വീണ്ടുമൊരു രാമായണമാസം സമാഗതമാകുന്നു. ശ്രീരാമദേവന്റെ ജീവിതയാത്രയാണ് രാമായണം. രാമന്റെ അയനമെന്നു വിവക്ഷ. അയനമെന്നാല്‍ യാത്ര. ഏഴുകാണ്ഡങ്ങളലായി, 24,000 ശ്ലോകങ്ങളോടെ ആദികവി വാത്മീകിയെഴുതിയ ഇതിഹാസകാവ്യമാണത്.
കര്‍ക്കടകത്തിലെ പുണ്യകര്‍മമാണ് രാമായണ പാരായണം. കര്‍ക്കടകത്തിലെ പ്രാരാബ്ധങ്ങള്‍ രാമായണ പാരായണത്തിലൂടെ അതിജീവിക്കാമെന്നാണ് വിശ്വാസം. രാമായണത്തിലെ ഓരോ ഭാഗവും പാരായണം ചെയ്യുന്നതിന് നിയതമായ ചിട്ടവട്ടങ്ങളുണ്ട്. അചഞ്ചല ഭക്തിയോടെ, നിഷ്ഠയോടെ ഓരോ ഭാഗവും പാരായണം ചെയ്യുമ്പോള്‍ അതിന് അനുസൃതമായ ഫലങ്ങള്‍ കൈവരുമെന്നാണ് സങ്കല്പം.
രാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള ഭാഗമാണ് പൂര്‍വരാമായണം. അതുകഴിഞ്ഞ് അശ്വമേധം വരെയുള്ളത് ഉത്തരരാമായണം. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാ കാണ്ഡം, സുന്ദരകാണ്ഡം, യുദ്ധ കാണ്ഡം, ഉത്തര കാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലായി വിന്യസിക്കപ്പെട്ട 24,000 ശ്ലോകങ്ങളും രമായണമാസക്കാലത്ത് വായിച്ചു തീര്‍ക്കണം. കര്‍ക്കടകം ഒന്നു മുതല്‍ 31 വരെയാണ് പാരായണ കാലം.
ഏഴു കാണ്ഡങ്ങളില്‍ സുന്ദരകാണ്ഡമാണ് ഏറ്റവും പവിത്രമായി കാണുന്നത്. പാരായണ മാഹാത്മ്യവും ഇതിനാണ് കൂടുതല്‍. ലങ്കയിലെത്തുന്ന ഹനുമാന് സീതാദേവിയെ അന്വേഷിച്ചു കണ്ടെത്തുന്നതും രാമന് നല്കിയ മുദ്രമോതിരം സീതയ്ക്ക് നല്‍കുന്നതും പകരം രാമനു നല്‍കാനായി സീത ചൂഡാരത്നം നല്‍കുന്നതും, ഹനുമാന്റെ ലങ്കാദഹനവുമാണ് സുന്ദരകാണ്ഡത്തിന്റെ പ്രത്യേകത.
സങ്കട മോചനം, വിഘ്നനിവാരണം, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യാന്‍ കഴിവുള്ളതാണ് സുന്ദരകാണ്ഡം. മുന്‍ കാലങ്ങളില്‍ വിവാഹം പോലുള്ള വിശേഷാവസരങ്ങളിലും മരണശയ്യയ്ക്ക് അരികിലും രാമായണം പകുത്തു വായിക്കുന്നത് ഒരു ചടങ്ങായിരുന്നു. നിത്യജപത്തിന് ഉതകുന്ന വിധത്തിലാണ് രാമായണത്തിലെ എല്ലാ സ്തുതികളുമുള്ളത്.
രാമായണ പാരായണത്തില്‍ പാലിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അശുഭ സംഭവങ്ങള്‍ വരുന്ന ഭാഗത്തു വെച്ച് പാരായണം അവസാനിപ്പിക്കരുത്. കഥയുടെ ഒഴുക്ക് മുറിയാതിരിക്കാന്‍ ചിലപ്പോള്‍ തലേന്നാള്‍ വായിച്ച ഭാഗങ്ങള്‍ ഒരിക്കല്‍ കൂടി വായിച്ചു തുടങ്ങേണ്ടി വരും. അക്ഷരശുദ്ധിയും ഉച്ചാരണ പിശകും വരാതെ ശ്രദ്ധിക്കണം. ഭാഷാശുദ്ധിയുണ്ടാകാന് രാമായണ പാരായണം വിദ്യാഥികള്‍ക്ക് ഗുണപ്രദമാണ്.
കുളിച്ച് ശുദ്ധിയോടെ വേണം പാരായണം തുടങ്ങാന്‍. ഭസ്മം അല്ലെങ്കില്‍ ചന്ദനം തൊട്ട്, നിലവിളക്ക് കൊളുത്തി അതിനു മുമ്പില്‍ ആവണിപ്പലകയിട്ട് കിഴക്കോട്ടോ വടക്കോട്ടോ ഇരുന്ന് വായിക്കണം. വെറും നിലത്ത് ഇരുന്ന് വായിക്കുന്നത് അശുഭകരമാണ്. കിണ്ടിയില്‍ വെള്ളം നിറച്ച് ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും വെച്ച് താലമൊരുക്കി വിളക്കു തെളിച്ച് പാരായണത്തിനിരിക്കുന്നത് ശുഭദായകം. രാമായണ മാസക്കാലത്ത് പാരായണത്തിന് പൂര്‍ണത ലഭിക്കാന്‍ മത്സ്യമാംസാദികള്‍ വര്‍ജിക്കണം.
ഗണപതി, സരസ്വതി, ശ്രരരാമന്, ഹനുമാന്, വാല്മീകി, തുഞ്ചത്ത് ആചാര്യന് എന്നിവരെ സ്മരിച്ചു വേണം പാരായണം തുടങ്ങാന്‍. രാമായണം വായിക്കുന്നിടത്ത് ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ചില പ്രത്യേക ഭാഗങ്ങള്‍ പാരായണം ചെയ്യുന്നത് അഭീഷ്ടസിദ്ധിക്ക് നല്ലതത്രേ. സത്കാര്യങ്ങള് നേടാന്‍ വിരാട സ്തുതിയും, ശത്രുദോഷശമനത്തിന് ആദിത്യ ഹൃദയവും, സര്‍വകാര്യ സിദ്ധിക്ക് സുന്ദരകാണ്ഡവും പാരായണം ചെയ്യാം.
സീതാസ്വയംവര പാരായണം മംഗല്യപ്രാപ്തിക്ക് നല്ലതാണ്. ലക്ഷ്മണോപദേശം ദു:ഖങ്ങള്‍ ശമിപ്പിക്കും. ആത്മജ്ഞാനവും ലഭിക്കും. പിതൃക്കളുടെ ശാന്തിക്ക് ദശരഥ ചരമം വായിക്കുന്നത് നല്ലതാണ്. ഭരതരാഘവ സംവാദം സഹോദരങ്ങള്‍ക്കിടയിലെ അസ്വാരസ്യങ്ങളകറ്റും. നിറഞ്ഞ ഭക്തിയോടെ വേണം ഓരോ കാണ്ഡങ്ങളും വായിക്കാന്‍. പാരായണം ചെയ്യുന്ന ആള്ക്കരികെ ഇരുന്ന് മറ്റു കുടുംബാംഗങ്ങള്‍ അത് ഭക്തിയോടെ ശ്രവിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: