ലോകത്ത് പലയിടങ്ങളിലുമുണ്ടായിരുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്ക് സംഭവിച്ച ദുരന്തംതന്നെയാണ് കേരളത്തിലും സിപിഎമ്മിനെയും എസ്എഫ്ഐയെയും കാത്തിരിക്കുന്നത്. കമ്യൂണിസ്റ്റുകള്‍ അടക്കിഭരിച്ചിരുന്ന രാജ്യങ്ങളിലെല്ലാം അവരുടെ കിരാത ഭരണത്തില്‍ സഹികെട്ട അനുയായികള്‍തന്നെ അവര്‍ക്കെതിരെ തിരിഞ്ഞു. ഏകാധിപതികളെ പുറത്താക്കിയെന്നു മാത്രമല്ല, അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍പോലും നിലനില്‍ക്കാതിരിക്കാന്‍ ശേഷിപ്പുകളെല്ലാം നശിപ്പിച്ചു. സ്വാതന്ത്ര്യവും ജനാധിപത്യവും അനുവദിക്കാതെ ജനങ്ങളെയാകെ അടക്കി ഭരിക്കുന്ന ചൈനയിലും പ്രതികരണമുണ്ടായി.
സ്വാതന്ത്ര്യത്തിനായി വിദ്യാര്‍ത്ഥികളാണ് തെരുവിലിറങ്ങിയത്. ടിയാനന്മെന് സ്ക്വയറിലൂടെ പാഞ്ഞുപോയ യുദ്ധടാങ്കുകള്‍ക്കടിയില്‍പ്പെട്ട് ഞെരിഞ്ഞു മരിച്ചത് സ്വാതന്ത്ര്യദാഹികളായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ്. കമ്യൂണിസം മുന്നോട്ടുവയ്ക്കുന്നെന്ന് പറയപ്പെടുന്ന മാനവികതയ്ക്കുമുന്നില്‍ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നതായി ടിയാനന്മെന് സ്ക്വയര്‍ സംഭവം. കമ്യൂണിസത്തിലൂടെ കൂടുതല്‍നാള്‍ ചൈനയെ അടക്കിഭരിക്കാനാവില്ലെന്നറിയുന്ന ചൈനീസ് നേതൃത്വം കമ്യൂണിസത്തിന് പുതിയ ഭാഷ്യമുണ്ടാക്കുകയാണിപ്പോള്‍. ഏകാധിപത്യ മുതലാളിത്തമാണ് ചൈനയില്‍ അവര്‍ നടപ്പിലാക്കുന്നത്. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ആറ്റംബോംബുപോലെയാണിപ്പോള്‍ ചൈന. പ്രതികരണ ശേഷി സമാഹരിക്കുന്ന ജനത സര്‍ക്കാരിനെതിരെ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം.
കേരളത്തില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കാവുന്ന സാഹചര്യമുള്ളതാണ് കമ്യൂണിസ്റ്റുകള്‍ക്ക് അവരുടെ ‘ശരിയായ ഗുണം’ പുറത്തെടുക്കാന്‍ കഴിയാതെ വരുന്നത്. ഏകാധിപത്യത്തിലൂടെയോ, അതല്ലെങ്കില്‍ അടിച്ചമര്‍ത്തലിലൂടെയോ മാത്രമേ കമ്യൂണിസം മുന്നോട്ടുവയ്ക്കുന്ന ആശങ്ങള്‍ നടപ്പിലാക്കാനാകൂ. അത്തരമൊരു സാഹചര്യമുണ്ടായാല്‍ തീര്‍ച്ചയായും ഉരുക്കുമുഷ്ടിയുടെ ആ ശൈലി അവര്‍ നടപ്പാക്കുകതന്നെ ചെയ്യും. താലിബാനെപോലെയോ, ഐഎസ്സിനെപോലെയോ തന്നെയാണ് കമ്യൂണിസ്റ്റുകളും എന്ന് പറയുന്നതില്‍ ഒട്ടും തെറ്റില്ല. എതിര്‍ക്കുന്നവരെയും ഇഷ്ടമില്ലാത്തതിനെയും ഉന്മൂലനം ചെയ്യുന്ന രീതിയില്‍നിന്ന് മാറിനടക്കാന്‍ അവര്‍ക്ക് സാധ്യമല്ല. അവര്‍ക്കാധിപത്യം ലഭിക്കുന്ന, ബലമായി ആധിപത്യം പിടിച്ചടക്കുന്ന ചെറിയ ഇടങ്ങളില്‍പോലും നടപ്പാക്കുന്നത് അതാണ്. എതിര്‍ക്കുന്നവരെ അരിഞ്ഞു വീഴ്ത്തുകയും കുത്തിമലര്‍ത്തുകയും ചെയ്യുന്ന കിരാത രാഷ്ട്രീയം!
സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐക്ക് ആധിപത്യമുള്ള കേരളത്തിലെ പല കോളേജുകളിലും അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നീതി താലിബാനിസമാണ്. അതിലവര്‍ വിജയിച്ച ഏറ്റവും വലിയ പരീക്ഷണശാലയാണ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ഇപ്പോള്‍ പകല്‍ എസ്എഫ്ഐയും രാത്രിയില്‍ തീവ്രവാദ സംഘടനയായ എസ്ഡിപിഐയുമാണ്.
ഈ വിലയിരുത്തല്‍ യൂണിവേഴ്സിറ്റി കോളേജിലെ അക്രമങ്ങളില്‍ എസ്എഫ്ഐയ്ക്കുള്ള പങ്കിനെകുറച്ചു കാട്ടാനല്ല. എസ്എഫ്ഐയുടെ തിരുവനന്തപുരം ജില്ലയിലെ നേതൃത്വം മുതല്‍ അവരുടെ കോട്ടയായ യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികള്‍വരെ ‘എസ്ഡിപിഐ’ വല്‍ക്കരിക്കപ്പെട്ടവരാണ്. തെരുവുപട്ടികളെയും പൂച്ചകളെയും വടിവാള്‍ കൊണ്ട് വെട്ടി ശീലിച്ചവര്‍ കൂട്ടുകാരന്റെ നെഞ്ചില്‍ കത്തികുത്തിയിറക്കുന്നു. തീവ്രവാദസംഘടനയായ എസ്ഡിപിഐയും എസ്എഫ്ഐയും ഒന്നായിതീരുന്ന പ്രത്യേക പ്രതിഭാസമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും എസ്എഫ്ഐയിലാകെയും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഒരു കാലത്ത് (ഒരു കാലത്തെന്നുവച്ചാല്‍ വളരെ പണ്ട്, പണ്ട്…) കലയും ശാസ്ത്രവും സാഹിത്യവുമെല്ലാം നിറഞ്ഞുനിന്നിരുന്ന ക്യാമ്പസ്സായിരുന്നു യൂണിവേഴ്സിറ്റി കോളേജിന്റേത്. ആ മരച്ചുവടുകള്‍ക്ക് പറയാന്‍ മധുരിതമായ നിരവധി കഥകളുണ്ടായിരുന്നു. മനോഹരമായ ആ കെട്ടിടങ്ങളുടെ ചുവരുകളില്‍ എത്രയോ നല്ല അധ്യാപകരുടെ ശബ്ദം പ്രതിധ്വനിക്കേണ്ടതാണ്. വലിയ കവികളെ, ശാസ്ത്രകാരന്മാരെ, അധ്യാപകരെ, ഭരണ നിപുണരെ, കലാകാരന്മാരെ… ആ ക്യാമ്പസ് സൃഷ്ടിച്ചിട്ടുണ്ട്! ഇന്നിപ്പോള്‍ യൂണിവേഴ്സിറ്റി കോളേജിനെകുറിച്ച് പറയാന്‍ അത്തരം ഓര്‍മ്മകളൊന്നും ആരിലേക്കും എത്തിനോക്കുന്നില്ല. ആ ക്യാമ്പസ്സിനുള്ളില്‍ വീശിയടിക്കുന്ന കാറ്റിന് ചോരയുടെ മണമാണ്. ഭീതി നിറയുന്ന ഇടനാഴികളാണ് കോളേജിനുള്ളിലുള്ളത്. മരച്ചുവട്ടില്‍ സൗഹൃദങ്ങളും പ്രണയവുമില്ല. എങ്ങും ഭയമാണ് നിറയുന്നത്. ഏതു നിമിഷവും പാഞ്ഞുവരാവുന്ന ഒരു കഠാര ആരുടെ നെഞ്ചിലും തുളഞ്ഞു കയറാം.
ഒരുകാലത്ത് ഇറാഖ് എന്ന രാജ്യം ലോകത്തെ ഏറ്റവും മനോഹരമായ പേര്‍ഷ്യന്‍ രാജ്യമായിരുന്നു. ഇറാഖിന് സംസ്കാരവും സൗന്ദര്യവുമുണ്ടായരുന്നു. പൗരാണികതയുടെ ഭാരം ഇറാഖിന്റെ അലങ്കാരമായിരുന്നു. ടൈഗ്രിസ് നദിക്കരയില്‍നിന്ന് വലിയ സംസ്കാ രങ്ങളുണ്ടായി. ലോകത്തെ വെല്ലുന്ന കലയും സാഹിത്യവുമുണ്ടായി. ഇറാഖില്‍ ഐഎസ് എന്ന ഭീകരസംഘടന താവളമാക്കിയപ്പോള്‍ ആ രാജ്യം തകര്‍ന്നടിഞ്ഞു. പ്രേതഭൂമിയായി. ഇറാഖോ സിറിയയോ പോലെയാണിന്ന് യൂണിവേഴ്സിറ്റി കോളേജ്.
എസ്എഫ്ഐ അവിടെ താലിബാനിസം നടപ്പിലാക്കുന്നു. അവരോട് ചോദിക്കാതെ ഒരിലപോലും വീഴാന്‍ പാടില്ലെന്നതാണ് നിയമം. കോളേജ് പ്രിന്‍സിപ്പാളും അധ്യാപകരും അവര്‍ക്ക് കൂട്ടുനില്‍ക്കുന്നു. കൂട്ടുനില്ക്കാതിരിക്കാന് കഴിയാതെ നിവര്‍ത്തിയില്ലെന്ന് വരുന്നു! പാട്ടുപാടണമെങ്കിലും കൂട്ടുകൂടണമെങ്കിലും പഠിക്കണമെങ്കിലും പ്രണയിക്കണമെങ്കിലും ഭക്ഷണം കഴിക്കണമെങ്കില്‍പോലും എസ്എഫ്ഐ നേതാക്കളുടെ അനുവാദം വേണം. വെറുതെ പാട്ടുപാടിയതിനാണ്, അതിഷ്ടപ്പെടാതിരുന്നതിനാണ് ഒരു വിദ്യാര്‍ത്ഥിയുടെ നെഞ്ചിലേക്ക് അവര്‍ കത്തികുത്തിയിറക്കിയത്. ഐഎസ് ഭീകരതയും ഇത്തരത്തിലാണ് കെട്ടിവരിയുന്നത്. എല്ലാ സ്വാതന്ത്ര്യത്തെയും തോക്കിന്മുന്നില് അവര്‍ അടിയറവെപ്പിക്കുന്നു. അവരനുവദിക്കാതെ ഒന്നും ചെയ്യാനാകില്ല.
യൂണിവേഴ്സിറ്റി കോളേജില്‍ പെണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ പോലും ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ചിരിക്കുകയാണ്. മൂത്രപ്പുരയില്‍ ഒളിപ്പിച്ചുവച്ചിരുന്ന വടിവാളില്നിന്ന് പെണ്‍കുട്ടിക്ക് പരിക്കേല്‍ക്കുന്ന സാഹചര്യവും ഉണ്ടായി. ഒരു മുറി എസ്എഫ്ഐ കയ്യടക്കിവച്ചിരിക്കുന്നു. അതില്‍ നിറയെ മാരകായുധങ്ങളാണ്. വാളും കത്തിയും മാത്രമല്ല, വലിയ പ്രഹരശേഷിയുള്ള ബോംബുകള്‍വരെ. തിരുവനന്തപുരം നഗരത്തില്‍ സിപിഎമ്മുമായി ബന്ധപ്പെട്ട് എന്തക്രമത്തിനും ‘പടയാളികളെ’ നല്‍കുന്നത് യൂണിവേഴ്സിറ്റി കോളേജാണ്.
കോളേജിന് തൊട്ടുപിറകിലാണ് സിപിഎമ്മിന്റെ ആസ്ഥാനമായ എകെജി സെന്റര്‍. അവിടെനിന്ന് ആവോളം സഹായം കോളേജിനുള്ളിലേക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. കൊലപാതകം ഉള്‍പ്പടെയുള്ള പലകേസുകളിലും പ്രതികളാകുന്ന സിപിഎമ്മുകാരടക്കം ഒളിച്ചിരിക്കുന്നത് കോളേജിനുള്ളിലാണ്. ഏറ്റവും ഒടുവില്‍ പോലീസിനെ ആക്രമിച്ച പ്രതിയും എല്ലാ സുഖസൗകര്യങ്ങളോടെയും അവിടെതന്നെ ഒളിച്ചിരുന്നു. കോളേജ് പ്രിന്‍സിപ്പലിന്റെ അനുവാദത്തോടെയായിരുന്നു ഇതെന്നറിയുമ്പോഴാണ് എസ്എഫ്ഐ നടപ്പിലാക്കുന്ന ഭീകരത എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാകുന്നത്. പോലീസിന് ഇവിടേക്ക് കയറാന്‍ അനുവാദമില്ല. പോലീസ് കയറുകയുമില്ല.
നിയന്ത്രണങ്ങളിലും പീഡനങ്ങളിലും സഹികെട്ടപ്പോഴാണ് കുറച്ചുനാള്‍ മുന്നേ ഒരു പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും നേതൃത്വം ഇടപെട്ട് അതൊതുക്കി തീര്‍ത്തെങ്കിലും പലതും പുറത്തുവരാന്‍ ആ സംഭവം ഇടയാക്കി. എസ്എഫ്ഐയുടെ നടപടികളില്‍ മടുത്തിട്ടോ, ഭയന്നിട്ടോ 187 വിദ്യാര്‍ത്ഥികളാണ് അടുത്തകാലത്തുമാത്രം മികവിന്റെ ഈ വിദ്യാലയത്തിലെ പഠനം അവസാനിപ്പിച്ചത്. പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം വലിയ പ്രതിഷേധമായിരുന്നു! അതിലും വലിയ പ്രതിഷേധമാണ് ഇപ്പോള്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുണ്ടായിരിക്കുന്നത്. എസ്എഫ്ഐയുടെ കിരാത നടപടികളവസാനിപ്പിക്കാന്‍ ആ കോളേജില്‍നിന്നു തന്നെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. ഇനിയും ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന ഉറച്ച തീരുമാനത്തില്‍ നിന്നായിരുന്നു ആ പ്രതിഷേധം. ഒന്നിച്ചുനിന്നാല്‍ ആരെയും ഭയക്കേണ്ടതില്ലെന്ന തിരിച്ചറിവ്.
ചൈനയിലെ ടിയാനന്മെന് സ്ക്വയറിലുയര്‍ന്നതും മറ്റൊന്നായിരുന്നില്ല. അവിടെ അലയടിച്ച പ്രതിഷേധത്തെ അടിച്ചമര്‍ത്തിയെങ്കില്‍ ഇവിടെ അതാവര്‍ത്തിക്കില്ല. കാരണം കമ്യൂണിസത്തെ നിരാകരിക്കുകയാണ് കേരളവും. യൂണിവേഴ്സിറ്റി കോളേജ് കാട്ടിത്തന്നത് വരാന്‍പോകുന്ന വലിയ മുന്നേറ്റത്തിന്റെ മുന്നറിയിപ്പാണ്. എല്ലാത്തരം ഭീകരതയെയും എതിര്‍ത്തില്ലാതാക്കണം. എസ്എഫ്ഐ ഒരു ഭീകര സംഘടന തന്നെയാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: