ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മുതിര്‍ന്ന നേതാക്കള്‍. ഫലപ്രഖ്യാപനത്തിന് ശേഷം രാജി പ്രഖ്യാപിച്ച രാഹുല്‍ ആഴ്ചകള്‍ക്ക് ശേഷവും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് പ്രശ്നം. ഒന്നുകില്‍ രാഹുല്‍ തുടരണം, അല്ലെങ്കില്‍ രാജിവച്ചൊഴിയണം. ഇത് രണ്ടുമില്ലാതെ തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് പാര്‍ട്ടിയെ കൂടുതല്‍ നിഷ്ക്രിയമാക്കുമെന്നാണ് നേതാക്കളുടെ വികാരം. ഇത് തുറന്നുപറഞ്ഞ് കഴിഞ്ഞ ദിവസം മുന്‍ കേന്ദ്ര മന്ത്രി വീരപ്പ മൊയ്ലി രംഗത്തെത്തി.
”രാഹുല്‍ പാര്‍ട്ടിയെ ഏറ്റെടുക്കണം. ഇനി ഒഴിയാനാണ് തീരുമാനമെങ്കില്‍ മറ്റൊരാളെ കണ്ടെത്തി സ്ഥാനം ഏല്‍പ്പിക്കണം. ഈ നില തുടര്‍ന്നാല്‍ കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടി വരും”. അദ്ദേഹം വ്യക്തമാക്കി. രാഹുലിനോട് രാജിവയ്ക്കരുതെന്ന് ആവശ്യപ്പെടാന്‍ വിവിധ സംസ്ഥാനങ്ങളോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ആദ്യമായാണ് ഒരു നേതാവ് രാജിവച്ചാലും കുഴപ്പമില്ലെന്ന പരസ്യ പ്രസ്താവന നടത്തുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാടായി മൊയ്ലിയുടെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നു.
അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന രാഹുലിനാണ് തോല്‍വിയുടെ പ്രധാന ഉത്തരവാദിത്വം. അമേഠിയില്‍ തോറ്റതും രാഹുലിനെ പ്രതിക്കൂട്ടിലാക്കുന്നു. പാര്‍ട്ടിയില്‍ ദുര്ബലനാകുന്നത് തടയാനും വിമര്‍ശനങ്ങള്‍ ഒഴിവാക്കാനുമാണ് അദ്ദേഹം രാജിഭീഷണി ഉയര്‍ത്തിയത്. വൈകാരിക അന്തരീക്ഷമുണ്ടാക്കി പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പോലും ഒഴിവാക്കിയ രാഹുല്‍ മുതിര്‍ന്ന നേതാക്കളെ പഴിചാരി. പ്രധാനമന്ത്രി കള്ളനാണെന്ന നെഗറ്റീവ് പ്രചാരണം തിരിച്ചടിച്ചെന്ന വികാരം നേതാക്കള്‍ക്കുണ്ട്. എന്നാല്‍, തന്റെ പ്രചാരണം മറ്റ് നേതാക്കള്‍ ഏറ്റെടുത്തില്ലെന്ന പരാതി ഉന്നയിച്ച് രാഹുല്‍ വിമര്‍ശനം തടുത്തു.
രാജിഭീഷണി ആവര്‍ത്തിക്കുന്ന രാഹുല്‍ രാജിവച്ചൊഴിയുകയോ മറ്റൊരാളെ നിര്‍ദേശിക്കുകയോ ചെയ്യുന്നില്ല. പ്രിയങ്ക വരട്ടെയെന്ന അഭിപ്രായം, നെഹ്റു കുടുംബത്തിന് പുറത്ത ുനിന്നൊരാള്‍ മതിയെന്ന നിലപാടിലൂടെ തന്ത്രപൂര്‍വം രാഹുല്‍ വെട്ടി. സോണിയയുടെ നിശ്ബദതയും ദുരൂഹമാണ്. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനാവുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. കമല്‍നാഥിന് പകരം ജ്യോതിരാദിത്യ സിന്ധ്യയെയും ഗെഹ്ലോട്ടിനെ മാറ്റി സച്ചിന് പൈലറ്റിനെയും മുഖ്യമന്ത്രിയാക്കാനാണ് അദ്ദേഹത്തിന് താല്പര്യം. മറ്റ് സംസ്ഥാനങ്ങളിലും തന്റെ വിശ്വസ്തരെ നിര്‍ണായക പദവിയിലെത്തിക്കാന്‍ ഈ അവസരം ഉപയോഗിക്കാന്‍ സാധിക്കുമെന്നും കണക്കുകൂട്ടലുണ്ട്. എന്നാല്‍ ഇതെത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: