തകര്‍ന്ന് തരിപ്പണമാവുമ്പോഴും വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നവരോട് അസൂയ തോന്നിപ്പോകുന്നത് സ്വാഭാവികമാണ്. വ്യക്തികളാണെങ്കില്‍ മനസ്സിലാക്കാം. കഠിനാധ്വാനത്തിലൂടെ തിരിച്ചുകയറാം എന്നൊക്കെ പ്രതീക്ഷിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതൊരു രാഷ്ട്രീയ കക്ഷിയാവുമ്പോഴോ? സ്വതവേ ദുര്‍ബ്ബല പിന്നെ… എന്നൊക്കെ പറയാറില്ലേ. അതിനേക്കാളൊക്കെ അപ്പുറമാണ് ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥ. ദേശീയകക്ഷിയെന്ന അംഗീകാരംപോലും പ്രശ്നമായിരിക്കുന്നു. 1984-87 കാലഘട്ടത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നെടുംതൂണായി ഇഎംഎസ് നമ്പൂതിരിപ്പാട് നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. വി.പി. സിങ് സര്‍ക്കാരിന്റെ കാലത്ത് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും ‘കിംഗ് മേക്കറായി’ ഉണ്ടായിരുന്നു. അവരാണിപ്പോള്‍ നിലനില്‍പ്പുതന്നെ പ്രശ്നമായിയെന്ന് കുറ്റസമ്മതം നടത്തുന്നത്. എന്നിട്ടും പറയുന്നു, വലത് പക്ഷത്തെ എതിര്‍ക്കാന്‍ തങ്ങളെ ഉള്ളെന്നും അത് തുടരുമെന്നും തിരിച്ചുവരുമെന്നും. എവിടേക്കാണ് സിപിഎമ്മിന്റെ പോക്ക്? അതാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത്, സിപിഎമ്മിനെപ്പോലെ, ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇത്രമാത്രം മലീമസമാക്കിയ ഒരുപാര്‍ട്ടി ഉണ്ടാവുമെന്ന് തോന്നുന്നില്ല. ധാര്‍മ്മികത തൊട്ടുതീണ്ടാത്ത നിലപാടുകളുമായാണ് അവര്‍ പലപ്പോഴും പ്രവര്‍ത്തിച്ചത്. ബിജെപിയെയും നരേന്ദ്രമോദിയെയും എതിര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യം. അതിനായി എന്തിനും മുതിരുന്ന സ്വഭാവം സീതാറാം യെച്ചൂരിയിലും കണ്ടു. ജെഎന്‍യു, ഹൈദരാബാദ് സര്‍വകലാശാല പ്രശ്നങ്ങളില്‍ അവര്‍ സ്വീകരിച്ച ഇന്ത്യ-ദേശവിരുദ്ധ നിലപാട് പുതിയതൊന്നുമാവില്ലായിരിക്കാം. പണ്ട് ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന നമ്പൂതിരിപ്പാടിനെ ഓര്‍ത്തുകൊണ്ടുതന്നെ പറയട്ടെ, നമ്പൂതിരിപ്പാടോ സുര്‍ജിത്തോ ജ്യോതിബസുവോ ഇന്ന് ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഇത്രത്തോളം അധപ്പതിക്കുമായിരുന്നില്ല. കാശ്മീരില്‍ വിഘടനവാദികള്‍ക്കൊപ്പം ചങ്ങാത്തംകൂടുക, പാക് നിലപാടുകള്‍ ഇവിടെ പരസ്യമായി ഉന്നയിക്കുക, ഇന്ത്യന്‍ സുരക്ഷാ സേനയുടെ ശക്തമായ നീക്കങ്ങളെ അപലപിക്കുക… അങ്ങനെയെന്തൊക്കെ..! അത്തരമൊരാളുടെ നേതൃത്വത്തിലാണ് ആ പാര്‍ട്ടി ഹിമാലയത്തില്‍നിന്ന് നാട്ടിലെ വൃത്തികേടുനിറഞ്ഞ ചെളിക്കുണ്ടില്‍ പതിച്ചത്. സിപിഎമ്മിന് ഇന്നുള്ളത് വെറും മൂന്ന് എംപിമാര്‍. അതില്‍ രണ്ടെണ്ണം ഡിഎംകെയുടെ ഔദാര്യത്തില്‍ കിട്ടിയത്. രാജ്യത്തൊട്ടാകെ കിട്ടിയ വോട്ട് വെറും 1.75 ശതമാനം. സിപിഐക്ക് കിട്ടിയത് 0.58 ശതമാനം. ഒരു ശതമാനംപോലും തികഞ്ഞില്ല.
തെരഞ്ഞെടുപ്പ് അവലോകനറിപ്പോര്‍ട്ടില്‍ സിപിഎം പറയുന്നത്, തങ്ങള്‍ പദ്ധതിയിട്ടത് മൂന്ന് കാര്യങ്ങളാണെന്നും മൂന്നിലും പരാജയപ്പെട്ടെന്നുമാണ്. എന്തൊക്കെയാണ് മൂന്ന് കാര്യങ്ങള്‍. ബിജെപി സഖ്യത്തെ എന്ത് വിലകൊടുത്തും തോല്‍പ്പിക്കുക, സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സീറ്റുകള്‍ കൂട്ടുക, കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ ഉറപ്പുവരുത്തുക. അതിനുശേഷമാണ് തിരിച്ചുവരുമെന്ന പ്രതീക്ഷ അവര്‍ സഖാക്കള്‍ക്ക് നല്‍കുന്നത്. അങ്ങനെ അവര്‍ക്ക് പറഞ്ഞേതീരൂ.
എന്നാല്‍, ആരൊക്കെ എന്തൊക്കെ ആക്ഷേപിച്ചാലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് ചിലതൊക്കെ ഭാവാത്മകമായി കാണാതിരിക്കാനും വയ്യ. രാഷ്ട്രീയവിശകലനത്തിലൂടെ കുറച്ചെങ്കിലും സത്യം കണ്ടെത്തുന്ന, അത് കുറെയൊക്കെ തുറന്നുപറയുന്ന സ്വഭാവമുള്ളവരുടെ എണ്ണം തീരെകുറഞ്ഞുവരുന്ന ഇക്കാലത്തും ചില്ലറ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ കാണാനും, കുറ്റസമ്മതം നടത്താനുമൊക്കെ ഇന്നും സിപിഎം തയ്യാറാവുന്നുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം സിപിഎം കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ രേഖ ഒന്ന് വായിക്കേണ്ടതാണ്. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇതുപോലെ സമഗ്രമായി വിശകലനം ചെയ്യാന്‍ ബിജെപിയോ കോണ്‍ഗ്രസോ ഇതുവരെ തയ്യാറായിട്ടുണ്ടോ എന്നത് സംശയമാണ്. ബിജെപി നേതാക്കള്‍ തിരിച്ചറിയാത്ത, അല്ലെങ്കില്‍ അവര്‍ വിലയിരുത്തിയെന്ന് പുറംലോകത്ത് കണ്ടിട്ടില്ലാത്ത, പലതും അവര്‍ നരേന്ദ്രമോദിയുടെ ഈ വിജയത്തില്‍ കണ്ടെത്തിയെന്നതാണ് സത്യം. തീര്‍ച്ചയായും അതില്‍ അവരുടേതായ നിലപാടുകളും കുബുദ്ധികളും ഉണ്ടായിരിക്കുമെങ്കിലും ഏതൊരു രാഷ്ട്രീയ വിദ്യാര്‍ഥിയും ശ്രദ്ധിക്കേണ്ട ഒന്നാണിത്.
സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തലിലെ ചില ഭാഗങ്ങള്‍ നോക്കൂ: ‘ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് ബിജെപിക്ക് അനുകൂലമായ സുപ്രധാനമായ വിധിയെഴുത്താണ്. 2014ലിനെക്കാള്‍ വോട്ടും അവര്‍ക്ക് ലഭിച്ചു. 2014ല്‍ ബിജെപിക്ക് 31 ശതമാനം വോട്ടാണ് കിട്ടിയതെങ്കില് ഇത്തവണ അത് 37.3 ശതമാനമായി. എന്‍ഡിഎയുടെ വോട്ട് വിഹിതം 37.3 ശതമാനമായിരുന്നത് 43.86 ആയി. ഇത് അവര്‍ക്ക് അനുകൂലമായ വ്യക്തമായ ജനവിധിയാണ്’.
ബിജെപിയെ വിലയിരുത്തിക്കൊണ്ട് സിപിഎം പറയുന്നു: ‘രാജ്യമെമ്പാടുമുള്ള 200 ലോകസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് അന്‍പത് ശതമാനത്തിലേറെ വോട്ട് ലഭിച്ചു. ഗുജറാത്തിലെ 26 മണ്ഡലങ്ങളിലും മധ്യപ്രദേശിലെ 25 മണ്ഡലങ്ങളിലും രാജസ്ഥാനിലെ 23 ഇടത്തും കര്‍ണാടകത്തില്‍ 20 മണ്ഡലങ്ങളിലും ദല്‍ഹിയില്‍ ഏഴിടത്തും ഹരിയാനയില്‍ പത്തിടത്തും അവര്‍ക്ക് പകുതിയിലേറെ വോട്ട് നേടാനായി’. അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച സംസ്ഥാനങ്ങളിലും ബിജെപി വിജയം കൊയ്തെന്നും അവിടെയൊക്കെ ബിജെപി അവരുടെ നില മെച്ചപ്പെടുത്തിയിരിക്കുന്നെന്നും വിലയിരുത്തുന്നു. അതായത് രാജ്യത്ത് ആര്‍ക്കും പരാജയപ്പെടുത്താന്‍ പ്രയാസമുള്ള കക്ഷിയായി ബിജെപി വളര്‍ന്നുകഴിഞ്ഞവെന്നു സമ്മതിക്കുകയല്ലേ ചെയ്തിരിക്കുന്നത്?
നരേന്ദ്ര മോദിയുടെ വ്യക്തിത്വമാണ് ബിജെപിയുടെ ഈ വിജയത്തിന് കാരണമെന്നും സിപിഎം സമ്മതിക്കുന്നുണ്ട്. ‘രാജ്യത്തെ നയിക്കാന്‍ മോദി അല്ലാതെ മറ്റൊരാളില്ല എന്നതായിരുന്നു ബിജെപി ഉയര്‍ത്തിക്കാട്ടിയത്. നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടി പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേതിന് സമാനമായ ഒരു പ്രചാരണമാണ് നടത്തിയത്. ഏത് മണ്ഡലത്തിലും നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാനാണ് അവര്‍ അഭ്യര്‍ത്ഥിച്ചത്. പ്രചാരണത്തിന് എല്ലാ ആധുനിക മാര്‍ഗങ്ങളും ബിജെപി പ്രയോജനപ്പെടുത്തി. വ്യക്തികളിലേക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച സന്ദേശങ്ങള്‍ എത്തിക്കാനും വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിക്കാനും അവര്‍ക്കായി. 25 കോടി ജനങ്ങളിലേക്ക് അവരുടെ ഭാഷയില്‍ ബന്ധപ്പെടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി തെരഞ്ഞെടുപ്പിനുശേഷം ബിജെപി അധ്യക്ഷന്‍ പറഞ്ഞതും സിപിഎം എടുത്തുപറയുന്നുണ്ട്.
തുടര്‍ന്നാണ് സിപിഎം സ്വന്തം അവസ്ഥ വിലയിരുത്തുന്നത്. ‘തമിഴ്നാട്, ആന്ധ്ര എന്നിങ്ങനെ ചില സംസ്ഥാനങ്ങള്‍ ഒഴിച്ചാല്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് കനത്ത നഷ്ടമാണുണ്ടായത്. ബിജെപിയെയും അതിന്റെ കൂട്ടാളികളെയും പരാജയപ്പെടുത്തണമെന്നാണ് സിപിഎം ആഹ്വാനം ചെയ്തിരുന്നത്. ജനവിധി അതിനൊക്കെ എതിരായിരുന്നു’. മുടന്തന്‍ ന്യായങ്ങള്‍ നിരത്തി പല്ലുകുത്തി നാറ്റിക്കുന്ന അവരുടെ പതിവ് ശ്രമം ഇവിടെയില്ല. അതൊക്കെ കഴിഞ്ഞ് അവര്‍ കുറ്റസമ്മതം നടത്തുന്നു: ‘തങ്ങളുടെ സ്വന്തം നിലക്കുള്ള ശക്തിയും ഇടപെടാനുള്ള കരുത്തും കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്’. ഇടതുപക്ഷത്തിന് പിടിച്ചുനില്ക്കാന് കഴിയാത്ത അവസ്ഥയായെന്ന് സമ്മതിക്കുന്നു എന്നര്‍ത്ഥം.
അവര്‍തന്നെ സമ്മതിക്കുന്ന മറ്റൊരു കാര്യമുണ്ട്. പാര്‍ട്ടി നിശ്ചയിച്ചതൊന്നും വേണ്ടവിധം താഴെതട്ടില്‍ നടക്കുന്നില്ല. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍, പ്ലീനത്തില്‍ സ്വീകരിച്ച സമീപനം, അങ്ങനെ പലതും. ഇതൊക്കെ ചര്‍ച്ചചെയ്യണം, പോരായ്മ പരിഹരിക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു എന്നതാണ് അവസാനം കേന്ദ്ര നേതാക്കള്‍ കണ്ടെത്തുന്ന ആശ്വാസം. അതിന്റെയര്‍ഥമെന്താണ്? പാര്‍ട്ടി ആകെ കുത്തഴിഞ്ഞിരിക്കുന്നു. അത് അടുത്തിടെ കേരളത്തില്‍പോലും നാം കേള്‍ക്കുന്നുണ്ട്, കാണുന്നുണ്ട്. ബംഗാളിലും മറ്റും അടിത്തറ തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഇത്തവണ ആകെ അവിടെ കിട്ടിയത് ആറരശതമാനം വോട്ടാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ 19.75 ശതമാനം വോട്ടുണ്ടായിരുന്നു. മൂന്ന് വര്‍ഷംകൊണ്ട് അത് മൂന്നിലൊന്നായി. കേരളത്തിലെ കണക്ക് പലവട്ടം ചര്‍ച്ചചെയ്തതാണ്. ഇതിലൊക്കെ കാണുന്ന ഏക പ്രത്യേകത, തകര്‍ച്ചയുടെ പടുകുഴിയിലാണ് തങ്ങളെന്ന് സിപിഎം സമ്മതിക്കുന്നു എന്നതാണ്. ദേശീയ കക്ഷിയെന്ന അംഗീകാരം നഷ്ടമാവുകയും ചിഹ്നം പോകുകയും ചെയ്താലോ? ചിഹ്നമില്ലാത്ത പാര്‍ട്ടിയായി ഇതിനെ മാറ്റിക്കൊണ്ട് ചരിത്രപുരുഷനാകാന്‍ യെച്ചൂരി സഖാവിന് കഴിയട്ടെ എന്നാശംസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: