കൊച്ചി: നിപ വൈറസ് ബാധിച്ച ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ള ഏഴ് പേരുടെയും പരിശോധനാഫലം നെഗറ്റീവ്. ഇവര്‍ നിരീക്ഷണത്തിലാണ്. നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ നില മെച്ചപ്പെടുന്നു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ അയച്ച ഒരാളുടെ മൂന്നു സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും രണ്ടെണ്ണം നെഗറ്റീവുമാണ്. മൂന്നു ദിവസത്തിനുള്ളില്‍ വൈറസ് പൂര്‍ണമായും മാറുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
അസുഖം ഭേദമായ ഒരാളെ ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തു. അതേസമയം, ഇന്നലെ നിപ ലക്ഷണത്തോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിശോധനാഫലവും നെഗറ്റീവാണ്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, രാജഗിരി ആശുപത്രി, കോലഞ്ചേരി മെഡിക്കല്‍ മിഷന് എന്നീ ആശുപത്രികളില്‍ നിന്നും നിപ ലക്ഷണങ്ങള്‍ സംശയിച്ച മൂന്നു പേരുടെ സാമ്പിളുകള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ലാബില്‍ പരിശോധിച്ചതും നെഗറ്റീവാണ്.
രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം 329 ആയി. ഹൈ റിസ്ക് വിഭാഗത്തിലുള്ള 52 പേര് തീവ്ര നിരീക്ഷണത്തിലാണ്. 275 പേര് ലോ റിസ്ക് വിഭാഗത്തിലുള്ളവരാണ്. എറണാകുളം ജില്ലയില്‍ ഹൈ റിസ്ക് വിഭാഗത്തിലുള്ള 41 പേരാണുള്ളത്. ആലപ്പുഴയില്‍ ഒന്നും കൊല്ലത്ത് മൂന്നും തൃശൂര്‍ രണ്ടും മലപ്പുറത്ത് നാലും ഇടുക്കിയില്‍ ഒരാളുമാണ് ഈ വിഭാഗത്തില്‍ നിരീക്ഷണത്തിലുള്ളത്. ഇവരിലാരിലും നിപ ലക്ഷണങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ നേതൃത്വം ഡോ. രമേഷ് ചന്ദ്ര ഏറ്റെടുത്തു. ഇവര്‍ രോഗികളുടെ സ്ഥിതി വിലയിരുത്തി. പന്നി ഫാമുകളില്‍ നിന്ന് പന്നികളുടെ രക്ത സാംപിളുകളും പരിശോധനയ്ക്ക് ശേഖരിച്ചു.
വനം വകുപ്പിന്റെ നേതൃത്വത്തില്‍ ട്രൈബല്‍ കോളനികളില്‍ സ്ക്വാഡ് പരിശോധന നടത്തി. മേഖലയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വന സംരക്ഷണ സമിതി ജാഗ്രതാ നിര്‍ദേശം നല്കി. മലയാറ്റൂര്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ എന്‍ഐവിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരും ഫോറസ്റ്റ് വെറ്ററിനറി വിദഗ്ധരും ചേര്‍ന്ന് തൊടുപുഴ, മുട്ടം പ്രദേശത്തെ വവ്വാലുകളുടെ കോളനി കണ്ടെത്തി. ഇവയെ പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
മൃഗ സംരക്ഷണ വകുപ്പും വനം വകുപ്പും ചേര്‍ന്ന് വടക്കേക്കര, ചിറ്റാട്ടുകര, ചേന്ദമംഗലം പഞ്ചായത്തുകളില്‍ പരിശോധന നടത്തി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പന്നി വളര്‍ത്തുന്ന വീടുകളിലും പന്നി ഫാമുകളിലും നിരീക്ഷണം നടത്താനും, അസ്വാഭാവിക രോഗങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാനും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയുള്ള നടപടികളും കര്‍ശനമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: