തിരുവനന്തപുരം/ഇടുക്കി: കേരളത്തില്‍ കനത്തമഴ 24 വരെ തുടരും. ഇന്നും നാളെയും വടക്കന്‍ കേരളത്തില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് കാരണം. ഇടുക്കിയില്‍ ഇന്നും, നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയി കാണാതായ നാലു പേര് ഇന്നലെ തിരിച്ചെത്തി. അതേ സമയം കൊല്ലത്തു നിന്ന് കാണാതായ മൂന്നു പേര് ഇനിയും മടങ്ങിയെത്തിയിട്ടില്ല.
ഇന്ന് വടക്കന്‍ കേരളത്തില്‍ 12 സെ.മീ മുകളിലും മധ്യ കേരളത്തില്‍ 8-10 സെ.മീ. വരെയും മഴ പ്രതീക്ഷിക്കാം. തെക്കന്‍ കേരളത്തില്‍ ഇത് 2-8 സെ.മീ. വരെയാകും. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടര്‍ന്നെങ്കിലും അതി ശക്തമായില്ല. ഇടവിട്ടുള്ള ശക്തമായ മഴയാണ് പെയ്തത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം തുടരുന്നതിനാല്‍ മഴക്കുറവിലും വ്യത്യാസം വന്നു.
ബുധനാഴ്ച 48 ശതമാനമായിരുന്ന ഇത് വെള്ളിയാഴ്ച 36 ശതമാനമായാണ് കുറഞ്ഞത്. അതേ സമയം ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനിടെ സംസ്ഥാനത്ത് വടക്കന്‍ ജില്ലകളിലെ മൂന്നിടിങ്ങളില്‍ തീവ്രമഴ രേഖപ്പെടുത്തി. കാസര്‍കോട് ജില്ലയിലെ കുഡ്ലുവില് 31 സെന്റി മീറ്ററും, ഹോസ്ദുര്‍ഗില്‍ 28 സെന്റീമീറ്ററും മഴ ലഭിച്ചപ്പോള്‍ കണ്ണൂരില്‍ 22 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. വടകര, തലശേരി- 19, തളിപ്പറമ്പ്-27, പൊന്നാനി, കൊയിലാണ്ടി- 13 സെ.മീ. വീതവും മഴ പെയ്തു. കഴിഞ്ഞ വര്‍ഷം നിലമ്പൂരില്‍ 40 സെ.മീ. വരെ മഴ ലഭിച്ചിരുന്നു. ഇതിന് ശേഷം ഇത്തരത്തില്‍ മഴ കൂടുന്നത് ഇത് ആദ്യമാണ്.
ആലപ്പുഴയിലെ രണ്ട് ക്യാമ്പുകളിലായി 199പേരെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരത്തെ ക്യാമ്പില്‍ 230 പേരാണുള്ളത്. കൊല്ലത്ത് 103 പേരും കോഴിക്കോട് 191 പേരും കാസര്‍കോട് നാല് പേരും ക്യാമ്പുകളിലുണ്ട്്. തൃശ്ശൂരില്‍ രണ്ട് ക്യാമ്പുകളിലായി 16 പേരുണ്ട്. കണ്ണൂരില്‍ രണ്ട് ക്യാമ്പുകളിലായി 85പേരെ മാറ്റി പാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: