ഒസാക്കയില്‍നിന്ന് ലോകനേതാക്കള്‍ പിരിയുമ്പോള്‍ പിരിമുറുക്കങ്ങള്‍ക്ക് അറുതിയായോ?. ചൈനയെയും റഷ്യയെയും ഇന്ത്യയെയുമൊക്കെ നിലയ്ക്ക് നിര്‍ത്താന്‍ പുറപ്പെട്ട അമേരിക്കന്‍ പ്രസിഡന്റിന് എന്താണ് നേട്ടമുണ്ടായത്?. ആഗോള വാണിജ്യ-വ്യവസായ ഇടപാടുകളുടെ കാര്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് കാണിച്ച പിടിവാശി ഇനിയും തുടരുമോ ?. കാലാവസ്ഥാ നിയന്ത്രണം സംബന്ധിച്ച പാരീസ് ഉച്ചകോടി തീരുമാനത്തില്‍നിന്ന് അമേരിക്ക സ്വയം പിന്മാറുമോ?. ജി 20 ഉച്ചകോടി കഴിഞ്ഞപ്പോള്‍ പലരുടെയും മനസ്സില്‍ ഉയര്‍ന്ന സംശയങ്ങളാണിത്. എന്നാല്‍ ഒന്നുണ്ട്, അവിടെ ഇന്ത്യയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നിറഞ്ഞുനിന്നു; സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ, അതേസമയം ഇന്ത്യന്‍ താല്പര്യങ്ങള് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെയാണ് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങിയത്.
ജി 20 പോലുള്ള വേദികള്‍ രാഷ്ട്രത്തലവന്മാര്ക്ക് നേരിട്ട് ആശയവിനിമയം നടത്താനുതകുന്നവയാണ്; ഉടന്‍ ഫലംനല്കുന്നതൊന്നും സാധാരണനിലയ്ക്ക് അത്തരം വേദികളില്‍ നടക്കാറുമില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസം ജപ്പാനിലെ ഒസാക്കയില്‍ സമാപിച്ച ജി 20 ഉച്ചകോടിക്കും മറ്റൊന്നും സാധാരണ നിലക്ക് അവകാശപ്പെടാനുണ്ടാവില്ല. രണ്ടു-മൂന്ന് നാള് ലോകത്തിലെ പ്രമുഖമായ 24 രാജ്യങ്ങളുടെ ഭരണാധികാരിമാര്‍ ഒന്നിച്ചുചേരുന്നു എന്നതുതന്നെ പ്രധാനമാണ്. അവര്‍ക്ക് എത്രയോ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ട്; എത്രയോ കാര്യങ്ങളിലെ ഭിന്നതകള്‍ മനസിലേറ്റിക്കൊണ്ടാണ് അവര്‍ അത്തരം ഉച്ചകോടികള്ക്കെത്തുക; എന്തായാലും അതൊക്കെയാണ് നാം ഒസാക്കയിലും കണ്ടത്. മുഖാമുഖം സംസാരിക്കുമ്പോള്‍ സ്വാഭാവികമായും കുറെ പ്രശ്നങ്ങള്‍ തീരും; പലതും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സന്നദ്ധമാവും. അത് ഒസാക്കയിലും കണ്ടു. പക്ഷെ അമേരിക്കയല്ല ലോകത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന് ബോധ്യപ്പെടുത്താന്‍ അവിടെ ഇന്ത്യക്കായി എന്നത് മറന്നുകൂടാ. അതാവണം ഒസാക്കയുടെ സന്ദേശം. രണ്ടുമൂന്ന് കാര്യങ്ങളില്‍ അത് അനുഭവേദ്യമാണ്. മറ്റൊന്ന് ശ്രദ്ധിക്കേണ്ടത്, നയതന്ത്ര തലത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ലക്ഷ്യമിട്ട് തുടങ്ങിയ ആഗോള വേദികള്‍ ഇന്നിപ്പോള്‍ കച്ചവടവിഷയങ്ങള്ക്ക് പ്രാമുഖ്യം നല്കുന്നവയായി മാറുകയാണോ എന്ന തോന്നലാണ്. കാലങ്ങളായി വന്ന മാറ്റമാവണം, എന്നാല്‍ അത് അങ്ങനെ മാറിക്കഴിഞ്ഞു.
ഇന്ത്യ ഓര്‍ക്കേണ്ടുന്ന ഒരു കാര്യം, നരേന്ദ്രമോദി ജപ്പാനിലേക്ക് വിമാനം കയറുന്നതിന് തലേന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോമ്പിയോ ദല്‍ഹിയിലെത്തിയിരുന്നു. മോദി രണ്ടാം തവണ അധികാരമേറ്റ ശേഷമുള്ള ഒരു പ്രധാന വിദേശ നയതന്ത്ര നീക്കമായിരുന്നു അതിലൂടെ വാഷിംഗ്ടണ്‍ നടത്തിയത്. സാധാരണ നിലയ്ക്ക് അത് വേണ്ടിയിരുന്നോ എന്ന് ചിലരെങ്കിലും ചോദിക്കുമായിരുന്നു. കാരണം രണ്ടുനാള്‍ക്കകം യുഎസ് പ്രസിഡന്റ് നരേന്ദ്ര മോദിയെ ഒസാക്കയില്‍ കാണാനിരിക്കുന്നു; അതിനിടെ എന്തിനാണ് വിദേശകാര്യ സെക്രട്ടറി ഇവിടേക്ക് വരുന്നത്?. അത്രയ്ക്ക് പ്രാധാന്യം അമേരിക്ക ഡല്‍ഹിക്ക് നല്‍കുന്നുണ്ട് എന്നതാണ് ഒരു കാര്യം. മറ്റൊന്ന്, യുഎസില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന കുറെ സാമഗ്രികള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു. അത് ഒരു പ്രതികാര നടപടിയായിരുന്നു എന്നതില്‍ സംശയമില്ല; കാരണം ഇന്ത്യക്ക് അമേരിക്ക നല്കിയ പ്രത്യേക സ്റ്റാറ്റസ് റദ്ദാക്കാനും മറ്റും ട്രംപ് ഭരണകൂടം തയ്യാറായപ്പോള്‍ ഇന്ത്യന്‍ സാമഗ്രികള്‍ക്ക് അവിടെ ഇറക്കുമതി നികുതി വര്‍ധിച്ചു. അതില്‍നിന്ന് പിന്മാറാന് അവര്‍ മടിച്ചു; അപ്പോള്‍ ഇന്ത്യക്ക് അതിനോട് പ്രതികരിച്ചേ മതിയാവൂ എന്നതായി അവസ്ഥ. ഇത്തരം കാര്യങ്ങളില്‍ ശക്തമായ നിലപാടെടുക്കാന്‍ മോദി ഒരിക്കലും മടിച്ചിട്ടുമില്ലല്ലോ. ചൈനയോടും അമേരിക്ക ഇതേ നിലപാടാണെടുത്തത്; അവര്തിരിച്ചും അതുചെയ്തു. സൂചിപ്പിച്ചത് മുന്‍പൊക്കെ അമേരിക്ക എന്ത് തീരുമാനിച്ചോ അത് നടക്കുമായിരുന്നു; ഇന്ന് അവസ്ഥ അതല്ല എന്ന് കാണിച്ചുകൊടുക്കാന്‍ ഡല്‍ഹിക്കും ബീജിങ്ങിനും മറ്റുമായിരിക്കുന്നു.
ഇന്ത്യക്ക്മേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നത് ഇറക്കുമതിതീരുവ കൂട്ടിയതിന് മാത്രമല്ല. ഇറാന് പ്രശ്നത്തില്‍ ഇന്ത്യക്ക് യുഎസിഎന്റേത്തിന് സമാനമായ നിലപാടല്ല ഉള്ളത്. ഇറാനില്‍ നിന്ന് ഇന്ത്യ ഏറെ എണ്ണ ഇറക്കുമതി നടത്തിയിരുന്നു; ഇന്ത്യക്ക് ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് എണ്ണ നല്കാന് അവര്‍ തയ്യാറുമായി. മെയ് അവസാനംവരെ ഇന്ത്യ ആ ഇറക്കുമതി തുടര്‍ന്നിരുന്നു; തോതില്‍ കുറവുണ്ടായെങ്കിലും. എന്നാല്‍ മെയ്മാസം അവസാനത്തോടെ അത് നിര്‍ത്തിവെച്ചു. ഇത് ഇന്ത്യക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. മാത്രമല്ല ഇറാനില്‍ ഇന്ത്യ ഒരു തുറമുഖം പോലും വികസിപ്പിച്ചിരുന്നു; അതും പ്രയോജനമില്ലാതെയാവുന്നത് പ്രയാസമുണ്ടാക്കും. അതിലൊക്കെയേറെ ഇന്‍ഡോ ഇറാന് സൗഹൃദത്തിന് ഏറെ നാളത്തെ പഴക്കവുമുണ്ട്. ആണവകരാര്‍ ലംഘനമുണ്ട് എന്നുപറഞ്ഞാണ് ഇറാനെതിരായ അമേരിക്കന്‍ പടപ്പുറപ്പാട്. പക്ഷെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അതില്‍ വലിയ ആത്മാര്‍ദ്ധത ഉണ്ടെന്നുതോന്നുകയില്ല; അല്ലെങ്കില്‍ അതിലേറെ മറ്റ് താല്പര്യങ്ങള് ഒളിച്ചിരിക്കുന്നു എന്ന്. മാത്രമല്ല ഒരു കച്ചവട കണ്ണ് കാണാനാവുകയും ചെയ്യും . ‘ഇറാനില്‍നിന്ന് നിങ്ങള്‍ എണ്ണ വാങ്ങുന്നത് നിര്ത്തു; പകരം ഞങ്ങള്‍ തരാം’ എന്നാണ് അമേരിക്ക പറയുന്നത്. അമേരിക്ക നിശ്ചയിക്കുന്ന വിലയ്ക്ക് നല്‍കാം എന്ന്. എന്നാല്‍ ഇറാഖ്, സൗദി അറേബ്യ, കുവൈറ്റ് അടക്കം പലരില്‍നിന്നും ഇറക്കുമതി ചെയ്യുന്നത് വര്‍ധിപ്പിച്ചുകൊണ്ടാണ് ഇന്ത്യ അതിന് പരിഹാരം കാണുന്നത്. അമേരിക്കയില്‍നിന്നുള്ള ഇറക്കുമതിയുമുണ്ട്. യഥാര്‍ഥത്തില്‍ അമേരിക്കയുമായുള്ള ഏതൊരു പ്രശ്നം പരിഹരിക്കുമ്പോഴും ഇന്ത്യക്ക് മുന്നോട്ട് വെക്കാനുണ്ടാവുക ഇറാന് എണ്ണയുടെ കാര്യം തന്നെയാണ്.
ട്രംപിന്റെ ആവശ്യങ്ങളില്‍ മറ്റൊന്ന് ഇന്ത്യ ആയുധങ്ങള്‍ വാങ്ങുമ്പോള്‍ അവര്‍ക്ക് പ്രാധാന്യം നല്‍കണം എന്നതാണ്; ഒരര്‍ഥത്തില്‍ അമേരിക്കയില്‍നിന്ന് മാത്രം വാങ്ങണം എന്നതാണത്. അവിടെയും ഇന്ത്യ അതിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്; അത് യുഎസ് വിദേശകാര്യസെക്രട്ടറി ദല്‍ഹിയിലെത്തിയപ്പോഴും ഒസാക്കയില്വെച്ചും അതിനൊക്കെമുന്പും കാര്യങ്ങള്‍ തുറന്നുപറഞ്ഞതാണ്. ഇക്കാര്യത്തില്‍ ആയുധത്തിന്റെ ആവശ്യകത, അതില്‍ ഏറ്റവും മികച്ചതും വിലയുടെ കാര്യത്തില്‍ കുറവും …… ഇങ്ങനെ പലതും ഇന്ത്യ പരിഗണിക്കും. അതിലൊക്കെ ഏതാണോ മുന്നില്‍ വരുന്നത് ഇന്ത്യ അത് വാങ്ങും. ഇതൊന്നും പക്ഷെ ട്രംപ് ഭരണകൂടത്തിന് ബോധ്യമാവുന്നില്ല. ‘എസ് 400 എയര്‍ ഡിഫന്‍സ് സിസ്റ്റം’ ഇന്ത്യ വാങ്ങാന്‍ തീരുമാനിക്കുകയാണ്; ഇക്കാര്യത്തില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ഏറെക്കുറെ ധാരണയിലെത്തിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ലോകത്തിലെ മികച്ചവയില്‍ ഒന്നാണ് റഷ്യയുടേത്. എന്നാല്‍ അത് ഇന്ത്യ വാങ്ങരുത് എന്നാണ് അമേരിക്ക പറയുന്നത്. അവര്‍ നല്‍കാമെന്നും. ഇന്ത്യ മാത്രമല്ല, അവര്‍ തുര്‍ക്കിക്കെതിരെയും ഇതേനയം പ്രയോഗിച്ചു; ‘റഷ്യയില്‍നിന്ന് വാങ്ങിയാല്‍ ഉപരോധം’ എന്നതാണ് യുഎസ് കുതന്ത്രം. തുര്ക്കിപോലും അത് നിരാകരിച്ചു. ഇന്ത്യന്‍നിലപാട് ട്രംപിനെ മോദി അറിയിച്ചിട്ടുണ്ട് എന്നതാണ് കരുതേണ്ടത്. ഇന്ത്യ-റഷ്യ സഹകരണത്തിന് എത്രയോ പഴക്കമുണ്ട്. അത് തുടരാന്‍ തന്നെയാണ് മോദി സര്‍ക്കാരിന്റെ തീരുമാനം. അതിനര്‍ത്ഥം റഷ്യയുടെ കീഴിലാണ് ഇന്ത്യ എന്നല്ല; ഓരോ കാര്യത്തിലും ഇന്ത്യക്ക് അനുകൂലമായ നിലപാട് ഇന്ത്യ എടുക്കുന്നു എന്നെ അര്‍ത്ഥമാക്കേണ്ടതുള്ളൂ.
5- ജിക്ക് ഇന്ത്യ തയ്യാറാവുമ്പോള്‍ അതിലും അമേരിക്കയ്ക്ക് താല്പര്യമുണ്ട്; എന്നാല്‍ ഇന്ത്യന്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മടിക്കുകയും ചെയ്യുന്നു. അപ്പോഴാണ് ഒരു ചൈനീസ് കമ്പനി രംഗത്ത് വന്നത്. ചൈനീസ് കമ്പനിയെ തഴയണം എന്ന് ട്രംപ് പറയുമ്പോള്‍ അതിലെ താല്പര്യം വ്യക്തമല്ലേ. ഇവിടെയൊക്കെ സമ്മര്ദ്ദങ്ങള്വേണ്ട എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്; അതായത് ഇന്ത്യയ്ക്ക് അനുയോജ്യമായത് സ്വീകരിക്കും എന്ന്. വേറൊന്ന് ശ്രദ്ധിക്കേണ്ടത്, അതുപോലെതന്നെയാണ് ജി 20 ഉച്ചകോടി അംഗീകരിച്ച ഡാറ്റ ശേഖരണം സംബന്ധിച്ച പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നത്. ഇന്ത്യയില്‍ വ്യാപാരം നടത്തുന്നവര്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ (ഡാറ്റ) ഇന്ത്യയില്‍തന്നെ സെര്‍വറില്‍ സൂക്ഷിക്കണം എന്നതാണ് നമ്മുടെ നിലപാട്. റിസര്‍വ് ബാങ്ക് അക്കാര്യം വ്യക്തമാക്കി ഉത്തരവുമിറക്കിയിട്ടുണ്ട്. അത് ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയ്ക്കും ബാധകമാവുന്നുണ്ട്. ഗൂഗിള്‍, മാസ്റ്റര്‍ കാര്‍ഡ്, വിസ, ആമസോണ്‍ തുടങ്ങിയവ അതിനെതിരെരംഗത്ത് വന്നിരുന്നു. ഇതൊക്കെ യുഎസ്കമ്പനികളാണ് എന്നതോര്‍ക്കുക. പക്ഷെ ഇന്ത്യ വഴങ്ങിയില്ല. പല പേരുകളില്‍ പല തരത്തില്‍ വിദേശത്തുനിന്നും മറ്റും പണം ഇന്ത്യയിലേക്ക് അയക്കുന്നത് തടയാന്‍, കള്ളപ്പണ വിനിമയം അവസാനിപ്പിക്കാന്‍ ഒക്കെ ഇത്തരമൊരു നിയന്ത്രണം വേണം എന്നതാണ് ഇന്ത്യന്‍ നിലപാട്. ഭീകരതക്കെതിരായ നീക്കങ്ങള്‍ക്ക് അത് ആവശ്യമാണ് എന്നും ഇന്ത്യ കരുതുന്നു. യഥാര്‍ഥത്തില്‍ ജി 20 -യില്‍ കൊണ്ടുവന്ന പ്രമേയം അമേരിക്ക സ്പോണ്സര് ചെയ്തതാണ്; അത് ഇന്ത്യന്‍ താല്പര്യത്തിനെതിരാണ്; അത് മനസിലാക്കി അതിനെതിരെ രംഗത്ത് വരാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യക്കൊപ്പം മറ്റ് മൂന്ന് നാല് രാജ്യങ്ങളും അണിനിരന്നു.
ഇതിനൊക്കെയിടയില്‍ രണ്ടു ശക്തമായ നീക്കങ്ങള്‍ ഇന്ത്യ അവിടെ നടത്തി. അതിലൊന്ന് ഇന്ത്യയും റഷ്യയും ചൈനയും ചേര്‍ന്നുള്ള യോഗമായിരുന്നു. ഏഷ്യന്‍ മേഖലയിലെ മൂന്ന് ശക്തമായ രാജ്യങ്ങള്‍ ഒന്നിച്ചിരുന്നത് തീര്‍ച്ചയായും മറ്റുള്ളവര്‍ക്ക് ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇതില്‍ റഷ്യ ഇന്ത്യക്കൊപ്പം നില്ക്കുന്ന രാജ്യമാണ്; ചൈനയെ എത്രത്തോളം വിശ്വസിക്കാം എന്നത് പറഞ്ഞുകൂടാ. എന്നാല്‍ ഒന്നിച്ചുപോകാന്‍ തയ്യാറാണ് എങ്കില്‍ നല്ലതാണ് എന്ന സന്ദേശമാണ് മോദി സര്‍ക്കാര്‍ ബീജിങ്ങിന് നല്‍കുന്നത്. മറ്റൊന്ന് അതിനൊക്കെ ഒപ്പം അമേരിക്ക ജപ്പാന് എന്നിവയുമായി സഹകരിക്കാന്‍ ഇന്ത്യ തയ്യാറായി. ജയ് (ഷമശ) എന്നൊരു വേദിയും അതിനായുണ്ടായി. ഇന്ത്യ ആഗ്രഹിച്ചിരുന്നത് ചൈന, റഷ്യ, ജപ്പാന്, ഇന്ത്യ എന്നിവ ഒന്നിച്ചുവരണം എന്നതാണ്. വാജ്പേയിയുടെ ഒരു സ്വപ്നനീക്കമായിരുന്നു അത്. പക്ഷെ അത് അന്ന് നടന്നില്ല. ഇപ്പോഴും ചൈനക്കൊപ്പം വരാന്‍ ജപ്പാന് പൂര്ണ്ണസന്നദ്ധമല്ല; ഒരുപക്ഷെ അതിനുപിന്നില്‍ അമേരിക്കന്‍ സമ്മര്‍ദ്ദവും ഉണ്ടാവാം.
എന്നാല്‍ അവരെ ഒഴിച്ചുനിര്‍ത്തി മറ്റ് രാജ്യങ്ങളെകൂടെ കൊണ്ടുപോകുക എന്നതാണ് ദല്‍ഹി ലക്ഷ്യമിടുന്നത്. അതേസമയം, ജപ്പാനെ അമേരിക്കക്കൊപ്പം നിര്‍ത്തി സഹകരിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ജി 20 യുടെ ഇടയില്‍ സമയമുണ്ടായി. മാത്രമല്ല റഷ്യ ചൈന ഇന്ത്യ അച്ചുതണ്ട് മുന്നോട്ട് പോയാല്‍ ഈ മേഖലയില്‍ വലിയ ശക്തിയാവും എന്ന് മാത്രമല്ല ഈ ചൈനയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എളുപ്പമാവും എന്നും ദല്‍ഹി കരുതുന്നുണ്ടാവണം. ഇന്നിപ്പോള്‍ പാകിസ്ഥാന് ചൈന നല്കുന്ന അകമഴിഞ്ഞ സഹായം, പാക്സര്‍ക്കാര്‍ ഭീകരതയ്ക്ക് നല്കുന്ന പിന്തുണ ഒക്കെ തടയാന്‍ ഇതുവഴി കഴിയുമോ എന്ന് പരീക്ഷിക്കാനും ശ്രമമുണ്ടാവും. അതുകൊണ്ട് എന്ത് നേടി എന്നതല്ല, എന്തിനൊക്കെ വഴിയൊരുങ്ങുന്നു എന്നതാണ് ജി 20 കഴിയുമ്പോള്‍ പറയാനാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: