ബെംഗളൂരു: ബെല്ലാരിയില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ വര്‍ക്സിനു പാട്ടത്തിന് നല്കിയ 3666 ഏക്കര്‍ സ്ഥലം നിസ്സാര വിലയ്ക്ക് കമ്പനിക്ക് വില്‍ക്കാനുള്ള കുമാരസ്വാമി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഏകദേശം 700 കോടിയോളം രൂപയുടെ അഴിമതിയാരോപണമാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്നത്. കമ്പനിക്ക് ഖനനം നടത്താന്‍ 2005-2006ല്‍ 20 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കിയ സര്‍ക്കാര്‍ ഭൂമിയാണ് ഇപ്പോള്‍ വില്ക്കാന് നീക്കം നടക്കുന്നത്.
ഏക്കറിന് 15-20 ലക്ഷം രൂപ വിലവരുന്ന സ്ഥലം ഏക്കറിന് 1.22ലക്ഷം രൂപയ്ക്ക് വില്‍ക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മെയ് 27ന് ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്.
സംസ്ഥാനത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ സഖ്യസര്‍ക്കാരിന്റെ ഭാവി തുലാസിലായിരുന്ന സമയത്ത് തിടുക്കപ്പെട്ടെടുത്ത തീരുമാനത്തെ സംശയത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. വ്യവസായ മന്ത്രി കെ.ജെ. ജോര്‍ജിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് തീരുമാനമെന്നാണ് ആരോപണം.
സര്‍ക്കാര്‍ താഴെവീഴുമെന്ന ഘട്ടത്തില്‍ നടത്തുന്ന ഇടപാടിലൂടെ കോടികളുടെ കോഴ കൈപ്പറ്റാനുള്ള ചില മന്ത്രിമാരുടെ നീക്കമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. കെ.ജെ. ജോര്‍ജിനും ജലവിഭവ മന്ത്രിയും ബെല്ലാരി ജില്ലയുടെ ചാര്ജുഭാരവാഹിയുമായ ഡി.കെ. ശിവകുമാറിനും എതിരെയുമാണ് പ്രധാന ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ബെല്ലാരി വിജയനഗറില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ വര്‍ക്സിന് 3666 ഏക്കര്‍ ഭൂമി 2005-06ലാണ് പാട്ടത്തിനു നല്‍കിയത്. കഴിഞ്ഞ സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്തും ഈ ഭൂമി ജിന്‍ഡാലിനു വില്ക്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍, ബിജെപിയുടെ പ്രതിഷേധത്തെയും നിയമോപദേശത്തേയും തുടര്‍ന്ന് സിദ്ധരാമയ്യ പിന്മാറി.
2011ലെ ലോകായുക്ത റിപ്പോര്‍ട്ടില്‍ പേരു പരാമര്‍ശിച്ച സ്ഥലമാണ് ഈ ഖനന പ്രദേശം. ഭൂമി പാട്ടത്തിന് നല്കിയപ്പോള് 20 വര്‍ഷത്തിന് ശേഷം വില്‍പ്പന നടത്താമെന്ന് കരാറുണ്ടായിരുന്നെന്നും ഇതാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നുമാണ് സര്‍ക്കാര്‍ വാദം.
ജിന്‍ഡാല്‍ സ്റ്റീല്‍വര്‍ക്സ് സാമ്പത്തിക കുടിശ്ശിക വരുത്തിയിട്ടില്ലെന്നും അതിനാലാണ് കമ്പനിക്ക് ഭൂമി നല്കുന്നതെന്നുമാണ് മന്ത്രി കെ.ജെ. ജോര്‍ജ് പറഞ്ഞത്. എന്നാല്‍ ഇത് തെറ്റാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ കരന്തലജെ എംപി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മൈസൂര്‍ മിനറല്സിന് 2000 കോടി രൂപ ഇവര്‍ നല്‍കാനുണ്ടെന്നും ശോഭാ കരന്തലജെ ആരോപിച്ചു. കുമാരസ്വാമി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കുറ്റപ്പെടുത്തുന്നു.
എന്നാല്‍, സര്‍ക്കാര്‍ സ്ഥലം കമ്പനിക്ക് വില്ക്കുന്നതില് നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കമ്പനി എംഡി സജ്ജന്‍ ജിന്‍ഡാല്‍ പറഞ്ഞു. പാട്ടത്തിന് സ്ഥലം നല്കുമ്പോള് വച്ച ഉടമ്പടി പ്രകാരമാണ് സ്ഥലം കൈമാറുന്നതെന്നും ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആയിരം കോടിയുടെ അഴിമതി: യെദ്യൂരപ്പ
ധാതുസമ്പുഷ്ടമായ ഭൂമി കമ്പനിക്ക് നിസ്സാര വിലയ്ക്ക് വില്‍ക്കുന്നതിലൂടെ ആയിരം കോടിയുടെ അഴിമതി നടന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും കോഴ ലഭിച്ചു. ഖനനത്തിനായി ജിന്‍ഡാലിന് 2007ല്‍ ആവശ്യത്തിന് ഭൂമി സര്‍ക്കാര്‍ അനുവദിച്ചതാണ്. അതിനാല്‍ ഇനിയും ഭൂമി നല്‍കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭൂമി വില്‍ക്കുന്നതിന് ജലവിഭവ മന്ത്രി ഡി.കെ. ശിവകുമാറിനും വ്യവസായ മന്ത്രി കെ.ജെ. ജോര്‍ജിനും ജിന്‍ഡാലില്‍ നിന്ന് വലിയ തോതില്‍ കോഴ ലഭിച്ചെന്ന് ബിജെപി എംപിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭ കരന്തലജെ ആരോപിച്ചു.
ഭൂമി വില്‍പ്പനയ്ക്കെതിരെ നിരവധി കര്‍ഷക സംഘടനകളും പ്രതിഷേധിച്ചു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്.
ബിജെപിക്കു പിന്നാലെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എച്ച്.കെ. പാട്ടീലും ഇടപാടില്‍ സംശയം ഉന്നയിച്ച് രംഗത്തെത്തി. ഇടപാടില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടില്ലെന്ന് എച്ച്.കെ. പാട്ടീല്‍ ആരോപിച്ചു.
വ്യവസായ മന്ത്രി കെ.ജെ. ജോര്‍ജിനെതിരെ എച്ച്.കെ. പാട്ടീലും ആരോപണം ഉന്നയിച്ചു. ഇത് വിവാദമായതോടെ കെപിസിസി ഓഫീസില്‍ കൂടിയ മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലും എച്ച്.കെ. പാട്ടീല്‍ ഇടപാടില്‍ സംശയം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: