തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ വിദ്യാഭ്യാസത്തെ മറയാക്കി കോളേജില്‍ നടത്തുന്നത് ഗുണ്ടാപ്രവര്‍ത്തനം. അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ രണ്ടാം പ്രതിയും യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ നസീമിന് വയസ്സ് 28. റീ അഡ്മിഷന്റെയും സ്പോര്‍ട്സ് കോട്ടയുടേയും ബലത്തിലാണ് ഇത്തരം ക്രിമിനലുകള്‍ കോളേജില്‍ വാഴുന്നത്. ഇവരാണ് സിപിഎം ജില്ലാ കമ്മറ്റിക്ക് വേണ്ടി നഗരത്തില്‍ ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നത്. ഇടത് അധ്യാപക സംഘടന ഇവര്‍ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്നു.
ശാരീരിക അവശത കാരണമോ മറ്റെന്തെങ്കിലും ഗൗരവമുള്ള കാരണത്താലോ ഹാജര്‍ ലഭിക്കാതിരിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിനാണ് റീ അഡ്മിഷന് നടത്തുന്നത്. ആദ്യം പ്രവേശനം നേടുന്ന കോഴ്സിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ അവസാനിക്കേ റീ അഡ്മിഷന് എടുത്ത് ഇത്തരം സംഘങ്ങള്‍ ആദ്യം മുതല്‍ പഠിക്കും. റീ അഡ്മിഷന് കിട്ടണമെങ്കില്‍ വകുപ്പ് മേധാവി, പ്രിന്‍സിപ്പാള്‍, സര്‍വകലാശാല എന്നിവരുടെ അനുമതി വേണം. ഇവരെല്ലാം എസ്എഫ്ഐയുടെ കൈവെള്ളയിലായതിനാല് കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കും.
സാധാരണ വിദ്യാര്‍ഥികള്‍ മൂന്നു വര്‍ഷംകൊണ്ട് ബിരുദം പൂര്‍ത്തിയാക്കുമ്പോള്‍ യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ നേതാക്കള്‍ ബിരുദം പൂര്‍ത്തിയാക്കുന്നത് അഞ്ചും ആറും വര്‍ഷംകൊണ്ട്. ഇതിനുശേഷം ഇവര്‍ ബിരുദാനന്തര ബിരുദത്തിന് ഇവിടെ തന്നെ ചേരും. ഇങ്ങനെ ഒരു എസ്എഫ്ഐ നേതാവ് യൂണിവേഴ്സിറ്റി കോളേജില്‍ കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലും പഠിക്കും. പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാന്‍ ഇവരെ സഹായിക്കാന്‍ അധ്യാപകരും അനധ്യാപകരുമുള്ളതിനാല് ഇവര്‍ക്ക് ഉയര്‍ന്ന മാര്‍ക്കും ലഭിക്കുന്നു.
റീ അഡ്മിഷന് കൂടാതെ സ്പോട്ട് അഡ്മിഷനാണ് എസ്എഫ്ഐ നേതാക്കളുടെ മറ്റൊരു പിടിവള്ളി. സ്പോട്ട് അഡ്മിഷന്റെ ചുമതല പ്രിന്‍സിപ്പാളിനാണ്. എന്നാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എസ്എഫ്ഐ നേതാക്കളും. സിപിഎം ജില്ലാ ഘടകം, പ്രിന്‍സിപ്പാള്‍, കോളേജിലെ ഇടത് അധ്യാപകര്‍ തുടങ്ങിയവരുടെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നതോടെ എസ്എഫ്ഐ ക്രിമിനലുകള്‍ യൂണിവേഴ്സിറ്റി കോളേജില്‍ തഴച്ചുവളരുകയാണ്.
കെഎപി റാങ്ക് ലിസ്റ്റില്‍ 40-ാം റാങ്കുകാരനായ വെള്ളറട സ്വദേശി എബിനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. വെള്ളറട സ്റ്റേഷനില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ ക്രൈം നമ്പര്‍ 80/2018 ലെ ഒന്നാം പ്രതിയാണ്. യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ചിരുന്ന എബിന് ജില്ലയില്‍ നടക്കുന്ന പലക്രിമിനല്‍ കേസുകളിലും പങ്കാളിയാണ്. ഇദ്ദേഹം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിലും ദുരൂഹതയുണ്ട്. കുറ്റങ്ങള്‍ ചെയ്തശേഷം യൂണിവേഴ്സിറ്റി ഹോസ്റ്റലും സ്റ്റുഡന്റ്സ് സെന്ററുമാണ് ഒളിത്താവളമായി ഇവര്‍ ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: