലാസില്‍ പ്രണയലേഖനം എഴുതി സമയം കളയുന്ന എസ്എഫ്ഐ നേതാക്കള്‍, പിന്നീട് വീട്ടില്‍ കരുതിയിരിക്കുന്ന യൂണിവേഴ്സിറ്റി ഉത്തരക്കടലാസില്‍ ശരിയായ ഉത്തരം വീട്ടില്വച്ചെഴുതി അധ്യാപകരുടെ സഹായത്തോടെ പഴയതുമാറ്റി തിരുകി കയറ്റുന്നു. വീട്ടില്‍ ഒന്നുമെഴുതാത്ത ഉത്തരക്കടലാസ്, നേതാവ് സൂക്ഷിച്ചുവച്ചിരുന്നത് എന്തിനാണെന്ന് ബോധ്യമാവാതെയല്ല ഇടതുകണ്‍വീനര്‍ വിഡ്ഢിചോദ്യം ഉന്നയിച്ചത്.
എംഎ പരീക്ഷയില്‍ ആദ്യ സെമസ്റ്റര്‍ പോലും കയറാനാവാത്തവരാണ് ഇപ്പോള്‍ സഹപാഠിയെ കുത്തിയകേസില്‍ പ്രതികളായ നേതാക്കള്‍. കഴിഞ്ഞവര്‍ഷമാണ് ഇവരില്‍ ഒരാള്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയത്. ഒന്നാം സെമസ്റ്ററിലെ നാലു പേപ്പറുകള്‍ക്കും പരാജയപ്പെട്ടു. ഈ വര്‍ഷം വീണ്ടും ഈ പരീക്ഷകളെഴുതി. ഇക്കുറി നില മെച്ചമാക്കിയെങ്കിലും പാസായില്ല. ആദ്യത്തെ തവണ ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫി പേപ്പറിന് കേവലം നാലുമാര്‍ക്ക് മാത്രമാണ് നേടാനായത്. രണ്ടാംതവണ പന്ത്രണ്ട് മാര്‍ക്ക് വാങ്ങിയാണ് പരാജയപ്പെട്ടത്. ഇതിനെതുടര്‍ന്നാണ് വളഞ്ഞ വഴിയിലൂടെ പരീക്ഷാ കടമ്പ ചാടിക്കടക്കാന്‍ യൂണിവേഴ്സിറ്റി ഉത്തര കടലാസുകള്‍ ശേഖരിച്ചതെന്നാണ് വ്യക്തമാകുന്നത്. രണ്ടാമത്തെ പ്രതിയുടെ പരീക്ഷാഫലവും ഏതാണ്ട് ഇതിന് സമാനമാണ്. എന്നാല്‍ ചില വിഷയങ്ങളില്‍ അമ്പത് ശതമാനത്തിന് മുകളില്‍ രണ്ടാംപ്രതി നേടിയിട്ടുണ്ട്. പക്ഷേ എല്ലാ വിഷയങ്ങളിലും വിജയിക്കാനാവാത്തതിനാല്‍ സെമസ്റ്റര്‍ വിജയം നേടാനായില്ല. യൂണിവേഴ്സിറ്റി പരീക്ഷയില്‍ രണ്ട് തവണ തോറ്റ വിദ്യാര്‍ത്ഥികള്‍ പിഎസ്സി പരീക്ഷയില്‍ ഒന്നാം സ്ഥാനമുള്‍പ്പടെ കരസ്ഥമാക്കിയത് സംശയത്തിന് ഇടനല്കുന്നതു തന്നെയാണ്.
ക്രമക്കേടുകള്‍ ഇത്രവ്യക്തമായി പുറത്തു വന്നിട്ടും അന്വേഷണം അട്ടിമറിക്കുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍. അന്വേഷണം ശരിയായ തരത്തില്‍ മുന്നോട്ടുപോകുന്നതിനെ അവര്‍ ഇഷ്ടപ്പെടുന്നില്ല. കാരണം, അന്വേഷണം നടത്തിയാല്‍ പിടിക്കപ്പെടുക യൂണിവേഴ്സിറ്റി കോളേജിലെ ഇപ്പോള്‍ ആരോപണ വിധേയരായവര്‍ മാത്രമാകില്ല. ഉന്നത ബിരുദങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുമായി സര്‍ക്കാരിന്റെ പ്രമുഖ സ്ഥാനങ്ങളിലിരിക്കുന്ന പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴും. പിടി വീഴുന്നത് രണ്ടുപേര്ക്കുമാത്രമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയാം.
തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ആശാകേന്ദ്രമായിരുന്നു പിഎസ്സി. സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട്, പ്രതീക്ഷയോടെ പഠിച്ച് പരീക്ഷയെഴുതുന്നവരെയാകെ നിരാശപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. അതു സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് അതിലേറെ ആശങ്കപ്പെടുത്തുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിന് എവിടെയും വലിയ വിലയാണ് കല്പിച്ചിരുന്നത്. ഒരു തരത്തിലും ക്രമക്കേടുനടത്താന് കഴിയില്ലാത്ത സംവിധാനമുണ്ടെന്നായിരുന്നു ധാരണ. എന്നാല്‍, സംവിധാനങ്ങളെയാകെ അട്ടിമറിച്ചുകൊണ്ടാണ് സിപിഎമ്മും പോഷക സംഘടനകളും കൂടി കേരളത്തെയാകെ അപമാനിക്കുന്നത്. ഉത്തരേന്ത്യയില്‍ പണം വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കുന്ന സര്‍വ്വകലാശാലകളെ നാമെന്തിനു കുറ്റം പറയണം? കേരളവും ഭിന്നമല്ല. ഇനി സാംസ്കാരിക നായകര്‍ ഉത്തരേന്ത്യയെ കുറ്റപ്പെടുത്തരുത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉത്തരേന്ത്യയില്‍ മാത്രമല്ലെന്ന് അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം നമ്മെ ബോധ്യപ്പെടുത്തി. പരീക്ഷാ ക്രമക്കേടുകളും പരീക്ഷാ തട്ടിപ്പുകളും വ്യാജ ഡിഗ്രികളുമൊന്നും ഇനി ഉത്തരേന്ത്യയുടെ കുത്തകയല്ല, കേരളവും ആ വഴിയെ തന്നെയാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: