തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കണ്ടത് ആശയ ഭീകരവാദത്തിന്റെ വികൃത മുഖമാണ്. ഈ മുഖം തിരിച്ചറിയപ്പെടുമെന്ന സാഹചര്യത്തില്‍ ഇത് ഒറ്റപ്പെട്ടതാണെന്നും ഒരു ചെറിയ സംഘര്‍ഷമാണെന്നും വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നു വരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ തലത്തില്‍ മാത്രം വിലയിരുത്തുകയാണ് പലരും ചെയ്യുന്നത്. കേരളത്തിലെ കലാലയങ്ങളില്‍ ഇടതു രാഷ്ട്രീയക്കാരും സിപിഎം ബുദ്ധിജീവികളും ഇടത് ആശയക്കാരായ അദ്ധ്യാപകരും എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയെ ഉപയോഗിച്ച് നടത്തുന്നതാണ് ഇത്തരം സംഭവങ്ങള്‍.
അഖില്‍ എന്ന എസ്എഫ്ഐക്കാരന് കുത്തേറ്റ സംഭവം വിവാദമായതോടെ തങ്ങളുടെ യഥാര്‍ത്ഥ മുഖം വെളിപെടും എന്ന വിഷമത്തിലാണവര്‍. സിപിഐ(എം) നേതാക്കന്മാരായ തോമസ് ഐസക്, എം.എ. ബേബി, എം. സ്വരാജ് തുടങ്ങിയവരും ഇടതു ബുദ്ധിജീവിയായി ചമയുന്ന സുനില്‍ പി. ഇളയിടവും ഒരേ സമയം അക്രമത്തെ അപലപിക്കുന്നതോടൊപ്പം അതിന്റെ പങ്കില്‍നിന്ന് എസ്എഫ്ഐയെ രക്ഷിക്കാനും ശ്രമിക്കുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് ഭീകരവാദം കലാലയങ്ങളില്‍ എങ്ങനെ എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് യൂണിവേഴ്സിറ്റി കോളേജ്. മറ്റ് ആശയത്തിലുള്ള വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുക, അദ്ധ്യാപകരെ വരുതിക്കു നിര്‍ത്തുക, നിന്നില്ലെങ്കില്‍ ഭീഷണിപ്പെടുത്തുക, വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു എന്ന പരാതിപോലും പിന്‍വലിപ്പിക്കുക ഇതെല്ലാമാണ് കലാപരിപാടികള്‍.
എതിര് ശബ്ദം വിദ്യാര്‍ത്ഥിയായാലും അധ്യാപകനായാലും സ്വന്തം ആശയത്തില്‍ വിശ്വസിക്കുന്നവനായാലും വച്ചുപൊറുപ്പിക്കാന്‍ ഈ ഭീകരവാദികള്‍ യൂണിവേഴ്സിറ്റി കോളേജില്‍ എന്നല്ല കേരളത്തില്‍ ഒരു കോളേജിലും അനുവദിക്കാറില്ല. മറ്റ് ആശയക്കാരനെന്ന് തോന്നിയാല്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും അപഹസിക്കുകയും ചെയ്യുക പതിവാണ്. ഇത്തരം പല സംഭവങ്ങള്‍ യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായിട്ടുണ്ട്. എബിവിപി, കെഎസ്യു ബന്ധം ആരോപിക്കപ്പെട്ട് മര്‍ദ്ദനത്തിന് ഇരയായവര്‍ നിരവധിയാണ്.
മലബാറില്‍ കോഴിക്കോട് ഗുരുവായൂരപ്പന് കോളേജ്, മധ്യ കേരളത്തില്‍ തൃശൂര്‍ കേരള വര്‍മ്മ കോളേജ്, ദക്ഷിണകേരളത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവ മാത്രം പരിശോധിച്ചാല്‍ ഇതിന്റെ ഭീകരമുഖം വ്യക്തമാകും. അദ്ധ്യാപകര്‍ക്ക് പ്രധാനം പാര്‍ട്ടിയാണ്. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാര്‍ക്ക്ദാനം കൊണ്ട് പ്രോത്സാഹനം നല്‍കുകയുമാണ് അദ്ധ്യാപകര്‍.
യൂണിവേഴ്സിറ്റി കോളേജില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ ഇല്ലാത്തതിനാല്‍ പരസ്പരമാണ് പോര്. അമ്പാടി ശ്യാം എന്ന എസ്എഫ്ഐയുടെ മുന്‍ജില്ലാ കമ്മറ്റി അംഗവും അമല്‍ എന്ന സുഹൃത്തും വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ഇതിനുദാഹരണമാണ്. മുന്‍ ജില്ലാ കമ്മറ്റി അംഗവും ഏരിയ പ്രസിഡന്റും ആയിരുന്നിട്ടും അമ്പാടി ശ്യാമിനെ അഖില്‍ കേസിലെ പ്രതിയായ നസീം അക്രമിച്ചത് കാരണം ഇയാള്‍ പാര്‍ട്ടിയുടെയും, പാര്‍ട്ടിയുടെ അധ്യാപക സംഘടനയുടെയും അരുമയായതിനാലാണ്. ഇത് വ്യക്തമാക്കുന്നത് എബിവിപിക്കാരനെയോ
കെഎസ്യുക്കാരനെയോ മാത്രമല്ല സഖാവായാലും ഭീകരവാദത്തിനെ എതിര്‍ത്താല്‍ ഇതായിരിക്കും ഗതിയെന്നതാണ്. എസ്എഫ്ഐയുടെ ശരി ഇതാണ്. അത് ഒരു തള്ളിപ്പറയല്‍ കൊണ്ട് മറച്ചുവെക്കാന്‍ പറ്റുന്നതല്ല. തൃശൂര്‍ കേരള വര്‍മ്മ കോളേജിലും ഇത് തന്നെയാണ് അവസ്ഥ. ഇത് ബോധ്യപ്പെടുത്തുന്ന ഒന്നു രണ്ടു സംഭവങ്ങള്‍ നോക്കുക. 2012 കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് ആയിരുന്നു പിജി ക്ലാസ്സ് റെപ്രസെന്റേറ്റീവ് സ്ഥാനം കിട്ടിയത്.
ഈ വിജയം ആഘോഷിച്ച് കൊണ്ട് വിരലില്‍ എണ്ണാവുന്ന എബിവിപി പ്രവര്‍ത്തകര്‍ പ്രകടനം നയിച്ചപ്പോള്‍ നൂറുകണക്കിന് എസ്എഫ്ഐക്കാര്‍ ഇവരെ മര്‍ദ്ദിച്ചത് നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ആയ വിജയരാഘവന്റെ ഭാര്യയും മുന്‍ തൃശൂര്‍ മേയറും കേരള വര്‍മ്മ കോളേജ് അധ്യാപികയും ആയ ആര്. ബിന്ദു ടീച്ചറിന്റെ മുന്നില്‍വെച്ചായിരുന്നു. എന്നാല്‍ കോളേജ് അച്ചടക്ക സമിതിക്കുമുന്നില്‍ തെളിവെടുപ്പിന് ഹാജരാകാതിരുന്ന് എസ്എഫ്ഐയെ രക്ഷിക്കുക എന്ന നയത്തില്കൂടി ബിന്ദുടീച്ചര്‍ ചെയ്തത് ഈ ഭീകരവാദത്തിന് പിന്തുണ നല്കുകയായിരുന്നില്ലെ? 2015 ഒക്ടോബര്‍ 1ന് ഇതേ കോളേജില്‍ നടന്ന ബീഫ് ഫെസ്റ്റ് കുപ്രസിദ്ധമാണ്.
എന്നാല്‍ അന്നുനടന്ന യഥാര്‍ത്ഥ വസ്തുത മറച്ചുവച്ച് നുണ പ്രചരിച്ചതില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണോ പങ്ക്? പ്രിന്‍സിപ്പാളിന്റെ അനുവാദമില്ലാതെ ബീഫ് ഫെസ്റ്റ് നടത്താന്‍ എസ്എഫ്ഐക്കാര്‍ നടപടി സ്വീകരിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ ലത പി.എം ആണ് പോലീസിനെ വിളിച്ചത്. പോലീസ് വരുന്നതിന് മുമ്പെ എസ്എഫ്ഐക്കാര്‍ പരിപാടി നടത്തിയപ്പോള്‍ അനുവാദമില്ലാതെ നടത്തിയ പരിപാടിക്കെതിരെ പി.എം. കിനില്‍ എന്ന വിദ്യാര്‍ത്ഥി പരാതി നല്‍കിയതിന് കിനിലിനെ മര്‍ദ്ദിച്ച് അവശനാക്കി.
2017 മാര്‍ച്ച് മാസത്തില്‍ കോളേജിലെ വനിതാകൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ സെമിനാറില്‍ വനിതാകൂട്ടായ്മ ചെയര്‍മാനും ഫിലോസഫി അധ്യാപികയുമായ മായ ടീച്ചറിനോടുമുള്ള വിരോധം കാരണം കോളേജില്‍ അന്നുവരെ ഇല്ലാതിരുന്ന ഫ്ളക്സ് നിരോധനം പറഞ്ഞുകൊണ്ട് സെമിനാര്‍ അലങ്കോലമാക്കിയത് എന്തിനായിരുന്നു. നേതാക്കള്‍ക്ക് മാര്‍ക്ക് ദാനം നല്‍കാത്തതാണ് കാരണമെന്നത് ഏത് വിദ്യാര്‍ത്ഥിക്കായിരുന്നു അറിയാത്തത്?
മറ്റ് എല്ലാ അധ്യാപകരും ഈ ഒരു വിഷയത്തില്‍ മായടീച്ചറിനോട് ഐക്യപ്പെട്ടപ്പോള്‍ ദീപ നിശാന്ത് ഉള്‍പ്പെടെയുള്ള ഇടത് അധ്യാപകര്‍ ആര്‍ക്കൊപ്പമായിരുന്നു? ഇതിനെതിരെ നടന്ന ബഹുജനപരിപാടിയിലേക്ക് കല്ലും, കുപ്പിയും വലിച്ചെറിഞ്ഞ് മുന്‍ അധ്യാപകരെയും, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളെയും അപമാനിച്ചത് എസ്എഫ്ഐക്കാര്‍ മാത്രമായിരുന്നോ? ഈ പരിപാടിയില്‍ കേരളവര്‍മ്മ കോളേജിന്റെ അവസ്ഥയില്‍ മനംനൊന്ത് കണ്ണീര് വാര്‍ന്ന് ഇറങ്ങിപോകുന്ന മുന്‍ പ്രിന്‍സിപ്പാളിന്റെ മുഖം മറക്കാന്‍ പറ്റുമോ?
2019ല്‍ സ്പോര്‍ട്സ് വിദ്യാര്‍ത്ഥികളും എസ്എഫ്ഐയും തമ്മില്‍ സംഘര്‍ഷം ഉണ്ടായത് അധ്യാപകന്മാര്ക്ക് മുന്നില്വെച്ചായിരുന്നില്ലേ? എന്ത് നിലപാടാണ് എസ്എഫ്ഐക്കെതിരെ അധ്യാപകര്‍ അന്ന് സ്വീകരിച്ചത്. 2018 ഫെബ്രുവരി മാസം എസ്എഫ്ഐക്കാര്‍ക്കെതിരെ പരാതി നല്കാന് എത്തിയ എബിവിപിക്കാരുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി എസ്എഫ്ഐക്കാര്‍ക്ക് കൊടുത്തയച്ച അധ്യാപകന്മാരുടെ കൂറ് ആരോടായിരുന്നു?
കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന് കോളേജിലും വ്യത്യസ്തമല്ല സാഹചര്യം. കോളേജില്‍ കള്ളും കഞ്ചാവും ഉപയോഗിക്കുന്നതിന് ലൈസന്‍സുള്ള ഗ്യാങ്ങുകളില്‍ അംഗങ്ങളാണ് പലപ്പോഴും പല യൂണിയന് നേതാക്കളും. 2014ല്‍ ഈ ഗ്യാങ്ങുമായി ബന്ധപ്പെട്ട പ്രശ്നത്തിന് മോഹിത് എന്ന എബിവിപി പ്രവര്‍ത്തകനെ ‘മല്ലികാമ്മാള്’ എന്ന അധ്യാപികയുടെ മുന്നില്‍വെച്ചാണ് എസ്എഫ്ഐക്കാരും ഗ്യാങ്ങുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. വസ്തുത മനസ്സിലാക്കി അധ്യാപകര്‍ ആദ്യം ഗ്യാങ്ങിന് എതിരെ പ്രതികരിച്ചിരുന്നു. അധ്യാപകരൊന്നിച്ച് സമരവും നടത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്നത് മര്‍ദ്ദിച്ച് അവശനാക്കപ്പെട്ട മോഹിത് എന്ന എബിവിപി പ്രവര്‍ത്തകനെതിരെ ഇടത് അധ്യാപകര്‍തന്നെ ഇതേ വിഷയത്തില്‍ കള്ളപ്പരാതി തയ്യാറാക്കുന്നതും കോളേജില്‍നിന്നു പുറത്താക്കുന്നതുമാണ്. ആ പരാതി പരിശോധിച്ചാല്‍ വസ്തുതകള്‍ മനസിലാകും.
പാലക്കാട് വിക്ടോറിയ കോളേജില്‍ സരസുടീച്ചര്ക്കും മഹാരാജാസില്‍ മുന്‍ പ്രിന്‍സിപ്പാള്‍, കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പുഷ്പജ ടീച്ചര്‍ എന്നിവര്‍ക്ക് സ്വതന്ത്രമായി അധ്യാപനം നടത്താന്‍ പറ്റാതിരുന്നത് എസ്എഫ്ഐ വിദ്യാര്‍ത്ഥികളുടെ അക്രമംകൊണ്ട് മാത്രമായിരുന്നില്ല ഇടത് അധ്യാപകരും, രാഷ്ട്രീയക്കാരും എസ്എഫ്ഐയെ ഉപയോഗിച്ച് നടത്തിയ ഭീകരവാദം കൊണ്ടുകൂടിയായിരുന്നു. കേരളവര്‍മ്മയില്‍ നിലവിലെ പ്രിന്‍സിപ്പാള്‍ രാജി പിന്‍വലിച്ചെങ്കിലും രാജിക്കുണ്ടായ സാഹചര്യം മറ്റൊന്നല്ല. ഒരു തള്ളിപ്പറച്ചിലില് തീരുന്നതല്ല കേരളത്തിലെ കലാലയാന്തരീക്ഷം. ചര്‍ച്ച ചെയ്യണം. വികൃതമുഖം ആരുടെതാണെന്ന് സമൂഹം മനസ്സിലാക്കണം.
(ഭാരതീയവിചാരകേന്ദ്രം സംഘടനാസെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: