ശബ്ദാര്‍ത്ഥ വിന്യാസത്തിലൂടെ പിറവിയെടുക്കുന്ന ഉത്തമ കാവ്യത്തില്‍ രസവും ധ്വനിയും അലിഞ്ഞു ചേരുമ്പോള്‍ അത് ആസ്വാദക ഹൃദയങ്ങളുടെ ആഴങ്ങളിലെത്തുന്നു. പ്രതിഭാധനനായ കവി സുകു മരുതത്തൂരിന്റെ വാക്കുകളാണിത്. മലയാള ഖണ്ഡകാവ്യ പ്രസ്ഥാനത്തിന് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ പ്രദാനം ചെയ്യുകയാണ് സുകു മരുതത്തൂരിന്റെ ‘അപഥസഞ്ചാരി’ എന്ന ഖണ്ഡകാവ്യം. കാവ്യാസ്വാദകര്‍ക്കിടയില്‍ ഖണ്ഡകാവ്യ ശാഖയ്ക്ക് അനന്യമായ സ്ഥാനമാണുള്ളതെന്നും അപഥ സഞ്ചാരി വ്യക്തമാക്കുന്നു. ആത്മാവിഷ്കാരത്തിന്റെ സ്പന്ദിക്കുന്ന വാങ്മയതലങ്ങള് രചനയിലുടനീളം കാണാം. മനുഷ്യ മനസുകളില്‍ പ്രത്യേകിച്ച് യുവതലമുറയില്‍ കടന്നുകൂടിയിട്ടുള്ള ലഹരി വസ്തുക്കളോടുള്ള ആസക്തിയും അതുമൂലമുണ്ടാകുന്ന തീവ്രമായ ജീവിത ദുഃഖങ്ങളുമാണ് അപഥസഞ്ചാരിയില് പ്രതിപാദിച്ചിട്ടുള്ളത്. സമകാലീന സാമൂഹിക യാഥാര്‍ത്ഥ്യത്തിലേക്കുള്ള ചൂണ്ടുവിരലാണ് സുകു മരുതത്തൂരിന്റെ ഈ ഖണ്ഡകാവ്യം.
മദ്യം വിഷമാണ് അതു ചെത്തരുത് കുടിക്കരുത് കൊടുക്കരുത് എന്ന ഗുരുദേവ ദര്‍ശനത്തെ മുന്‍നിര്‍ത്തിയാണ് ഈ കഥാകവനത്തിന്റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരുവിന്റെ ശക്തമായ ഈ ആഹ്വാനം കവിയുടെ തൂലികത്തുമ്പിലൂടെ പ്രതിധ്വനിക്കുന്നു.
അപഥസഞ്ചാരിയിലെ കഥാനായകന് രവി തന്റെ പൂര്‍വ്വകാല സ്മരണകളിലേക്ക് കടക്കുന്നതിലൂടെ കാവ്യം ആരംഭിക്കുകയായി. നാട്ടിലെ ചാരായം വാറ്റുകാരനായ രവിയുടെ ചാരായത്തിന്റെ ലഹരിയറിയാത്തവര് നാട്ടില്‍ കുറവായിരുന്നു.ഇതിലൂടെ അതിവേഗം സമ്പന്നനാകുന്ന രവിയുടെ ജീവിതം കാലത്തിന്റെ ഒഴുക്കില്‍പ്പെട്ട് ജീവിതസുഖങ്ങളില് നിന്നും അകലെയാകുന്നു. ഒന്നൊന്നായി സര്‍വ്വതും നഷ്ടപ്പെട്ട അയാള്‍ അവസാനം വീടും പറമ്പും വിറ്റ് മകളുടെ കല്യാണം നടത്തുന്നു. പ്രതീക്ഷകള്‍ക്കു വിപരീതമായി മകളുടെ ജീവിതം കണ്മുമ്പില് തകര്‍ന്നടിയുന്നത് കാണേണ്ടി വരുന്ന ഒരച്ഛന്റെ ദുരന്ത ചിത്രമായി രവി മാറുന്നു. മനുഷ്യ മനസ്സുകള്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് രവി എന്ന കഥാപാത്രം.
പട്ടിണിക്കിരയായി
മൃത്യുവിന്നടുത്തായി
എത്തുന്ന രണ്ടു പ്രാണ-
നപ്പുരയ്ക്കുള്ളില് കാണാം.
പട്ടിണി കൊണ്ടു മരിക്കാറായ രാധയുടെയും കുഞ്ഞിന്റെയും ഹൃദയസ്പര്‍ശിയായ ചിത്രം
മദ്യമീ ലോകത്തിന്റെ
ആയുസ്സുമുറിക്കുന്നു
മദ്യമീ ലോകത്തിന്റെ
സംസ്കൃതി തുലയ്ക്കുന്നു.
ലോകമാകെ പടര്‍ന്നു വളരുന്ന ലഹരി മനുഷ്യരാശിയുടെ ആയുസ്സും സംസ്കാരവും നശിപ്പിക്കുന്നു.
പാതിവ്രത്യത്തെപ്പുല്കി
പാതയിലലയുന്ന
പാവമാം രാധയ്ക്കാരു
പാഥേയമൊരുക്കീടും?
എന്ന ചോദ്യത്തോടെ അവസാനിക്കുന്ന കാവ്യം മനുഷ്യനന്മയ്ക്കായി തൂലിക ചലിപ്പിക്കുന്ന കവിയുടെ ആത്മരോദനമായി നിലകൊള്ളുന്നു.
നെയ്യാറ്റിന്കരയ്ക്കടുത്തുള്ള മരുതത്തൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച കവി കാവ്യലോകത്ത് സജീവമാണ്. ആകാശവാണിക്കും ദൂരദര്‍ശനും വേണ്ടി നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ടെലിഫിലിം, സീരിയല്‍, സിനിമാ ഗാനരചനയിലും നിറഞ്ഞുനില്ക്കുന്നു. കവിത, ജീവചരിത്രം, നോവല്‍, ബാലസാഹിത്യം എന്നീ സാഹിത്യ ശാഖകളിലും രചനകള്‍ നടത്തിവരുന്നു. 2003-ല്‍ സ്വാതിചിത്രാ പുരസ്കാരത്തിനര്‍ഹനായി. ശിവഗിരി മഠം നടത്തിയ ഖണ്ഡകാവ്യ മത്സരത്തില്‍ അപഥസഞ്ചാരി ഒന്നാം സ്ഥാനം നേടി. രബീന്ദ്രനാഥ ടാഗോര്‍, മഹാലക്ഷ്മി സേവാസമിതി, പുരസ്കാരങ്ങളും തിക്കുറിശ്ശി ഫൗണ്ടേഷന് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തപസ്യ, ബാലഗോകുലം എന്നീ സാഹിത്യ സാംസ്കാരിക സംഘടനകളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: