പ്രമുഖ ശാസ്ത്രജ്ഞനായ പദ്മവിഭൂഷന് ഡോ. കെ. കസ്തൂരിരംഗന്‍ ചെയര്‍മാനായി നിയോഗിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ പരിഷ്കരണ കമ്മറ്റി അതിന്റെ ആദ്യത്തെ രൂപരേഖ തയ്യാറാക്കി 2019 മെയ് മാസത്തില്‍ പുറത്തിറക്കി. വിദ്യാഭ്യാസ വിചക്ഷണര്‍, പൊതുജനങ്ങള്‍ എന്നിവരില്‍നിന്നും ലഭിക്കുന്ന അഭിപ്രായംകൂടി സ്വീകരിച്ച് ആവശ്യമായ മാറ്റംവരുത്തിയാവും ഈ നയം നടപ്പിലാക്കുക. രാഷ്ട്രത്തിന്റെ ഭാവിവിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം നല്ലതുപോലെ മനസ്സിലാക്കിയതുകൊണ്ടാണ് വിദ്യാഭ്യാസ പരിഷ്കരണക്കമ്മറ്റി അങ്ങേയറ്റം ജനാധിപത്യപരമായും സുതാര്യമായും ഈ രൂപരേഖ പൊതുജനസമക്ഷം ചര്‍ച്ചയ്ക്ക് വയ്ക്കുന്നത്. കരട് രൂപരേഖ ചര്‍ച്ച ചെയ്യുന്നതിനുമുമ്പ് അതിന്റെ ഉള്ളടക്കം സാമാന്യമായി മനസ്സിലാക്കേണ്ടതുണ്ട്.
ഭാരതമെന്ന മഹത്തായ രാഷ്ട്രത്തിന്റെ സത്തയെ പരിപൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ടാണ് നയം വിഭാവനം ചെയ്തിട്ടുള്ളത്. ഭാരതത്തില്‍ ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉന്നതവിദ്യാഭ്യാസം ഉറപ്പുവരുത്തി, സമതുലിതവും ഊര്‍ജ്ജസ്വലവുമായ വൈജ്ഞാനിക സമൂഹത്തെ വാര്‍ത്തെടുത്ത് സുസ്ഥിരമായ പരിവര്‍ത്തനത്തിലൂടെ രാജ്യത്തെ പരംവൈഭവത്തില്‍ എത്തിക്കുകയാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ ആത്യന്തികലക്ഷ്യം. നിരന്തരമായ ഗവേഷണത്തിലൂടെ നിരവധി വിദ്യാഭ്യാസചിന്തകര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച ഈ രൂപരേഖയുടെ ആമുഖത്തില്‍ കസ്തൂരിരംഗന്‍ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
1946ല്‍ യുഎന്‍ അസംബ്ലിയില്‍ പ്രഖ്യാപിക്കപ്പെട്ട everyone has the right to education എന്ന ആപ്തവാക്യത്തില്‍ തുടങ്ങി വിദ്യാഭ്യാസ വിഷയത്തില്‍ വിവിധ ലോകരാജ്യങ്ങളും സംഘടനകളും കൈക്കൊണ്ട വ്യത്യസ്തവും പ്രസക്തവുമായ നിലപാടുകളെ അദ്ദേഹം ഇവിടെ പരിശോധിക്കുന്നു. അതോടൊപ്പം ചരകനും ആര്യഭടനും പാണിനിയുമുള്പ്പെടെയുള്ള ഭാരതത്തിലെ പ്രാചീന മനീഷികള്മുതല് വിവേകാനന്ദസ്വാമികളും ഗാന്ധിജിയും ടാഗോറും അംബേദ്കറുമടങ്ങുന്ന ആധുനിക മനീഷികള്വരെ മുന്നോട്ടുവെച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസ ചിന്തകളെ ഡോ. കസ്തൂരിരംഗന്‍ മാതൃകയായി സ്വീകരിക്കുന്നുണ്ട്.
പ്രൈമറി മുതല്‍ ഉന്നതവിദ്യാഭ്യാസം വരെയുള്ള വിവിധമേഖലകളില്‍ നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന പുതിയ പദ്ധതികളും അവ മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങളുമടങ്ങിയ നയരൂപരേഖയ്ക്ക് നാല് ഭാഗങ്ങളുണ്ട്. ഓരോഭാഗത്തും വിവിധ പദ്ധതികളും അവയ്ക്കുപിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങളും അവ നടപ്പിലാക്കാന്‍ ആവശ്യമായ മാര്‍ഗ്ഗങ്ങളും വിവരിച്ചിരിക്കുന്നു. ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടവ താഴെ നല്കുന്നു.
1. 2025ന് മുമ്പ് രാജ്യത്തെ മൂന്ന് മുതല്‍ ആറുവരെ വയസ്സിനിടയിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവും സുരക്ഷിതവും ഉയര്‍ന്ന ഗുണമേന്മയുള്ളതും അഭിവൃദ്ധികരവുമായ കരുതലും വിദ്യാഭ്യാസവും ഉറപ്പുവരുത്തുക.
2. 2025ന് മുമ്പ് മുഴുവന്‍ കുട്ടികള്‍ക്കും അക്ഷര-സംഖ്യാ ധാരണയുണ്ടാകും വിധം അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പുവരുത്തുക.
3. 2030ന് മുമ്പ് 3 മുതല്‍ 18 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസ പ്രക്രിയയില്‍ പങ്കാളിത്തം ഉറപ്പുവരുത്തുക
4. വിമര്‍ശനാത്മക ചിന്ത, സര്‍ഗ്ഗാത്മകത, ശാസ്ത്രാഭിരുചി തുടങ്ങി ഡിജിറ്റല്‍ സാക്ഷരതവരെയുള്ള വിവിധ വിഷയങ്ങളില്‍ കഴിവ് വളര്‍ത്തിയെടുക്കാനായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ രീതിയില്‍ പാഠ്യപദ്ധതിയിലും ബോധനപ്രക്രിയയിലും മാറ്റം വരുത്തുക.
5. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍ ട്രെയിനിങ് ലഭിച്ച, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള, അര്‍പ്പണബോധമുള്ള അദ്ധ്യാപകരെ ഉറപ്പുവരുത്തുക.
6. 2030ന് മുമ്പ് സാമൂഹികവും ലിംഗപരവുമായ വ്യത്യാസങ്ങളില്ലാതെ എല്ലാകുട്ടികള്‍ക്കും പഠനത്തിലൂടെ അഭിവൃദ്ധിയുണ്ടാകുവാനാവശ്യമായ തുല്യ അവസരം സൃഷ്ടിക്കുക.
7. സ്കൂള്‍ കോംപ്ലക്സ് സംവിധാനം നടപ്പിലാക്കി എല്ലാ ഫാക്കല്‍ട്ടികളുടെയും കഴിവുകള്‍ പരസ്പരം പങ്കുവെക്കാനാവശ്യമയ സാഹചര്യം സൃഷ്ടിക്കുക.
8. സമഗ്രവും സുതാര്യവും സമ്പൂര്‍ണ്ണ ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി സ്കൂള്‍ സിസ്റ്റത്തില്തന്നെ മാറ്റം വരുത്താനായി നയരൂപീകരണം നടത്തുക.
9. ഉന്നതവിദ്യാഭ്യാസ മേഖല നവീകരിച്ച് ലോകനിലവാരത്തിലുള്ള ബഹുസ്വര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുക. അതോടൊപ്പം 2035ന് മുമ്പ് ജിഇആര്‍ 50 ശതമാനം വരെയെങ്കിലും ഉയര്‍ത്തുക
10. ഉയര്‍ന്ന ഗുണമേന്മയുള്ളതും ആകര്‍ഷകവുമായ ബഹുസ്വര സ്ഥാപനങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്കായി ഉയര്‍ത്തിക്കൊണ്ടുവരികയും അവിടെ എല്ലാവര്ക്കും സമതുലിതമായ അവസരങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുക.
11. താല്പര്യമുള്ള പഠനമേഖലകളില്‍ വിശേഷജ്ഞാനം ലഭിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കാനായി ഭാവനാത്മകവും വിശാലവുമായ വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കുക. ഇവിടെ പഠനമേഖലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തെരെഞ്ഞെടുക്കാം.
12. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി കൃത്യമായതും ഉത്തരവാദിത്വത്തോടുകൂടിയതും സന്തോഷപ്രദവുമായ പാഠ്യപദ്ധതി ഉറപ്പുവരുത്തുക.
13. അധ്യാപനത്തിലും ഗവേഷണത്തിലും കാര്യക്ഷമത, ആത്മാര്‍ത്ഥത, ഉല്‍കൃഷ്ടത, വിശിഷ്ടത എന്നിവ ഉറപ്പുവരുത്തുന്ന തരത്തില്‍ അദ്ധ്യാപക ശാക്തീകരണം നടത്തുക.
14. ഉല്പാദനത്തിലും വളര്‍ച്ചയിലും ശ്രദ്ധിക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ സര്‍വ്വകലാശാലകളിലും കോളേജുകളിലും പ്രോത്സാഹിപ്പിക്കുക
15. അദ്ധ്യാപകരുടെ വിദ്യാഭ്യാസയോഗ്യത വര്‍ദ്ധിപ്പിക്കാനായി ഉയര്‍ന്ന ഗുണമേന്മയുള്ള പരിശീലനം നല്‍കുക. സ്കൂള്‍ അദ്ധ്യാപകരുടെ മിനിമം യോഗ്യത നിര്‍ണ്ണയിക്കാന്‍ നാലുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഇന്റര്‍ഗേറ്റഡ് ബിഎ കോഴ്സ് സ്ഥാപിക്കുക.
16. സാമൂഹികവും മാനസികവുമായ ധര്‍മ്മങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് യോജിച്ച നൈപുണികള്‍ വളര്‍ത്താനാവശ്യമായ പ്രൊഫണല്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുക.
17. ശക്തമായ ഭരണനിര്‍വഹണവും ഫലവത്തായ നേതൃത്വശേഷിയും വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കാനായി ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റം വരുത്തുക
18. ഉന്നതവിദ്യാഭ്യാസരംഗത്തെ സമൂലമായ പരിവര്‍ത്തനത്തിനായി നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തുക.
19. വിദ്യാഭ്യാസപദ്ധതിയില്‍ ബോധനപ്രക്രിയ മുതല്‍ മൂല്യനിര്‍ണയംവരെയുള്ള എല്ലാ ഘടകങ്ങളെയും സാങ്കേതിക സാധ്യതകള്‍ ഉപയോഗിച്ച് ഏകോപിപ്പിക്കുക.
20. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുന്നതിന്റെ ഭാഗമായി 2025ന് മുമ്പ് രാജ്യത്തെ അമ്പതുശതമാനം വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പുവരുത്തുക.
21. തുടര്‍വിദ്യാഭ്യാസ പദ്ധതിയിലൂടെ 2030 ആവുമ്പോഴേക്കും യുവജന-വയോജന സാക്ഷരത നൂറ് ശതമാനത്തിലെത്തിക്കുക.
22. ഭാരതീയ ഭാഷകളുടെ ഭദ്രതയും വളര്‍ച്ചയും ആകര്‍ഷകത്വവും ഉറപ്പുവരുത്തുക
23. രാഷ്ട്രീയ ശിക്ഷാ ആയോഗിന്റെ നേതൃത്വത്തില്‍ കൂട്ടായ്മയിലൂടെ നിര്‍വ്വഹിക്കപ്പെടുന്ന വിദ്യാഭ്യാസപദ്ധതിക്ക് രൂപം നല്‍കുക.
അക്കാദമിക രംഗത്തെ ഭാരതത്തിന്റെ പൈതൃക സമ്പത്തായ വിജ്ഞാനങ്ങളെയും വിശ്വാസങ്ങളെയും, വിഘടനവാദികള്‍ യുക്തിയുടെയും പുരോഗമന വാദത്തിന്റെയും പേരുപറഞ്ഞ് കാലങ്ങളായി അധിക്ഷേപിച്ചത് നമ്മള് കണ്ടില്ലെന്ന് നടിച്ചു. ഇത് ഈ മഖലയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായി. പുതിയ നയത്തിലൂടെ വിദ്യാഭ്യാസരംഗത്തെ ആകമാനം പൊളിച്ചെഴുതി രാജ്യത്തിന്റെ ഭാവി ശോഭനമാക്കാന്‍ കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: