ലളിതകലാ അക്കാദമി പ്രഖ്യാപിച്ച പുരസ്കാരങ്ങളില് കാര്‍ട്ടൂണിനുള്ളത് മരവിപ്പിക്കാന്‍ ആലോചിക്കുന്നതായി വാര്‍ത്ത. പുരസ്കാരവിവാദം മുറുകുന്നതിനിടെയാണ് മരവിപ്പിക്കല്‍ നീക്കത്തെക്കുറിച്ചുള്ള വാര്‍ത്ത വന്നത്. അധികൃതര്‍ എന്തെങ്കിലും ചെയ്യട്ടെ. പ്രശ്നം അതല്ല. പുരസ്കാരം മരവിപ്പിക്കുക എന്നാല്‍ എന്താണര്‍ത്ഥമെന്ന് പിടികിട്ടുന്നില്ല!
പുരസ്കാരജേതാക്കള്‍ മാത്രമല്ല, സാംസ്കാരികനായകരും വായനക്കാരും സാധാരണക്കാരുമെല്ലാം ഇതിന്റെ അര്‍ത്ഥവും അര്‍ത്ഥതലങ്ങളും തേടി അലയുകയാണ്.
മരവിപ്പിക്കലിന് ഇവിടെ സാധാരണ അര്‍ത്ഥമല്ല ഉള്ളതെന്ന് ചിലര്‍ പറയുന്നു. അസാധാരണ അര്‍ത്ഥം എന്താണെന്ന് അവര്‍ വ്യക്തമാക്കുന്നില്ല!
‘പുരസ്കാരത്തെ കൊല്ലും’ എന്നതിന്റെ ആലങ്കാരിക പ്രയോഗമാണിതെന്ന് ചില വിഷാദാത്മകര്‍ കരുതുന്നു.
മരവിപ്പിച്ചതുകൊണ്ട് പുരസ്കാരം മരിക്കുകയില്ല, അതവിടെതന്നെ ഉണ്ടാകുമെന്നാണ് മറ്റുചിലരുടെ വാദം. ശസ്ത്രക്രിയകള്‍ക്കു മുന്‍പുള്ള മരവിപ്പിക്കലായിമാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും അവര്‍ വിശദീകരിക്കുന്നുണ്ട്.
മരവിപ്പിക്കപ്പെട്ട പുരസ്കാരത്തിന് പുറമേ മരിവിപ്പിക്കാത്ത പുതിയ പുരസ്കാരം ഉണ്ടാകുമോ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
പുരസ്കാരം മരവിപ്പിച്ച നിലയില്‍ ശീതീകരണിയില്‍ ഉണ്ടാകുമെന്ന നിലയ്ക്ക്, പുരസ്കാരജേതാവിനെ ‘മരവിപ്പിച്ച കാര്‍ട്ടൂണ്‍ പുരസ്കാരജേതാവ്’ എന്ന് വിശേഷിപ്പിക്കാമെന്ന് ചില നിയമജ്ഞര്‍ സമര്‍ത്ഥിക്കുന്നു. മരവിപ്പിച്ചത് ജേതാവിനെയല്ലാത്തതിനാല്‍ ‘മരവിപ്പിച്ച കാര്‍ട്ടൂണ്‍ പുരസ്കാരത്തിന്റെ ജേതാവ്’ എന്നുതന്നെ പ്രയോഗിക്കണമെന്ന് ഭാഷാപണ്ഡിതര്‍ ഓര്‍മ്മിപ്പിക്കുന്നു.
മരവിപ്പിക്കല്‍ എത്രകാലത്തേക്കാണെന്നറിയില്ല. കാലാവധി നീട്ടാനും കുറയ്ക്കാനും അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കാം.
ഇത്ര കടുത്ത നടപടി വേണ്ടെന്നും പുരസ്കാരം ഭാഗികമായി മരവിപ്പിച്ചാല്‍ മതിയെന്നും അഭിപ്രായമുള്ള ചിലര്‍ അധികൃതര്‍ക്കിടയില്‍ത്തന്നെ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. ഭാഗികമായ മരവിപ്പിക്കല്‍ എങ്ങനെയൊക്കെയാകാമെന്നും അവര്‍ വിശദീകരിക്കുന്നു.
പ്രശസ്തിപത്രവും ശില്പവും പണവും അടങ്ങുന്നതാണ് പുരസ്കാരമെന്നിരിക്കട്ടെ. ഇവയില്‍ ഒന്നോ രണ്ടോ മരവിപ്പിക്കാം. മൃദുസമീപനമാണ് അധികൃതര്‍ക്കുള്ളതെങ്കില്‍ പ്രശസ്തിപത്രം മാത്രം മരവിപ്പിച്ചാല്‍ മതി. നിലപാട് കര്‍ക്കശമാണെങ്കില്‍ പണവും ശില്പവും മരവിപ്പിക്കാം. പ്രശസ്തി പത്രത്തിലെയും ശില്പത്തിലെയും ലിഖിതത്തില്‍ ‘മരവിപ്പിച്ചത്’ എന്നു ചേര്‍ക്കാന്‍ മറക്കരുത്!
ഈ വാര്‍ത്തകേട്ട് പുരസ്കാരജേതാക്കളില്‍ പലര്‍ക്കും നേരിയ മരവിപ്പുണ്ടായത്രെ. ഏതു പുരസ്കാരവും എപ്പോള്‍ മരവിപ്പിക്കുമെന്ന്ആര്‍ക്കറിയാം?. കലാകാരന്മാരുടെ ജീവചരിത്ര കുറിപ്പുകളില്‍ ഇനി ഇങ്ങനെ കണ്ടേക്കാം: ”ദീര്‍ഘകാലത്തെ കലാജീവിതത്തിനിടയില്‍ മരവിപ്പിച്ചതും അല്ലാത്തതുമായ ഒട്ടേറെ പുരസ്കാരങ്ങള്‍ ഈ പ്രതിഭാശാലിയെ തേടിയെത്തിയിട്ടുണ്ട്”.
അധികൃതരുടെ ഉദ്ദേശം വ്യക്തമാകാത്തതുകൊണ്ടാണ് ഇങ്ങനെ കാടുകയറി ചിന്തിച്ചുപോകുന്നത്. അതുകൊണ്ട് പുരസ്കാര മരവിപ്പക്കലിന്റെ അര്‍ത്ഥം ഉടന്‍ പത്രസമ്മേളനം വിളിച്ച് വ്യക്തമാക്കിത്തരാന്‍ അവരോട് അപേക്ഷിക്കുന്നു.
വാര്‍ത്തയില്‍ നിന്ന്:
”നിലവില്‍ കേരളത്തില്‍ സാഹസിക ടൂറിസം സീസണ് ആരംഭിച്ചു”.
നിലവില്‍ ആര്‍ക്കും സാഹസിക ടൂറിസം ആരംഭിക്കാം എന്ന നിലയാണ്.
നിലവില്‍ ടൂറിസം വകുപ്പ് ഇവയൊന്നും പരിശോധിക്കുന്നില്ല.
”നിലവില്‍ സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട് ലൈസന്‍സുകള്‍ക്കും അനുമതികള്‍ക്കും കൃത്യമായ ഏകീകരണമില്ല”.
നാലു വാക്യങ്ങളിലും ‘നിലവില്‍’ ആവശ്യമില്ല. ഇതെഴുതിയ ആള്‍ക്കും ഏറ്റവും പ്രീയപ്പെട്ട പദം ‘നിലവില്‍’ ആണെന്നു തോന്നുന്നു! ‘നിലവില്‍’ ഇത്രയേ പറയുന്നുള്ളു!
പിന്കുറിപ്പ്:
പ്രകടനപത്രികയില്‍ ചേര്‍ക്കാവുന്നത്:
”ഞങ്ങളുടെ മുന്നണി അധികാരത്തില്‍ വന്നാല്‍ മരവിപ്പിച്ച പുരസ്കാരങ്ങളെല്ലാം പൂര്‍വ്വകാല പ്രാബല്യത്തോടെ പുനരുജ്ജീവിപ്പിക്കുന്നതാണ്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: