നെടുമങ്ങാട്: ഞായറാഴ്ചകളില്‍ അമ്മൂമ്മയ്ക്കൊപ്പം പള്ളിയില്‍ പോകാന്‍ ഇനി മീരയില്ല. അമ്മയ്ക്ക് പൊതിച്ചോറുമായി അവള് വീട്ടിലെത്തുകയുമില്ല. കാമുകനൊപ്പം ചേര്‍ന്ന് അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ പതിനാറുകാരി മീരയുടെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടുകയാണ് മഞ്ച പേരുമല ചരുവിള പുത്തന്‍വീട്ടില്‍ വത്സലയും മൂത്തമകള്‍ സിന്ധുവും. വത്സലയുടെ രണ്ടാമത്തെ മകള്‍ മഞ്ജുഷയും കാമുകന് കാരാന്തല കുരിശടി മുക്കില്‍ അനീഷും ചേര്‍ന്നാണ് മീരയെ കൊലപ്പെടുത്തിയത്. ഇരുവരുടെയും സ്വകാര്യതയ്ക്കുള്ള തടസം ഒഴിവാക്കാനായിരുന്നു കൊടുംക്രൂരത.
ഞായറാഴ്ച പള്ളിയില്‍ പോകാനും മറ്റ് ഒഴിവുസമയങ്ങളില്‍ അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനും മീര പേരുമലയിലെ വീട്ടില്‍ എത്താറുണ്ട്. അമ്മൂമ്മയ്ക്കും വല്യമ്മയ്ക്കും ഒപ്പം ആഹാരം കഴിച്ച് അമ്മ മഞ്ജുഷയ്ക്ക് പൊതിച്ചോറും കൊണ്ടേ അവള് മടങ്ങാറുള്ളു. എപ്പോഴും അവള് പറയാറുണ്ട്. അമ്മ തനിക്ക് വേണ്ടിയും താന്‍ അമ്മയ്ക്ക് വേണ്ടിയുമാണ് ജീവിക്കുന്നതെന്ന്. ഞായറാഴ്ച വത്സലയ്ക്ക് ഒരു കല്യാണത്തില്‍ പങ്കെടുക്കേണ്ടതിനാല്കൊല്ലപ്പെടുന്നതിനു തലേദിവസമായ തിങ്കളാഴ്ചയായിരുന്നു മീര വത്സലയുടെ വീട്ടില്‍ എത്തിയത്. പതിവുപോലെ ഒന്നിച്ച് ആഹാരവും കഴിച്ച് വൈകിട്ട് മൂന്നോടെ അമ്മയ്ക്ക് പൊതിച്ചോറുമായി പോയ മീരയുടെ യാത്ര മടക്കമില്ലാത്ത ലോകത്തേക്കാണെന്ന് കരുതിയില്ലെന്ന് വത്സല പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
അന്ന് രാത്രിയാണ് വാടക വീട്ടില്‍ വച്ച് കാമുകന് അനീഷ് മഞ്ജുഷയുടെ സഹായത്തോടെ കുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നത്. കിടക്കയില്‍ തള്ളിയിട്ടശേഷം ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ചു .മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം അനീഷ് എത്തിയ ബൈക്കില്‍ നടുക്കിരുത്തി നാല് കി.മീറ്റര്‍ മാറിയുള്ള അനീഷിന്റെ വീടിനു സമീപത്തെ അടഞ്ഞുകിടന്ന ഉറക്കിണറില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. മഞ്ജുഷയുടെ വഴിവിട്ട ജീവിതത്തിന്റെ ഇരയായിരുന്നു മീര. പഠനസാഹചര്യം നഷ്ടപ്പെട്ട കുട്ടി പ്ലസ്ടുവിന് പ്രവേശനം കിട്ടാതെ നെടുമങ്ങാട്ടെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ചേരാനുള്ള തയാറെടുപ്പിലായിരുന്നു.
മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പേരുമലയിലെ വത്സലയുടെ വീട്ടുമുറ്റത്താണ് മീരയ്ക്ക് കുഴിമാടം ഒരുങ്ങിയത്. ചെറുമോളുടെ വിയോഗം തളര്‍ത്തിയ വത്സലയ്ക്കും മീരയുടെ വല്യമ്മ സിന്ധുവിനും കുഴിമാടത്തില്‍ നോക്കി കണ്ണീരൊഴുക്കാനേ കഴിയുന്നുള്ളൂ. ശനിയാഴ്ച രാത്രി എട്ടരയോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന സംസ്കാരച്ചടങ്ങില്‍ നെഞ്ചുപൊട്ടി വിലപിച്ച് നാടൊന്നാകെ ഒഴുകിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: