ജീവിതകാലത്ത് പലവിധകര്‍മങ്ങള്‍ ചെയ്തവര്‍ മരണാനന്തരം സൂക്ഷ്മശരീരത്തിലൂടെ പ്രയാണം ചെയ്യുന്നു. ചെയ്തകര്‍മങ്ങള്‍ ബോധതലത്തില്‍ കിടന്നു കളിക്കും. ( ചിലപ്പോള്‍ കര്‍മഫലത്തിനനുസരിച്ച് സ്വര്‍ഗവും നരകവുമൊക്കെ അനുഭവിച്ചുവെന്നും വരും. പാപകര്‍മങ്ങളുടെ ഫലമായി നൂല്പാലത്തില് നിന്നും വൈതരണീ പതനമുണ്ടായേക്കാം. പുണ്യകര്‍മങ്ങളുടേയും നാമജപാദികളുടേയും ഫലമായി വിമാനാധിക വേഗത്തില്‍ വസുര്ലോകാദികളെ കടന്ന് മുന്നോട്ടു പോയേക്കാം.)
ശേഷിക്കുന്ന കര്മവാസനകള്ക്കനുസരിച്ച് ആ ജീവന് തന്റെ വാസനകള്‍ക്കനുസൃതമായി ജീവിക്കുന്ന പുരുഷന്റെ ശരീരത്തില്‍ ആഹാരമായും രക്തമായും രേതസ്സായും പ്രവര്‍ത്തിക്കുന്നു. അങ്ങനെ വാസനാനുസൃതമായുള്ള സ്ത്രീയുടെ ഗര്‍ഭത്തില്‍ പ്രവേശിക്കുന്നു.
‘കലലം ത്വേകരാത്രേണ
പഞ്ചരാത്രേണ ബുദ്ബുദം
ദശാഹേന തു കര്ക്കന്ധൂ
പേശ്യണ്ഡം വാ തത:പരം’
ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കുന്ന രേതസ്സ് ഒറ്റ രാത്രി കൊണ്ട് കട്ടപിടിക്കുന്നു. അഞ്ചുരാത്രികൊണ്ട് നീര്‍ക്കുമിളയുടെ രൂപം പ്രാപിക്കും. പത്തു ദിവസം കൊണ്ട് എലന്തപ്പഴവലിപ്പത്തിലായി ഉറയ്ക്കും. ഒരുമാസമാകുമ്പോള്‍ പേശികളോടൊപ്പം വളരാനാരംഭിക്കും. അങ്ങനെ ശിരസ്സുരൂപപ്പെടുന്നു. രണ്ടുമാസം കൊണ്ട് കൈകാലുകള്‍ രൂപപ്പെടുന്നു. മൂന്നാംമാസം നഖങ്ങള്‍, രോമങ്ങള്‍, അസ്ഥികള്‍, ചര്മങ്ങള്, ഇവ രൂപപ്പെടുന്നു. മൂന്നാം മാസത്തിലാണ് ശരീരം ലിംഗനിര്‍ണയം പൂര്‍ത്തിയാക്കുന്നത്. ( ജ്യോതിഷ ചക്രവര്‍ത്തിയായിരുന്ന തലക്കുളത്തൂര്‍ ഭട്ടതിരി തന്റെ മകനെ ഉപദേശിച്ച ഭാഗം ഓര്‍മയില്‍ വരുന്നു. ഗര്‍ഭിണിയായി മൂന്നുമാസം കഴിയാതെ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തരുതെന്ന് ഭട്ടതിരി വ്യക്തമാക്കി)
നാലുമാസം കൊണ്ട് ഗര്‍ഭസ്ഥശിശുവിന് സപ്തധാതുക്കള്‍ രൂപം കൊള്ളും ( രസം, രക്തം മാംസം, മേദസ്സ്, അസ്ഥി, മജ്ജ, രേതസ്സ് ഇവയാണ് സപ്തധാതുക്കള്‍) . മൂന്നാം മാസത്തില്‍ അസ്ഥിരൂപപ്പെടുമെങ്കിലും നാലാം മാസത്തിലാണ് ഉറയ്ക്കുക.
അഞ്ചാം മാസം മുതല്‍ വിശപ്പും ദാഹവും അനുഭവപ്പെട്ടു തുടങ്ങും. ആറാംമാസത്തില്‍ ജരായു അവസ്ഥ സംജാതമാകും. ഗര്‍ഭസ്ഥശിശു മറുപിള്ളയാല്‍ ചുറ്റപ്പെടുന്ന അവസ്ഥയാണ് ജരായു. ഇതോടെ ഈ ശിശു മാതൃഗര്‍ഭത്തില്‍ വലതു ഭാഗത്തായി ചലിച്ചു തുടങ്ങും. അമ്മ ഭക്ഷിച്ച വസ്തുക്കളുടെ എരിവും പുളിയും ഉപ്പുമെല്ലാം ഈ അവസ്ഥയില്‍ ശിശുവിന് അരോചകമായി അനുഭവപ്പെടും. ശരീരത്തിനുള്ളിലെ എല്ലാ തരംഗങ്ങളും ഈ ശിശുവിനെ ബാധിക്കുന്നു. മാതൃശരീരത്തിലെ മലമൂത്രാദി വിസര്‍ജ്യ വസ്തുക്കളുടെ രൂക്ഷഗന്ധവും ഈ ശിശുക്കളെ തളര്‍ത്തും. എന്തിനായാണ് താന്‍ ഇങ്ങനെയൊരു ജന്മമുണ്ടാക്കിയത് എന്നോര്‍ത്ത് വിലപിക്കും.
‘കൃമിദി: ക്ഷതസര്വാംഗ:
സൗകുമാര്യാത് പ്രതിക്ഷണം
മൂര്ഛാമാപ്നോത്യുരു
ക്ലേശസ്തത്രൈ്യ:
ക്ഷുധിതൈര് മുഹു:’
ഇടക്കിടെ കൃമികീടങ്ങളുടേയും വിരകളുടേയും ഉപദ്രവങ്ങള്‍ കൊണ്ട്് ദേഹത്ത് ക്ഷതമേല്ക്കുന്നു. തന്റെ ദേഹത്തിലെ മാര്‍ദവത്വം മൂലം ഈ ഉപദ്രവങ്ങള്‍ അതികഠിനതരമായാണ് അനുഭവപ്പെടുന്നത്. ഓരോ ക്ഷണത്തിലും ഈ വേദനയില്‍ പുളയുന്നു. ഈ വേദനയാല്‍ മോഹാലസ്യത്തില്‍ പെടുന്നു.
സര്‍വാംഗങ്ങളിലും വേദനയനുഭവപ്പെടുന്നു. ഈ അവസ്ഥയില്‍ തലതാഴ്ത്തി ആ ഉദരത്തില്‍ വളഞ്ഞു പുളഞ്ഞു കിടക്കും. പല ജന്മങ്ങളില് ചെയ്ത പാപകര്മങ്ങളെക്കുറിച്ച് ചിന്തിച്ച് പരിതപിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: